Image

കാര്‍മേഘം (ഡോ.ഈ.എം.പൂമൊട്ടില്‍)

(ഡോ.ഈ.എം.പൂമൊട്ടില്‍) Published on 28 March, 2018
കാര്‍മേഘം (ഡോ.ഈ.എം.പൂമൊട്ടില്‍)
മാനത്തേക്കെന്തിത്ര വേഗത്തില്‍ പായുന്നു
മേഘങ്ങളേ നിങ്ങള്‍ ഉത്സുകരായ്
ഇത്രയും ദീര്‍ഘമീ യാത്രയില്‍ കൂട്ടിനായ്
ഇത്തിരി നേരം ഞാന്‍ ചേര്‍ന്നിടട്ടെ!

ആഴിയില്‍ നീന്തിക്കുളിച്ചു രസിക്കവെ
ആദിത്യ രശ്മിതന്‍ സ്പര്‍ശനത്താല്‍
ആകാശ വീഥിയിലേക്കുയര്‍ന്നീടുവാന്‍
ആശയോടെ കാത്തിരുന്നതെന്തേ!

താഴേക്കു ചൂണ്ടിക്കൊണ്ടുത്തരം നല്‍കി
കാര്‍മേഘ നികരം ഒരേ സ്വരത്തില്‍:
ഒരു മാരി കാണാതെ കാത്തിരുന്നീടുന്നോര്‍
ഒരുപാടു മര്‍ത്ത്യരെ കാണുന്നില്ലേ;
നീക്കുവാന്‍ ആയവര്‍ക്കുള്ളിലെ സങ്കടം
തീര്‍ത്ഥമീ യാത്ര ചെയ്യുന്നു ഞങ്ങള്‍
ദൂരെയായ് കാണുന്നൊരാ ശൈല ശൃംഗത്തില്‍
ഒരു യാഗ വസ്തുവായ് ചെന്നു ചേരാന്‍!

ക്ഷിപ്രമീ വാക്കുകള്‍ കേട്ടൊരാ മാത്രയില്‍
സ്തബ്ധനായെങ്കിലും ഞാനുരച്ചു;
മേഘമേ ശോഭന വര്‍ണ്ണം നിനക്കില്ല
കോമളമാമൊരു രൂപമില്ല
എങ്കിലും സ്‌നേഹാര്‍ദ്ര ഭാവം നിറഞ്ഞൊരു
മാനസം നിന്‍ സ്വന്തമെന്നറിഞ്ഞു
ആദരാല്‍ നിന്‍ പുണ്യപാദങ്ങളില്‍ ഞാന്‍ 
ആത്മനാ തൊട്ടു വണങ്ങിടട്ടെ!

കാര്‍മേഘം (ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
വള്ളത്തോൾ 2018-03-28 08:53:47
താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു
താരകളേ നിങ്ങള്‍ നിശ്ചലമായു്
നിങ്ങള്‍ തന്‍ കൂട്ടത്തില്‍ നിന്നിപ്പോഴാരാനും
ഭംഗമാർന്നൂഴിയില്‍ വീണു പോയോ
--വള്ളത്തോൾ
വിദ്യാധരൻ 2018-03-28 14:14:38
മിന്നുതൊക്കയും പൊന്നല്ലാഎന്ന്
പണ്ടുള്ളോർ ചൊന്നെതെത്ര സത്യം 
പുറംതാള് നോക്കി നാം പുസ്തകങ്ങളെ 
വിലയിരുത്തീടുംപോലെ 
നിറങ്ങളെ നോക്കി നാം വിധിച്ചിടാ ഒരിക്കലും 
നിറം മാറും അടുത്തു നാം ചെന്നിടുമ്പോൾ 
മധുരമായി ചിലരൊക്കെ പറയുന്ന കേട്ടു നാം 
വിശ്വസിച്ചിടാ ഒട്ടു പോലും
കറുകറത്തുള്ള മഴക്കാർ കൂടുന്നു 
മഴയുടെ ലക്ഷണം കണ്ടിടുന്നു 
കറുപ്പാണ് നിറമേലും ശരിയാണ് ചൊന്നത് 
ആർദ്രമാം ഹൃദയം മുകിലിനുണ്ട് 
Amerikkan Mollaakka 2018-03-28 17:39:06
പൂമൊട്ടിൽ സാഹിബ് ഇങ്ങടെ ഈ പേരിൽ ഭംഗിയും മണവുമുണ്ട്. ഈ കബിത ഞമ്മള് ബായിച്ച് രസിച്ചു. നല്ലോണം മനസ്സിലായി. ഇത് മാതിരി കബിത എയ്തു സായ്‌വേ...പടച്ചോൻ നല്ല നല്ല കബിതകൾ എയ്താൻ ഇങ്ങളെ അനുഗ്രഹിക്കട്ടെ. ഹാപ്പി ഈസ്റ്റർ  നേരത്തെ തന്നെ നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക