Image

വരാപ്പുഴ കസ്റ്റഡി മരണം: മൂന്നു പോലീസുകാരെയും തിരിച്ചറിഞ്ഞ് ബന്ധുക്കള്‍

Published on 24 April, 2018
വരാപ്പുഴ കസ്റ്റഡി മരണം: മൂന്നു പോലീസുകാരെയും തിരിച്ചറിഞ്ഞ് ബന്ധുക്കള്‍
വരാപ്പുഴ പൊലീസ് കസ്റ്റഡിമരണക്കേസില്‍ പ്രതികളായ പൊലീസുകാരെ മരിച്ച ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞു. അയല്‍വീട് ആക്രമിച്ചെന്ന് ആരോപിച്ച് ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ, റൂറല്‍ എസ്പിയുടെ സ്‌ക്വാഡില്‍ (ആര്‍ടിഎഫ്) അംഗങ്ങളായ മൂന്നു പൊലീസുകാരെയാണ് ശ്രീജിത്തിന്റെ ഭാര്യ അമല തിരിച്ചറിഞ്ഞത്. ആര്‍ടിഎഫ് അംഗങ്ങളായിരുന്ന സന്തോഷ്, സുമേഷ്, ജിതിന്‍ രാജ് എന്നീ പൊലീസുകാര്‍ കസ്റ്റഡി മരക്കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ കാക്കനാട് ജില്ലാജയിലില്‍ റിമാന്‍ഡിലാണുള്ളത്. ഇവിടെ വച്ചാണ് ഭാര്യ അടങ്ങുന്ന ബന്ധുക്കള്‍ക്കായി പ്രത്യേക അന്വേഷണ സംഘം തിരിച്ചറിയില്‍ പരേഡ് നടത്തിയത്.
ഈ മൂന്ന് പൊലീസുകാര്‍ അടക്കം 20 ജയിലിലുള്ള 20 പേരെയാണ് തിരിച്ചറിയില്‍ പരേഡിന് നിര്‍ത്തിയത്.എന്നാല്‍ മൂന്നു പൊലീസുകാരെയം തിരിച്ചറിയാന്‍ തനിക്ക് പ്രയാസമുണ്ടായിരുന്നില്ലെന്ന് പിന്നീട് അമല പറഞ്ഞു. പൊലീസുകാര്‍ക്ക് ചെറിയ മാറ്റങ്ങള്‍ മാത്രമേ വന്നിട്ടുള്ളൂ. എളുപ്പം തിരിച്ചറിയാന്‍ പറ്റിയെന്ന് അമല പറഞ്ഞു. ശ്രീജിത്തിന്റെ സഹോദരന്‍ സുജിത്ത്, അമ്മ എന്നിവരും തിരിച്ചറിയല്‍ പരേഡിന് എത്തിയിരുന്നു. ഇവര്‍ക്കൊപ്പം അയല്‍വാസിയായ ഒരാളെയും തിരിച്ചറിയല്‍ പരേഡിന് പൊലീസ് സംഘം എത്തിച്ചിരുന്നു. തിരിച്ചറിയല്‍ പരേഡ് ഒരു മണിക്കൂര്‍ നീണ്ടു.
അതിനിടെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അമല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐയെ ഏല്‍പ്പിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി മരണത്തില്‍ നിലവില്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുന്നത്.
അയല്‍വഴക്കുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയ കേസില്‍ പൊലീസ് പിടികൂടിയ വരാപ്പുഴ ദേവസ്വംപാടം കുളമ്ബുകണ്ടം സ്വദേശി ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒന്‍പതാം തിയതിയാണ് മരിച്ചത്.
മരിച്ച ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത, റൂറല്‍ എസ്പിയുടെ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ സന്തോഷ്, സുമേഷ്, ജിതിന്‍ രാജ് എന്നിവരെയും വരാപ്പുഴ എസ്‌ഐ ആയിരുന്ന ദീപക്കിനെയും കസ്റ്റഡിമരണം അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. നാല് പേരും റിമാന്‍ഡിലാണുള്ളത്.
ഇവരെയും പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ ഗ്രേഡ് എഎസ്‌ഐ സുധീര്‍, വരാപ്പുഴ സ്‌റ്റേഷനിലെ സീനിയര്‍ സിപിഓ സന്തോഷ് ബേബി എന്നിവരെയും നേരത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പൊലീസുകാരും എസ്‌ഐയും അറസ്റ്റിലായത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ സിഐ ക്രിസ്പിന്‍ സാമിനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. കസ്റ്റഡി മരണക്കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന സൂചനയും പ്രത്യേക അന്വേഷണസംഘം നല്‍കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക