Image

ആസാദ് കൊല്ലപ്പെട്ടത് യഥാര്‍ഥ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി

Published on 16 March, 2012
ആസാദ് കൊല്ലപ്പെട്ടത് യഥാര്‍ഥ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി
ന്യൂഡല്‍ഹി: മാവോവാദി നേതാവ് ആസാദ് എന്ന് വിളിക്കുന്ന ചെറുകുറി രാംദാസിന്റെ മരണം യഥാര്‍ഥ ഏറ്റുമുട്ടലിലാണെന്ന് സി.ബി.ഐ കണ്ടെത്തിയാതായി സുപ്രീം കോടതി. ആസാദും മാധ്യമപ്രവര്‍ത്തകനായ ഹേമചന്ദ്ര പാണ്ഡെയും 2010 ജൂലായിലാണ് ആന്ധ്രപ്രദേശില്‍ കൊല്ലപ്പെട്ടത്. വ്യാജ ഏറ്റമുട്ടലിലാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നായിരുന്നു ആരോപണം.

എന്നാല്‍, സി.ബി.ഐ. അന്വേഷണത്തിലൂടെ ഇത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് വ്യക്തമായതായി ജസ്റ്റിസുമാരായ അഫ്താബ് ആലവും രഞ്ജന പ്രകാശ് ദേശായിയും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. അന്വേഷണത്തെ പിന്തുണയ്ക്കുന്ന തെളിവുകളും സി.ബി.ഐ. ഹാജരാക്കിയതായി കോടതി അറിയിച്ചു.

ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാകുമെന്ന് കോടതി പറഞ്ഞു. സി.ബി.ഐ.യുടെ അന്തിമ റിപ്പോര്‍ട്ട് കാണിക്കണമെന്ന അഡ്വ. പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചു. റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്. 

കേസിലെ അടുത്ത വാദം ഏപ്രില്‍ 13ന് നടക്കും. 

ആസാദിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശും ആസാദിനൊപ്പം കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്‍ ഹേമചന്ദ്ര പാണ്ഡേയുടെ ഭാര്യ ബിനീത പാണ്ഡേയും നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. 

2010 ജൂലായ് ഒന്നിന് അര്‍ധരാത്രിയില്‍ അഡിലാബാദ് ജില്ലിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ആസാദും പാണ്ഡേയും കൊല്ലപ്പെട്ടത്. മാവോവാദി എന്നാരോപിച്ചാണ് പാണ്ഡെയെയും വധിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക