Image

കോണ്‍ഗ്രസ്സിന് രാജ്യസഭാസീറ്റ് നല്‍കില്ല-തൃണമൂല്‍

Published on 16 March, 2012
കോണ്‍ഗ്രസ്സിന് രാജ്യസഭാസീറ്റ് നല്‍കില്ല-തൃണമൂല്‍
കൊല്‍ക്കത്ത: കേന്ദ്രത്തില്‍ തന്നെ അവഗണിക്കുന്ന കോണ്‍ഗ്രസ്സിന് പശ്ചിമബംഗാളില്‍ രാജ്യസഭാസീറ്റ് നിഷേധിച്ച് തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ മറുപടി.

കേന്ദ്രഷിപ്പിങ് മന്ത്രി മുകുള്‍ റോയിയെ വീണ്ടും നാമനിര്‍ദേശം ചെയ്യുന്നതിന് പുറമേ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യസഭാ ടിക്കറ്റ് നല്‍കാന്‍ തൃണമൂല്‍ തീരുമാനിച്ചു. ഒരു സീറ്റില്‍ തങ്ങളെ പിന്തുണയ്ക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മമതയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. തന്നോടാലോചിക്കാതെ റെയില്‍വേ ബജറ്റില്‍ യാത്രക്കൂലി കൂട്ടിയ ദിനേഷ് ത്രിവേദിയെ പുറത്താക്കണമെന്ന് മമത ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് രാജ്യസഭാസീറ്റിലേക്ക് കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ പ്രഖ്യാപിച്ചത്.

പശ്ചിമബംഗാളില്‍ അഞ്ച്‌രാജ്യസഭാസീറ്റുകളിലേക്കാണ് ഒഴിവുവരുന്നത്. മാര്‍ച്ച് 30നാണ് തിരഞ്ഞെടുപ്പ്. ഭരണസഖ്യത്തിന് നാലുപേരെ വിജയിപ്പിക്കാന്‍ കഴിയും. തൃണമൂലിന് ഒറ്റയ്ക്ക് മൂന്നു പേരെ വിജയിപ്പിക്കാനാവും. എന്നാല്‍ നാലാമത്തെ സീറ്റില്‍ വിജയിക്കണമെങ്കില്‍ 12 അംഗങ്ങളുള്ള കോണ്‍ഗ്രസ്സിന്റെ പിന്തുണ വേണം.

ബംഗാളി പത്രം 'പ്രതിദിനി'ലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രാദേശികചാനലിന്റെ സി.ഇ.ഒ.യുമായ കുനാല്‍ ഘോഷ്, ഉറുദു പത്രം അക്ബര്‍ ഇ മഷ്‌റിഖിന്റെ പത്രാധിപര്‍ നദീമുല്‍ ഹഖ്, ഹിന്ദി പത്രം സന്‍മാര്‍ഗ് എഡിറ്റര്‍ വിവേക് ഗുപ്ത എന്നിവരെയാണ് തൃണമൂല്‍ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുകയെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി പ്രഖ്യാപിച്ചു.

തങ്ങള്‍ക്ക് ഒരു സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും തൃണമൂല്‍ പിന്തുണ വേണമെന്നും സംസ്ഥാനകോണ്‍ഗ്രസ് അധ്യക്ഷനായ പ്രദീപ് ഭട്ടാചാര്യ അഭ്യര്‍ഥിച്ചിരുന്നു.

അഞ്ചാമത്തെ സീറ്റില്‍ സി.ഐ.ടി.യു. സെക്രട്ടറി തപന്‍ സെന്നിനെ വീണ്ടും നാമനിര്‍ദേശം ചെയ്യാനാണ് ഇടതുമുന്നണിയുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക