Image

ആപ്പിളിന്റെ പുതിയ ഐ പാഡ് അമിതമായി ചൂടാകുന്നുവെന്ന് പരാതി

Published on 20 March, 2012
ആപ്പിളിന്റെ പുതിയ ഐ പാഡ് അമിതമായി ചൂടാകുന്നുവെന്ന് പരാതി
ലണ്ടന്‍: ആപ്പിള്‍ പുതുതായി പുറത്തിറക്കിയിരിക്കുന്ന ഐപാഡിന്(ഐപാഡ് 3) റെക്കോഡ് വില്‍പ്പനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. വില്‍പ്പനയ്‌ക്കെത്തി നാലു ദിവസത്തിനുളളില്‍ 30 ലക്ഷം ഐപാഡുകളാണു വിറ്റഴിച്ചത്. ബ്രിട്ടണ്‍, അമേരിക്ക, ക്യാനഡ, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോങ്കോങ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ പത്തു രാജ്യങ്ങളിലാണ് ഐപാഡ് വിറ്റഴിച്ചത്.

അതേസമയം, ഈ വില്‍പ്പനയുടെ ചൂടിനൊപ്പം ഐപാഡ് അമിതമായി ചൂടാകുന്നുവെന്ന പരാതിയും ചൂടുപിടിക്കുന്നു. മുന്‍ വേര്‍ഷനുകളേക്കാള്‍ പുതിയ ഐപാഡ് ചൂടാകുന്നുവെന്നതാണ് പരാതി. അതിനാല്‍ ഉപയോഗത്തിന് ഏറെ വിഷമം അനുഭവപ്പെടുന്നുവത്രേ. 115 പേരാണ് ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍തന്നെ ഇങ്ങനെ പരാതിപ്പെട്ടിരിക്കുന്നത്. മുന്‍വേര്‍ഷനുകളേക്കാള്‍ പുതിയ ഐപാഡ് ഏറെപ്പെട്ടെന്ന് ചൂടാകുന്നുവെന്നും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണെന്നും പുതിയ ഐപാഡ് സ്വന്തമാക്കിയവര്‍ ബ്ലോഗില്‍ കൂടിയും മറ്റും പറയുന്നു. 30 മിനിറ്റോളം ഉപയോഗിച്ചാല്‍ ഐ പാഡ് ചൂടുപിടിച്ച് തുടങ്ങുമെന്നും പിന്നീട് ഉപയോഗം അസാധ്യമാകുന്ന രീതിയിലേക്ക് മാറുമെന്നും ഒരാള്‍ പരാതിയില്‍ കുറിക്കുന്നു. ഐപാഡ് രണ്ടാം വേര്‍ഷന് ഒരിക്കലും ഇങ്ങനെ ഒരു ന്യൂനത ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഇതേക്കുറിച്ച് ആപ്പിള്‍ ഇതുവരെ ഒന്നും പ്രതികരിച്ചില്ല. ഷോപ്പുകളില്‍ ഈ പരാതിയുമായി ചെന്നവര്‍ക്ക് പ്രശ്‌നമില്ലാത്ത പുതിയ ഐപാഡ് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

ആപ്പിള്‍ ഇതാദ്യമായല്ല ഉല്‍പന്നങ്ങളെക്കുറിച്ച് പരാതി നേരിടുന്നത്. ആപ്പിളിന്റെ ഐഫോണ്‍ 4 വേര്‍ഷന്‍ ഒരു പ്രത്യേക രീതിയില്‍ പിടിച്ചാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകാതെ വരുന്നത് പ്രശ്‌നമായിരുന്നു. ഇതേക്കുറിച്ചും വ്യാപക പരാതിയുയര്‍ന്നിരുന്നു. ഫോണിന് ചുറ്റും ഒരു സിലിക്കോണ്‍ ബാന്‍ഡ് ചുറ്റാന്‍ നല്‍കിയാണ് ഈ പ്രശ്‌നം ആപ്പിള്‍ പരിഹരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക