Image

ആഗോള ക്രൈസ്തവ പ്രചാരകനായ ബില്ലി ഗ്രഹാം (പകല്‍ക്കിനാവ്- 93: ജോര്‍ജ് തുമ്പയില്‍ )

ജോര്‍ജ് തുമ്പയില്‍ Published on 02 March, 2018
ആഗോള ക്രൈസ്തവ പ്രചാരകനായ ബില്ലി ഗ്രഹാം (പകല്‍ക്കിനാവ്- 93: ജോര്‍ജ് തുമ്പയില്‍ )
വില്യം ഫ്രാങ്ക്‌ളിന്‍ ഗ്രഹാം ജൂണിയര്‍ ലോകത്തോടു വിടവാങ്ങിയത്, സുവിശേഷത്തിനു പുതിയ രൂപവും ഭാവവും നല്‍കിയാണ്. 1949-നു ശേഷം അന്താരാഷ്ട്രവേദിയില്‍ സുവിശേഷത്തിന്റെ ശബ്ദം കേള്‍പ്പിച്ചയാളാണ് ബില്ലി ഗ്രഹാം. ഇരുപതാം നൂറ്റാണ്ടിലെ സുവിശേഷകര്‍ക്കിടയില്‍ ലോകത്തില്‍ ഏറ്റവും മുന്തിയ സ്ഥാനത്താണ് ഇദ്ദേഹത്തെ ലോകം അവരോധിച്ചിരിക്കുന്നത്. ബില്ലി ഗ്രഹാം ക്രൂസൈഡ് എന്ന പേരില്‍ ഏതാണ്ട് ആറു ദശാബ്ദത്തോളം ടിവി-യിലൂടെ ലോകത്താകമാനമുള്ളവര്‍ക്കു സുവിശേഷത്തിന്റെ ചൈതന്യം പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹത്തിനായി. 1945 മുതല്‍ 2005-ല്‍ റിട്ടയര്‍ ചെയ്യുന്നതു വരെ മുടങ്ങാതെ അദ്ദേഹമതു നിര്‍വ്വഹിക്കുകയും ചെയ്തു. 'അവര്‍ ഓഫ് ഡിസിഷന്‍' എന്ന പേരില്‍ പോപ്പുലര്‍ റേഡിയോ ഷോയ്ക്കു പിന്നിലും അദ്ദേഹമായിരുന്നു 185 രാജ്യങ്ങളിലായി ഇരുപതു കോടി ജനങ്ങളെ സുവിശേഷത്തിന്റെ പാതയിലേക്ക് കൊണ്ടു വരാന്‍ ബില്ലി ഗ്രഹാമിനു കഴിഞ്ഞുവെന്നാണ് ഏകദേശ കണക്ക്. ബൈബിളും സമകാലിക മതേത്വര നിലപാടുകള്‍ക്കും ഇടയ്ക്കുള്ള പാലമായാണ് ബില്ലി വര്‍ത്തിച്ചത്. ബിഎംഎസ് വേള്‍ഡ് മിഷന്‍, ഗ്ലോബല്‍ മിഷന്‍ എന്നീ പേരുകളില്‍ കൂട്ടായ്മകള്‍ രൂപീകരിക്കുകയും അതിന്റെ ഉണര്‍വ്വിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ പ്രചാരകനായി പ്രവര്‍ത്തിക്കുകയും ചെയ്തു, അതും ഏതാണ്ട് ഒരു നൂറ്റാണ്ട് അടുത്തു വരെ.

അമേരിക്കന്‍ പ്രസിഡന്റുമാരായ ഹാരി ട്രുമാന്‍ മുതല്‍ ബരാക്ക് ഒമാബ വരെയുള്ളവരെയുള്ളവരുടെ സ്പിരിച്വല്‍ അഡൈ്വസര്‍ (ആത്മീയ ഗുരു) എന്ന നിലയിലാണ് ബില്ലിയെ അംഗീകരിക്കുന്നത്. ലിണ്ടന്‍ ജോണ്‍സണ്‍, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവര്‍ ബില്ലി ഗ്രഹാമിന്റെ ആത്മീയ പാതയോട് ചേര്‍ന്ന് സഞ്ചരിച്ചവരാണ്. ക്രിസ്ത്യന്‍ റാലികള്‍ വഴി ലക്ഷക്കണക്കിന് ജനങ്ങളിലെത്തിയിരുന്ന ഗ്രഹാം അമേരിക്കയില്‍ ഹാരി ട്രൂമാന് ശേഷം അധികാരത്തിലെത്തിയ ഓരോ പ്രസിഡന്റുമാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നതിലും ശ്രദ്ധ ചെലുത്തി. അമേരിക്കയുടെ പാസ്റ്ററെന്ന വിളിപ്പേരും ബില്ലിക്കുണ്ടായിരുന്നു. മറ്റ് ചിലര്‍ പ്രൊട്ടസ്റ്റന്റ് പോപ്പ് എന്ന പേരിലും ബില്ലിയെ അഭിസംബോധന ചെയ്തു. ലോകത്തെ 195 രാജ്യങ്ങളില്‍ 185 രാജ്യങ്ങളിലെയും ക്രിസ്തുുമത വിശ്വാസികള്‍ക്കിടയില്‍ ബില്ലിയുടെ സുവിശേഷ പ്രസംഗങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ബില്ലി ഗ്രഹാം ഇവാഞ്ചലിക് ഫൗണ്ടേഷന്‍ അവകാശപ്പെടുന്നത്. മൂന്നു ദശാബ്ദത്തോളം ലോകത്തെ ഏറ്റവും സ്വാധീനമുള്ള പ്രമുഖ മതനേതാവ് കൂടിയായിരുന്നു ബില്ലി. 

ബില്ലി ഗ്രഹാമിന്റെ ഒരു നൂറ്റാണ്ടോളം നീണ്ടു നിന്ന ജീവിതം (1918-2018) യേശു ക്രിസ്തുവിന്റെ ശക്തമായ സാക്ഷ്യം സമൂഹത്തിനു പകര്‍ന്നു നല്കുന്ന വിധത്തിലുള്ളതായിരുന്നു. ദൈവത്തിന്റെ പരിശുദ്ധിയും യേശുക്രിസ്തുവിനോടുള്ള സ്‌നേഹവും സുവിശേഷകന്മാരുടെ എളിയ ജീവിതവും മിഷന്‍ പ്രവര്‍ത്തനത്തിലൂടെ പ്രഘോഷിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. യുദ്ധവും അരക്ഷിതാവസ്ഥയും ക്ഷാമവും നിലന്നിരുന്ന ലോകത്തില്‍ ദൈവത്തിന് സാക്ഷ്യം വഹിച്ച ബില്ലി, വിശ്വാസികള്‍ക്കിടയില്‍ സ്ഥിരപ്രതിഷ്ഠ നേടിയയാളാണ്. 1956, 1972, 1977 എന്നീ കാലഘട്ടങ്ങളില്‍ ഭാരതത്തിലെ ക്രൈസ്തവരെ അഭിസംബോധന ചെയ്ത ബില്ലി ഗ്രഹാം പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരഗാന്ധി എന്നിവരെയും സന്ദര്‍ശിച്ചിരുന്നു. 

നോര്‍ത്ത് കരോളിനയില്‍ 1918 നവംബര്‍ ഏഴിനായിരുന്നു ബില്ലിയുടെ ജനനം. വില്യം ഫ്രാങ്കഌന്‍ ഗ്രഹാം സീനിയറിന്റെയും മോറയുടെയും നാലു മക്കളില്‍ ഇളയവന്‍. കുട്ടിക്കാലത്ത് ടാര്‍സന്‍ കഥകള്‍ വായിക്കുകയും അങ്ങനയൊരാളാവാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. 1933-ല്‍ പതിനാലാം വയസ്സില്‍ ഇവാഞ്ചലിസ്റ്റായിരുന്ന മൊര്‍ദേക്കായ് ഹാമിനെ കാണുന്നതോടെയാണ് ബില്ലിയുടെ സ്വഭാവത്തിലും കാര്യമായ വ്യതിയാനം ഉണ്ടാവുന്നത്. നിരന്തരമായ സമ്പര്‍ക്കത്തിലൂടെ വൈകാതെ ബില്ലിയും ഒരു സുവിശേഷക പ്രചാരകനായി മാറുകയായിരുന്നത്രേ.

ടെന്നിസിയിലെ ബോബ് ജോണ്‍സ് കോളേജില്‍ നിന്നും പഠനം നടത്തിയ ബില്ലി, വൈകാതെ അവിടെ വിട്ടു ഫ്‌ളോറിഡ ബൈബിള്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. ആന്ത്രോപോളജിയില്‍ ബിരുദം നേടിയത് ഇല്ലിനോയ്‌സിലെ വീറ്റണ്‍ കോളേജില്‍ നിന്നാണ്. അവിടെ പഠിക്കുമ്പോഴാണ് ഫോറസ്റ്റ് ഹോം ക്രിസ്ത്യന്‍ ക്യാംപ് രൂപീകരിക്കുന്നത്. ഇന്നത് ഫോറസ്റ്റ് ഹോം മിനിസ്ട്രീസ് എന്ന പേരില്‍ അറിയപ്പെടുന്നു. വീറ്റണ്‍ കോളേജില്‍ കൂടെ പഠിച്ച റൂത്ത് ബെല്ലിനെ 1943-ല്‍ ജീവിതസഖിയാക്കിയ ബില്ലിയുടെ വിശ്വാസജീവിതത്തിന് അതോടെ തുടക്കമാവുകയായിരുന്നു. ഇരുവര്‍ക്കും അഞ്ചു കുട്ടികളുണ്ടായി. റൂത്ത് ബെല്‍ 87-ാം വയസ്സില്‍ 2007-ല്‍ അന്തരിച്ചു.
ബില്ലി ഗ്രഹാം ഇവാന്‍ജലിസ്റ്റിക്ക് അസോസിയേഷന്‍ 1950-ലാണ് മിനപോളിസ് ആസ്ഥാനമായി തുടങ്ങുന്നത്. ഡിസിഷന്‍ മാഗസിന്‍, ക്രിസ്റ്റിയാനിറ്റി ടുഡേ എന്നീ പ്രസിദ്ധീകരണങ്ങള്‍, പാസേജ് വേ എന്ന വെബ്‌സൈറ്റ്, ട്രിബ്യൂണ്‍ മീഡിയ സര്‍വീസുമായി ചേര്‍ന്ന് നിരവധി മുഖ്യധാര പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍, വേള്‍ഡ് വൈഡ് പിക്‌ചേഴ്‌സ് എന്ന പേരില്‍ സിനിമ നിര്‍മ്മാണവും വിതരണവും തുടങ്ങി വിശ്വാസകളുമായി ഇടപഴകാന്‍ എല്ലാ മാധ്യമങ്ങളും ബില്ലി ഉപയോഗിച്ചിരുന്നു. അതൊക്കെയും വിജയവുമായി. നൂറു കണക്കിനു പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍, ബഹുമതികള്‍, പുരസ്‌ക്കാരങ്ങള്‍ തേടിയെത്തി. 
ലോകനേതാക്കാന്മാരുടെ ആത്മീയ ഗുരു എന്ന പേരിലും ബില്ലി പ്രസിദ്ധി നേടിയിട്ടുണ്ട്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ അടുത്ത സുഹൃത്തായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ 1974-ല്‍ സംഘടിപ്പിച്ച 'ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓണ്‍ വേള്‍ഡ് ഇവാഞ്ചലൈസേഷന്‍' എന്ന കൂട്ടായ്മയില്‍ 150 രാജ്യങ്ങളെ പ്രതിനിധീകരിച്ചു 2700 പ്രതിനിധികള്‍ പങ്കെടുത്തത് ക്രിസ്തീയ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി. അതിനു മുന്‍പ് ബര്‍ലിനില്‍ ഇത്തരത്തിലൊരു കൂട്ടായ്മ നടത്തിയ ബില്ലിയെ ഇതിനെത്തുടര്‍ന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന വ്യക്തികളിലൊരാളായി ടൈം മാഗസിന്‍ അംഗീകരിച്ചിരുന്നു. നോര്‍ത്ത് കരോളിനയിലെ മോണ്‍ട്രീറ്റില്‍ ഫെബ്രുവരി 18-നായിരുന്നു ബില്ലിയുടെ മരണം. മനുഷ്യസമൂഹത്തിലെ ആത്മീയപ്രചാരകനെയാണ് നമുക്കു നഷ്ടപ്പെട്ടിരിക്കുന്നത്. എങ്കിലും, അദ്ദേഹം തിരി കൊളുത്തിയ വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും ജീവിതം ഇനിയും നമുക്ക് മാര്‍ഗ്ഗദര്‍ശനമാകും. അത് തീര്‍ച്ച !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക