Image

മുഖ്യമന്ത്രിക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍, പിണറായി നിയമം മനസ്സിലാക്കണം

Published on 25 April, 2018
മുഖ്യമന്ത്രിക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍, പിണറായി നിയമം മനസ്സിലാക്കണം
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരേ മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷനെ വിമര്‍ശിച്ചത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയെന്ന് മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ്. തനിക്ക് രാഷ്ട്രീയമില്ല. നിയമപരമായ ചുമതല മാത്രമാണ് നിര്‍വഹിക്കുന്നത്. എ ജിയോടൊക്കെ പരിശോധിച്ചിരുന്നെങ്കല്‍ മുഖ്യമന്ത്രി ഇങ്ങനെ പറയില്ലായിരുന്നു. നിയമം മുഖ്യമന്ത്രി വായിച്ചു മനസ്സിലാക്കിക്കാണില്ലെന്നും പി മോഹന്‍ദാസ് പറഞ്ഞു.
സര്‍ക്കാറിനെയല്ല, ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു തന്റെ വിമര്‍ശനമെന്നും താന്‍ പരിധി വിട്ടിട്ടില്ല, വിമര്‍ശങ്ങള്‍ കൊണ്ട് കമ്മിഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാകില്ലെന്നും ആക്ടിങ് ചെയര്‍മാന്‍ വ്യക്തമാക്കി. മാത്രമല്ല, കളങ്കിതനായ എവി ജോര്‍ജിനെ പോലീസുകാരെ പരിശീലിപ്പിക്കാന്‍ നിയോഗിച്ചത് ശരിയല്ല. എവി ജോര്‍ജിനെ പോലീസ് അക്കാദമിയിലേക്ക് മാറ്റിയ നടപടിയെ ചെയര്‍മാന്‍ വീണ്ടും വിമര്‍ശിച്ചു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് പി മോഹന്‍ദാസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. കമീഷന്‍ ചെയര്‍മാന്‍ അദ്ദേഹത്തിന്റെ പണി എടുക്കണമെന്നും രാഷ്ട്രീയം സംസാരിക്കരുതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിയെ പിന്തുണച്ചും മനുഷ്യാവകാശ കമീഷനെ വിമര്‍ശിച്ചും കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കമീഷന്‍ രാഷ്ട്രീയക്കാരെ പോലെ സംസാരിക്കരുത്. ഇത്തരത്തില്‍ സംസാരിക്കുകയാണെങ്കില്‍ രാജിവെച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണ് നല്ലതെന്നാണ് കോടിയേരി പ്രതികരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക