Image

പിറവത്ത് ഇന്ന് അഗ്‌നിപരീക്ഷ

Published on 16 March, 2012
പിറവത്ത് ഇന്ന് അഗ്‌നിപരീക്ഷ
പിറവം : യു. ഡി. എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനഹിതമറിയിക്കാന്‍ പിറവത്തുകാര്‍ ശനിയാഴ്ച പോളിങ് ബൂത്തിലേക്ക്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ഉപതിരഞ്ഞെടുപ്പെന്ന് സമ്മതിച്ച് , ഇരുമുന്നണികളും നാടിളക്കി നടത്തിയ പ്രചാരണത്തിന്റെ വിളവെടുപ്പുകൂടിയാണ് പിറവത്ത് നടക്കുന്നത്. അഗ്‌നിപരീക്ഷ ജയിക്കാന്‍ ഗൃഹപാഠം ചെയ്ത് മുന്നണികള്‍ ഒരുങ്ങിക്കഴിഞ്ഞു. 21നാണ് വോട്ടെണ്ണല്‍. 

മണ്ഡലത്തിലെ വികസനത്തിനൊപ്പം, കേരളം അടുത്തിടെ ചര്‍ച്ചചെയ്ത എല്ലാ വിഷയങ്ങളും പിറവത്ത് മുന്നണികള്‍ ആയുധമാക്കി. മുക്കുംമൂലയും അരിച്ചുപെറുക്കിക്കൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇരുപക്ഷവും നടത്തിയത്. വോട്ടു ചെയ്യാതെ ആര്‍ക്കും വീട്ടിലിരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കാന്‍ ഈ മുന്നേറ്റങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പോളിങില്‍ കുതിച്ചുകയറ്റം ഉണ്ടാകുമെന്നാണ് മുന്നണികള്‍ പ്രതീക്ഷിക്കുന്നത്. പോളിങ് ഉയര്‍ന്നാല്‍ അത് ഗുണകരമാകുമെന്ന കണക്കും മുന്നണികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. 

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 79. 08 ശതമാനമായിരുന്നു പിറവത്തെ പോളിങ്. ഇത്തവണ അത് 90 വരെയെങ്കിലും പോയേക്കാമെന്ന് മുന്നണികള്‍ കണക്ക് കുട്ടുന്നു. 183493 വോട്ടര്‍മാരില്‍ 93229 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. സ്ത്രീവോട്ടര്‍മാര്‍ കൂടുതലായതിനാല്‍ പെണ്മനസ്സ് പിടിക്കുന്ന പ്രചാരണങ്ങള്‍ക്കാണ് ഇരുമുന്നണികളും ഊന്നല്‍ നല്‍കിയത്. 

ഐക്യമുന്നണി സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബും, ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. ജെ. ജേക്കബും, ബി. ജെ. പി. സ്ഥാനാര്‍ത്ഥി കെ. ആര്‍. രാജഗോപാലും വെള്ളിയാഴ്ച വ്യക്തികളെ കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. മരണ വീടുകളിലും വിവാഹവീടുകളിലും എത്താന്‍ സ്ഥാനാര്‍ത്ഥികള്‍ ശ്രദ്ധിച്ചു. 

പരമാവധി വോട്ട് പെട്ടിയിലാക്കുന്നതിന്റെ അവസാനവട്ട ഒരുക്കത്തിലായിരുന്നു പ്രവര്‍ത്തകര്‍. ഉറച്ച വോട്ടുകളുടെ ലിസ്റ്റ് തയ്യാറാക്കി അത് നേരത്തെ തന്നെ പോള്‍ ചെയ്യിക്കുന്നതിനുള്ള ആസൂത്രണമാണ് ഇരുക്യാമ്പിലും നടന്നത്. 

90 കേന്ദ്രങ്ങളിലായി 134 ബൂത്തുകളിലാണ് വോട്ടിങ് നടക്കുന്നത്. രാവിലെ 7ന് തുടങ്ങുന്ന പോളിങ് 5 വരെ നീണ്ടുനില്‍ക്കും. മൂവാറ്റുപുഴ നിര്‍മല സ്‌കൂളില്‍ നിന്ന് പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി. 24 പ്രശ്‌ന ബൂത്തുകളുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കനത്ത പോലീസ് സന്നാഹമുള്ള ഇവിടെ ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക