Image

ലേക്‌ഷോറില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നേരെ വധശ്രമം; ഡോക്ടര്‍ അറസ്റ്റില്‍

Published on 16 March, 2012
ലേക്‌ഷോറില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നേരെ വധശ്രമം; ഡോക്ടര്‍ അറസ്റ്റില്‍
കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം. സംഭവത്തില്‍ രണ്ടു നഴ്‌സുമാര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ മോഹന്‍ മഞ്ഞക്കരയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. 

ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിനു മുന്‍പില്‍ നഴ്‌സുമാര്‍ ഇന്നലെയാണ് ഉപരോധ സമരം ആരംഭിച്ചത്. സമരം അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ തെരുവില്‍ പ്രകടനം നടത്തിയ നഴ്‌സുമാര്‍ വൈകിട്ടോടെയാണ് പ്രവേശനകവാടത്തില്‍ കുത്തിയിരുന്ന് ഉപരോധം തുടങ്ങിയത്. ഉപരോധം ഇന്നും തുടര്‍ന്നത് ആശുപത്രിയുടെ സാധാരണ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. 

അതിനിടെ, നഴ്‌സുമാരുടെ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ മരട് ലേക്ക്‌ഷോര്‍ ആശുപത്രിക്ക് പോലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി ഉത്തരവായി. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നില്ലെന്നും രോഗികള്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗതടസമുണ്ടാകുന്നില്ലെന്നും പോലീസ് ഉറപ്പു വരുത്തണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് വി. ചിദംബരേഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ആശുപത്രി വളപ്പിനു നൂറു മീറ്ററിനുള്ളില്‍ സമാധാനപരമായി ധര്‍ണ നടത്താന്‍ നഴ്‌സസ് അസോസിയേഷനു സ്ഥലം അനുവദിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നഴ്‌സസ് അസോസിയേഷന്റെ സമരം മൂലം ശസ്ത്രക്രിയ ഉള്‍പ്പെടെ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുന്നതായും ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും തടയുന്നതായും ചൂണ്ടിക്കാട്ടി ആശുപത്രി മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 

വൈറ്റില ജോയ്‌സ് ഹോസ്പിറ്റലിനും പോലീസ് സംരക്ഷണം നല്‍കാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് വി. ചിദംബരേഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവു നല്‍കി. നഴ്‌സുമാര്‍ക്ക് 2009ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള മിനിമം വേതനം നല്‍കുന്നുണേ്ടാ എന്നതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആശുപത്രി മാനേജ്‌മെന്റിനോടു നിര്‍ദേശിച്ചിട്ടുണ്ട്.

നഴ്‌സിംഗ് ട്രെയിനികള്‍ക്ക് നഴ്‌സുമാരുടെ വേതനം നല്‍കുന്നില്ലെന്നാരോപിച്ചാണ് സമരം നടത്തുന്നതെന്ന് മാനേജ്‌മെന്റ് ഹര്‍ജിയില്‍ ബോധിപ്പിച്ചു. ഡയാലിസിസ് ഉള്‍പ്പെടെ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. ആശുപത്രി വളപ്പിനു നൂറു മീറ്ററിനുള്ളില്‍ സമാധാനപരമായി ധര്‍ണ നടത്താന്‍ നഴ്‌സസ് അസോസിയേഷന് സ്ഥലം അനുവദിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക