Image

ബലിയാടുകള്‍ (കവിത: ജി. പുത്തന്‍കുരിശ്)

Published on 31 March, 2018
ബലിയാടുകള്‍ (കവിത: ജി. പുത്തന്‍കുരിശ്)
കരതാരാല്‍ കുഞ്ഞാട്ടിന്‍ കുട്ടിയെ മാറോട്
അരുമയില്‍ ചേര്‍ത്തൊരു ചിത്രം കാട്ടി
“ഇതുപോലെ യേശുവിന്‍ മാറിലണയുവാന്‍
ചിതമായി വളരുവിന്‍ കുഞ്ഞുങ്ങളെ.”
ഒരു പുത്തന്‍പുഞ്ചിരി തൂകി ഗുരുനാഥന്‍
അരുളിയാ രവിപാഠശാലതന്നില്‍
അതുകേട്ട് വിസ്മയം പൂണ്ടൊരാപൈതങ്ങള്‍
അതുപോലെയാകുവാന്‍ ഒച്ചവച്ചു
അവിടെ അകലയായ് നിന്നൊരു ബാലന്റെ
കവിളുകള്‍ രണ്ടിലുമഴല്‍പരന്നു
അതുപോലെ മാറിലണയുവാനാവുമോ
അതിനുള്ള യോഗ്യത തന്നിലുണ്ടോ?
ചിന്തകളേറിയാ ബാലന്റെ നെഞ്ചകം
നൊന്തു പിടഞ്ഞു പൊഴിഞ്ഞു കണ്ണീര്‍
വിട്ടവന്‍ ആലയം മെല്ലെ ഇറങ്ങിയാ
കെട്ടിപ്പെടുത്തൊരാ പടവിലൂടെ
“എന്താണ് കുഞ്ഞേ മുഖാംബുജം വല്ലാതെ?
സന്താപം എന്നോട് ചൊല്ലിയാലും.”
ചാരത്തു വന്നുനിന്നുള്ളൊരാ വൃദ്ധന്റെ
കാരുണ്യം ഊറുന്നശബ്ദം കേട്ടു.
മൊഴിഞ്ഞവനന്നേരം ദുഃഖകഥയൊക്കെ
മിഴികളില്‍ കണ്ണീര്‍കണങ്ങളോടെ
തലോടിയാവൃദ്ധന്‍, കൈവിരലോടിച്ചു,
തലയിലാ കുഞ്ഞിനെ സ്‌നേഹവായ്പാല്‍
ചൊല്ലിടാം ഞാനൊരു സല്‍ക്കഥ നിന്നോട്
തെല്ലൊരു ശ്രദ്ധയാല്‍ കേട്ടിടുകില്‍
പണ്ട് യഹൂദിയായില്‍ യൂദന്മാര്‍ക്കിടയിലും
ഉണ്ടായിരുന്നജ യാഗകര്‍മ്മം
ഏകപിതാവാകും ദൈവത്തിന്‍ പ്രീതിക്കായി
യാഗങ്ങള്‍ അര്‍പ്പിച്ചു പോന്നിരുന്നു
കറയറ്റ കോലാട്ടുകൂറ്റന്മാര്‍ കൂടാതെ
കുറവറ്റ കുഞ്ഞാട്ടിന്‍ കുട്ടികളും
അവയൊക്കെ ശോധന ചെയ്തു പുരോഹിതര്‍
അവയിലെ ശ്രേഷ്ഠരെ വേര്‍തിരിച്ചു.
യാഗമായ് ഒട്ടേറെ അജഗണമങ്ങനെ
യാഗത്താല്‍ പാപിക്കും മുക്തികിട്ടി
ഒരു ബലിയാടായി തീരുകയെന്നത്
മരുവില്‍ അജ ജന്മ സ്വപ്നമല്ലോ!
മുടന്തനൊരാടിനും മോഹമുദിച്ചുള്ളില്‍
ഉടയോന്റെ പ്രീതിക്ക് പാത്രമാവാന്‍
ഒരുനാളിലവനുമാ ബലിയാട്ടിന്‍ കൂട്ടത്തില്‍
ഒരുയാഗമാകുവാന്‍ കാത്തു നിന്നു
പെട്ടെന്നു കേട്ടവന്‍ ആരവം ചുറ്റിലും
പെട്ടവന്‍ അനിഷ്ടത്തിന്‍ പാത്രമായി
ബലിഷ്ഠമാം കൈകളാല്‍ തൂക്കിയെറിഞ്ഞപ്പോള്‍
ബലിമോഹം അവനില്‍ പൊലിഞ്ഞുപോയി
ദുഃഖിതനായി ബലിശാലവിട്ടവന്‍
ദിക്കറിയാതെ മുടന്തി നീങ്ങി.
ലക്ഷ്യമില്ലാതെ അലയുമ്പോളങ്ങനെ
ലക്ഷണമൊത്തേശു മുന്നിലെത്തി
കോരിയെടുത്തവന്‍ കുഞ്ഞാട്ടിന്‍ കുട്ടിയെ
മാറോടു ചേര്‍ത്തു പിടിച്ചു നിന്നു
“രവിപാഠശാലയില്‍ നീ കണ്ട ചിത്രത്തിന്‍
വിവക്ഷയെന്‍ കഥയിലൊളിഞ്ഞിരിപ്പൂ
സത്യവും മിഥ്യയും കണ്ടാലറിയാതെ
മര്‍ത്ത്യരീഭൂമിയില്‍ ചൂഴ്ന്നിടുന്നു.”
ഇത്രയും ചൊന്നിട്ടാ വന്ദ്യവയോധികന്‍
തത്രപ്പെട്ടെങ്ങോ മറഞ്ഞുപോയി

***
Join WhatsApp News
ഡോ.ശശിധരൻ 2018-03-31 13:04:11

രണ്ടായിരത്തി പതിനാറിൽ വായിച്ചതാ കവിത.ഒരു ചെറിയ തെറ്റ് വന്നിട്ടുണ്ട് .അന്നും തിരുത്തിയതായി ഓർക്കുന്നു .വീണ്ടും അതെ തെറ്റ് ആവർത്തിച്ചിരിക്കുന്നു. “കെട്ടിപ്പെടുത്തൊരാഎന്ന ശബ്ദം  തിരുത്തി ശരിയായ ശബ്ദം എഴുതിച്ചേർക്കുക.ഈസ്റ്റർ ആശംസകൾ നേരുന്നു.

(ഡോ.ശശിധരൻ)

നാരദന്‍ 2018-03-31 21:23:35
കെട്ടി പിടിക്കുക എന്ന് ആക്കിയാലോ?
ജി . പുത്തൻകുരിശ് 2018-03-31 21:04:51
തെറ്റ് ചൂണ്ടി കാട്ടിയതിന് നന്ദി 'കെട്ടിപ്പെടുക്കുക ' എന്നത് 'കെട്ടിപ്പടുക്കുക' (കെട്ടിയുണ്ടാക്കുക) എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു   .   പ്രത്യാശയുടേയും, പുതുക്കത്തിന്റെയും, പുതിയൊരു ജീവിതത്തിന്റെയും പ്രതീകമായ ഈസ്റ്ററിന്റെ ആശംസകൾ താങ്കൾക്കും നേർന്നു കൊള്ളുന്നു  
ചാക്രികം 2018-04-01 22:27:33
കാലമിനിയുമുരുളും വിഷു വരും വര്ഷം വരും തിരുവോണം വരും 
ഉയിർപ്പിന്റെയാഘോഷമായ് ഈസ്റ്റർ വരും
അന്നുമിതേ കവിത വീണ്ടുമിറങ്ങും
അന്നു വീണ്ടും ശശിയിതു തിരുത്തും
യാന്ത്രികം ചാക്രികം .....
വിദ്യാധരൻ 2018-04-02 13:37:00
തെറ്റ് തിരുത്താത്തടത്തോള- 
മത് 'ചാക്രിക'മായിടുന്നു '
തിരുത്തുമ്പോളത് 'ചക്രക'മായിടുന്നു 
തെറ്റ് തിരുത്താതെ മനുഷ്യൻ 
യേശുവിനെ ക്രൂശിക്കുന്നു 
പുനരുദ്ധരിപ്പിക്കുന്നു നിത്യവും കഷ്ടം!
തെറ്റ് തിരുത്തി മുന്നോട്ട് ഗമിക്ക നാം  

ചാക്രികം = ചാക്രിക ലേഖനം (സർക്കുലർ )
ചക്രകം = ആരംഭിച്ചടത്തുതന്നെ വീണ്ടും  എത്തി ചേരുന്ന  വാദം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക