Image

നഴ്‌സിങ് പ്രക്ഷോഭം ശക്തമാവുന്നു

പി.കെ. മണികണ്ഠന്‍ (Mathrubhumi) Published on 18 March, 2012
നഴ്‌സിങ് പ്രക്ഷോഭം ശക്തമാവുന്നു
ന്യൂഡല്‍ഹി: വലിയൊരിടവേളയ്ക്കു ശേഷം തലസ്ഥാനനഗരത്തിലും എന്‍.സി.ആര്‍. മേഖലയിലും നഴ്‌സുമാരുടെ സമരം ശക്തമാവുന്നു. ശമ്പളവര്‍ധനയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് നോയ്ഡ ഫോര്‍ട്ടിസ് ആസ്പത്രിയിലെ മലയാളികളടക്കമുള്ള നാനൂറോളം നഴ്‌സുമാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്കു കടന്നു. ഗാസിയാബാദ് മസൂറിക്കടുത്തുള്ള രാമ മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരും ശനിയാഴ്ച സമരം നടത്തി. അശോക്‌വിഹാറിലെ സുന്ദര്‍ലാല്‍ ആസ്പത്രിയിലുള്ള നഴ്‌സുമാര്‍ തിങ്കളാഴ്ച സമരം തുടങ്ങും. രണ്ടുവര്‍ഷം മുമ്പ് തുടര്‍ച്ചയായി ഡല്‍ഹിയിലെയും നോയ്ഡയിലെയും ആസ്പത്രികളില്‍ നഴ്‌സുമാര്‍ നടത്തിയ സമരം ഏറെ ശ്രദ്ധേയമായിരുന്നു.

നോയ്ഡയിലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയതോടെ സമരം കൂടുതല്‍ ശക്തമാവുമെന്ന് ഉറപ്പായി. കൂടാതെ സി.പി.എം. നേതാക്കളായ പി.കെ. ശ്രീമതി ടീച്ചര്‍, എം.സി. ജോസഫൈന്‍, ഡി.പി.സി.സി. സെക്രട്ടറി കെ.എന്‍. ജയരാജ് എന്നിവരും സമരത്തിലുള്ള നഴ്‌സുമാരെ സന്ദര്‍ശിച്ചു. ഭരണ-പ്രതിപക്ഷഭേദമെന്യേ രാഷ്ട്രീയ നേതാക്കള്‍ പിന്തുണച്ചതോടെ വരുദിവസങ്ങളില്‍ സമരം കൂടുതല്‍ രൂക്ഷമാവും. നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാക്കള്‍ ശനിയാഴ്ചയും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയമായിരുന്നു. ശമ്പളം കൂട്ടാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിയില്ലെന്ന് ആസ്പത്രി അധികൃതര്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച പാളുകയായിരുന്നു.

സമരം നിര്‍ത്തി ഡ്യൂട്ടിക്കു കയറിയാല്‍ ശമ്പള വര്‍ധന ആലോചിക്കാമെന്നാണ് തങ്ങളെ മാനേജ്‌മെന്റ് അറിയിച്ചിട്ടുള്ളതെന്ന് ഫോര്‍ട്ടിസിലെ മലയാളി നഴ്‌സ് ജേക്കബ് തങ്കമണി പറഞ്ഞു. സമരം നിര്‍ത്താനുള്ള തന്ത്രം മാത്രമാണിത്. ഡ്യൂട്ടിക്കു കയറിയാല്‍ ശമ്പളം കൂട്ടാമെന്ന ഉറപ്പൊന്നും നല്‍കാന്‍ അധികൃതര്‍ തയ്യാറല്ല. ഈ അവസരത്തില്‍ എങ്ങനെ സമരം അവസാനിപ്പിക്കുമെന്നും ജേക്കബും സംഘവും ചോദിച്ചു. മൂന്നു മാസത്തിനിടയില്‍ നാലു തവണ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ സമയത്തൊന്നും മാനേജ്‌മെന്റ് ചര്‍ച്ചയ്ക്കു തയ്യാറായില്ല. സമരം തുടങ്ങുമെന്ന് അറിയിച്ച് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കിയപ്പോഴും പ്രതികരണമുണ്ടായില്ല. ഏറ്റവുമൊടുവിലാണ് സമരവുമായി തങ്ങള്‍ മുന്നോട്ടു വന്നതെന്നും നഴ്‌സുമാര്‍ പറഞ്ഞു. സമരം ആസ്പത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി അറിയുന്നു. അത്യാഹിത വിഭാഗങ്ങളിലുള്ള രോഗികള്‍ മാത്രമേ ഇപ്പോഴുള്ളൂ.

മസൂറി രാമ മെഡിക്കല്‍ കോളേജിലെ അമ്പതോളം നഴ്‌സുമാരാണ് ശനിയാഴ്ച സമരം നടത്തിയത്. രണ്ടു മാസമായി ശമ്പളം നല്‍കിയില്ലെന്ന കാരണത്താലാണ് സമരം. വെള്ളിയാഴ്ച മുതല്‍ ഭക്ഷണവും നിര്‍ത്തിവെച്ചു. ഡല്‍ഹി പ്രൈവറ്റ് നഴ്‌സസ് അസോസിയേഷന്‍ വിഷയത്തില്‍ ഇടപെട്ടു. ജനവരി മാസത്തെ ശമ്പളം ഇപ്പോള്‍ നല്‍കാമെന്നും ഫിബ്രവരിയിലേത് തിങ്കളാഴ്ചയും നല്‍കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതിനെത്തുടര്‍ന്ന് തത്കാലം സമരം അവസാനിപ്പിച്ചു. എന്നാല്‍, രാത്രി ഒരു മാസത്തെ ശമ്പളം നല്‍കിയ ശേഷം 43 നഴ്‌സുമാരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടു. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളിലും സമരം തുടരാനാണ് സാധ്യത.

സുന്ദര്‍ലാല്‍ ആസ്പത്രിയിലെ നഴ്‌സുമാര്‍ തിങ്കളാഴ്ച സമരം തുടങ്ങും. വെള്ളിയാഴ്ച ആസ്പത്രി അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടങ്ങാനുള്ള തീരുമാനം. നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉഷ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍, ശമ്പളം വര്‍ധിപ്പിക്കാന്‍ തയ്യാറല്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് സമരം തുടങ്ങാനുള്ള നഴ്‌സുമാരുടെ തീരുമാനം.

ചുരുങ്ങിയ ശമ്പളം 15,000 രൂപയാക്കി നിശ്ചയിക്കുക, അമിതജോലിക്ക് അധികശമ്പളം, സീനിയോറിറ്റി അനുസരിച്ച് ശമ്പളം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പലതവണ സമരത്തിന് നോട്ടീസയച്ചെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടായില്ല. എന്നാല്‍, ഹോസ്റ്റലില്‍ താമസിക്കുന്നവരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതായി നഴ്‌സുമാര്‍ പരാതിപ്പെട്ടിരുന്നു. പലതരത്തിലുള്ള സമ്മര്‍ദതന്ത്രങ്ങളും ഭീഷണിയും നടത്തി സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. സമരത്തിനു മുന്നോടിയായിട്ടായിരുന്നു വെള്ളിയാഴ്ച നടന്ന ചര്‍ച്ച.


നഴ്‌സിങ് സമരത്തിന് വി.എസ്സിന്റെ പിന്തുണ


ന്യൂഡല്‍ഹി: നോയ്ഡ ഫോര്‍ട്ടിസ് ആസ്പത്രിയില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. നഴ്‌സുമാരുടെ സമരം ന്യായമാണ്. വിഷയം പരിഹരിക്കാന്‍ യു.പി സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെടുമെന്നും വി.എസ്. ഉറപ്പു നല്‍കി.
നഴ്‌സിങ് പ്രക്ഷോഭം ശക്തമാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക