Image

ഏഷ്യാ കപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ജയം

Published on 18 March, 2012
ഏഷ്യാ കപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ജയം
ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാന കീഴടക്കി ഇന്ത്യ ഫൈനല്‍ സാധ്യത നിലനിര്‍ത്തി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 330 റണ്‍സിന്റെ വിജയലക്ഷ്യം വിരാട് കൊഹ്‌ലി(147 പന്തില്‍ 183)യുടെ ഉജ്ജ്വല സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മറികടന്നത്. അടുത്ത മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ കീഴടക്കിയാല്‍ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടും. സ്‌കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ 329/6. ഇന്ത്യ: 47.5 ഓവറില്‍ 330/4.

പാക് വിജയലക്ഷ്യം തേടിയിറിങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ ഗൗതം ഗംഭീറിനെ(0) നഷ്ടമായി. മുഹമ്മദ് ഹഫീസിനായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും(52) വീരാട് കൊഹ്‌ലിയും ചേര്‍ന്ന് നേടിയ 133 റണ്‍സ് ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടു. സയ്യിദ് അജ്മലിന്റെ പന്തില്‍ യൂനിസ് ഖാന് ക്യാച്ച് നല്‍കി സച്ചിന്‍ പുറത്താവുമ്പോള്‍ ഇന്ത്യ 132 റണ്‍സിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. പിന്നീടായിരുന്നു ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ കൊഹ്‌ലി-രോഹിത് ശര്‍മ കൂട്ടുകെട്ട്. മൂന്നാം വിക്കറ്റില്‍ 172 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തിയ ഇരുവരും ഇന്ത്യന്‍ ജയം ഉറപ്പാക്കി. 52 പന്തില്‍ 50 തികച്ച കൊഹ്‌ലി 105 പന്തിലാണ് പതിനൊന്നാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ നാലു മത്സരങ്ങളില്‍ കൊഹ്‌ലിയുടെ മൂന്നാം സെഞ്ചുറിയാണിത്. സെഞ്ചുറി നേടിയ ശേഷവും പോരാട്ടം തുടര്‍ന്ന കൊഹ്‌ലി 131 പന്തില്‍ 150 തികച്ചു. ഒടുവില്‍ ജയത്തിലേക്ക് 12 റണ്‍സ് അകലെ ഇന്ത്യന്‍ ജയം ഉറപ്പാക്കിയാണ് കൊഹ്‌ലി(147 പന്തില്‍ 183) മടങ്ങിയത്. 22 ബൗണ്ടറികളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കൊഹ്‌ലിയുടെ ഇന്നിംഗ്‌സ്. 83 പന്തില്‍ അഞ്ചു ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹാത്തോടെ 68 റണ്‍സെടുത്ത രോഹിത് ശര്‍മ കൊഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും(12 നോട്ടൗട്ട്) സുരേഷ് റെയ്‌നയും(4 നോട്ടൗട്ട്) ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസിന്റെയും(105) നാസിര്‍ ജംഷെദിന്റെയും(112) സെഞ്ചുറികളുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 35.5 ഓവറില്‍ 224 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

അവസാന പവര്‍പ്ലേയുടെ തുടക്കത്തില്‍ തന്നെ ഇരുവരും പുറത്തായശേഷം 34 പന്തില്‍ 52 റണ്‍സെടുത്ത യൂനിസ് ഖാനും 24 പന്തില്‍ 28 റണ്‍സെടുത്ത ഉമര്‍ അക്മലും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് പാക്കിസ്ഥാനെ 300 കടത്തിയത്. ഇന്ത്യക്കു വേണ്ടി പ്രവീണ്‍ കുമാര്‍ 10 ഓവറില്‍ 77 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍ അശോക് ദിന്‍ഡ 47 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തി. ഫൈനലിലെത്തണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.

ഏഷ്യാ കപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക