Image

ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണം വസ്തുതാപരമല്ലെന്ന് സ്പീക്കര്‍

Published on 20 March, 2012
ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണം വസ്തുതാപരമല്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണം വസ്തുതാപരമല്ലെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. ഇത് സംബന്ധിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ബജറ്റ് ചോര്‍ന്നുവെന്ന ആക്ഷേപവും ആരോപണവും നിലനില്‍ക്കുന്നതല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ചില പത്രങ്ങളില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്നലെ സ്പീക്കറെ പരാതി അറിയിക്കുകയും ചെയ്തു. ബജറ്റ് അവതരണത്തിനിടയിലും ഇക്കാര്യം ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചിരുന്നു. തുടര്‍ന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് സ്പീക്കര്‍ നിര്‍ദേശിച്ചത്. ബജറ്റിലും വാര്‍ത്തയിലുമുണ്ടായ സാമ്യം യാദൃശ്ചികം മാത്രമാണ്. പത്രത്തില്‍ വന്ന വാര്‍ത്ത ബജറ്റ് ചോര്‍ച്ചയായി കാണാനാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം ബജറ്റ് ചോര്‍ന്നു എന്ന തരത്തില്‍ തന്റെ വാക്കുകള്‍ക്ക് വ്യാഖ്യാനം നല്‍കിയത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

നയപരമായ തീരുമാനത്തെക്കുറിച്ചുള്ള ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ വന്ന വാര്‍ത്ത മാത്രമാണിതെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഇക്കാര്യം ഏറെ നാളായി കേരളത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. നികുതി നിര്‍ദേശങ്ങള്‍ അടക്കമുള്ള ബജറ്റിലെ രഹസ്യസ്വഭാവമുള്ള നിര്‍ദേശങ്ങളില്‍ ഒന്നുപോലും മാധ്യമവാര്‍ത്തകളില്‍ ഇല്ലെന്നും കെ.എം. മാണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക