Image

ഫൊക്കാനാ കണ്‍വെന്‍ഷന്‍ കിക്ക്ഓഫ് ന്യൂജേഴ്‌സിയില്‍

Published on 19 March, 2012
ഫൊക്കാനാ കണ്‍വെന്‍ഷന്‍ കിക്ക്ഓഫ് ന്യൂജേഴ്‌സിയില്‍
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ ടേസ്റ്റ് ഓഫ് ഇന്ത്യയില്‍ നടത്തിയ ഫൊക്കാന കണ്‍വെന്‍ഷന്‍ കിക്ക്ഓഫില്‍ ഒട്ടേറെപ്പേര്‍ സ്‌പോണ്‍സര്‍മാരായി.

ഫൊക്കാനയുടെ നെടുംതൂണുകളിലൊന്നായ അസോസിയേഷനാണിതെന്നും ഇവിടെ നിന്നും ലഭിച്ച പിന്തുണ ചാരിതാര്‍ത്ഥ്യജനകമാണെന്നും ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള, സെക്രട്ടറി ബോബി ജേക്കബ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളി എന്നിവര്‍ പറഞ്ഞു.

നമ്മുടെ സംസ്കാരം പുതുതലമുറയ്ക്ക് കൈമാറാനാകുന്നില്ലെങ്കില്‍ ഫൊക്കാന പോലുള്ള സംഘടനകള്‍ക്ക് ഭാവിയില്‍ പ്രസക്തിയൊന്നുമില്ലാതാകുമെന്ന് ജി.കെ. പിള്ള ചൂണ്ടിക്കാട്ടി. നേതൃത്വത്തില്‍ നിന്നുമാത്രമല്ല പതിനഞ്ചോ ഇരുപതോ വര്‍ഷം കഴിയുമ്പോള്‍ തന്റെ തലമുറ ജീവിതത്തില്‍ നിന്നുതന്നെ തിരോധാനം ചെയ്തുവെന്നിരിക്കാം. അതിനാല്‍ യുവതലമുറയെ പ്രാപ്തരാക്കുക എന്നത് അടിയന്തരപ്രാധാന്യമുള്ള കാര്യമാണ്. ഇതിനായി ഒരു സ്ഥിരം കോര്‍ കമ്മിറ്റി തന്നെ ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹം.

നാലു പതിറ്റാണ്ടു മുമ്പ് താന്‍ അമേരിക്കയില്‍ വന്നതാണെങ്കിലും തന്റെ മക്കളും കൊച്ചുമക്കളുമൊക്കെ മലയാളം പറയും. വീട്ടില്‍ മലയാളത്തില്‍ തന്നെ സംസാരിക്കും എന്നതു ശീലമാക്കിയതുകൊണ്ടാണിത്- കേരളത്തില്‍ കോളജ് അധ്യാപകനായിരുന്ന പിള്ള പറഞ്ഞു.

അമേരിക്കയില്‍ സി.പി.എ ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടെയും നാട്ടിലുമുള്ള പല ടാക്‌സ് കാര്യങ്ങളും വശമാണ്. കേരളത്തിലെ ഭൂമിയില്‍ 95 ശതമാനവും കൃഷിഭൂമി ആയിട്ടാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇവിടെ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് (ഒ.സി.ഐ/പി.ഐ.ഒ) അത്തരം ഭൂമിയില്‍ 20 സെന്റ് മാത്രമേ വാങ്ങനാവൂ. അതില്‍ കൂടുതല്‍ വാങ്ങിയാല്‍ 80 ശതമാനം വരെ പിഴ കൊടുക്കേണ്ടിവരും.

പലര്‍ക്കും ഇത്തരം നിയമങ്ങള്‍ അറിയില്ല. അതിനാല്‍ അവയെപ്പറ്റി ബോധവത്കരണത്തിനുള്ള ശ്രമവും ഫൊക്കാന ലക്ഷ്യമിടുന്നു.

ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനില്‍ യുവജനങ്ങള്‍ക്കായി ഒരു ദിവസം തന്നെ നീക്കിവെച്ചിട്ടുണ്ട്. വോളിബോള്‍ മത്സരത്തിന് പത്ത് ടീമും, ബാസ്കറ്റ് ബോള്‍ മത്സരത്തിന് ഇരുപത് ടീമും രംഗത്തുണ്ട്.

യുവജനങ്ങള്‍ക്കുവേണ്ടി പണം സമ്പാദിച്ച് വെയ്ക്കുന്നതിലല്ല പ്രധാനം. സ്‌നേഹവും വാത്സല്യവും നല്‍കി മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായിരിക്കണമെന്നതാണ് തന്റെ അനുഭവം പഠിപ്പിച്ചത്. കുഴച്ച മണ്ണ് ഏതു രീതിയിലും മാറ്റാം. അത് ഉറച്ചു കഴിഞ്ഞാല്‍ പിന്നെ പൊടിക്കുകയേ പറ്റൂ. കുട്ടികളില്‍ പത്തുവയസിനു മുമ്പ് തന്നെ മൂല്യബോധവും സംസ്കാരത്തോടുള്ള താത്പര്യവും വളര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ പ്രയാസമാകും.

ഫൊക്കാനയുടെ സീനിയര്‍ നേതാവ് ടി.എസ്. ചാക്കോ, കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ദേവസി പാലാട്ടി, ഏബ്രഹാം പോത്തന്‍, അലക്‌സ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സജി ടി. മാത്യു നന്ദി പറഞ്ഞു. വര്‍ഗീസ് പാലമലയില്‍, അഗസ്റ്റിന്‍ കരിംകുറ്റിയില്‍, മറിയാമ്മ പിള്ള, രാജന്‍ പടവത്തില്‍, വിന്‍സെന്റ് സിറിയക്, ലീല മാരേട്ട് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഫൊക്കാനാ കണ്‍വെന്‍ഷന്‍ കിക്ക്ഓഫ് ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക