Image

ഏഷ്യാ കപ്പ് : ഇന്ത്യ പുറത്ത് : പാകിസ്താന്‍ ബംഗ്ലാദേശ് ഫൈനല്‍

Published on 20 March, 2012
ഏഷ്യാ കപ്പ് : ഇന്ത്യ പുറത്ത് : പാകിസ്താന്‍  ബംഗ്ലാദേശ് ഫൈനല്‍
ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ കിരീടം നിലനിര്‍ത്താമെന്ന മോഹം പൊലിഞ്ഞു. മഴ രസംകളഞ്ഞ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പ് ഫൈനലില്‍ കടന്നത്. 22 നു നടക്കുന്ന ഫൈനലില്‍ പാകിസ്താന്‍ ബംഗ്ലാദേശിനെ നേരിടും. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.5 ഓവറില്‍ 232 റണ്‍സിന് ഓള്‍ഔട്ടായി. ലങ്കയുടെ ഇന്നിംഗ്‌സ് അവസാനിച്ചതിനു തൊട്ടുപിന്നാലെ മഴയെത്തിയത് മത്സരം വൈകിപ്പിച്ചു. തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമaപ്രകാരം ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 40 ഓവറില്‍ 212 റണ്‍സ് എന്നു പുതുക്കി ക്രമീകരിക്കുകയായിരുന്നു. ഓപ്പണര്‍ തമീം ഇഖ്ബാല്‍ (59), ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ (56) എന്നിവരുടെ മിന്നുന്ന ജയമാണ് അവര്‍ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. 

ഇന്ത്യയുടെ ഏഷ്യാ കപ്പ് ഫൈനല്‍ മോഹങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന പ്രകടനമായിരുന്നു ബംഗ്ലാ ബൗളര്‍മാരുടേത്. ബംഗ്ലാ ബൗളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്ന ലങ്കയ്ക്കു വേണ്ടി ചാമര കപുഗദേര (62), ലാഹിരു തിരിമാനെ (48), ഉപുല്‍ തരംഗ (48) എന്നിവര്‍ മാത്രമാണു മാന്യമായ സ്‌കോര്‍ നേടിയത്. ആദ്യ പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ ലങ്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തു വിയര്‍ക്കുകയായിരുന്നു. ഷഫിയുള്‍ ഇസ്ലാമിനു പകരക്കാരനായി ടീമിലെത്തിയ പേസര്‍ നാസ്മുള്‍ ഹുസൈനായിരുന്നു ഏറ്റവും അപകടകാരി. നായകന്‍ മഹേള ജയവര്‍ധനെ (5), തിലകരത്‌നെ ദില്‍ഷന്‍ (19), കുമാര്‍ സംഗക്കാര (6) എന്നിവരെ പറഞ്ഞു വിട്ടത് ഹുസൈനായിരുന്നു. ഒക്‌ടോബറിലാണ് ഹുസൈന്‍ അവസാനമായി ഏകദിനം കളിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് ലങ്കയെ ബാറ്റിംഗിനു വിടുകയായിരുന്നു. അനാവശ്യ ഷോട്ടിനു ശ്രമിച്ച ജയവര്‍ധനെയാണ് ആദ്യം പുറത്തായത്. സംഗക്കാരയും അനാവശ്യ ഷോട്ടിലാണു പുറത്തായത്. ദില്‍ഷന്‍ മൂന്നു ഫോറുകളടിച്ചു പ്രതീക്ഷ ജനിപ്പിച്ചെങ്കിലും ചെറുത്തു നില്‍പ്പ് വൈകാതെ അവസാനിച്ചു. തിരിമാനെയും കപുഗദേരയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 88 റണ്‍സും കപുഗദേരയും തരംഗയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 49 റണ്‍സുമെടുത്തതു ലങ്കയെ വമ്പന്‍ തകര്‍ച്ചയില്‍നിന്നു രക്ഷപ്പെടുത്തി. 40 ാം ഓവറില്‍ കപുഗദേര മടങ്ങിയതോടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 92 പന്തില്‍ നാലു ഫോറുകളടക്കമാണു കപുഗദേര 62 റണ്‍സെടുത്തത്. സചിത്ര സേനാനായകെ 21 പന്തില്‍ 19 റണ്‍സെടുത്തു പുറത്താകാതെനിന്നു. സ്പിന്നര്‍മാരായ അബ്ദുര്‍ റസാഖ്, ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും മഷ്‌റാഫെ മൊര്‍ത്താസയും ഷഹദാത് ഹുസൈനും ഒരു വിക്കറ്റ് വീതവുമെടുത്തു. 

സ്‌കോര്‍ബോര്‍ഡ്: ശ്രീലങ്ക ജയവര്‍ധനെ ബി ഹുസൈന്‍ 5, ദില്‍ഷന്‍ ബി ഹുസൈന്‍ 19, സംഗക്കാര സി നസീമുദ്ദീന്‍ ബി ഹുസൈന്‍ 6, കപുഗദേര സി ഷക്കീബ് ബി റസാഖ് 62, തിരിമാനെ സ്റ്റമ്പ്ഡ് മുഷ്ഫികര്‍ റഹിം ബി റസാഖ് 48, തരംഗ സി മുഷ്ഫികര്‍ റഹിം ബി ഷഹദാത് ഹുസൈന്‍ 48, മഹറൂഫ് സി മുഷ്ഫികര്‍ റഹിം ബി ഷക്കീബ് 3, കുലശേഖര എല്‍.ബി. ഷക്കീബ് 1, സേനാനായകെ നോട്ടൗട്ട് 19, മലിംഗ ബി മഷ്‌റാഫെ ബി മൊര്‍ത്താസ 10, ലാക്മല്‍ റണ്ണൗട്ട് 0. എക്‌സ്ട്രാസ്: 11. ആകെ (49.5 ഓവറില്‍) 232 ന് ഓള്‍ഔട്ട്. ബൗളിംഗ്: മൊര്‍ത്താസ 9.51-30-1, ഹുസൈന്‍ 8-1-32-3, ഷഹദാത് ഹുസൈന്‍ 8-0-51-1, റസാഖ് 10-0-44-2, ഷക്കീബ് 10-1-56-2, മഹമ്മദുള്ള 4-0-16-0. 

ബംഗ്ലാദേശ് തമീം സി തിരിമാനെ ബി സേനാനായകെ 59, നസീമുദ്ദീന്‍ ബി കുലശേഖര 6, ജാഹ്രുള്‍ ഇസ്ലാം സി കപുഗദേര ബി ലാക്മല്‍ 2, മുഷ്ഫികര്‍ റഹിം ബി കുലശേഖര 1, ഷക്കീബ് അല്‍ ഹസന്‍ എല്‍.ബി. സേനാനായകെ 56, നാസിര്‍ ഹുസൈന്‍ നോട്ടൗട്ട് 36 , മഹമ്മദുള്ള നോട്ടൗട്ട് 32. എക്‌സ്ട്രാസ്: 20. ആകെ(37.1 ഓവറില്‍ അഞ്ചിന്) 212. 

ബൗളിംഗ്: മലിംഗ 8-0-29-0, കുലശേഖര 6-0-30-2, ലാക്മല്‍ 7-0-40-1, സേനാനായകെ 8-0-38-2, മഹറൂഫ് 6-0-46-0, ദില്‍ഷന്‍ 2.1-0-16-0.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക