Image

സഭാ സ്വത്ത്: കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം വക അപേക്ഷ മുഖ്യമന്ത്രിക്ക്‌

Published on 31 January, 2018
സഭാ സ്വത്ത്:  കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം  വക അപേക്ഷ മുഖ്യമന്ത്രിക്ക്‌
മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മുന്‍പാകെ സമര്‍പ്പിക്കുന്ന അപേക്ഷ

ബഹു. കേരള മുഖ്യമന്ത്രി,

വടക്കെ അമേരിക്കയില്‍ (യു. എസ്. എ. & കാനഡ) പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനത്തെ (Kerala Catholic Church Reformation Movement - North America) പ്രതിനിധീകരിച്ചാണ് താങ്കള്‍ക്ക് ഞാന്‍ ഈ കത്തയക്കുന്നത്. കേരളത്തിലെ ക്രിസ്ത്യന്‍ സഭകളില്‍ പ്രത്യേകിച്ച് സീറോ-മലബാര്‍ സഭയില്‍ സഭാ സ്വത്തുക്കള്‍ ഭരിക്കാന്‍ നിയമങ്ങള്‍ നിലവിലില്ലാത്തതിനാല്‍ താങ്കളുടെ സര്‍ക്കാര്‍ എത്രയും വേഗം നിയമനിര്‍മാണ നടപടികള്‍ സ്വീകരിക്കണമെന്നകാര്യം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുകയും അതിനായി അഭ്യര്‍ത്ഥന നടത്തുകയുമാണ് ഞങ്ങളുടെ സംഘടന ഈ കത്തുകൊണ്ട് ഉദ്ധേശിക്കുന്നത്.

കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളുടെ പള്ളിയും പള്ളിസ്വത്തുക്കളും അതത് ഇടവകക്കാരുടേതായിരുന്നു. അത് ഭരിച്ചിരുന്നത് പള്ളിയോഗ നടപടി ക്രമപ്രകാരമായിരുന്നു. പാശ്ചാത്യ അധിനിവേശത്തോടെ ആ ഭരണരീതിയ്ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍ 1991 -ല്‍ റോമിലെ മാര്‍പാപ്പ പൗരസ്ത്യ കാനോന്‍ നിയമം സീറോ-മലബാര്‍ സഭയ്ക്കും ബാധകമാക്കിയതോടെ മാര്‍ത്തോമാ നസ്രാണി ക്രിസ്ത്യാനികള്‍ ആര്‍ജിച്ച മുഴുവന്‍ സഭാസ്വത്തുക്കളും സ്ഥാപനങ്ങളും ഒരു വിദേശമതനിയമത്തിലൂടെ ഒറ്റയടിക്ക് ഇവിടത്തെ മെത്രാന്മാരുടെ അധികാരത്തിന്‍ കീഴിലായി. കാനോന്‍ നിയമം ഇന്ത്യക്കാരായ ക്രൈസ്തവരുടെ സഭാസ്വത്തുക്കളുടെമേല്‍ മെത്രാന്മാര്‍ക്കു നല്‍കുന്നത് സര്‍വ്വാധികാരമാണ്. ഒരു പരമാധികാരരാഷ്ട്രമായ ഇന്ത്യയിലെ സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാനുള്ള അധികാരം താന്‍ നിയോഗിക്കുന്ന ഒരു മെത്രാനു നല്‍കാന്‍ വത്തിക്കാന്‍ രാഷ്ട്രത്തലവനായ മാര്‍പാപ്പയ്ക്ക് അവകാശമുണ്ടാകുന്നതെങ്ങനെ എന്ന ഭരണഘടനാപരമായ ചോദ്യംകൂടി ഇവിടെ ഉയരുന്നുണ്ട്.

 തന്നെയുമല്ല, മാര്‍ത്തോമാക്രിസ്ത്യാനികളുടെ പള്ളികളും പള്ളിസ്വത്തുക്കളും പള്ളിപൊതുയോഗങ്ങള്‍വഴി ജനാതിപത്യരീതിയില്‍ ഭരിച്ചിരുന്ന പൂര്‍വ്വപാരമ്പര്യത്തെ കാനോന്‍ നിയമം നശിപ്പിച്ചുകളയുകയും ചെയ്തു. ഇന്ന് റോമിലെ മാര്‍പാപ്പായാല്‍ നിയമിക്കപ്പെടുന്ന മെത്രാന്മാരാണ് പള്ളിയും പള്ളിസ്വത്തുക്കളും ഭരിക്കുന്നത്. 

അതുകൊണ്ടുണ്ടാകുന്ന ഗുരുതരമായ വീഴ്ചകളെപ്പറ്റി എറണാകുളം-അങ്കമാലി അതിരൂപതയില്‍ അടുത്ത കാലത്തു നടന്ന ഭൂമി വില്പന തട്ടിപ്പിലൂടെ നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ഇന്ന് സഭയില്‍ പുരോഹിതഫാസിസം അപകടകരമായ വിധത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് വ്യസനസമേതം ഇവിടെ രേഖപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ക്രിസ്തീയ സഭകളിലെ സ്വത്തുഭരണകാര്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമരാഹിത്യത്തിന്റെ അപകടം മനസ്സിലാക്കി 1980-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ജസ്റ്റീസ് ടി. സത്യദേവ് ഒരു ഉത്തരവ് പുറപ്പെടുവിച്ച വാര്‍ത്ത 1980 നവംബര്‍ 12-ലെ 'ഹിന്ദു'വില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്, 'സഭാസ്വത്തുഭരണത്തില്‍ ഒരു നിയമം ആവശ്യമായിരിക്കുന്നു' (Law for management of church property needed) എന്നാണ്. 

ഇന്ത്യയിലെ മതങ്ങള്‍ക്ക് തങ്ങളുടെ മതപരമായ സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാന്‍ നിയമമുണ്ടാക്കണമെന്ന് ഇന്ത്യന്‍ ഭരണഘടന ഇരുപത്തിയൊമ്പതാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ക്രിസ്ത്യാനികളൊഴികെ മറ്റ് മതവിഭാഗങ്ങള്‍ക്ക് (ഹിന്ദുക്കള്‍ക്ക് ദേവസ്വംബോര്‍ഡും സിക്കുകാര്‍ക്ക് ഗുരുദ്വാരനിയമവും മുസ്ലിമുകള്‍ക്ക് വക്കഫ് ബോര്‍ഡും) സമുദായ സ്വത്തുഭരിക്കുന്നതിന് സര്‍ക്കാര്‍ നിയമമുണ്ടാക്കിയിട്ടുണ്ട്. അതിന്‍പ്രകാരമാണ് അവരുടെ സ്വത്തുക്കള്‍ ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്നത്.

 ഇന്ത്യയിലെ മറ്റെല്ലാ മതസ്ഥരുടെയും പൊതുസ്വത്തുഭരിക്കാന്‍ പ്രത്യേകംപ്രത്യേകം നിയമങ്ങളുണ്ടായിരിക്കേ, ക്രൈസ്തവസമൂഹത്തിന്റെ മതസ്വത്തു ഭരിക്കാന്‍മാത്രം നിയമനിര്‍മ്മാണം നടത്താത്തത് ക്രിസ്ത്യാനികളോടുള്ള മതവിവേചനമാണെന്ന വാദം പൊന്തിവന്നതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ട നിയമപരിഷ്‌കരണ കമ്മീഷന്റെ പരിഗണനയ്ക്ക് ഈ വിഷയംകൂടി ഉള്‍പ്പെടുത്തിയത്. ആവശ്യമായ പഠനങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കുംശേഷം 2009 ജനുവരി 26-ന്, 'The Kerala Christian Church Properties and Institutions Trust Bill, 2009 എന്ന കരടുനിയമം നിയമമാക്കാന്‍ ശുപാര്‍ശചെയ്ത് ജസ്റ്റീസ് കൃഷ്ണയ്യര്‍, അന്നത്തെ നിയമമന്ത്രി എം. വിജയകുമാറിന് സമര്‍പ്പിച്ചവിവരം അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ. 

കൂടാതെ, ക്രൈസ്തവരുടെ സമൂഹസമ്പത്തു ഭരിക്കാന്‍ രാഷ്ട്രത്തിന്റേതായ ഒരു നിയമം വേണമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. അത് ഇന്ത്യന്‍ ഭരണഘടന ക്രിസ്ത്യാനികള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന നീതി മാത്രമാണ്. ആയതിനാല്‍ താമസംവിനാ ആ കരടുനിയമം താങ്കളുടെ നിയമസഭയില്‍ ചര്‍ച്ചചെയ്ത് നിയമമാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. 

കേരളത്തിലെ ക്രിസ്തീയസഭകളില്‍ ഇന്നു നടന്നുവരുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും, അനധികൃതഭൂമി ക്രയവിക്രയങ്ങള്‍ക്കും, കുരിശുനാട്ടിയുള്ള വനം കൈയേറ്റങ്ങള്‍ക്കും, ന്യൂനപക്ഷാവകാശത്തിന്റെ പേരുപറഞ്ഞുള്ള വര്‍ഗ്ഗീയ/രാഷ്ട്രീയ നീക്കങ്ങള്‍ക്കും ഒരറുതി വരുമെന്നും സഭാപൗരര്‍ക്ക് സഭാസ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാനുള്ള അവകാശം വീണ്ടെടുക്കാനും ഈ ആധികാരികനിയമം വഴി സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
സ്‌നേഹാദരവുകളോടെ,
ഒപ്പ്
ചാക്കോ കളരിക്കല്‍
ജനറല്‍ കോര്‍ഡിനേറ്റര്‍
ckalarickal10@hotmail.com
Join WhatsApp News
Visvaasi 2018-01-31 23:07:32
സഭാ നശീകരണ പ്രസ്ഥാനം അഥവാ അത് ആഗ്രഹിക്കുന്ന അഞ്ചാം പത്തികളുടെ അപെക്ഷ എന്നു മാറ്റുക. അവര്‍ക്കു സഭയിലൊ ക്രിസ്തുവിലൊ ഒന്നും വിശ്വാസമില്ല. അതിനാല്‍ നിങ്ങള്‍ വേറെ പണി നോക്ക്. സഭാ കാര്യങ്ങള്‍ സഭാ വിശ്വാസികള്‍ നോക്കിക്കൊള്ളും.
സഭയുടെ സ്വത്ത് സര്‍ക്കാര്‍ ഭരിച്ചാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്വത്തും സര്‍ക്കാര്‍ ഏറ്റെടുക്കണം. വേണ്ടേ? അതും ജനത്തിന്റേതല്ലെ?
നഹിന്ദു ക്ഷേത്ര ഭരണത്തിനു ദേവസ്വം ബോര്‍ഡ് വന്നത് പ്രത്യേക കാരണങ്ങളാലാണ്. ക്ഷേത്രങ്ങളില്‍ കിട്ടുന്ന പോലുള്ള പണമൊന്നും പള്ളിക്ക് കിട്ടുന്നുമില്ല. പള്ളിക്കു വിശ്വാസി വല്ലതും കൊടുത്തത് സര്‍ക്കാര്‍ ഭരിക്കാനല്ല, മെത്രാന്‍ ഭരിക്കാന്‍ തന്നെയാണു.
അതില്‍ വെട്ടിപ്പ് ഒക്കെ വലരെ കുറവാണെന്നതല്ലെ സത്യം? തീരെ ഇല്ലെന്നു പറയുന്നില്ല.
പിന്നെ മാര്‍പാപ്പക്കിട്ടും ഒരു താങ്ങുണ്ടല്ലോ. എന്റെ ചാക്കോച്ചാ, ന്യു യോര്‍ക്ക് നഗരത്തിലെ ധാരാളം കെട്ടിടങ്ങളുടെയും അമേരിക്കയിലെ പല സ്ഥാപനങ്ങലുടെയും ഉടമകള്‍ മിഡില്‍ ഈസ്റ്റിലെ രാജാക്കന്മാരും ചൈനാക്കാരുമൊക്കെയാണ്. അപ്പോഴാണു പള്ളികളുടെ അധികാരം മെത്രാനായതില്‍ വലിയ കാര്യം. പള്ളി ഏതായാലും വിറ്റു തിന്നാന്‍ പറ്റില്ലല്ലോ. 

വിശ്വാസി രണ്ടാമൻ 2018-02-01 10:03:15
സഭയെ വിമര്‍ശിക്കുന്നവര്‍ ഞായറാഴ്ച കുര്‍ബാന കാണാറുണ്ടോ? കുമ്പസാരിക്കാറുണ്ടോ? കുര്‍ബാന കൈക്കൊള്ളാറുണ്ടോ?
ഇതൊന്നും അല്‍മായ ശബ്ധം, സത്യജ്വാല ഗ്രൂപ്പുകളില്‍ പെട്ടവര്‍ക്ക്ഉണ്ടെന്നു തോന്നുന്നില്ല. അവരുടെ ആവശ്യം സഭ അവര്‍ പറയുന്നതു പോലെ കേള്‍ക്കണം. ദൈവശാസ്ത്രം അവര്‍ തീരുമന്നിക്കും. അതു നടക്കുന്ന കാര്യമാണോ?
സഭയിലെ വ്യക്തികളുടെ തെറ്റുകള്‍ വിമര്‍ശിക്കുക. സഭയേയും വിശ്വാസത്തെയും തന്നെ വിമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ സഭക്കു പുറത്തുള്ളവരാണെന്നര്‍ഥം.
അതിനാല്‍ എവിടെ നില്‍ക്കുന്നു എന്ന് ഓരോ വിമര്‍ശകനും ചിന്തിക്കുന്നത് നല്ലത്. സഭയോടൊപ്പം നില്‍ക്കണമെന്നു ആരും പറയുന്നില്ല. അത് ഓരോരുത്തരുടെയും സ്വാതന്ത്യം. ഇഷ്ടം പോലെ വിമര്‍ശിക്കുകയും ആകാം. ഇസ്ലാം മതം, കമ്യുണിസം ഒക്കെ അങ്ങനെ ഉണ്ടായതാണല്ലോ.

വിഭ്രമൻ 2018-02-01 10:18:44
ദൈവത്തെ എങ്ങനെയെങ്കിലും രക്ഷിക്കാൻ നോക്ക് വിശ്വാസി ആദ്യം എന്നിട്ടാവാം സഭ .  അപ്പുറത്ത് നിരീശ്വര  വാദികളും ശാസ്ത്രജ്ഞന്മാരും ദൈവത്തെ പിടികൂടാൻ ഉള്ള ശ്രമത്തിലാണ് . ജയൻ വറുഗീസ് ആകെ അബദ്ദത്തിലായിരിക്കുകയാണ് . എന്തെങ്കിലും സഹായം ചെയ്ത് കൊടുക്കുക . കത്തിച്ചു കാലയറുന്നതായിരിക്കും നല്ലത്. കുഴിച്ചിട്ടാൽ ഇവന്മാരെല്ലാം പോയി അത് മാന്തി എടുക്കും .  ചാരം ആക്കി വിടുകയാണെങ്കിൽ ദൈവം ചാരമായി ഇവന്റെ ഒക്കെ മൂക്കിൽ കൂടി അകത്തു കേറുമല്ലോ .  മൂക്കിലൂടെ അല്ലെ അദ്ദേഹം അകത്തു കയറിയത് .  
Joseph 2018-02-01 11:39:34
'നിങ്ങൾ ക്രിസ്ത്യാനിയാണെങ്കിൽ ഞായറാഴ്ച്ച കുർബാന കാണുന്നുണ്ടോ? കുമ്പസാരിക്കുന്നുണ്ടോ? കുർബാന കൈക്കൊള്ളുന്നുണ്ടോ? എങ്കിൽ നിങ്ങൾ ക്രിസ്ത്യാനിയെന്നു' വായനക്കാരൻ അവകാശപ്പെടുന്നു. 

എന്റെ ഒരു ചോദ്യം? താങ്കൾ വിശുദ്ധ ഗ്രന്ഥമായി കരുതുന്ന ബൈബിൾ വായിക്കാറുണ്ടോ? കത്തോലിക്കാ സഭയിൽ ബൈബിൾ വായന ഒരു കാലത്ത് വിലക്കിയിരുന്നു. കാരണം നിങ്ങൾ പള്ളിയിൽ പോവണം, കുർബാന തിന്നണം എന്നൊന്നും ബൈബിളിൽ എഴുതിയിട്ടില്ല. മണ്ടൻ കുഞ്ഞാടുകൾ കുർബാന കൈക്കൊണ്ടാലേ ക്രിസ്ത്യാനിയാകൂവെന്ന് ആൾപ്പാർപ്പില്ലാത്തവരുടെ തലയിൽ പുരോഹിതർ അടിച്ചേൽപ്പിച്ചിട്ടുണ്ട്.

മനുഷ്യരെ കബളിപ്പിച്ചു ജീവിക്കുന്ന പുരോഹിതർ ആദ്യം വയറ്റിപ്പിഴപ്പിനായി അടവുകൾ തുടങ്ങിയെങ്കിലും പിന്നീട് കോർപ്പറേറ്റ് പ്രസ്ഥാനങ്ങളായി അവർ വളർന്നു. ആദ്യമൊക്കെ കായംകുളം കൊച്ചുണ്ണി ചെയ്തിരുന്നപോലെ തട്ടിപ്പറിക്കുന്ന ഓഹരിയിൽ കുറച്ചൊക്കെ സാധുക്കൾക്കും കൊടുക്കുമായിരുന്നു.

കാലം മാറി. ഇന്ന് വിധവയുടെ കൊച്ചുകാശ് പെരുത്ത് പുരോഹിതർ മണി സൗധങ്ങൾ ഉണ്ടാക്കുന്നു. പണക്കാർക്കായി പഞ്ച നക്ഷത്ര ഹോസ്പിറ്റലുകൾ നിർമ്മിക്കുന്നു. സർക്കാരിനെ നികുതി വെട്ടിക്കാൻ കർദ്ദിനാൾ ആലഞ്ചേരി വരെ കള്ളപ്രമാണങ്ങൾ ഒപ്പിട്ടു കോടികൾ വെട്ടിച്ച കഥ താങ്കൾക്കറിയാമല്ലോ! 

സഭയുടെ സ്വത്തുക്കൾ തട്ടിപ്പു നടത്തി സീറോ മലബാർ രൂപതയുടെ പ്രമുഖനായ ഒരു ബിഷപ്പ് തന്റെ കാനഡായിലുള്ള ഭാര്യയ്ക്കും കുട്ടികൾക്കും കൊട്ടാരതുല്യമായ വീടും കാറുകളും നൽകി കൂടെ കൂടെ അവിടെ പോവുന്നുവെന്നും ഓൺലൈൻ പത്രങ്ങളിൽ വായിക്കുന്നു. അതിന്റെ സത്യാവസ്ഥ മനസിലാക്കാനും അല്മായനു സഭാസ്വത്തുക്കളിൽ അധികാരം നൽകണ്ടേ വിശ്വസി? ചർച്ച് ആക്ട് അത്തരം പ്രശ്നങ്ങൾക്ക് പ്രയോജനപ്പെടും. സത്യം നിങ്ങളുടെ അകക്കണ്ണും തുറപ്പിക്കും! അന്ധമായി പുരോഹിതരെ വിശ്വസിക്കുന്ന നിങ്ങൾ അതെല്ലാം സഭാനശീകരണക്കാർ പറഞ്ഞുണ്ടാക്കുന്ന അപവാദങ്ങളെന്നു പറഞ്ഞു ആശ്വസിക്കുന്നുണ്ടാകാം!!! 

കമ്മ്യുണിസ്റ്റു പാർട്ടിയ്ക്ക് സ്വത്തുക്കളുണ്ടെങ്കിൽ അവർ അത് കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ നിയമം അനുസരിച്ചാണ്. ഇന്ത്യയ്ക്കകത്ത് മറ്റൊരു കാനോൻ നിയമം രാജ്യദ്രോഹമെന്നേ പറയാൻ സാധിക്കൂ. ഇന്ത്യയുടെ ഭരണഘടനയെ ലംഘിക്കലാണ്. സർക്കാരെന്നു പറയുന്നത് ഒരു മെത്രാനും സഭയ്ക്കും മുകളിലുള്ളതാണ്. സഭയോ മെത്രാനോ ഒരു രാജ്യത്തിന്റെ നിയമത്തിനു മീതെ സഞ്ചരിക്കാൻ പാടില്ല. 

പാരമ്പര്യമായി സഭയ്ക്കുണ്ടായിരിക്കുന്ന സ്വത്ത് മെത്രാന്റെയോ പുരോഹിതരുടെയോ പൂർവികസ്വത്തല്ല. അത് വിശ്വാസികളുടെ പൂർവികന്മാരിൽ നിന്നും സമാഹരിച്ച സ്വത്താണ്. ആ സ്വത്തിനെ ചോദ്യം ചെയ്യാൻ വിശ്വാസികളെപ്പോലെ സഭാ നവീകരണ പ്രസ്ഥാനത്തിനും അവകാശമുണ്ട്. കാരണം, പള്ളിസ്വത്തുക്കൾ അവരുടെയും പൂർവികർ നൽകിയതാണ്.    

ചർച്ച് ആക്റ്റ് നടപ്പായാൽ തീരുമാനങ്ങളെടുക്കുവാനുള്ള പള്ളിസമിതികളിൽ പള്ളിയിൽ പോവുന്നവർക്കു മാത്രമേ അംഗത്വം കൊടുക്കുള്ളൂ. പള്ളിയുടെ അംഗവുമായിരിക്കണം. കള്ളപ്പണവും വിദേശപ്പണവും തട്ടിപ്പും നടത്തുന്ന വമ്പിച്ച പള്ളിപ്രസ്ഥാനത്തെ ആഡിറ്റ് ചെയ്യാൻ സർക്കാർ നിയമിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടൻമാരുടെ സേവനവും ഉണ്ടായിരിക്കും. അങ്ങനെ ചർച്ചിയാനിറ്റിയെ ക്രിസ്ത്യാനിറ്റിയാക്കാൻ ചർച്ച് ആക്റ്റിനു കഴിയണം. 
Visvaasi 2018-02-01 12:57:16
കത്തോലിക്കാ സഭയില്‍ അംഗമായി തുടരണകണമെങ്കില്‍ കുര്‍ബാനയും കുമ്പസാരവുമൊക്കെ വേണം. അല്ലാത്തവര്‍ ക്രിസ്ത്യാനി ആയിരിക്കാം, പക്ഷെ സഭാഗം ആയിരിക്കില്ല. സഭാംഗം അല്ലാത്തവര്‍ സഭയെപറ്റി അത്ര ആകുലപ്പെടേണ്ടതുമില്ല.
വൈദികരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ദുഷ്ട ലക്ഷ്യമാണു. വൈദികര്‍ പറഞ്ഞതു കൊണ്ടല്ല, ക്രിസ്തു പറഞ്ഞതു കൊണ്ടാണു സഭയിലും വിശ്വാസങ്ങളിലും ഞങ്ങള്‍ നില്‍ക്കുന്നത്. ഇനി എല്ലാ വൈദികരും ചീത്തയൊന്നുമല്ല. 40,000 വൈദികരുള്ള അമേരിക്കയില്‍ പോലും ഒരു ശതമാനത്തിനെതിരെ മത്രമാണു ആരോപണങ്ങള്‍ ഉയരുന്നത്.
ബിഷപ്പ്, കാനഡയിലെ ഭാര്യ എന്നതൊക്കെ സത്യമാണോ? എങ്കില്‍ അതു വേണ്ട പോലെ വിശ്വാസികള്‍ തന്നെ കൈകാര്യം ചെയ്യണം, ചെയ്യും. മര്യാദക്കു ജീവിക്കാന്‍ പറ്റാത്ത വൈദികനും ബിഷപ്പുമൊക്കെ പുറത്തു പോകണം. അതില്‍ വിട്ടു വീഴ്ചയുടെ പ്രശ്‌നമില്ല. അത്തരക്കാരെ ചുമന്നു നാറാന്‍ വിശ്വാസിയെ കിട്ടില്ല.
വിമര്‍ശിക്കാന്‍ സഭാംഗങ്ങള്‍ ഒട്ടും പിന്നില്‍ അല്ലെന്നാണു ഭൂമി ഇടപാട് തെളിയിച്ചത്. വൈദികര്‍ തന്നെയാണു ആ നാണം കെട്ട ഇടപാട് വെളിച്ചത്തു കൊണ്ടു വന്നത്. അങ്ങനെ വേണം താനും.
ഇന്ത്യന്‍ നിയമം അനുസരിച്ചല്ല സ്വത്തുക്കള്‍ ഭരിക്കുന്നതെന്നു ആരു പറഞ്ഞു? ഇന്ത്യന്‍ നിയമത്തിനു വിരുദ്ധമായ ഒരു കാര്യവും സഭ ചെയ്യുന്നില്ല, ചെയ്യാനുമാവില്ല. മെത്രാനെ മാര്‍പാപ്പ നിയമിച്ചതു കൊണ്ട് സ്വത്ത് മാര്‍പാപ്പയുടേത് ആകില്ല.
ഈ പറയുന്നതു പോലെ സ്വത്ത് സഭക്കില്ല. ഓരോ ഇടവകയും എടുക്കുക. കഷ്ടിച്ചു കഴിഞ്ഞു പോകുന്നവയാണ അവ. ശബരിമല പോലെയോ ഗുരുവായൂര്‍ പോലെയൊ ഒന്നും പണം ക്രൈസ്തവ ദേവാലയങ്ങളില്‍ കിട്ടുന്നില്ല. മാതാ അമ്രുതാനന്ദമയിയെപ്പോലെ ഒരു ദിവ്യ വ്യക്തിയും ഇല്ല താനും. പണം ഇല്ലാഞ്ഞിട്ടാണല്ലോ കൊച്ചിയില്‍ ഭൂമി വിറ്റത്.
സഭയുടെ സ്വഠിനു സര്‍ക്കാരിനു ഒരു കാര്യവുമില്ല. ലോകത്തെല്ലായിടത്തും അങ്ങനെ തന്നെ. ക്ഷേത്ര സ്വത്തും വിശ്വസികളുടെ ഭരണത്തിനു വിടണം. വിടാത്തതിനു മതിയായ കാരണം കാണും.
ഇനി ചര്‍ച്ചിയാനിറ്റി എന്ന വാക്ക്. ഞങ്ങള്‍ ഇങ്ങനെ ഒക്കെ കഴിഞ്ഞോളാം. നിങ്ങളൊക്കെ ഭയങ്കരരും ദൈവത്തില്‍ നിന്നു നേരിട്ടു കാര്യങ്ങള്‍ അറിയുന്നവരും. ഞങ്ങളെ വെറുതെ വിടുക.
നിങ്ങളില്‍ പലര്‍ക്കും ബൈബിള്‍ വാക്യം പോലും നാണക്കേടുണ്ടാക്കുന്നു എന്നറിയാം. അല്‍മായ ശബ്ദത്തിലാണെന്നു തോന്നുന്നു, 'ഞങ്ങള്‍ പാപത്താല്‍ ഉരുവാക്കപ്പെട്ടു' എന്നത് മാറ്റണമെന്നു കണ്ടു. മാതപിതാക്കളുടെ സ്‌നേഹത്താലാണു ഉണ്ടായതെന്നു ന്യായം.
ആട്ടെ, ക്രൈസ്തവ വിശ്വാസത്തിന്റെ ഒരു അടിസ്ഥാന പ്രമാണം ക്രിസ്തുവിന്റെ തത്വങ്ങളെ ലോകം മുഴുവ അറിയിക്കണമെന്നതാണ്. അതിനു നിങ്ങള്‍ എന്തു ചെയ്തു? അതു നാണക്കേടായിരിക്കും എന്നറിയാം. ജീവത്യാഗം ചെയ്തും വിശ്വാസം കാക്കുന്നതൊക്കെ മണ്ടത്തരം ആണെന്നും കരുതുന്നുണ്ടാവുമല്ലോ. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക