Image

യുകെ- കേരള ബിസിനസ്‌ മീറ്റ്‌ ലക്ഷ്യത്തിലേയ്‌ക്ക്‌ ചുവടുവയ്‌ക്കുന്നു

ഷൈമോന്‍ തോട്ടുങ്കല്‍ Published on 22 March, 2012
യുകെ- കേരള ബിസിനസ്‌ മീറ്റ്‌ ലക്ഷ്യത്തിലേയ്‌ക്ക്‌ ചുവടുവയ്‌ക്കുന്നു
തിരുവനന്തപുരം: ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ചേര്‍ന്ന യുകെ- കേരള ബിസിനസ്‌ മീറ്റ്‌ അതിന്റെ ലക്ഷ്യത്തിലേക്ക്‌ ആദ്യ ചുവടു വയ്‌ക്കുന്നു.

ആദ്യ പടിയായി സ്‌കോട്ട്‌ലാന്‍ഡ്‌ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ കമ്യുണിക്കേഷന്‍സ്‌ ടെക്‌നോളജി സര്‍വീസ്‌ കമ്പനിയായ പെട്രോലിങ്ക്‌ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം താജ്‌ വിവാന്തയില്‍ നടന്ന ചടങ്ങില്‍ പെട്രോലിങ്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ഉദ്‌ഘാടനം ചെയ്‌തു.

കേരള ബിസിനസ്‌ ഫോറത്തിനും വീരേന്ദ്ര ശര്‍മ്മയ്‌ക്കും കേരള സര്‍ക്കാരിനുമെല്ലാം ഏറെ ആവേശം പകരുന്നതാണ്‌ ഈ ചുവടുവയ്‌പ്പ്‌. ഓയില്‍, ഗ്യാസ്‌ ഓപ്പറേറ്റര്‍മാര്‍ക്കുള്ള ഐടി- കമ്യുണിക്കേഷന്‍സ്‌ സൊലൂഷന്‍സാണ്‌ പെട്രോലിങ്ക്‌ നല്‍കുന്നത്‌.

മാലിന്യ സംസ്‌കരണത്തിനായുള്ള രണ്‌ടു പദ്ധതികളാണ്‌ അടുത്തതായി കേരള ബിസിനസ്‌ ഫോറം കേരള സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്‌. രണ്‌ടു പദ്ധതികളും സര്‍ക്കാരിന്റെ പരിഗണനയിലാണ്‌.

ആഗോള തലത്തില്‍തന്നെ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലൊന്നാണിത്‌. സ്ഥാപനം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ധാരണാപത്രം ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ നടന്ന ബിസിനസ്‌ മീറ്റിന്‌ ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒപ്പുവച്ചിരുന്നു. വീരേന്ദ്ര ശര്‍മ്മയും കേരളത്തിനെ പ്രതിനിധീകരിച്ചെത്തിയ അബ്‌ദുള്‍ റഹ്‌മാന്‍ രണ്‌ടത്താണി എംഎല്‍എയും തമ്മിലുള്ള പ്രത്യേക കൂടിക്കാഴ്‌ചയിലാണ്‌ ധാരണാപത്രം ഒപ്പിട്ടത്‌.

കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫോര്‍ഫ്രണ്‌ട്‌ സൊല്യൂഷന്‍സ്‌ ആന്‍ഡ്‌ കണ്‍സള്‍ട്ടന്‍സീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ഡയറക്‌ടര്‍ റസല്‍ മുഹമ്മദാണ്‌ പദ്ധതിക്ക്‌ മുന്‍കൈയെടുത്തതെന്ന്‌ കേരള ബിസിനസ്‌ ഫോറം ഭാരവാഹികള്‍ പറഞ്ഞു.

ചെന്നൈയിലെ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ മൈക്ക്‌ നിതവ്രിണാകിസ്‌ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പെട്രോലിങ്ക്‌ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിച്ചാര്‍ഡ്‌ ഏബ്രഹാം സ്വാഗതം ആശംസിച്ചു. കേരളത്തില്‍ പെട്രോലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹം എല്ലാവിധ പിന്തുണയും അഭ്യര്‍ഥിച്ചു. പെട്രോലിങ്ക്‌ പ്രൊഡക്‌ട്‌സ്‌ ഡെവലപ്‌മെന്റ്‌ സെന്ററിന്റെ ഉദ്‌ഘാടനം ഐടി, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. കെ.എം.മാണി, രമേഷ്‌ ചെന്നിത്തല, മോന്‍സ്‌ ജോസഫ്‌, ടി.പി. ശ്രീനിവാസന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
യുകെ- കേരള ബിസിനസ്‌ മീറ്റ്‌ ലക്ഷ്യത്തിലേയ്‌ക്ക്‌ ചുവടുവയ്‌ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക