Image

ഓവര്‍സീസ്‌ സിറ്റിസന്‍ ഓഫ്‌ ഇന്ത്യ പദവിയില്‍ യുകെ വ്യക്തത വരുത്തി

ജോസ്‌ കുമ്പിളുവേലില്‍ Published on 19 March, 2012
ഓവര്‍സീസ്‌ സിറ്റിസന്‍ ഓഫ്‌ ഇന്ത്യ പദവിയില്‍ യുകെ വ്യക്തത വരുത്തി
ലണ്‌ടന്‍: ഓവര്‍സീസ്‌ സിറ്റിസന്‍ ഓഫ്‌ ഇന്ത്യ (ഒസിഐ) പദവിയുള്ള ബ്രിട്ടീഷ്‌ പൗരന്മാരുടെ ആശങ്കകള്‍ക്കു വിരമാമമിട്ടുകൊണ്‌ട്‌ യുകെ ഫോറിന്‍ ഓഫീസ്‌ ഈ പദവിയില്‍ കൂടുതല്‍ വ്യക്തത വരുത്തി. അവരെ തുടര്‍ന്നും ബ്രിട്ടീഷ്‌ പൗരന്‍മാരായി പരിഗണിക്കുന്നതും കോണ്‍സുലര്‍ സഹായങ്ങള്‍ക്ക്‌ അര്‍ഹത തുടരുന്നതുമാണ്‌.

ബ്രിട്ടീഷ്‌ പൗരത്വം നേടിയ ശേഷം നിരവധി ഇന്ത്യന്‍ വംശജരാണ്‌ ഈ പദവി സ്വന്തമാക്കിയിട്ടുള്ളത്‌. 2005 ഡിസംബറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആരംഭിച്ച ഈ പദ്ധതിയെ വിദേശ ഇന്ത്യന്‍ സമൂഹം വ്യാപകമായി സ്വാഗതം ചെയ്‌തിരുന്നു.

ഒസിഐ പദവിയുള്ളവര്‍ ഇന്ത്യയിലാണെങ്കില്‍ പോലും അവര്‍ക്ക്‌ ബ്രിട്ടീഷ്‌ പൗരന്‍മാര്‍ക്ക്‌ അര്‍ഹമായ എല്ലാ കോണ്‍സുലര്‍ സഹായങ്ങളും ലഭിക്കുമെന്നാണ്‌ ഫോറിന്‍ ഓഫീസ്‌ വിശദമാക്കിയിരിക്കുന്നത്‌. ഈ പദവിയുള്ളവരെ ഇരട്ട പൗരത്വമുള്ളവരായല്ല ഇന്ത്യ കണക്കാക്കുന്നതെന്നു കരുതുന്നതായും അറിയിച്ചിട്ടുണ്‌ട്‌.

ഒസിഐ ആയി രജിസ്റ്റര്‍ ചെയ്‌താല്‍ മള്‍ട്ടിപര്‍പ്പസ്‌ ലൈഫ്‌ ലോംഗ്‌ വീസ അടക്കം പല ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്‌ടാകും. പോലീസ്‌ രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമല്ലാതാകും. സാമ്പത്തിക കാര്യങ്ങളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കു തുല്യമായ പദവിയുമുണ്‌ടാകും.

എന്നാല്‍, ഇന്ത്യയില്‍ ആയിരിക്കുമ്പോള്‍ എന്തൊക്കെയാണ്‌ അവകാശങ്ങളെന്ന്‌ ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്‌ ഇതുവരെ വ്യക്തതയുണ്‌ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ വിശദീകരണം നല്‍കിയിരിക്കുന്നത്‌.
ഓവര്‍സീസ്‌ സിറ്റിസന്‍ ഓഫ്‌ ഇന്ത്യ പദവിയില്‍ യുകെ വ്യക്തത വരുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക