Image

ജസ്റ്റിസ്‌ കെ.എം ജോസഫിന്റെ നിയമനം: കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്‌

Published on 27 April, 2018
ജസ്റ്റിസ്‌ കെ.എം ജോസഫിന്റെ നിയമനം: കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്‌


ന്യൂഡല്‍ഹി: ജസ്റ്റിസ്‌ കെ.എം ജോസഫിനെ സുപ്രിം കോടതി ജഡ്‌ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയില്‍ തീരുമാനമെടുക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്‌.

`അവര്‍ക്ക്‌ ഇഷ്ടപ്പെട്ട ജഡ്‌ജിമാരെ മാത്രമാണ്‌ കേന്ദ്ര സര്‍ക്കാരിനു വേണ്ടത്‌. നിയമം പറയുന്നത്‌ കോളീജിയത്തിന്റെ തെരഞ്ഞെടുപ്പ്‌ പ്രകാരം നിയമിക്കുമെന്നാണ്‌. പക്ഷെ, ഈ സര്‍ക്കാര്‍ കോളീജിയത്തെ അവഗണിക്കുന്നു`- മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കപില്‍ സിബല്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ഉയര്‍ന്ന അര്‍ഹതയുള്ളയാളെന്നു കാണിച്ച്‌ കെ.എം ജോസഫിനെ അഭിനന്ദിച്ചു കൊണ്ട്‌ സുപ്രിം കോടതി വെബ്‌സൈറ്റില്‍ നോട്ടീസുണ്ടായിരുന്നുവെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ ഉത്തരാഖണ്ഡ്‌ ചീഫ്‌ ജസ്റ്റിസായ മലയാളി കെ.എം ജോസഫിനെയും ബാര്‍ കൗണ്‍സിലില്‍ നിന്ന്‌ ഇന്ദു മല്‍ഹോത്രയെയും കോളീജിയം ശുപാര്‍ശ ചെയ്‌തിരുന്നു. ഇതില്‍ ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രമാണ്‌ കേന്ദ്ര നിയമമന്ത്രാലയം അംഗീകരിച്ചത്‌.

നേരത്തെ മുന്‍ ധനമന്ത്രി പി ചിദംബരവും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കെ.എം ജോസഫ്‌ ന്യൂനപക്ഷത്തില്‍പ്പെട്ടയാളായതു കൊണ്ടോ, കേരളത്തില്‍ നിന്നുള്ള ആളായതു കൊണ്ടാണോ എടുക്കാത്തതെന്ന്‌ അദ്ദേഹം ചോദിച്ചിരുന്നു.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ അട്ടിമറിച്ച്‌ ബി.ജെ.പി അധികാരത്തിലേറാന്‍ ശ്രമിച്ചതിനെ കെ.എം ജോസഫിന്റെ വിധിയിലൂടെ തടഞ്ഞതായിരിക്കാം കെ.എം ജോസഫിനെ സുപ്രിം കോടതി ജഡ്‌ജി നിയമനത്തില്‍ നിന്ന്‌ തടയാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ്‌ സൂചന.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക