Image

കൂടംകുളം പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ പച്ചക്കൊടി

Published on 19 March, 2012
കൂടംകുളം പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ പച്ചക്കൊടി
ചെന്നൈ: വിവാദമായ കൂടംകുളം ആണവ പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ പച്ചക്കൊടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പദ്ധതി എത്രയും വേഗം കമ്മീഷന്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ സമഗ്രവികസനത്തിനായി 500 കോടി രൂപയുടെ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. 

മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താക്കുറിപ്പിലാണ് മുഖ്യമന്ത്രി ജയലളിത ഇക്കാര്യം അറിയിച്ചത്. ഏറെക്കുറെ പൂര്‍ത്തിയായ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വൈകുന്നതിനാല്‍ കാലതാമസം നേരിടുകയായിരുന്നു. പ്രദേശ വാസികളുടെ സുരക്ഷാ ആശങ്കകളും പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധങ്ങളും കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി വൈകിപ്പിച്ചത്. തിരുനെല്‍വേലി ജില്ലയിലെ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധക്കാരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 

ശങ്കരന്‍കോവില്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ പ്ലാന്റിന് പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇന്നലെയായിരുന്നു ശങ്കരന്‍കോവില്‍ ഉപതെരഞ്ഞെടുപ്പ്. റഷ്യയുടെ സഹകരണത്തോടെയാണ് കൂടംകുളം പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക