Image

കത്വ കേസ്‌ വിചാരണയ്‌ക്ക്‌ സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ; കേസ്‌ മെയ്‌ ഏഴിന്‌ വീണ്ടും കേള്‍ക്കും

Published on 27 April, 2018
കത്വ കേസ്‌ വിചാരണയ്‌ക്ക്‌ സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ; കേസ്‌ മെയ്‌ ഏഴിന്‌ വീണ്ടും കേള്‍ക്കും


കത്വ കേസ്‌ വിചാരണയ്‌ക്ക്‌ സുപ്രീംകോടതിയുടെ സ്‌റ്റേ. വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നത്‌ വരെയാണ്‌ സ്‌റ്റേ. വിചാരണ ജമ്മുവിന്‌ പുറത്തുള്ള കോടതിയിലേക്ക്‌ മാറ്റണമെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഹര്‍ജി പരിഗണിക്കവെയാണ്‌ സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്‌. കേസ്‌ മെയ്‌ ഏഴിന്‌ വീണ്ടും കേള്‍ക്കും.

കേസിന്റെ വിചാരണ ചണ്‌ഢീഗഡിലേക്ക്‌ മാറ്റണമെന്ന ആവശ്യമാണ്‌ മാതാപിതാക്കള്‍ സുപ്രീം കോടതിയോട്‌ ഉയര്‍ത്തിയിരുന്നത്‌. കേസില്‍ അടിയന്തരമായി ഇടപെടണമെന്ന വാദിഭാഗത്തിന്റെ ആവശ്യപ്രകാരമാണ്‌ കേസ്‌ ഇന്ന്‌ ഉച്ചയോടെ പരിഗണിച്ചത്‌. വിചാരണ നീതി പൂര്‍വമല്ലെങ്കില്‍ സംസ്ഥാനത്തിന്‌ പുറത്തേക്ക്‌ മാറ്റുമെന്ന്‌ സുപ്രീംകോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കേസില്‍ സിബിഐ അന്വേഷണം വേണമെന്നും കക്ഷി ചേര്‍ക്കണമെന്നും പ്രതികളും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ്‌ സംസ്ഥാനത്തിന്‌ പുറത്തേക്ക്‌ മാറ്റണമെന്ന ആവശ്യത്തെ ജമ്മു കശ്‌മീര്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കേസില്‍ പ്രത്യേക കോടതി സ്ഥാപിച്ച്‌ വിചാരണ നടത്തുമെന്നായിരുന്നു ജമ്മു സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നത്‌.

കഴിഞ്ഞ ജനുവരി പത്തിനാണ്‌ ജമ്മു കത്വയില്‍ എട്ട്‌ വയസുകാരിയെ കാണാതാകുന്നത്‌. ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനരയാക്കി കൊലപ്പെടുത്തിയ നിലയില്‍ ജനുവരി 17 കണ്ടെത്തുകയും ചെയ്‌തു. കേസില്‍ പൊലീസുകാരടക്കം നിരവധി പേര്‍ പ്രതിചേരുന്നതോടെ കത്വ കേസ്‌ രാജ്യത്താകമാനം കോളിളക്കം സൃഷ്ടിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക