Image

കുവൈറ്റ്‌- ജപ്പാന്‍ എണ്ണ, ഊര്‍ജ സഹകരണത്തിന്‌ ധാരണ

Published on 22 March, 2012
കുവൈറ്റ്‌- ജപ്പാന്‍ എണ്ണ, ഊര്‍ജ സഹകരണത്തിന്‌ ധാരണ
കുവൈത്ത്‌ സിറ്റി: കുവൈത്തും ജപ്പാനും തമ്മില്‍ എണ്ണ രംഗത്തും ഊര്‍ജ മേഖലയിലും സഹകരണം ശക്തമാക്കാന്‍ ധാരണയായി. അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹിന്‍െറ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ നടന്ന കൂടിക്കാഴ്‌ചകളിലാണ്‌ സഹകരണത്തിനുള്ള പുതിയ വാതായനങ്ങള്‍ തുറന്നത്‌.

എണ്ണ മേഖലയിലെ സാങ്കേതികസേവന രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും അറേബ്യന്‍ ഓയില്‍ കമ്പനി ഡയറക്ടര്‍ കുനിയാസു തകേഡയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി അമീറിനൊപ്പം കുവൈത്തിലെത്തിയ എണ്ണ മന്ത്രി ഹാനി ഹുസൈന്‍ അറിയിച്ചു. ജപ്പാന്‍െറ ഭാഗത്തുനിന്ന്‌ ഇക്കാര്യത്തിലുള്ള നിര്‍ദേശങ്ങള്‍ സമീപ ഭാവിയില്‍ ലഭിക്കുമെന്ന്‌ പ്രതീക്ഷ പ്രകടിപ്പിച്ച ഹാനി ഹുസൈന്‍ അതിനനുസരിച്ചാവും കരാര്‍ ഒപ്പുവെക്കുകയെന്ന്‌ കൂട്ടിച്ചേര്‍ത്തു.

കുവൈത്തില്‍നിന്ന്‌ എണ്ണയുല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളുടെ നിരയിലാണ്‌ ജപ്പാന്‍െറ സ്ഥാനമെന്ന്‌ പറഞ്ഞ ഹാനി ഹുസൈന്‍ ദിനംപ്രതി ശരാശരി അഞ്ചു ലക്ഷം ബാരല്‍ എണ്ണയുല്‍പ്പന്നങ്ങളാണ്‌ കുവൈത്തില്‍നിന്ന്‌ ജപ്പാനിലെത്തുന്നതെന്ന്‌ ചൂണ്ടിക്കാട്ടി.

ഊര്‍ജ രംഗത്തെ സാങ്കേതിക മേഖലയില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്ന കാര്യം അമീറുമായുള്ള കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചാവിഷയമായതായി ജപ്പാന്‍ സാമ്പത്തികവാണിജ്യവ്യവസായ മന്ത്രി യൂകിയോ എദാനോയും അറിയിച്ചു. ദശകങ്ങളായി എണ്ണയുല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ജപ്പാന്‍െറ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്ന കുവൈത്ത്‌ ഭാവിയിലും അത്‌ തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാലു ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനായി ജപ്പാനിലെത്തിയ അമീറിന്‌ ഇന്നലെ ഇംപീരിയല്‍ കൊട്ടാരത്തില്‍ വരവേല്‍പ്‌ നല്‍കി. ചക്രവര്‍ത്തി അകിഹിതോ, മിചികോ, രാജകുമാരന്‍ നരുഹിതോ, രാജകുമാരി മസാകി, പ്രധാനമന്ത്രി തോഷിഹികോ നോഡ തുടങ്ങിയവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. അകിഹിതോക്കൊപ്പം ചേര്‍ന്ന്‌ അമീര്‍ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ പരിശോധിക്കുകയും ചെയ്‌തു. നേരത്തേ പാര്‍ലമെന്‍റ്‌ സന്ദര്‍ശിക്കാനെത്തിയ അമീറിനെ ചെയര്‍മാന്‍ തകാഹിരോ യോകോമിച്ചിയും ഹൗസ്‌ ഓഫ്‌ കൗണ്‍സിലേഴ്‌സ്‌ പ്രസിഡന്‍റ്‌ കെന്‍ജി ഹിരാതയും മറ്റംഗങ്ങളും ചേര്‍ന്ന്‌ സ്വീകരിച്ചു.
കുവൈറ്റ്‌- ജപ്പാന്‍ എണ്ണ, ഊര്‍ജ സഹകരണത്തിന്‌ ധാരണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക