Image

സുപ്രീംകോടതിയിലെ പ്രശ്‌നപരിഹാരത്തിന്‌ ഫുള്‍ കോര്‍ട്ട്‌ വിളിക്കണമെന്ന്‌ ജഡ്‌ജിമാര്‍

Published on 25 April, 2018
സുപ്രീംകോടതിയിലെ പ്രശ്‌നപരിഹാരത്തിന്‌ ഫുള്‍ കോര്‍ട്ട്‌ വിളിക്കണമെന്ന്‌ ജഡ്‌ജിമാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഫുള്‍ കോര്‍ട്ട്‌ വിളിക്കണമെന്ന്‌ ആവശ്യവുമായി ജഡ്‌ജിമാര്‍ ചീഫ്‌ ജസ്റ്റിസിന്‌ കത്തെഴുതി. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സുരക്ഷക്കും ഭാവിക്കും ഇത്‌ അത്യാവശ്യമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ജഡ്‌ജിമാര്‍ ഈ ആവശ്യം മുന്നോട്ട്‌ വച്ചത്‌. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജസ്റ്റിസുമാരായ രഞ്‌ജന്‍ ഗൊഗോയ്‌, മദന്‍ ലോകൂര്‍ എന്നിവരാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്ക്‌ കത്തെഴുതിയത്‌.

രണ്ടു വരി മാത്രമുള്ള കത്ത്‌ ഞായറാഴ്‌ചയാണ്‌ ചീഫ്‌ ജസ്റ്റിസിന്‌ കൈമാറിയത്‌. കൂടുതല്‍ ജഡ്‌ജിമാര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയെന്നാണ്‌ വിവരം. ചീഫ്‌ ജസ്റ്റീസിനെ ഇംപീച്ച്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു നോട്ടീസ്‌ തള്ളുകയായിരുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴ്‌ പ്രതിപക്ഷപാര്‍ട്ടികളിലെ 71 അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്‌മെന്റ്‌ പ്രമേയമാണ്‌ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പരിഗണനയ്‌ക്ക്‌ വന്നത്‌. ഇതിന്‌ പിന്നാലെയാണ്‌ ഫുള്‍കോര്‍ട്ട്‌ വിളിക്കണമെന്ന ആവശ്യവുമായി ജഡ്‌ജിമാര്‍ രംഗത്തെത്തിയിരിക്കുന്നത്‌.

നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട്‌ സുപ്രധാന വിഷയങ്ങള്‍ ഉയരുന്ന സമയത്താണ്‌ സാധാരണയായി സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസ്‌ ഫുള്‍കോര്‍ട്ട്‌ വിളിക്കാറുള്ളത്‌. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്‌ജിമാരും ഈ യോഗത്തില്‍ പങ്കെടുക്കണമെന്നാണ്‌ ചട്ടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക