Image

ഇന്ത്യയ്‌ക്കെതിരെ ഉപരോധനീക്കമില്ലെന്ന് അമേരിക്ക

Published on 16 March, 2012
ഇന്ത്യയ്‌ക്കെതിരെ ഉപരോധനീക്കമില്ലെന്ന് അമേരിക്ക
വാഷിങ്ടണ്‍: ജൂണ്‍ അവസാനത്തോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നില്ലെങ്കില്‍ ഇന്ത്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് യു.എസ്. അധികൃതര്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകളെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തിയതായും യു.എസ്. അധികൃതര്‍ പറഞ്ഞു. 

അമേരിക്കയിലെയും ഇന്ത്യയിലെയും ചില മാധ്യമങ്ങളിലാണ് ഉപരോധഭീഷണി സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കണമെന്ന യു.എസ്. നിര്‍ദേശം അനുസരിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും ഇന്ത്യ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഇന്ത്യയ്ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ ബരാക് ഒബാമ നിര്‍ബന്ധിതനായേക്കുമെന്നുമാണ് യു.എസ്. അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. 

ഇക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും ഇന്ത്യയിലും യു.എസ്സിലും ചര്‍ച്ച നടക്കുന്നുണ്ടെന്നും യു.എസ്. അധികൃതര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃതഎണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ നോക്കുന്നുണ്ട്. അമേരിക്ക അതിനെ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇറാന്‍ ആണവായുധങ്ങള്‍ സംഭരിക്കുന്നത് തടയുക എന്ന യു.എസ്സിന്റെ ലക്ഷ്യത്തിലെ പങ്കാളിയാണ് ഇന്ത്യയു.എസ്. വക്താവ് പറഞ്ഞു. 

ഒപെക് രാജ്യങ്ങളിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാജ്യമാണ് ഇറാന്‍. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 12 ശതമാനവും ഇറാനില്‍ നിന്നാണ്. അതേസമയം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇറാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ പ്രകടമായ കുറവു വന്നിട്ടുണ്ട്. 2008'09 ല്‍ 2.18 കോടി ടണ്‍ ഇറക്കുമതി ചെയ്ത സ്ഥാനത്ത് 2010'11ല്‍ 1.85 കോടി ടണ്ണാണ് ഇറക്കുമതി ചെയ്തത്. 2008'09തില്‍ മൊത്തം എണ്ണ ഇറക്കുമതിയുടെ 16.5 ശതമാനം ഇറാനില്‍ നിന്നായിരുന്നു. 2010'11ല്‍ ഇത് 11 ശതമാനമായി താണു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക