Image

ജര്‍മന്‍ പ്രസിഡന്റായി ജോവാഹിം ഗൗക്കിനെ തെരഞ്ഞെടുത്തു

ജോസ്‌ കുമ്പിളുവേലില്‍ Published on 18 March, 2012
ജര്‍മന്‍ പ്രസിഡന്റായി ജോവാഹിം ഗൗക്കിനെ തെരഞ്ഞെടുത്തു
ബര്‍ലിന്‍: ജര്‍മന്‍ റിപ്പബ്‌ളിക്കിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി പാര്‍ട്ടിരഹിതനും ഇവാഞ്ചലിക്കല്‍ പാസ്റ്ററുമായ ജോവാഹിം ഗൗക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ഭരണപ്രതിപക്ഷപാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായിരുന്നു ഗൗക്ക്‌. ഞായറാഴ്‌ച ജര്‍മന്‍ പാര്‍മെന്റിന്റെ (റൈഷ്‌ടാഗ്‌) സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ 1,240 ജനപ്രതിനിധികള്‍ക്കാണ്‌ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉണ്‌ടായിരുന്നത്‌.

ബര്‍ലിനിലെ പാര്‍ലമെന്റ്‌ മന്ദിരത്തില്‍( റൈഷ്‌ടാഗ്‌) നടന്ന സമ്പൂര്‍ണ്ണ പാര്‍ലമെന്റ്‌ സമ്മേളനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.1240 പ്രതിനിധികളാണ്‌ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പ െങ്കടുക്കാന്‍ യോഗ്യതയുള്ളത്‌. ഉപരിസഭ (ബുണ്‌ടസ്‌ റാറ്റ്‌)യിലെയും അധോസഭയിലെയും (ബുണ്‌ടസ്‌ ടാഗ്‌, 620 അംഗങ്ങള്‍) പ്രതിനിധികളുടെ സംയുക്ത സമ്മേളനമാണ്‌ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ്ണസമ്മേളനം എന്നു വിവക്ഷിയ്‌ക്കുന്നത്‌. പാര്‍ലമെന്റ സ്‌പീക്കര്‍ നോബെര്‍ട്ട്‌ ലാമെര്‍ട്ട്‌ തെരഞ്ഞെടുപ്പിന്‌ നേതൃത്വം വഹിച്ചു.991 വോട്ടുകള്‍ നേടിയാണ്‌ ഗൗക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 1,228 എണ്ണം സാധുവായിരുന്നു. 4 എണ്ണം അസാധുവായി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇടതു പാര്‍ട്ടിയായ ദി ലിങ്കിന്റെ ബിയാറ്റെ ക്‌ളാര്‍സ്‌ഫെല്‍ഡിന്‌ 126 വോട്ടും ലഭിച്ചു. മറ്റൊരു സ്ഥാനാര്‍ത്ഥിയായ റോസിന്‌ മൂന്ന്‌ വോട്ടും ലഭിച്ചു. 108 അംഗങ്ങള്‍ നിഷ്‌പക്ഷതയും പാലിച്ചു.
ഭരണകക്ഷിയിലെ ക്രിസ്റ്റ്യന്‍ ഡമോകാറ്റിക്‌ യൂണിയനും (സിഡിയു) ഫ്രീ ഡമോക്രാറ്റിക്‌ പാര്‍ട്ടിയും(എഫ്‌ഡിപി) പ്രതിപക്ഷത്തെ സോഷ്യലിസ്റ്റ്‌ ഡമോക്രാറ്റ്‌ക്‌ പാര്‍ട്ടിയും(എസ്‌പിഡി) പരിസ്ഥിതി പാര്‍ട്ടിയെന്നറിയപ്പെടുന്ന ഗ്രീന്‍ കക്ഷിയും ചേര്‍ന്നാണ്‌ ഗൗക്കിനെ പിന്താങ്ങിയത്‌.

മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക്‌ യൂണിയന്‌ പ്രസിഡന്റിനെ ഒറ്റയ്‌ക്കു തെരഞ്ഞെടുക്കാനുള്ള ഭൂരിപക്ഷമുണ്‌ടായിരുന്നെങ്കിലും പ്രതിപക്ഷത്തിനു കൂടി സമ്മതനായ ഗൗക്കിനെ തെരഞ്ഞെടുക്കാന്‍ അവര്‍ തയാറാകുകയായിരുന്നു. മുന്‍പ്‌ ഒന്‍പതാമത്തെ പ്രസിഡന്റ്‌ ഹോര്‍സ്റ്റ്‌ കോളര്‍ രാജിവച്ചപ്പോഴും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഗൗക്കിന്റെ പേര്‌ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, അന്ന്‌ മെര്‍ക്കലിന്റെ സന്തത സഹചാരിയായിരുന്ന ക്രിസ്റ്റ്യന്‍ വുള്‍ഫ്‌ മതിയെന്നായിരുന്നു മെര്‍ക്കലിന്റെ തീരുമാനം. അതു പാളിയ സാഹചര്യത്തില്‍ ഇത്തവണ പൊതുസമ്മതിതന്നെ പ്രധാന മാനദണ്‌ഡമായി സ്വീകരിക്കുകയായിരുന്നു അവര്‍. ഇടതു കക്ഷിയായ ലിങ്ക്‌ ഒഴിച്ചുള്ള പാര്‍ട്ടികളുമായി ഒരു സമവായത്തിലൂടെ മെര്‍ക്കല്‍ പുതിയ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയെ കണ്‌ടെത്തി വിജയിപ്പിച്ചത്‌ പുതിയൊരു മെര്‍ക്കല്‍ തന്ത്രത്തിന്റെ ഭാഗമാണെന്നു രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

പൂര്‍വ ജര്‍മനിയിലെ അവകാശ സമരങ്ങളില്‍ പോരാളിയായിരുന്ന ജൊവാഹിം ഗൗക്ക്‌.നോര്‍ത്ത്‌ ഈസ്റ്റ്‌ മേഖലയിലെ സിറ്റിയായ റോസ്റ്റോക്കില്‍ 1940 ജനുവരി 24 നാണ്‌ ഗൗക്കിന്റെ ജനനം. പിതാവ്‌ യുദ്ധക്കപ്പലിന്റെ ക്യാപ്‌റ്റനായിരുന്നു. മാതാവ്‌ ഓഫീസ്‌ ജോലിക്കാരിയും. ഗൗക്കിന്‌ മൂന്ന്‌ സഹോദരങ്ങള്‍ ഉണ്‌ട്‌. 1959 ല്‍ ഗേര്‍ഹില്‍ഡ്‌ എന്ന സ്‌ത്രീയെ വിവാഹം ചെയ്‌തു നാലു മക്കളുണ്‌ട്‌ ഈ വിവാഹത്തില്‍. 1991 മുതല്‍ ഇവരുമായി പിരിഞ്ഞാണ്‌ ഇദ്ദേഹം താമസിയ്‌ക്കുന്നത്‌. എന്നാല്‍ ഇതുവരെ ഇവരുടെ ഡിവോഴസ്‌്‌ നടന്നിട്ടില്ല.

ഈസ്റ്റ്‌ ചാന്‍സലര്‍ അംഗല മെര്‍ക്കലും കിഴക്കന്‍ ജര്‍മനിക്കാരിയാണ്‌. ഇവിടെനിന്നുള്ള രണ്‌ടു പേര്‍ ഒരേ സമയം രാജ്യത്തിന്റെ പരമോന്നത പദവി അലങ്കരിക്കുന്നത്‌ ഏകീകൃത ജര്‍മനിയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്‌. ജനാധിപത്യത്തിന്റെ യഥാര്‍ഥ അധ്യാപകന്‍ എന്നാണ്‌ ഗൗക്കിനെ മെര്‍ക്കല്‍ വിശേഷിപ്പിച്ചത്‌. 1990ലെ പുനരേകീകരണത്തിനു ശേഷം രാജ്യത്തിന്റെയും ജനതയുടെയും ഐക്യം ഉറപ്പാക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്കുവഹിച്ചിട്ടുണ്‌ടെന്നും അവര്‍ ചൂണ്‌ടിക്കാട്ടി.

തെരഞ്ഞെടുപ്പ്‌ നടപടികള്‍ക്ക്‌ മുമ്പായി ബര്‍ലിനിലെ ഗെന്‍ഡാര്‍മെന്‍ തെരുവിലെ ഫ്രഞ്ച്‌ കത്തീഡ്രലില്‍ എക്യുമെനിക്കല്‍ കുര്‍ബാനയില്‍ പാര്‍ലമെന്റംഗങ്ങള്‍ പങ്കെടുത്തതും ഒരു പ്രത്യേകതയാണ്‌. രഹസ്യവോട്ടെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്‌ നടന്നത്‌. നിലവിലെ പ്രസിഡന്റ്‌ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ മുപ്പതുദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന ജര്‍മന്‍ ഭരണഘടനാ പ്രകാരമുള്ള തെരഞ്ഞെടുപ്പാണ്‌ മാര്‍ച്ച്‌ 18 ന്‌ നടന്നത്‌.

തികച്ചും ആലങ്കാരികമാണ്‌ ജര്‍മന്‍ പ്രസിഡന്റിന്റെ പദവി. ചാന്‍ലസലര്‍ക്കാണ്‌ യഥാര്‍ഥ അധികാരങ്ങള്‍. എങ്കിലും സമയാസമയങ്ങളില്‍ രാജ്യത്തിനും സര്‍ക്കാരിനും വേണ്‌ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുള്ള ബാധ്യത പ്രസിഡന്റിനുണ്‌ട്‌. മുന്‍ പ്രസിഡന്റ്‌ ക്രിസ്റ്റ്യാന്‍ വുള്‍ഫ്‌ മുസ്‌ലിം സമൂഹത്തെ ജര്‍മന്‍ മുഖ്യധാരയിലേക്കു കൊണ്‌ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമായിരുന്നു. അദ്ദേഹത്തിന്റെ മുന്‍ഗാമികളും ഇത്തരത്തില്‍ സ്‌തുത്യര്‍ഹമായ പല പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്‌ടെന്നു ചരിത്രം പറയുന്നു.

പ്രമുഖനായ പാസ്റ്റര്‍ കൂടിയായിരുന്ന ജൊവാഹിം ഗൗക്ക്‌ ജര്‍മനിയുടെ പ്രസിഡന്റായതില്‍ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും സന്തോഷമാണ്‌. പൊതു ജനങ്ങള്‍ക്കിടയിലും സര്‍വസമ്മതനായിരുന്നു. എന്നാല്‍, ഒരു സ്‌ത്രീയെ വിവാഹം കഴിച്ച്‌, മറ്റൊരാളെ കൂടെ താമസിപ്പിക്കുന്ന ആള്‍ക്ക്‌ ഈ സ്ഥാനത്തിരിക്കാന്‍ ധാര്‍മിക അവകാശമുണ്‌ടോ എന്ന ചോദ്യങ്ങള്‍ മെല്ലെയെങ്കിലും ഇപ്പോള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്‌ട്‌.

മുന്‍ പാസ്റ്ററെന്ന നിലയില്‍ ഗൗക്കില്‍ നിന്നു പലരും പ്രതീക്ഷിച്ചിക്കുന്നത്‌ രാജ്യത്തിനു ധാര്‍മികതയുടെ വഴി തെളിച്ചു തരാന്‍ കഴിയുന്ന ആളെന്നാണ്‌. എന്നാല്‍, നിയമപരമായി വിവാഹം കഴിച്ച സ്‌ത്രീക്കു പകരം, 2000 മുതല്‍ കൂടെ താമസിക്കുന്ന ജേര്‍ണലിസ്റ്റായ ഡാനിയേലാ ഷാറ്റിനെയാണ്‌ അദ്ദേഹം പ്രഥമ പൗരയാക്കാന്‍ പോകുന്നതെന്ന റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ ധാര്‍മ്മികത എവിടെ എന്ന ചോദ്യവും ഉയരുന്നു.
ജര്‍മന്‍ പ്രസിഡന്റായി ജോവാഹിം ഗൗക്കിനെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക