Image

തൃശ്ശൂര്‍ പൂരത്തില്‍ പരസ്യമായി നൂറ്‌ കണക്കിന്‌ സ്‌ത്രീകള്‍ ലൈംഗീക അതിക്രമത്തിന്‌ ഇടയാകുന്നുവെന്ന തുറന്നെഴുത്തുമായി ഹസ്‌ന ഷാഹിത

Published on 25 April, 2018
 തൃശ്ശൂര്‍ പൂരത്തില്‍ പരസ്യമായി നൂറ്‌ കണക്കിന്‌ സ്‌ത്രീകള്‍ ലൈംഗീക അതിക്രമത്തിന്‌ ഇടയാകുന്നുവെന്ന തുറന്നെഴുത്തുമായി ഹസ്‌ന ഷാഹിത
 തൃശ്ശൂര്‍;പൂരത്തില്‍ വെച്ച്‌ പരസ്യമായി നൂറ്‌ കണക്കിന്‌ സ്‌ത്രീകള്‍ ലൈംഗീക അതിക്രമത്തിന്‌ ഇടയാകുന്നുവെന്ന തുറന്നെഴുത്തുമായി വനിത ആക്ടിവിസ്റ്റ്‌ ഹസ്‌ന ഷാഹിത രംഗത്ത്‌. പൂരം കാണാനെത്തുന്ന പുരുഷാരത്തിന്റെ ജാക്കിവെപ്പുകള്‍ക്കാണ്‌ അവിടെയെത്തുന്ന ഭൂരിഭാഗം സ്‌ത്രീകളും ഇടയാകുന്നതെന്നും അനുഭവസഹിതമാണ്‌ ഹസ്‌ന തുറന്നെഴുതുന്നത്‌. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഹസ്‌ന എറണാകുളത്തെ എസ്‌എഫ്‌ഐ ജില്ലാ നേതാവായിരുന്നു.

ഹസ്‌നയുടെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌ ഇങ്ങനെ..

പരസ്യമായി നൂറ്‌ കണക്കിന്‌ സ്‌ത്രീകള്‍ ലൈംഗികാതിക്രമത്തിന്‌ വിധേയമാകുന്ന ഒരിടമാണ്‌ തൃശ്ശൂര്‍ പൂരം. പൂരം കാണാനെത്തുന്ന ഈ `പുരുഷാരം' അവിടെ വരുന്ന സ്‌ത്രീകളോട്‌ പെരുമാറുന്നത്‌ എങ്ങിനെയെന്ന്‌ പോയിട്ടുള്ളവര്‍ക്ക്‌ മനസ്സിലാകും.

പരന്ന കൈപ്പത്തികള്‍ ദേഹത്ത്‌ പതിയുന്ന, ഉദ്ധരിച്ച ലിംഗങ്ങള്‍ ഒന്നുമറിയാത്ത പോലെ മുട്ടി പോകുന്ന, അവിടെ വന്നാല്‍ ഇതൊക്കെ ഉണ്ടാകുമെന്ന അലിഖിത മനസ്സിലാക്കലുള്ള ആണ്‍ പുളപ്പായിപൂരപ്പറമ്പില്‍. ആണെണ്ണവും തിരക്കും ആഘോഷത്തിമര്‍പ്പും ഉഛ്‌സ്ഥായിലെത്തുന്നത്‌ കൊണ്ട്‌ സാധാരണ ആണ്‍കൂട്ടങ്ങളില്‍ നിന്ന്‌ പുറപ്പെടുന്ന പെണ്‍ശരീരത്തിലേക്കുള്ള അധിനിവേശ ത്വരയേക്കാള്‍ രൂക്ഷമാണ്‌ ഇവിടെ എന്ന്‌ തോന്നുന്നു.

മുതിര്‍ന്നതിന്‌ ശേഷം ആദ്യമായാണ്‌ കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ പൂരത്തിനും ഉത്രാളിക്കാവിലും പോയത്‌. ചെറുതായിരിക്കുമ്പോള്‍ ചുറ്റുവട്ടത്തുള്ള പൂരങ്ങള്‍ക്കും പെരുന്നാളിനും കൊണ്ട്‌ പോകുമെന്നല്ലാതെ ഈ രണ്ടിടത്തേക്കും വീട്ടിലെ ആണുങ്ങള്‍ അല്ലാതാരും പോകുമായിരുന്നില്ല. ഒഴിവാക്കലിന്‍റെ അനിഷ്ടത്തില്‍ പിറ്റേന്ന്‌ കൊണ്ട്‌ വരുന്ന മുറുക്കോ ഈത്തപ്പഴമോ ബലൂണോ ഒന്നും വലിയ സന്തോഷവുമുണ്ടാക്കാറില്ല.

മനുഷ്യര്‌ കൂടി നിക്കുന്നത്‌, താളത്തില്‌ കൈയ്യുയര്‍ത്തുന്നത്‌, ചെണ്ടമേളത്തിനൊപ്പം തലയിളക്കുന്നത്‌, പൊരിയുടേയും നേര്‍ത്ത ബലൂണ്‍ റബ്ബറിന്‍റേയും മണങ്ങള്‍ പരക്കുന്നത്‌, ആനപ്പുറത്ത്‌ നിന്നും വെഞ്ചാമരം ഇളകുന്നത്‌ ഒക്കെ കാണാന്‍ എനിക്കിഷ്ടമാണ്‌. ആനപ്പിണ്ടത്തിന്‍റെയും കരിമരുന്നിന്‍റേയും മണം വലിച്ച്‌ കേറ്റുന്നതിന്‍റെയും പരുത്തിയിലയില്‍ പായസ്സം നക്കി വടിക്കുന്നതിന്‍റെയുമൊക്കെ നാട്ടോര്‍മകള്‍.

ഇന്നിപ്പോ വ്യക്തിപരമായി വന്ന മാറ്റങ്ങളുടെയോ ചില രാഷ്ട്രീയ ബോധ്യങ്ങളുടേയോ തെളിച്ചത്തില്‍ അത്രക്കങ്ങ്‌ നിഷ്‌കളങ്കമായ കൊതിയൊന്നുമില്ലെങ്കിലും വലിയ പൂരങ്ങള്‍ക്ക്‌ കൊണ്ട്‌ പോകാത്തതിന്‍റെയൊരു കെറുവ്‌, ഉറക്കമൊഴിച്ച്‌ വെടിക്കെട്ടും കണ്ട്‌ പുലര്‍ച്ചെ വന്ന്‌ കേറുന്ന ഒരു ആണവകാശത്തോട്‌ തോന്നുന്ന അതെന്താ എനിക്കും വന്നാല്‍ ചോദ്യത്തിന്‌, പെണ്ണുങ്ങളെ കൊണ്ട്‌ പോയാല്‍ നോക്കാന്‍ മെനക്കേടാണെന്ന ഒഴിവാക്കല്‍, ചിലയിടങ്ങള്‍ അനുഭവിക്കണമെന്ന വാശി. പൂരത്തിന്‌ പോകാനുള്ള തീരുമാനം പണ്ടെങ്ങോ മനസ്സിലുണ്ട്‌.

സഞ്ചാരത്തിനും പൊതുവിടങ്ങളിലേക്ക്‌ പോകാനുമൊക്കെ അനുവാദം വാങ്ങേണ്ടാത്ത ഒരു സമയമുണ്ടായിട്ട്‌ അധികം കാലമായിട്ടില്ല. അതിന്‍റെ ഒരു ബലത്തില്‍ തന്നെയാണ്‌ കഴിഞ്ഞ വട്ടം ഒരു സുഹൃത്തിനൊപ്പം ഉത്രാളിക്കാവില്‍ പോയത്‌. വൈകീട്ട്‌ വരെ അവിടെ കറങ്ങിത്തിരിഞ്ഞ്‌ നടന്നു. ഇന്നാട്ടുകാരല്ലെന്ന്‌ നാട്ടുകാര്‍ക്ക്‌ തോന്നിയതിന്‍റെ ആനുകൂല്യം ഉണ്ടായിരുന്നത്‌ കൊണ്ട്‌ പെണ്ണുങ്ങള്‌ നില്‍ക്കുന്ന/ഇരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം നിക്കേണ്ടി വന്നില്ല. തോന്നിയിടത്തൊക്കെ അലഞ്ഞ്‌ നടന്നു. ഇടക്ക്‌ നാട്ടിലെ സംഘങ്ങള്‍ തമ്മിലൊരു കത്തിക്കുത്ത്‌ സീനുണ്ടാകാന്‍ തുടങ്ങിയപ്പോ വരമ്പിലൂടെ ഓടി.

ഇരുട്ട്‌ പരക്കുമ്പോഴാണ്‌ പ്രധാന വെടിക്കെട്ടിന്‌ കോപ്പ്‌ കൂട്ടുന്നത്‌. ആ നേരത്ത്‌ എല്ലായിടത്ത്‌ നിന്നും ആളുകളെ ഓടിക്കും. മുകളിലുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാലാണ്‌ കൂട്ടപ്പൊരിച്ചില്‍ കാണാനാകുക എന്നുള്ളത്‌ കൊണ്ട്‌ മിക്കവാറും കൊല്ലം അവിടെ കയറി നിന്ന്‌ ട്രെയിന്‍ തട്ടി ആരെങ്കിലുമൊക്കെ മരിക്കാറുണ്ട്‌. ഉത്രാളിക്കാവ്‌ വെടിക്കെട്ട്‌ കഴിഞ്ഞാല്‍ പിറ്റേന്നത്തെ തൃശ്ശൂര്‍ എഡിഷനില്‍ വരുന്ന ആ മുന്‍പേജ്‌ വാര്‍ത്ത അതായിരിക്കും. വെടിക്കെട്ട്‌ കാണാന്‍ പോയ വാപ്പയും ചങ്ങാതിമാരും തിരിച്ചെത്തുന്നത്‌ വരെ ആധി കേറ്റാനുള്ള കോപ്പും കൊണ്ടാണ്‌ ആ പത്രം വരിക.

വെടിക്കെട്ട്‌ നടക്കുന്നതിന്‍റെ തൊട്ടടുത്തുള്ള വരമ്പിലേക്കാണ്‌ ഞങ്ങളന്ന്‌ ഓടിക്കയറി നിന്നത്‌. ഏറ്റവും മുന്നില്‍. പൊരിച്ചില്‍ കഴിയുമ്പളേക്കും പുല്ലും പൊടിയും തീപ്പൊരിയും തലയില്‍ പറ്റി നില്‍ക്കും. മുന്നില്‍ നിന്ന്‌ കാണാന്‍ വേണ്ടി എത്ര തള്ളിയിട്ടും നീങ്ങാതെ അള്ളിപ്പിടച്ചവിടെ നില്‍ക്കുകയാണ്‌. മോളേ ദേ ഇവിടെ നിന്നോ എന്നൊക്കെ പറഞ്ഞ്‌ ഭീകര കരുതല്‌ തരുന്ന ചേട്ടന്‍മാര്‍. അങ്ങനെ തീ കൊളുത്തി എല്ലാ കണ്ണുകളും മേല്‍പ്പോട്ടായി ചെവിയിങ്ങനെ കഴുത്ത്‌ വെച്ച്‌ അമര്‍ത്തി നില്‍ക്കുമ്പോഴാണ്‌ തിക്കിലും തിരക്കിലും നിന്ന്‌ ചില സ്‌പര്‍ശനങ്ങള്‍ വേറിട്ടറിയുന്നത്‌.

പാവാടയില്‍ പറ്റിയ മുള്ള്‌ വിത്തുകള്‍ പറിച്ചെറിയുന്നത്‌ പോലെ വിരലുകളെ പിച്ചിപ്പറിച്ച്‌ നീക്കാന്‍ തുടങ്ങി . നല്ലൊരു അമിട്ട്‌ പൊട്ടുമ്പോള്‍, ആരവത്തിനൊപ്പം കഴുത്ത്‌ പൊക്കുന്ന അതേ നിമിഷത്തില്‍ തല പുറകിലേക്കും, താഴോട്ടും വെട്ടിച്ച്‌ ഏത്‌ ശരീരത്തില്‍ നിന്നാണ്‌ ആ കൈ പുറപ്പെട്ടതെന്ന്‌ തിരിച്ചറിയാനുള്ള പെടപ്പുണ്ടാകും. അതിക്രമിച്ച്‌ കടക്കുന്നവര്‍ക്കുണ്ടാകുന്ന വൃത്തികെട്ട വൈദഗ്‌ധ്യത്തോടെ ഉയര്‍ത്തിയ തല താഴ്‌ത്താതെ തന്നെ അവര്‍ ഞൊടിയിടയിള്‍ കൈ പിന്‍വലിച്ചിട്ടുമുണ്ടാകും. അഞ്ചോ പത്തോ മിനിറ്റില്‍ കൂടാത്ത ആ വെടിക്കെട്ട്‌ നേരം മുഴുവന്‍ അമര്‍ഷത്തിന്‍റേയും വെറുപ്പിന്‍റേയും കൂട്ടപ്പൊരിച്ചിലോടെ കൈയും ഉടലും വെച്ച്‌ പ്രതിരോധമുയര്‍ത്തേണ്ടി വരുന്നത്‌ ഒട്ടും സുഖമില്ലാത്ത കാര്യമാണ്‌.

അക്കൊല്ലം തൃശ്ശൂര്‍ പൂരത്തിനും പോയി. ജാക്കി' വെപ്പെന്ന ഓമനപ്പേരില്‍ ഇവിടത്തെ പുരുഷന്‍മാര്‍ ആസ്വദിച്ച്‌ പോരുന്ന ലൈംഗികാതിക്രമത്തിന്‍റ്‌ കിലോമീറ്ററുകള്‍ നീളുന്ന കാഴ്‌ചയാണവിടെ. രണ്ടു കൈയും വിടര്‍ത്തി പെണ്ണുങ്ങള്‍ക്ക്‌ നടുവിലൂടെ നടന്ന്‌ പോയി ചന്തിയില്‍ തൊട്ട്‌ തൊട്ട്‌ പോകുന്ന ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരം.

ദേഹത്തേല്‍ക്കുന്ന അമര്‍ത്തലിനും തോണ്ടലിനും തലോടലിനും പ്രതികരിക്കാനാകാതെ മുഖം കടുപ്പിച്ച്‌ സ്വാഭാവികത അഭിനയിച്ച്‌, പ്രശ്‌നം ഉണ്ടാക്കി അവിടെ വന്നതിനും സ്വയം സൂക്ഷിക്കാത്തതിനും പഴി കേള്‍ക്കേണ്ട എന്ന്‌ കരുതി നീങ്ങുന്ന നൂറു കണക്കിന്‌ പെണ്ണുങ്ങള്‍. അത്‌ കൊടുക്കുന്ന ആത്മവിശ്വാസത്തില്‍ അടുത്ത ഇരയിലേക്ക്‌ നടക്കുന്ന ലിംഗങ്ങള്‍. ഷൂട്ട്‌ ചെയ്യാനായി മുകളിലിരുന്ന്‌ നോക്കുമ്പോള്‍ താഴെ ഈ കാഴ്‌ചകള്‍ എന്തൊരു അസ്വസ്ഥതയാണെന്ന്‌ `പൂരക്കാഴ്‌ചകള്‍' റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ സുഹൃത്ത്‌ പറയുന്നുണ്ടായി.

വെളുപ്പിനേ നാല്‌ മണിക്കുള്ള വെടിക്കെട്ടിന്‌ ഒരു കൂട്ടമുണ്ടാക്കി ചുറ്റും പരിചയമുള്ള ആണുങ്ങളെ മാത്രം നില്‍ക്കാനനുവദിച്ചാണ്‌ ഞങ്ങളേറെപ്പേര്‍ നിന്നത്‌. എങ്ങോട്ടോ നടക്കുമ്പോ ചന്തിയുടെ അവിടെ നിന്ന്‌ കിട്ടിയ ഒരു കൈയ്യുടെ ഉടമക്ക്‌ ഒന്ന്‌ പൊട്ടിക്കേണ്ടിയും വന്നു. രസമുള്ള കാഴ്‌ചകള്‍ക്ക്‌ നടുവില്‍ ഏത്‌ നിമിഷവും ഉടലിന്‌ നേരെയുണ്ടാകാവുന്ന ഒരതിക്രമത്തെ പ്രതീക്ഷിച്ച്‌ നില്‍ക്കേണ്ടി വരലാണ്‌ ഈ പൂരത്തിന്‍റെ പെണ്ണനുഭവമെന്ന്‌ അന്ന്‌ ബോധ്യപ്പെട്ടു.

ആള്‌ കൂടുന്നിടത്ത്‌ പോയി തപ്പലും പിടുത്തവും വാങ്ങി ഇവിടെ വന്ന്‌ മോങ്ങുന്നതെന്തിനെന്ന പാട്രിയാര്‍ക്കള്‍ ചോദ്യം ഒരുപാട്‌ തവണ അനാവശ്യമായി പ്രയോഗിച്ച്‌ തേഞ്ഞ്‌ പോയത്‌ കൊണ്ട്‌ ഇവിടെയും പ്രസക്തമല്ല. ആളു കൂടുന്ന , തിക്കും തിരക്കും കൊണ്ട്‌ മനുഷ്യര്‍ക്ക്‌ ശരീരം മുട്ടി നില്‍ക്കേണ്ടി വരുന്ന ഇടങ്ങളൊക്കെ നിര്‍ലോഭം ലൈംഗികാതിക്രമങ്ങള്‍ നടത്താനുള്ള അവസരമായി കരുതുന്ന വലിയൊരു വിഭാഗം മനുഷ്യരുടെ ലോകമാണിത്‌. സ്‌കൂള്‍ നേരങ്ങളിലെ ബസ്സുകള്‍ തുടങ്ങി ഉത്സവപ്പറമ്പുകള്‍ വരെ.

തിരക്കിനിടയില്‍ നിന്ന്‌ നീണ്ട്‌ വരുന്ന ഒരു കൈ മുലയിലോ ചന്തിയിലോ അമര്‍ത്തി പോകുന്നത്‌ നിസ്സഹായതയോടെയോ അമര്‍ഷത്തോടെയോ അനുഭവിക്കാത്തവര്‍ കുറവാകും.ശരീരത്തെ കുറിച്ചുള്ള നിങ്‌ങളുടടെ ആകുലതയാണ്‌ ഈ അസ്വസ്ഥതപ്പെടുത്തലിന്‌ കാരണമെന്ന സിദ്ധാന്തം കൊണ്ടൊന്നും ഈ കയ്യേറ്റത്തെ ലഘൂകരിക്കപ്പെടില്ല.

തിരിച്ചൊന്ന്‌ പൊട്ടിക്കാന്‍ കണ്ണും കയ്യും ഉയര്‍ത്തുമ്പോഴേക്കും യാതൊരു അടയാളവും അവശേഷിപ്പിക്കാതെ ആള്‍ക്കൂട്ടത്തില്‍ അലിയാന്‍ സുഗമമായി സാധിക്കുന്ന അക്രമികള്‍. പിടിച്ചാല്‍ തന്നെ തിരക്കിന്‍റെ സമ്മര്‍ദ്ദത്തില്‍ അറിയാതെ തൊട്ട്‌ പോയെന്ന ആനുകൂല്യം അവകാശപ്പെടാന്‍ യാതൊരു സംശയവും കാണാത്ത വിധം വ്യവസ്ഥയാല്‍ സംരക്ഷിക്കപ്പെട്ടവരാണവര്‍.

ഇരുട്ടും തിരക്കുമുണ്ടെങ്കില്‍ നിങ്ങളുടെ ലൈംഗിക ദാരിദ്യം കൊണ്ട്‌ തള്ളാവുന്ന പ്രതലമായി പെണ്ണുടല്‍ കാണുന്നതില്‍ നിന്ന്‌ എന്നാണൊരു മാറ്റം? തന്‍റെ ദേഹത്തിന്‌ നേരെ വരുന്ന അതിക്രമത്തോട്‌ പ്രതികരിക്കുന്നവളെ നിന്‍റെ മനസിലിരിപ്പിന്‍റെ കുഴപ്പമാണെന്ന കുറ്റപ്പെടുത്തലില്‍ നിന്ന്‌ എപ്പോഴാണൊന്ന്‌ വിടുതലാക്കുക? പൂരം കാണണോ, അവിടെ പോകണോ, ആന വേണോ, വെടിക്കെട്ട്‌ വേണോ തുടങ്ങിയ ചര്‍ച്ചകള്‍ മറ്റൊരു വശത്താകാം.
പൊതുവിടവും ആള്‍കൂട്ടവും ഹിംസാത്മകായ സ്‌പര്‍ശനങ്ങളും ആംഗ്യങ്ങളും , വാചകങ്ങളും വെടിഞ്ഞ്‌ അതിന്‍റെ ലിംഗരൂപത്തില്‍ നിന്ന്‌ മോചിപ്പിക്കപ്പെടേണ്ടതിനെ പറ്റിയാണ്‌ പറയുന്നത്‌
 തൃശ്ശൂര്‍ പൂരത്തില്‍ പരസ്യമായി നൂറ്‌ കണക്കിന്‌ സ്‌ത്രീകള്‍ ലൈംഗീക അതിക്രമത്തിന്‌ ഇടയാകുന്നുവെന്ന തുറന്നെഴുത്തുമായി ഹസ്‌ന ഷാഹിത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക