Image

പിണറായിയില്‍ ഒരു വീട്ടിലെ നാല്‌ ദുരൂഹമരണം; കുട്ടികളുടെ അമ്മയും 3 പേരും പിടിയില്‍

Published on 24 April, 2018
പിണറായിയില്‍  ഒരു വീട്ടിലെ നാല്‌ ദുരൂഹമരണം; കുട്ടികളുടെ അമ്മയും 3 പേരും പിടിയില്‍

തലശ്ശേരി: പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ അടുത്തടുത്തായി നടന്ന നാല്‌ ദൂരൂഹ മരണക്കേസ്‌ അന്വേഷണം വഴിത്തിരിവിലെത്തി. ഒരു വീട്ടിലെ നാല്‌ പേരും മരിക്കാനിടയായ അസുഖത്തിന്‌ സമാനമായ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വണ്ണത്താന്‍ വീട്ടിലെ സൗമ്യയെ (28) ഇന്ന്‌ രാവിലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത്‌ ധര്‍മ്മടം പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി.

 ചോദ്യം ചെയ്യാനാണ്‌ കസ്റ്റഡിയിലെടുത്തതെന്ന്‌ പറയുന്നുണ്ടെങ്കിലും ദുര്‍മ്മരണങ്ങളില്‍ യുവതിക്കുള്ള പങ്കിനെ പറ്റി വ്യക്തമായ തെളിവുകള്‍ പോലിസിന്‌ ലഭിച്ചതായാണ്‌ സൂചനകള്‍. കല്ലട്ടി വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ (എട്ട്‌), കീര്‍ത്തന (ഒന്നര) എന്നിവരാണ്‌ മൂന്നു മാസത്തിനിടെ ഛര്‍ദ്ദിച്ച്‌ അവശരായി മരിച്ചത്‌.

വണ്ണത്താന്‍ വീട്ടില്‍ യുവതി തനിച്ചായ സമയങ്ങളില്‍ പതിവായി ഇവരെ കാണാനെത്തുന്നവരില്‍ മൂന്ന്‌ യുവാക്കളും കസ്റ്റഡിയിലുണ്ട്‌. ഇവരില്‍ യുവതി ഉള്‍പ്പെടെ ചിലരെ ഉടന്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ വിവരമുണ്ട്‌. സൗമ്യയുടെ രണ്ട്‌ മക്കളും മാതാപിതാക്കളുമാണ്‌ 2012 സപ്‌തമ്പറിലും ഇക്കഴിഞ്ഞ ഏപ്രിലിനും ഇടയിലായി മരണപ്പെട്ടത്‌. മരണപ്പെട്ട നാല്‌ പേര്‍ക്കും നിലയ്‌ക്കാത്ത ചര്‍ദ്ദിയും കലശലായ വയറുവേദനയുമായിരുന്നു. സംഭവത്തില്‍ ദൂരൂഹത ഉണ്ടായതിനെ തുടര്‍ന്ന്‌ യുവതിയുടെ മാതാപിതാക്കളുടെ ആന്തരികാവയവങ്ങള്‍ പരിശോധനക്ക്‌ വിധേയമാക്കിയിരുന്നു. കോഴിക്കോട്ടെ ഫോറന്‍സിക്‌ സയന്‍സ്‌ ലാബില്‍ നടത്തിയ പരിശോധനയില്‍ മരണപ്പെട്ടവരുടെ വയറ്റില്‍ അലൂമിനിയം ഫോസ്‌ഫൈഡ്‌ എന്ന മാരക രാസവസ്‌തുവിന്റെ അംശം കണ്ടെത്തി.

എലിവിഷത്തിലും ചിലതരം കീടനാശിനികളിലും ചേര്‍ക്കുന്നതാണ്‌ അലൂമിനിയം ഫോസ്‌ഫൈഡ്‌. ഏറ്റവും ഒടുവില്‍ ചര്‍ദ്ദിയും വയറുവേദനയുമായി തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിയ സൗമ്യയുടെ വയറ്റിലും ഇതേ രാസവസ്‌തുവിന്റെ സാന്നിധ്യമുണ്ടായിരുന്നത്രെ. കേസുമായി ബന്ധപ്പെട്ട്‌ സൗമ്യയുടെ ഭര്‍ത്താവും ബന്ധുക്കളുമുള്‍പ്പെടെ 30ലേറെപ്പേരെ പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു. ഇവരുടെയെല്ലാം മൊഴികളില്‍ നിന്ന്‌ വിലപ്പെട്ട വിവരങ്ങളും പോലീസിന്‌ ലഭിച്ചുവെന്നാണ്‌ സൂചന. യുവതിയുടെ വഴിവിട്ട ബന്ധങ്ങളാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ കുരുതുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദിവസം മുതല്‍ യുവതി പോലീസ്‌ നിരീക്ഷണത്തിലായിരുന്നു. ഇവരെ കാണാനെത്തിയ യുവാക്കളെ പ്രത്യേകം നിരീക്ഷിച്ച അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്ത്‌ നിരന്തരം ചോദ്യം ചെയ്‌തതോടെ കേസന്വേഷണത്തിന്‌ സഹായകരമായ വിവരങ്ങള്‍ ലഭിച്ചു. ഇതില്‍ പിന്നിടാണ്‌ സൗമ്യയെ കസ്റ്റഡിയിലെടുത്തത്‌.
 കസ്റ്റഡിയിലുള്ള സൗമ്യയുടെ മൂത്ത കുട്ടി ഐശ്വര്യ കിഷോര്‍ മൂന്ന്‌ മാസം മുമ്പാണ്‌ മരണപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക