Image

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; കോര്‍പ്പറേഷനെ ലാഭത്തിലാക്കാനാണ് നടപടിയെന്ന് തച്ചങ്കരി

Published on 24 April, 2018
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; കോര്‍പ്പറേഷനെ ലാഭത്തിലാക്കാനാണ് നടപടിയെന്ന് തച്ചങ്കരി

പുത്തനച്ചി പുരപ്പുറം തൂക്കുമെന്നു പറയുന്നതു പോലെ പുതിയ കെഎസ്ആര്‍ടിസി എം.ഡി ടോമിന്‍ തച്ചങ്കരിയുടെ വക പുതിയ ഭരണപരിഷ്‌ക്കാരങ്ങള്‍. ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റമാണ് പുതിയ പരിഷ്‌ക്കാരമായി അവതരിപ്പിച്ചിരിക്കുന്നത്. വനിതകള്‍ ഉള്‍പ്പെടെയുള്ള 518 കണ്ടക്ടര്‍ ജീവനക്കാര്‍ക്കാണ് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. കോര്‍പ്പറേഷനെ ലാഭത്തിലാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് സൂചന.

ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റതിന് പിന്നാലെയാണ് ഈ കൂട്ട സ്ഥലംമാറ്റം. ഏപ്രില്‍ 21 ന് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയെങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് അത് ജീവനക്കാര്‍ക്ക് ലഭിച്ചത്. നാളെ ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവിലെ നിര്‍ദേശം.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ സ്ഥലം മാറ്റിയിരിക്കുന്നത്. ജീവനക്കാരുടെ കുറവു മൂലം സര്‍വീസ് തടസപ്പെടുന്നത് ഒഴിവാക്കാനാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്. മൂന്ന് മാസത്തേയ്ക്കുള്ള താത്കാലിക സ്ഥലം മാറ്റമാണ് ഇതെന്നും ഉത്തരവില്‍ പറയുന്നു. സ്ഥലം മാറ്റപ്പെടുന്ന യൂണിറ്റിന് അടുത്തുള്ളവര്‍ക്കാണ് മുന്‍ഗണന.
സ്ഥലം മാറ്റത്തിന് ജീവനക്കാരുടെ സമ്മതം വേണമെന്നും അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയവരെ ഈ സ്ഥലം മാറ്റത്തില്‍ ഉള്‍പ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക