Image

കാന്‍ബറ സെന്റ് അല്‍ഫോന്‍സ പള്ളിയിലെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തിസാന്ദ്രമായി

Published on 12 April, 2018
കാന്‍ബറ സെന്റ് അല്‍ഫോന്‍സ പള്ളിയിലെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തിസാന്ദ്രമായി

കാന്‍ബറ: ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തിസാന്ദ്രമായി. കാന്‍ബറ സെന്റ്് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവകയിലാണ് കുരിശിന്റെ വഴിയുടെ നേര്‍ക്കാഴ്ച അരങ്ങേറിയത്. പീലാത്തോസിന്റെ കൊട്ടാരത്തില്‍ യേശുവിനെ കുരിശു മരണത്തിനു വിധിക്കുന്നത് മുതല്‍ ഗാഗുല്‍ത്താമലയില്‍ മരണം വരിച്ചു കല്ലറയില്‍ സംസ്‌കരിക്കപ്പെടുന്നതു വരെയുള്ള പതിനാലു സ്ഥലങ്ങളുടെയും നേര്‍ക്കാഴ്ച വിശ്വാസി സമൂഹത്തിനു ക്രിസ്തുവിന്റെ പീഢാസഹനങ്ങളുടെ തീവ്രത പകര്‍ന്നു നല്‍കി.

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് അംഗങ്ങളാണ് പീഡാനുഭവ ചരിത്രഅവതരണം നടത്തിയത്. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ പ്രത്യേക താത്പര്യപ്രകാരം യുവജനങ്ങള്‍ അവതരിപ്പിച്ച പരിപാടി സംവിധാനം ചെയ്തത് ആനിമേറ്റര്‍ വില്‍സണ്‍ ചക്കാലയാണ്. ജസ്റ്റിന്‍. സി. ടോം കോഓര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു.

ഓകോണര്‍ സെന്റ് ജോസഫ് പള്ളിയില്‍ നടന്ന കുരിശിന്റെ വഴിയിലും പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരത്തിലും, തിരുക്കര്‍മങ്ങളിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മലയാളികള്‍ക്കൊപ്പം തദ്ദേശീയരും ദൃശ്യാവിഷ്‌കാരം കാണുവാന്‍ എത്തിയിരുന്നു. പീഡാനുഭവ തിരുക്കര്‍മങ്ങള്‍ നടന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് മെല്‍ബണ്‍ രൂപത മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പ്രധാന കാര്‍മികത്വം വഹിച്ചു. വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍,ഫാ. ബിജു (ബാംഗ്ലൂര്‍ ), ഫാ. പ്രവീണ്‍ അരഞ്ഞാണിഓലിക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക