Image

ഡോ.കഫീല്‍ ഖാന്‌ ജാമ്യം ലഭിച്ചു

Published on 26 April, 2018
ഡോ.കഫീല്‍ ഖാന്‌ ജാമ്യം ലഭിച്ചു


ന്യൂഡല്‍ഹി : ഗൊരഖ്‌പൂരിലെ കൂട്ട ശിശുമരണത്തില്‍ നിന്നും നൂറുകണക്കിന്‌ കുരുന്നുകളെ രക്ഷിച്ചതിന്‌ കള്ളക്കേസുകള്‍ ചുമത്തി ജയിലിലടച്ച ഡോക്‌ടര്‍ കഫീല്‍ ഖാന്‌ ജാമ്യം ലഭിച്ചു. അലഹബാദ്‌ ഹൈക്കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. എട്ടുമാസത്തോളമായി കഫീല്‍ ഖാന്‍ ജയിലില്‍ കഴിയുകയായിരുന്നു.

ഗൊരഖ്‌പൂരിലെ ബാബ രാഘവ്‌ ദാസ്‌ ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ 70 കുട്ടികളാണ്‌ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്‌.

മരണനിരക്ക്‌ കൂടാതിരിക്കാന്‍ കഫീല്‍ ഖാന്റെ സമയോചിത ഇടപെടലാണ്‌ ഗുണകരമായത്‌. എന്നാല്‍ കുരുന്നുകളുടെ ജീവന്‍ രക്ഷിച്ച ഡോക്‌ടറെ അഭിനന്ദിക്കുന്നതിന്‌ പകരം ഭീഷണിപ്പെടുത്തുകയാണ്‌ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ചെയ്‌തത്‌.

'സിലിണ്ടറുകള്‍ പുറത്തുനിന്ന്‌ കൊണ്ടുവന്ന്‌ ആളുകളുടെ ജീവന്‍ രക്ഷിച്ചെന്നും നിങ്ങള്‍ വലിയ ഹീറോ ആയെന്നുമാണോ വിചാരിക്കുന്നത്‌. ഞങ്ങള്‍ കണ്ടോളാം'' എന്നാണ്‌ സഹപ്രവര്‍ത്തകരുടെ മുമ്പില്‍ വച്ച്‌ യോഗി കഫീല്‍ ഖാനോട്‌ പറഞ്ഞത്‌. കഫീന്‍ ഖാനെ യോഗി ആദിത്യനാഥ്‌ ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടു.

അത്യാഹിതം നടക്കുന്ന സമയത്ത്‌ കുട്ടികളുടെ വാര്‍ഡിന്റെ ചുമതല കഫീല്‍ ഖാനായിരുന്നില്ല. എന്നാല്‍ അദ്ദേഹം രാത്രി മുഴുവന്‍ ഉറങ്ങാതെ ജോലി ചെയ്‌ത്‌ പരിഹാരം കണ്ടെത്തി. സ്വന്തം പണം ചിലവാക്കിയാണ്‌ കഫീല്‍ ഖാന്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചത്‌. ടിവി ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.

അവര്‍ കഫീല്‍ ഖാന്റെ ഇന്റര്‍വ്യൂ എടുക്കുകയും ചെയ്‌തു. ഓക്‌സിജന്‍ സിലിണ്ടറിന്‌ സ്വകാര്യ ഏജന്‍സിക്ക്‌ കൊടുക്കാനുള്ള പണം നല്‍കാത്തത്‌ കൊണ്ടാണ്‌ പുതിയ സിലിണ്ടുകള്‍ എത്താതിരുന്നതെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ഈ സത്യം പുറത്തായതാണ്‌ ഡോക്‌ടര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ യോഗി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌.

ഏകദേശം ആറു മാസത്തോളമായി ജാമ്യം ലഭിക്കാതെ അദ്ദേഹം ജയിലില്‍ കഴിയുകയായിരുന്നു. കഫീല്‍ ഖാന്‍ ഉള്‍പ്പെടെ ഒന്‍പത്‌ പേര്‍ക്കെതിരെയാണ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നത്‌. അറസ്റ്റിനുള്ള സാധ്യത മുന്നില്‍ കണ്ടിരുന്നെങ്കിലും തനിക്ക്‌ നീതി കിട്ടുമെന്ന പ്രതീക്ഷ ഡോ.കഫീല്‍ ഖാന്‍ ഉണ്ടായിരുന്നു. മറ്റ്‌ രണ്ട്‌ ഡോക്ടര്‍മാര്‍ക്കൊപ്പം കഴിഞ്ഞ സെപ്‌റ്റംബറില്‍ കഫീല്‍ ഖാന്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടു. രണ്ട്‌ ദിവസത്തിന്‌ ശേഷം മറ്റ്‌ രണ്ട്‌ ഡോക്ടര്‍മാരുടെ കൂടെ നിന്ന്‌ അദ്ദേഹത്തെ ജയിലിലെ ജനറല്‍ ക്രിമിനല്‍ വാര്‍ഡിലേയ്‌ക്ക്‌ മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക