Image

കലാകേരളം നിറഞ്ഞ പ്രാര്‍ഥനയില്‍: ജഗതിയുടെ തിരിച്ചു വരവിനായ്‌...

Published on 16 March, 2012
കലാകേരളം നിറഞ്ഞ പ്രാര്‍ഥനയില്‍: ജഗതിയുടെ തിരിച്ചു വരവിനായ്‌...
ജഗതി ശ്രീകുമാര്‍ അപകടനില പൂര്‍ണ്ണമായും മറികടന്നവെന്ന ശുഭവാര്‍ത്തയാണ്‌ വാര്‍ത്തയാണ്‌ ഇപ്പോള്‍ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ നല്‍കുന്നത്‌. പക്ഷെ വലിയ അപകടം സൃഷ്‌ടിച്ച ആഘാതവും, തുടര്‍ച്ചയായി നടത്തേണ്ടി വന്ന നാല്‌ ശസ്‌ത്രക്രീയകളും ശാരീരകമായി വലിയ തളര്‍ച്ച നല്‍കുമെന്നതിനാല്‍ ജഗതി ബോധാവസ്ഥയിലേക്ക്‌ എപ്പോള്‍ തിരിച്ചെത്തുമെന്ന്‌ ഇപ്പോഴും പറയാറായിട്ടില്ല. ശരീരത്തില്‍ സ്‌പര്‍ശിക്കുന്നത്‌ അദ്ദേഹത്തിന്‌ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. എന്തായാലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജഗതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നുവെന്നാണ്‌ മിംസ്‌ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്‌.

കഴിഞ്ഞ ശനിയാഴ്‌ച കാലിക്കട്ട്‌ സര്‍വ്വകലാശാലയ്‌ക്കു സമീപം പാണമ്പ്രയിലെ വളവില്‍ വെച്ചാണ്‌ ജഗതി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ അപകടം സംഭവിച്ചത്‌. അപകടം നടന്ന സ്ഥലത്തേക്ക്‌ രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം ഓടിയെത്തിയ മണല്‍ വാരല്‍ തൊഴിലാളി ബിജുവും പിന്നീട്‌ യാദൃശ്ചികമായി അതുവഴി കടന്നു പോയ ആബുംലന്‍സുമാണ്‌ ജഗതിയെ വേഗം തന്നെ ഹോസ്‌പിറ്റലിലെത്തിക്കാന്‍ സഹായിച്ചത്‌. ആംബുലന്‍സില്‍ രണ്ട്‌ നഴ്‌സുമാര്‍ ഉണ്ടായിരുന്നു. അവര്‍ അപ്പോള്‍ തന്നെ പ്രഥമശ്രൂശ്രൂഷ നല്‍കിയാണ്‌ ജഗതിയെ ആശുപത്രിയിലെത്തിച്ചത്‌. ബിജുവിനെയും പിന്നെ സജ്ജമായ ആബുലന്‍സിനെയും അപ്പോള്‍ അവിടെ എത്തിച്ചത്‌ ദൈവഹിതമെന്നാണ്‌ ആശുപത്രിയിലേക്ക്‌ ആദ്യം ഓടിയെത്തിയ തിരക്കഥാകൃത്ത്‌ ടി.എ റസാഖ്‌ പറഞ്ഞത്‌. ജഗതിയുടെ ജീവന്‍ രക്ഷിച്ചത്‌ ബിജുവും അപ്രതീക്ഷിതമായി എത്തിയ ആബുലന്‍സുമായിരുന്നു. ഗുരുതരമായ പരുക്കേറ്റ ജഗതിയെ പ്രവേശിപ്പിച്ച കോഴിക്കോട്‌ മിംസ്‌ ആശുപത്രി പരിസരത്ത്‌ അപകടം സംഭവിച്ച ദിവസം മുതല്‍ ദിനംപ്രതി ആയിരങ്ങളാണ്‌ മലയാളത്തിന്റെ പ്രീയനടന്റെ വിവരങ്ങളറിയാന്‍ തടിച്ചു കൂടുന്നത്‌. അദ്ദേഹത്തിന്‌ രക്തം ആവിശ്യപ്പെട്ട്‌ ആശുപത്രി അധികൃതരില്‍ നിന്നും അറിയിപ്പു വന്നയുടന്‍ തന്നെ ആയിരങ്ങളാണ്‌ രക്തദാനം നടത്താന്‍ വേണ്ടി ആശുപത്രിയിലേക്ക്‌ എത്തിയത്‌.

ആയിരത്തോളം സിനിമകളില്‍ ഹാസ്യരസം നിറഞ്ഞ കഥാപാത്രങ്ങളുമായി മലയാളികളെ കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ജഗതിയെ കലാകേരളം എത്രത്തോളം തിരിച്ചു സ്‌നേഹിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന മിംസ്‌ ആശുപത്രിക്കു മുമ്പില്‍ ദിവസങ്ങളേറെ കഴിഞ്ഞിട്ടും ഒഴിയാതെ നില്‍ക്കുന്ന ആള്‍ത്തിരക്ക്‌. എല്ലാവര്‍ക്കും അറിയേണ്ടത്‌ ഒന്നുമാത്രമാണ്‌ ജഗതി എപ്പോള്‍ തിരിച്ചെത്തും. ആശുപത്രിയില്‍ ജഗതിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ ഫോണുകളും നിര്‍ത്താതെ ശബ്‌ദിക്കുന്നുണ്ട്‌. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള എത്രയോ മലയാളികള്‍ ഒരോ നിമിഷവും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച്‌ വിളിച്ചു തിരക്കിക്കൊണ്ടേയിരിക്കുന്നു.

ആരോഗ്യനില വീണ്ടെടുത്താലും അഭിനയരംഗത്തേക്ക്‌ തിരിച്ചുവരാന്‍ കുറഞ്ഞത്‌ ആറുമാസമെങ്കിലും ജഗതിക്ക്‌ വേണ്ടിവരുമെന്നാണ്‌ ആദ്യ ദിവസങ്ങളില്‍ ഡോക്‌ടര്‍മാര്‍ അറിയിച്ചത്‌. എന്നാല്‍ കുറഞ്ഞത്‌ ഒരു വര്‍ഷമെങ്കിലും പൂര്‍ണ്ണ വിശ്രമം വേണ്ടിവരുമെന്നും ഇപ്പോള്‍ പറയപ്പെടുന്നു. വരും ദിവസങ്ങളില്‍ ജഗതിയുടെ ആരോഗ്യനില നിരീക്ഷിച്ചതിനു ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയു എന്നാണ്‌ മിംസ്‌ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്‌.

നിലവില്‍ പത്തോളം മലയാള സിനിമകളില്‍ അഭിനയിച്ചു വരുകയായിരുന്നു ജഗതി ശ്രീകുമാര്‍. ജയറാം ചിത്രമായ തിരുവമ്പാടി തമ്പാന്‍, ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി, ബി.ഉണ്ണികൃഷ്‌ണന്റെ ഗ്രാന്റ്‌ മാസ്റ്റര്‍, ഷാജി കൈലാസിന്റെ കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍, പൃഥ്വിരാജ്‌ ചിത്രമായ മാസ്റ്റേഴ്‌സ്‌, ആസിഫ്‌ അലി ചിത്രമായ കൗബോയ,്‌ സ്‌ട്രീറ്റ്‌ ലൈറ്റ്‌, ബോംബെ മിഠായി, എന്നീ ചിത്രങ്ങളിലാണ്‌ അദ്ദേഹം അഭിനയിച്ചു വന്നത്‌. ജഗതിയെ കാസ്റ്റ്‌ ചെയ്‌തിരുന്ന അഞ്ചോളം ചിത്രങ്ങള്‍ ഉടന്‍ ആരംഭിക്കാനും തയാറെടുക്കുകയായിരുന്നു.

തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ തൃശ്ശൂര്‍ ലൊക്കേഷനില്‍ നിന്നും ലെനില്‍ രാജേന്ദ്രന്‍ ചിത്രമായ ഇടവപ്പാതിയുടെ ലൊക്കേഷനിലേക്ക്‌ പോകും വഴിയായിരുന്നു ജഗതിക്ക്‌ അപകടം സംഭവിച്ചത്‌. തന്റെ ജോലിയില്‍ വളരെ കൃത്യനിഷ്‌ഠതയോടെയും, തികഞ്ഞ പ്രൊഫഷണലിസത്തോടെയും എന്നും പെരുമാറിയിരുന്ന ജഗതി പരമാവധി സിനിമകളില്‍ തന്റെ ഭാഗങ്ങള്‍ അഭിനയിച്ചു തീര്‍ത്തിരുന്നു. മലയാള സിനിമാ പ്രവര്‍ത്തകരില്‍ എന്നും ജഗതിയെ വേറിട്ടു നിര്‍ത്തിയും പ്രൊഫഷനോടുള്ള ഈ ആത്മാര്‍ഥമായ സമീപനമാണ്‌. കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍, മാസ്റ്റേഴ്‌സ്‌, കൗബോയ്‌ തുടങ്ങിയ ചിത്രങ്ങളുടെ ഡബ്ബിംഗ്‌ അടക്കമുള്ള ജോലികള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. ഈ ചിത്രങ്ങള്‍ ഉടന്‍ തന്നെ തീയേറ്ററുകളിലെത്തും. ഈ ചിത്രങ്ങളില്‍ ജഗതിയുടേത്‌ വളരെ പ്രധാനപ്പെട്ട റോളായിരുന്നു. തിരുവമ്പാടി തമ്പാന്‍, ഗ്രാന്റ്‌ മാസ്റ്റര്‍ എന്നീ സിനിമകളിലും ജഗതി ഏതാണ്ടത്‌്‌ മുഴവന്‍ സമയകഥാപാത്രമായിട്ടായിരുന്നു അഭിനയിച്ചു വന്നത്‌. ഈ ചിത്രങ്ങളുടെ ഡബ്ബിംഗ്‌ ജോലികള്‍ ഇനി പൂര്‍ത്തിയാക്കാനുണ്ട്‌. ഈ ചിത്രങ്ങളില്‍ ജഗതിക്ക്‌ വേണ്ടി മറ്റാരെങ്കിലും ശബ്‌ദം നല്‍കിയാവും റിലീസ്‌ ചെയ്യുക.

എന്നും മലയാള സിനിമാ ലൊക്കേഷനുകളിലെ നിറ സാന്നിധ്യമായിരുന്നു ജഗതി. തന്റെ റോളിന്റെ വലുപ്പം നോക്കാതെ തന്നെ സമീപിക്കുന്ന സിനിമകളുമായി പരമാവധി സഹകരിക്കാനാണ്‌ ജഗതി ശ്രമിച്ചിരുന്നത്‌. ഒരു വര്‍ഷം ശരാശരി അറുപത്‌ മലയാള സിനിമകള്‍ റിലീസ്‌ ചെയ്യുന്ന കേരളത്തില്‍ ശരാശരി ഇരുപത്‌ - മുപ്പത്‌ സിനിമകളിലും ജഗതി അഭിനയിച്ചിട്ടുണ്ടാകും. മുപ്പതു വര്‍ഷമായി മലയാളിക്ക്‌ അല്‌പം പോലും മടുക്കാത്ത ഹാസ്യാഭിനയമാണ്‌ ജഗതിയെ സിനിമകള്‍ക്ക്‌ ഇത്രത്തോളം പ്രീയങ്കരനാക്കിയത്‌. ഓടിനടന്ന്‌ അഭിനയിക്കുന്ന തന്റെ ശൈലിക്ക്‌ ഒരു തിയറിയും അദ്ദേഹം നല്‍കിയിരുന്നു. `താനൊരു വാടക സൈക്കിളാണ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ തിയറി. സൈക്കിള്‍ വാടയ്‌ക്ക്‌ ആരു ചോദിച്ചാലും നല്‍കും. നന്നായി സൈക്കിള്‍ ചവിട്ടാനറിയുന്നവന്‌ തന്നിലെ അഭിനേതാവിനെ നന്നായി ഉപയോഗിക്കാന്‍ കഴിയും. അല്ലാത്തവര്‍ ചിലപ്പോള്‍ മോശമായി ഉപയോഗിക്കും. പക്ഷെ ഞാന്‍ എന്റെ ജോലി തികഞ്ഞ പ്രൊഫഷണലായി ചെയ്യും.' ഇതായിരുന്നു ജഗതിയുടെ അഭിനയ ജീവിതത്തിന്റെ തിയറി.

മലയാള സിനിമയെ ജഗതി പഠിപ്പിച്ച പ്രൊഫഷണലിസം തന്നെയാണ്‌ ഇന്ന്‌ കോഴിക്കോട്‌ മിസ്‌ ആശുപത്രിക്ക്‌ മുമ്പില്‍ സിനിമക്കാരുടെ നീണ്ടനിര പ്രാര്‍ഥനയുമായി നില്‍ക്കാന്‍ കാരണമാകുന്നത്‌. മലയാള സിനിമയുടെ പ്രീയപ്പെട്ട അമ്പളിച്ചേട്ടന്‍ എത്രയും വേഗം മടങ്ങിവരാന്‍ അവരെല്ലാം ആത്മാര്‍ഥതയോടെ പ്രാര്‍ഥിക്കുന്നു. അതുപോലെ തന്നെ ജഗതിയന്‍ ഹ്യൂമറുകളെ എന്നും സ്‌നേഹിച്ച മലയാളി പ്രേക്ഷകരും. ഈ പ്രാര്‍ഥനകള്‍ മലയാള സിനിമയിലേക്ക്‌ ജഗതിയെ തിരിച്ചുകൊണ്ടുവരുക തന്നെ ചെയ്യും. ഏത്‌ അപകടത്തെയും തരണം ചെയ്യാനുള്ള മനക്കരുത്ത്‌ ജഗതിക്കുണ്ടെന്ന്‌ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ വിശ്വാസത്തോടെ പറയുന്നു. അത്‌ സത്യവുമാണ്‌. ഏത്‌ പ്രതിസന്ധിയിലും തളരാതെ മുന്നോട്ടു പോയ ചരിത്രമാണ്‌ എന്നും ജഗതിയുടേത്‌. ഇവിടെയും അതു തന്നെ സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കാം. ഏറ്റവും വേഗത്തില്‍ മലയാള സിനിമയിലെ ചിരിയുടെ അമരക്കാരന്‍ തിരിച്ചെത്തുക തന്നെ ചെയ്യും.
കലാകേരളം നിറഞ്ഞ പ്രാര്‍ഥനയില്‍: ജഗതിയുടെ തിരിച്ചു വരവിനായ്‌...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക