Image

ലതാനായരെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ച കേസില്‍ രണ്ടു പേര്‍ക്ക് കഠിനതടവും പിഴയും

Published on 17 March, 2012
ലതാനായരെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ച കേസില്‍ രണ്ടു പേര്‍ക്ക്  കഠിനതടവും പിഴയും
തിരുവനന്തപുരം : കിളിരൂര്‍ കേസിലെ നാലാം പ്രതി ലതാനായരെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്‌ടെത്തിയ രണ്ടു പേര്‍ക്ക് രണ്ട് വര്‍ഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ടി.എസ്.പി മൂസത് ആണ് ശിക്ഷ വിധിച്ചത്.

ഇടുക്കി ദേവികുളം സ്വദേശിയായ കളക്ടര്‍ ലത്തീഫ് എന്ന് വിളിക്കുന്ന അബ്ദുള്‍ ലത്തീഫ് (55) ,കോട്ടയം തിരുവാര്‍പ്പ് സ്വദേശി ദേവദാസ് (58) എന്നിവരായിരുന്നു പ്രതികള്‍. ഇവര്‍ കുറ്റക്കാരെന്ന് കോടതി ഇന്നലെ കണ്‌ടെത്തിയിരുന്നു. ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം ശിക്ഷ പ്രഖ്യാപിച്ച ശേഷം പ്രതികളെ ജാമ്യത്തില്‍ വിട്ടു. മൂന്ന് വര്‍ഷംവരെയുള്ള ശിക്ഷകള്‍ക്ക് വിചാരണ കോടതികള്‍ക്ക് തന്നെ ജാമ്യം നല്‍കാമെന്ന വ്യവസ്ഥ അനുസരിച്ചാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ലതാനായരെ 2004 ഒക്ടോബര്‍ 8 മുതല്‍ 12 വരെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചുവെന്നതാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്.

കേസില്‍ ആകെ 12 സാക്ഷികളുണ്ടായിരുന്നു. ഇതില്‍ 9 പേരെ വിസ്തരിച്ചു. മൂന്ന് സ്വതന്ത്ര സാക്ഷികളും മറ്റുള്ളവര്‍ അന്വേഷണ സംഘാംഗങ്ങളുമായിരുന്നു. മൂന്ന് സ്വതന്ത്ര സാക്ഷികളില്‍ പ്രതി ലത്തീഫിന്റെ ഭാര്യ ഉള്‍പ്പെടെ രണ്ട് പേര്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. ഒരു സാക്ഷി മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. ചെന്നിത്തല സച്ചിന്മയി ദേവീ ആശ്രമത്തിലെ നടത്തിപ്പുകാരിലൊരാളായ പ്രകാശിന്റെ സാക്ഷിമൊഴി കേസിന് നിര്‍ണായക തെളിവായി. ലത്തീഫും ദേവദാസും പരസ്പരം സുഹൃത്തുക്കളാണെന്നും ലത്തീഫ് മുന്‍ വൈദ്യുതി വകുപ്പു മന്ത്രി കടവൂര്‍ ശിവദാസന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട ഒരാളോടൊപ്പം മാതാ സച്ചിന്‍മയി ആശ്രമത്തില്‍ വരാറുണ്ടായിരുന്നതായും പ്രകാശ് മൊഴിനല്‍കിയിരുന്നു.

ഒക്ടോബര്‍ 10ന് ലത്തീഫ് ലതാനായരുമായി ആശ്രമത്തില്‍ എത്തിയിരുന്നതായി മൊഴിയില്‍ പറുന്നു. പ്രോസിക്യൂഷന് വേണ്ടി സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഡോ.കെ.പി സതീശന്‍ ആണ് ഹാജരായിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക