Image

സെഞ്ച്വറികളില്‍ സച്ചിന് സെഞ്ച്വറി

Published on 16 March, 2012
സെഞ്ച്വറികളില്‍ സച്ചിന് സെഞ്ച്വറി
മിര്‍പൂര്‍: നൂറില്‍ നൂറ് തികഞ്ഞു. സെഞ്ച്വറികളില്‍ സെഞ്ചൂറിയനായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രമെഴുതി. നൂറ് സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന ബഹുമതിയും റെക്കോഡുകളുടെ സഹയാത്രികനായ സച്ചിന് ഇനി സ്വന്തം. ഒരു പക്ഷേ ക്രിക്കറ്റ് ലോകം സച്ചിന് മാത്രം കഴിയുന്നത് എന്ന് കാത്തിരുന്ന അപൂര്‍വ റെക്കോഡാണിത്.

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെയാണ് സച്ചിന്‍ ഈ അത്യപൂര്‍വനേട്ടം കൈപ്പിടിയിലൊതുക്കിയത്. 138 പന്തുകളില്‍ നിന്നാണ് സച്ചിന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതില്‍ പത്ത് ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നു. 99 സെഞ്ച്വറി പൂര്‍ത്തിയാക്കി ഒരു വര്‍ഷവും നാല് ദിവസവുമെടുത്തു കായിക ലോകം കാത്തിരുന്ന ഈ മുഹൂര്‍ത്തം പിറക്കാന്‍. കഴിഞ്ഞ വര്‍ഷം നാഗ്പൂരില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മാര്‍ച്ച് 12 നായിരുന്നു 99 ാമത്തെ സെഞ്ച്വറി. അതിന് ശേഷം 34 ഇന്നിങ്‌സുകളില്‍ സച്ചിന്‍ ക്രീസിലിറങ്ങിയെങ്കിലും നൂറാമത്തെ സെഞ്ച്വറി പിറക്കാന്‍ 2012 മാര്‍ച്ച് 16 വരെ കാത്തിരിക്കേണ്ടി വന്നു. ഇതിനിടയ്ക്ക് 34 ഇന്നിങ്‌സുകളിലായി പലതവണ 90 കളിലും 80 കളിലും 70 കളിലും സച്ചിന്‍ പുറത്തായി.

മുമ്പ് പലപ്പോഴും പടിവാതില്‍ക്കലെത്തി നഷ്ടപ്പെട്ടത് ഇത്തവണ സച്ചിന്‍ സ്വന്തമാക്കുക തന്നെ ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ 23ാം വര്‍ഷമാണ് ലിറ്റില്‍ മാസ്റ്റര്‍ നൂറാം ശതകം സ്വന്തമാക്കിയത്. ഇന്നത്തെ സെഞ്ച്വറിയോടെ ഏകദിനത്തിലെ സച്ചിന്റെ സെഞ്ച്വറികളുടെ എണ്ണം 49 ആയി. ടെസ്റ്റില്‍ 51 സെഞ്ച്വറികളും സച്ചിന്റെ കരിയറിലുണ്ട്.

ഈ നേട്ടം കൈവരിച്ചതോടെ വലിയൊരു സമ്മര്‍ദ്ദമാണ് സച്ചിനില്‍ നിന്ന് ഒഴിഞ്ഞുപോകുന്നത്. നൂറാം സെഞ്ച്വറിയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ആരാധകരുടെ കാത്തിരിപ്പ് സച്ചിനില്‍ വലിയ സമ്മര്‍ദ്ദമാണുണ്ടാക്കിയിരുന്നത്. ഇത് ഒരു പരിധി വരെ അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെയും ബാധിച്ചിരുന്നു.

ഏകദിന മത്സരങ്ങളിലെ ശ്രദ്ധേയമായ റെക്കോഡുകളെല്ലാം സ്വന്തം പേരിലാക്കിയ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ബ്രാഡ്മാന് 100 റണ്‍സ് ശരാശരി തികയ്ക്കാനാകെ പോയതുപോലെ നൂറു സെഞ്ച്വറി എന്ന അസുലഭ നേട്ടം തികയ്ക്കാനാകാതെ പോകുമോ എന്ന് ക്രിക്കറ്റ് പണ്ഡിതര്‍ പോലും അടക്കം പറയാന്‍ തുടങ്ങിയ ഘട്ടത്തിലാണ് സച്ചിന്‍ നൂറില്‍ 100 തികച്ചത്. അന്താരാഷ്ട്ര കരിയറില്‍ സച്ചിന്റെ ബാറ്റില്‍ നിന്ന് ഇതിനോടകം പിറന്നത് 33,850 ലേറെ റണ്‍സാണ്.

ഏകദിനത്തിലും ടെസ്റ്റിലും റണ്‍വെട്ടയില്‍ മറ്റ് താരങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് സച്ചിന്‍. ടെസ്റ്റ് കരിയറില്‍ 61 അര്‍ധസെഞ്ച്വറി സ്വന്തമായുള്ള ലിറ്റില്‍ മാസ്റ്റര്‍ക്ക് ഏകദിനത്തില്‍ 95 അര്‍ധസെഞ്വറികളുമുണ്ട്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇരട്ടശതകം നേടിയ ക്രിക്കറ്ററും സച്ചിന്‍ തന്നെ. 2010 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു സച്ചിന്റെ ഇരട്ടസെഞ്ച്വറി പ്രകടനം. സച്ചിന്‍ തീര്‍ത്ത 200 റണ്‍സിന്റെ റെക്കോഡ് പിന്നീട് സെവാഗ് 219 ആയി തിരുത്തിയെഴുതിയത്.

ഒരു പക്ഷേ ഒരു മനുഷ്യായുസ്സില്‍ മറ്റൊരു കളിക്കാരനും എത്തിപ്പിടിക്കാനാവാത്ത റെക്കോഡാണ് സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ 2012 ല്‍ മിര്‍പ്പൂരില്‍ കുറിച്ചിട്ടത്. സെഞ്ച്വറി നേടുകയെന്നതുതന്നെ വലിയ കാര്യമായി കരുതുന്ന കളിക്കാര്‍ക്കിടയില്‍ സെഞ്ച്വറികളുടെ സെഞ്ച്വറി താണ്ടിയതിനെ എന്തു നല്കി വിശേഷിപ്പിക്കും? അന്തരിച്ച ഇതിഹാസ ബാറ്റ്‌സ്മാന്‍ ഡോണ്‍ ബ്രാഡ്മാന്‍, എന്നോളം പോന്നവന്‍ എന്ന് സച്ചിനെ പ്രശംസ കൊണ്ടു മൂടിയത് വെറുതെയല്ല. ഒരു ജീനിയസ്സിനെ തിരിച്ചറിയാന്‍ മറ്റൊരു ജീനിയസ്സിനാവുമെന്നതു കൊണ്ടു തന്നെ. ബ്രാഡ്മാന്റെ വാക്കുകള്‍ക്ക് തിളക്കമേറ്റുകയാണ് സെഞ്ച്വറികളില്‍ സെഞ്ചുറിയുമായി സച്ചിന്‍. സെഞ്ച്വറികളുടെ അര്‍ധസെഞ്ച്വറി ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനില്‍ പിന്നിട്ട സച്ചിന്‍ നൂറില്‍ നൂറ് തികച്ചത് മിര്‍പ്പൂരില്‍.

വര്‍ത്തമാനകാല ക്രിക്കറ്റില്‍ സച്ചിന്റെ നേട്ടങ്ങള്‍ മറികടക്കാന്‍ മറ്റൊരാളുണ്ടാവില്ലന്നുറപ്പാണ്. സെഞ്ച്വറി നേട്ടത്തില്‍ സച്ചിനു പിന്നിലുള്ള ഇപ്പോഴത്തെ കളിക്കാരില്‍ ഭീഷണിയുയര്‍ത്താവുന്നവരില്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ്ങ് വിരമിച്ചു. ഇനിയുള്ളത് ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസും മാത്രമാണ്. 59 സെഞ്ച്വറി പിന്നിട്ട കാലിസിനും സച്ചിന്റെ റെക്കോഡ് മറികടക്കുക ഏറക്കുറേ ദുഷ്‌കരം തന്നെ. 

ബംഗ്ലാദേശിനെതിരെ ഇന്ന് സച്ചിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ചത് വിരാട് കോലിയാണ്(66). കോലിക്ക് 35 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യന്‍ നിരയില്‍ മറ്റൊരു താരമായ രവീന്ദ്ര ജഡേജയ്ക്കാകട്ടെ അന്ന് അഞ്ച് ദിവസം മാത്രം പ്രായം. 23 വര്‍ഷമായി ക്രിസീല്‍ തുടരുന്ന സച്ചിന്‍ ഈ 38 ാം വയസ്സില്‍ നൂറാമത്തെ സെഞ്ച്വറി തികയ്ക്കുമ്പോള്‍ 12 ബൗണ്ടറികളും ഒരു സിക്‌സറും മാറ്റി നിര്‍ത്തിയാല്‍ 60 റണ്‍സും സിംഗിളും ഡബിളും ഓടിയെടുത്തതാണെന്ന് ശ്രദ്ധിക്കുക. 

ബംഗ്ലാദേശിനെതിരെ മാത്രമായിരുന്നു സച്ചിന് ഇതുവരെയും ഒരു സെഞ്ച്വറി തന്റെ അക്കൗണ്ടിലില്ലാതിരുന്നത്. അതും ഇന്ന് പൂര്‍ത്തിയാക്കിയപ്പോള്‍ അത് സെഞ്ച്വറികളില്‍ സെഞ്ച്വറി ആയി. ഇതോടെ ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെയും സച്ചിന്‍ സെഞ്ച്വറി നേടിയ താരമായി സച്ചിന്‍.

ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. സച്ചിനും(114), കോലിയും(66) റെയ്‌നയും(51) ഇന്ത്യന്‍ നിരയില്‍ തിളങ്ങി.

(മാതൃഭൂമി)

സെഞ്ച്വറികളില്‍ സച്ചിന് സെഞ്ച്വറി സെഞ്ച്വറികളില്‍ സച്ചിന് സെഞ്ച്വറി സെഞ്ച്വറികളില്‍ സച്ചിന് സെഞ്ച്വറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക