Image

കാനഡയിലെ ബിരുദവും മക്കളുടെ ജീവിതവും (ജയ് പിള്ള)

Published on 15 March, 2018
കാനഡയിലെ ബിരുദവും മക്കളുടെ ജീവിതവും (ജയ് പിള്ള)
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒന്റാരിയോയില്‍ കൊല്ലപ്പെടുന്ന  അന്താരാഷ്ട്ര പഠന വിസയില്‍ എത്തുന്ന മലയാളികള്‍ ഉള്‍പ്പടെ ഉള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ ഒന്നും പറഞ്ഞു കേള്‍ക്കാത്ത രീതിയില്‍ രണ്ടു വര്‍ഷത്തിനിടയില്‍ വിവിധ കോളേജുകളില്‍ പഠനത്തിനായി എത്തിയവരില്‍ സാധാരണ മരണം, ആത്മഹത്യ, കാണാതെ ആയവര്‍ ഉള്‍പ്പടെ 28 പേരെ ആണ് ഭാരതത്തിനു നഷ്ടം ആയതു. 

ഇതില്‍ മലയാളികളും, പഞ്ചാബികളും മാത്രം. ഇന്ത്യയിലെ ഈ രണ്ടു സംസ്ഥാനങ്ങളിലെ കുട്ടികള്‍ മാത്രം എന്ത് കൊണ്ടാണ് രാത്രി ഇരുണ്ടു വെളുക്കുമ്പോള്‍ മരണത്തിലേയ്ക്ക് വഴുതി വീഴുന്നത്? പ്രത്യേകിച്ച് മാരകമായ അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ചെറുപ്പക്കാരായ ഇവര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് കോളേജ് അധികൃതരോ, പോലീസ് സംവിധാനങ്ങളോ പരസ്യപ്പെടുത്തുന്നതും ഇല്ല.

അകാല മരണം വരിച്ചവരില്‍ അസുഖങ്ങള്‍ കാരണം മരിച്ചവര്‍ വെറും രണ്ടോ മൂന്നോ പേര് മാത്രം. മറ്റുള്ളവരുടെ എല്ലാം മരണം സംഭവിക്കുന്നതിനു മുന്‍പ് അവര്‍ അമിതമായി മദ്യപിച്ചിരുന്നു, ചിലര്‍ മയക്കു മരുന്നും ഉപയോഗിച്ചിരുന്നു.

മദ്യം മലയാളിയുടെ ഹരമാണ്, പഞ്ചാബിയുടെയും . കാനഡയില്‍ മദ്യത്തിന്റെ ലഭ്യതയും, വിലയും ലളിതവും, തുശ്ചവും ആണ്. നല്ല മദ്യം കഴിച്ചു ശീലം ഇല്ലാത്ത മലയാളിയും, പഞ്ചാബിയും, പെട്ടെന്ന് ലഹരി കിട്ടാത്തത് കൊണ്ട് അമിതമായി മദ്യപിക്കുന്നു. പെട്ടെന്ന് ലഹരി കിട്ടുവാന്‍ മദ്യവുമായി ചേര്‍ന്നാല്‍ ജീവന് അപകടം സംഭവിക്കാവുന്ന "എനര്‍ജി ഡ്രിങ്ക് " കൂടി ചേര്‍ത്താണ് മദ്യപിച്ചിരുന്നത് എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഏറ്റവും ശക്തിയേറിയ വിഷാമ്ശം ഉള്ള എനര്‍ജി ഡ്രിങ്കിന്റെ പേര് പോലെ തന്നെ ആയി കാര്യങ്ങള്‍. പ്രിയ കൊച്ചു കൂട്ടുകാരെ നിങ്ങള്‍ മദ്യപിക്കൂ, ആവശ്യത്തിന് മാത്രം വല്ല ബിയറോ, വൈനോ , ഒന്നോ രണ്ടോ പെഗ്ഗ്  ..

മദ്യത്തിന്റെ കൂടെ എനര്‍ജ്ജി ഡ്രിങ്ക്, മയക്കുമരുന്ന്, പോപ്പി, പൊടികള്‍, തമ്പാക്ക് എന്നിവ കൂട്ടി കലര്‍ത്തി നിങ്ങളുടെ മാതാപിതാക്കളുടെ എനര്‍ജ്ജി ഇല്ലാതാക്കല്ലേ . നിങ്ങള്‍ എനര്‍ജ്ജി കൂട്ടുമ്പോള്‍ , നിങ്ങളുടെ മൃതശരീരം നാട്ടില്‍ അയക്കാന്‍ കിടന്നു കാനഡയില്‍ ഓടുന്നവര്‍, അവരുടെ സമയം, അവരുടെ വിയര്‍പ്പിന്റെ അംശം അത് വെറുതെ ഒരു പാഴ് പണിയ്ക്കായിരുന്നു എന്ന് ആരും അറിയുന്നില്ല. നിങ്ങളുടെ ആവേശവും, ആഘോഷവും മൂലം, അര്‍ഹത ഉള്ളവരെ പോലും സഹായിക്കാന്‍ വിമുഖത കാണിയ്ക്കുന്നവര്‍ ആണ് കൂടുതല്‍ മലയാളികളും.

ഇതുപോലെ കള്ളും, കഞ്ചാവും അടിച്ചു നാട്ടില്‍ കറങ്ങി നടക്കുന്ന കുട്ടികളെ കാനഡയിലേയ്ക്ക് അയക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് കൂടിയാണ് ഇതെഴുതുന്നത്. നിങ്ങളെ കൊണ്ട് നിയന്ത്രികാന്‍ പറ്റാത്ത കുട്ടികളെ കര കടത്തി വിട്ടാല്‍ അവര്‍ നന്നാകുമോ? അതോ നശിക്കുമോ? 

തുറന്നു പറയുമ്പോള്‍ കെറുവിച്ചിട്ടു കാര്യം ഇല്ല. മുട്ടിനു മുട്ടെ ബാറും, നിയമപരമായി വേശ്യാലയവും, ലൈംഗീക തൊഴിലാളികളും, ആണും ആണും, പെണ്ണും,  ഒന്നിച്ചു താമസിക്കുന്ന, കിടപ്പറ പങ്കിടുന്ന രാജ്യത്തു, മയക്കു മരുന്നും, എളുപ്പം പണം ഉണ്ടാക്കാന്‍ മയക്കു മരുന്ന് കടത്തുന്നവരുടെ ഇടനിലക്കാര്‍ ആയി പോലും ജോലി  ചെയ്യാന്‍ മടിയില്ലാതെ നിലാവത്തു കോഴിയെ അഴിച്ചു വിട്ടത് പോലെ മക്കളെ തള്ളി വിടുന്നവര്‍ ദയവു ചെയ്തു, ഒന്ന് കൂടി ആലോചിയ്ക്കുക.

നിങ്ങളുടെ കുട്ടികളുടെ നല്ല ഭാവിയും, സ്വഭാവ രൂപീകരണവും ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ആദ്യം അവര്‍ പഠിക്കാന്‍ ആണോ അതോ കാനഡയിലെ അമിത സ്വാതന്ത്രം ദുര്‍വിനിയോഗം ചെയ്യനാണോ വരുന്നത് എന്ന് നിങ്ങള്‍ മാതാപിതാക്കള്‍ ആദ്യം മാര്‍ക്കിടുക,എന്നിട്ടു പോരെ പഠിച്ചു മാര്‍ക്ക് നേടുന്നത്.

നാട്ടിലെ ഐ റ്റി ഐ യുടെ നിലവാരം പോലും ഇല്ലാത്ത ഡിപ്ലോമ സര്ടിഫിക്കറ്റുകള്‍ക്കായി ലക്ഷങ്ങള്‍ മുടക്കുന്ന മാതാപിതാക്കള്‍ അറിയുന്നുണ്ടോ ഇവിടുത്തെ സ്വാശ്രയ കൃഷിയ്ക്ക് വളം നല്‍കുന്നത് നിങ്ങള്‍ ആണെന്ന്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പോക്കറ്റ് വീര്‍ക്കുന്നതു നിങ്ങളുടെ പണം ആണെന്ന്, അമിതമായി മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച്, ശര്‍ദ്ദില്‍, വയറു വേദന, തളര്‍ച്ച, വിറയല്‍, പനി മൂലം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം ദിനം പ്രതി 20 മുതല്‍ 30 വരെ ആണ്.

മദ്യപിച്ചു െ്രെഡവിംഗ് ലൈസന്‍സ്  താല്‍ക്കാലികം ആയും, അല്ലാതെയും നഷ്ടപ്പെട്ടു കോടതി കയറിയ കുട്ടികള്‍, വാക്കേറ്റം, അടിപിടി മൂലം കേസ് രജിസ്റ്റര്‍ ചെയ്തു നാട്ടിലേയ്ക്ക് കയറ്റി അയക്കപ്പെട്ടവര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ടു ഒതുക്കി തീര്‍ത്തവ, വ്യഭിചാര ശാലകളില്‍ പോയി, വിലകൂടിയ ഫോണ്‍, പേഴ്‌സ്, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് ബാലന്‍സ് നഷ്ടം ആയവര്‍, താമസ സ്ഥലത്തു നിന്നും ഉടമസ്ഥന്‍ ഇറക്കി വിട്ടവര്‍, കടയില്‍ മോഷണം നടത്തിയവര്‍, പാര്‍ക്കില്‍ വേലക്കാരിയെ കണ്ടു "ഹഗ്" കെട്ടിപ്പിടുത്തം ആക്കി മാറ്റി ജയിലില്‍ പോയ "പയ്യന്‍സ്" ....അങ്ങിനെ കുറ്റകൃത്യങ്ങളില്‍ കുടുങ്ങിയ നിരവധി വിദേശ കുട്ടികള്‍ ആണ് നമുക്ക് ചുറ്റും പെരുകി വരുന്നത്.

ചുമന്ന കാളകുറ്റന്‍ ആകാന്‍ പോയവരെ കാലന്‍ കാളപ്പുറത്തു കയറ്റുന്ന കാഴ്ച കണ്ടു മടുത്തു അത് കൊണ്ട് മാത്രം എഴുതിയതാണ്. നിങ്ങളുടെ മക്കള്‍, നിങ്ങളുടെ പണം. നിങ്ങളുടെ അവകാശവും, ആഗ്രഹവും നടത്തി എടുക്കുമ്പോള്‍, അത് മറ്റുള്ളവരുടെ സന്തോഷവും,സമാധാനവും കെടുത്താതിരുന്നാല്‍ മാത്രം മതി.

ഒരിക്കലും തിരിച്ചു വരാത്തവരുടെ ലോകത്തേയ്ക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്ന കുട്ടികളെ കാനഡയിലേയ്ക്ക് കയറ്റി അയക്കരുതേ എന്ന് ഒരു അപേക്ഷ മാത്രം.
Join WhatsApp News
texan2 2018-03-15 13:43:56
A very good aticle. Must be shared with your friends and relatives in Kerala. They don't understand the realities sitting Kerala. I had a hard time 8 years ago to convince my nephew not to come to US "college" to the point I had to break up my good relationship with my sister.
Anthappan 2018-03-15 14:11:02
A good article indeed!  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക