Image

നാവിന്റെ ശക്തിയും നോമ്പിന്റെ ഭക്തിയും

ജോസ്‌ മാളേയ്‌ക്കല്‍ Published on 16 March, 2012
നാവിന്റെ ശക്തിയും നോമ്പിന്റെ ഭക്തിയും
ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ വളരെ തീക്ഷ്‌ണതയോടെ 50 ദിവസത്തെ വലിയനോമ്പ്‌ ആചരിക്കുന്ന പുണ്യദിനങ്ങളാണിപ്പോള്‍. പ്രാര്‍ത്ഥനയുടെയും, വൃതാനുഷ്‌ഠാനങ്ങളുടെയും, ഉപവാസത്തിന്റെയും, കാരുണ്യപ്രവര്‍ത്തികളുടെയും, അനുതാപത്തിന്റെയും അരൂപിയിലൂടെ ലോകരക്ഷകനായ യേശുക്രിസ്‌തുവിന്റെ പീഡാനുഭവത്തിന്റെയും, കുരിശുമരണത്തിന്റെയും, ഉത്ഥാനത്തിന്റെയും പുണ്യപാതയിലൂടെ തീര്‍ത്ഥയാത്ര നടത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ ചിന്തകള്‍ക്കായി ഒന്നു രണ്ട്‌ ആശയങ്ങള്‍ ഇവിടെ പങ്കുവക്കാം. സാരോപദേശങ്ങള്‍ മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുന്നതില്‍ നിപുണനായിരുന്ന ഗ്രീസുകാരനായ ഈസോപ്പിനോട്‌ ഒരാള്‍ ചോദിച്ചു. `ലോകത്തില്‍ ഏറ്റവും ഉപയോഗപ്രദമായിട്ടുള്ളതെന്താണ്‌?' അപ്പോള്‍ ഈസോപ്പ്‌ പറഞ്ഞു `നാവ്‌'. `എങ്കില്‍ ലോകത്തില്‍ ഏറ്റവും ഉപദ്രവകാരിയായിട്ടുള്ളതെന്താണ്‌?' `അതും നാവു തന്നെ'

ഈസോപ്പ്‌ പറഞ്ഞതില്‍ വളരെ കാര്യമുണ്ട്‌. നമ്മുടെ നാവുകൊണ്ട്‌ നമുക്കു ചെയ്യാവുന്ന നന്മക്കും, തിന്മക്കും കണക്കില്ല.

ബൈബിള്‍ പഴയനിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്ന (2 രാജാ 14:25) അമിത്തായിയുടെ പുത്രനും ഗത്‌ഹേഫറില്‍നിന്നുള്ള പ്രവാചകനുമായ യോനായെ വിഴുങ്ങിയ തിമിംഗലത്തെക്കുറിച്ച്‌ രസകരമായ ഒരു കഥയുണ്ട്‌.

ദൈവത്തിന്റെ സമ്പേശമലസരിച്ച്‌ നിനെവേ എന്ന മഹാനഗരത്തില്‍ പോയി പ്രസംഗിക്കുന്നതിനുപകരം ദൈവകല്‍പന അനുസരിക്കാന്‍ തയാറാകാതെ ദൈവസന്നിധിയില്‍നിന്ന്‌ ഓടിയൊളിക്കാനായി ദൂരസ്ഥലമായ താര്‍ഷിഷിലേക്കുള്ള കപ്പലില്‍ യാത്രപുറപ്പെട്ട യോനായെ ഒരുപാഠം പഠിപ്പിക്കുന്നതിനായി ദൈവം കടലിലേക്ക്‌ ഒരു വലിയ കൊടുംകാറ്റ്‌ അയക്കുന്നു. കടല്‍ക്ഷോഭത്തില്‍ യോനാ സഞ്ചരിച്ചിരുന്ന കപ്പല്‍ തകരുമെന്നായി. പരിഭ്രാന്തരായ യാത്രക്കാര്‍ സകല ദൈവങ്ങളെയും വിളിച്ചപേക്ഷിച്ചു. ഭാരം
കുറക്കാനായി കപ്പലിലുണ്ടായിരുന്ന ചരക്കുകള്‍ കടലിലേക്കവര്‍ വലിച്ചെറിഞ്ഞു. ഇതൊന്നുമറിയാതെ കപ്പലിന്റെ ഉള്ളറയില്‍ കിടന്നുറങ്ങുന്ന യോനായാണു കടല്‍ക്ഷോഭത്തിനുകാരണമെന്നു നറുക്കെടുപ്പിലൂടെ മനസിലാക്കിയ കപ്പിത്താനും കൂട്ടരും പ്രവാചകനെ കടലിലേക്കു വലിച്ചെറിഞ്ഞു. പെട്ടെന്നു കടല്‍ ശാന്തമായി. യോനാപ്രവാചകന്‍ ചെന്നു വീണതോ ഒരു ഭീമന്‍ തിമിംഗലത്തിന്റെ വായിലും. അപ്രതീക്ഷിതമായി ഒരു വലിയ ഇരയെ കിട്ടിയതില്‍ തിമിംഗലം വളരെ സന്തോഷിച്ചു. പക്ഷേ യോനാപ്രവാചകന്‍ തന്റെ ഉദരത്തിലെത്തിയതുമുതല്‍ തിമിംഗലത്തിനു കലശലായ വയറുവേദന. മൂന്നു ദിവസം മുഴുവന്‍ വയറുവേദനയുമായി ആ കൂറ്റന്‍ മല്‍സ്യം കടലിലൂടെയലഞ്ഞു. സഹികെട്ടപ്പോള്‍ പ്രവാചകനെ മല്‍സ്യഭീമന്‍ കരയിലേക്കു ഛര്‍ദ്ദിച്ചു. ഉടനെ തിമിംഗലത്തിന്റെ വയറുവേദന മാറി.

വയറുവേദന മാറിയതിലൂള്ള സന്തോഷത്താല്‍ തിമിംഗലം പ്രവാചകനോടു പറഞ്ഞു. `അങ്ങയെ വിഴുങ്ങിയത്‌ എന്റെ കാലക്കേടെന്നല്ലാതെന്തു പറയാന്‍'. അപ്പോള്‍ യോനാപ്രവാചകന്‍ പറഞ്ഞു: `നീ ആവശ്യമില്ലാതെ വായ്‌ തുറന്നതല്ലേ ഇതിനെല്ലാം കാരണം. ഇനിയെങ്കിലും ആവശ്യമുള്ളപ്പോള്‍ മാത്രം വായ്‌ തുറക്കാന്‍ പഠിക്കൂ'.

കഥ സാങ്കല്‍പ്പിതമാണെങ്കിലും യോനാപ്രവാചകന്‍ നല്‍കിയ ഈ ഉപദേശം തിമിംഗലത്തേക്കാള്‍ ഏറ്റവും ആവശ്യമായിരിക്കുന്നത്‌ നമ്മളില്‍ പലര്‍ക്കുമാണ്‌. അവസരത്തിലും അനവസരത്തിലും ഒരുപോലെ വായ്‌ തുറക്കുന്നവരെ നമുക്കു ചുറ്റും ധാരാളം കാണാന്‍ സാധിക്കും. വായ്‌ തുറന്നാല്‍ എന്താണു പറയേണ്ടതെന്നോ, എങ്ങനെയാണു കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ അരോചകമാകാതെ അവതരിപ്പിക്കുകയെന്നോ, എപ്പോഴാണു വായ്‌ അടക്കേണ്ടതെന്നോ അവര്‍ക്കറിയില്ല. അതിന്റെ ഫലമോ? അവര്‍ക്കെന്നതുപോലെ മറ്റുള്ളവര്‍ക്കും എന്നും വയറുവേദനയും, മാനസിക പിരിമുറുക്കവും.
ആലോചിച്ചു നോക്കൂ. നമ്മുടെയൊക്കെ ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും മന:പ്രയാസങ്ങള്‍ക്കും, വേദനകള്‍ക്കും കാരണം നമ്മളോ മറ്റാരെങ്കിലുമോ അനവസരത്തില്‍ വായ്‌ തുറക്കുന്നതല്ലേ? കുടുംബങ്ങളിലും, പൊതുസദസുകളിലും, രാഷ്ട്രീയ പാര്‍ട്ടികളിലും, കലാസാംസ്‌കാരികമത സംഘടനകളിലും, ദേവാലയങ്ങളിലും, സമൂഹങ്ങളിലും, ജോലിസ്ഥലങ്ങളിലും നാം കാണുന്ന പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നത്‌ ആരെങ്കിലും അനാവശ്യമായി വായ്‌ തുറക്കുന്നതുകൊണ്ടല്ലേ? വേണ്ടത്ര ആല്‍മസംയമനം പാലിച്ചുകൊണ്ട്‌ നിശബ്ദത പാലിക്കേണ്ട കാര്യങ്ങളിലും സമയങ്ങളിലും നമ്മള്‍ വായ്‌
തുറക്കാതിരിക്കുകയാണെങ്കില്‍ പലപ്രശ്‌നങ്ങളും അതുവരുത്തിവക്കുന്ന വേദനകളും നമുക്കൊഴിവാക്കാനാകും. വേണ്ടപ്പോള്‍ മാത്രം നാമെല്ലാംവേണ്ടരീതിയില്‍ വായ്‌ തുറന്നു സംസാരിക്കുകയാണെങ്കില്‍ നമ്മുടെയും നമ്മോടിടപെടുന്നവരുടെയും ജീവിതം സന്തോഷപൂരിതമാകുമെന്നു മാത്രമല്ല കൃപനിറഞ്ഞതുമായിരിക്കും. നമ്മള്‍ മറ്റുള്ളവരെ വിധിക്കാന്‍ ശ്രമിച്ചാല്‍ അതേ അളവുകോലുകൊണ്ടുതന്നെ നാമും വിധിക്കപ്പെടും. കൈവിട്ട ആയുധവും, വാവിട്ട വാക്കും ഒരുപോലെ അപകടകാരികളാണ്‌. രണ്ടും തിരിച്ചെടുക്കാനാവില്ല. അതുപോലെ തന്നെ നിര്‍ബന്ധമായും ചിലപ്പോഴെങ്കിലും നാം വായ്‌
തുറക്കേണ്ടതും ആവശ്യമാണ്‌. പ്രത്യേകിച്ചും നമ്മുടെ മൗനം തെറ്റിനെ അംഗീകരിക്കുന്നതുപോലെയായിത്തീരുന്ന അവസരങ്ങള്‍ വരുമ്പോള്‍. സത്യത്തിനും, നീതിക്കുംവേണ്ടി നമ്മുടെ നാവ്‌ ശക്തമായി സംസാരിക്കണം. എങ്കില്‍ മാത്രമേ സമൂഹത്തെ മാറ്റിമറിക്കാന്‍ നമുക്കാവുകയുള്ളു.

നമ്മുടെ പ്രോല്‍സാഹനവചസുകള്‍ക്കു മറ്റുള്ളവരില്‍, പ്രത്യേകിച്ച്‌ ബാലമനസുകളില്‍ നല്ല സ്വാധീനമാണുള്ളത്‌. അവസരത്തിനൊത്ത പ്രോല്‍സാഹനവും, അഭിനന്ദനവുമൊക്കെ മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ നമുക്കു സാധിച്ചാല്‍ അതു വലിയൊരു സേവനമായിരിക്കും. അതുപോലെതന്നെ മറ്റുള്ളവരുടെ ആല്‍മവിശ്വാസവും, ഉന്മേഷവും തകര്‍ക്കുന്ന രീതിയിലുള്ള കുറ്റം പറച്ചിലുകളും, വിമര്‍ശനങ്ങളും നാം ഒഴിവാക്കണം. കാരണം നാം ഉദ്ദേശിക്കുന്നില്ലെങ്കില്‍കൂടി അങ്ങനെയുള്ള പ്രവൃത്തി മറ്റുള്ളവരുടെ വളര്‍ച്ചക്കും, വിജയത്തിനും വിഘാതമായിത്തീരും. നമ്മുടെ വാക്കുകളും, പ്രവൃത്തികളും മറ്റുള്ളവരുടെ ഉയര്‍ച്ചക്കും, നന്മക്കും പ്രോല്‍സാഹനവും, ഉത്തേജനവും നല്‍കുന്ന രീതിയിലുള്ളതാവട്ടെ. അതുകൊണ്ട്‌ നമുക്കൊരുനഷ്ടവും ഉണ്ടാകാന്‍ പോകുന്നില്ല. എന്നാല്‍ അതു മറ്റുള്ളവരിലുളവാക്കുന്ന ആല്‍മവിശ്വാസവും, സംതൃപ്‌തിയും പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരിക്കും.

മറ്റുള്ളവരെ മന:പൂര്‍വം വേദനിപ്പിക്കാന്‍ വേണ്ടി നാമാരും ഒന്നും പറയുന്നില്ലായെങ്കിലും, വേണ്ടവണ്ണം ആലോചിക്കാതെയും, നിയന്ത്രണ മില്ലാതെയും നാം പറയുന്ന ഓരോരോ കാര്യങ്ങള്‍ മറ്റുള്ളവരെ ആഴത്തില്‍ വേദനിപ്പിക്കുന്നുണ്ടെന്നതില്‍ സംശയം വേണ്ട.

പലരുടെയും നാവുകള്‍ അവരുടെ മൂക്കുകള്‍ തകര്‍ക്കപ്പെടാന്‍ ഇടയാക്കുന്നു എന്ന്‌ ഏതോ ഒരു ഗ്രന്ഥകാരന്‍ എഴുതിയതായി ഓര്‍മ്മിക്കുന്നു. ഒരു പക്ഷേ നമ്മുടെ നാവിന്റെ പിഴവുമൂലം മൂക്കിനു പരുക്കൊന്നും ഇതുവരെ പറ്റിയിട്ടില്ലായിരിക്കാം. എന്നാല്‍ അതുകൊണ്ട്‌ നമ്മുടെ നാവുകള്‍ ആരെയും വേദനിപ്പിക്കുന്നില്ലാ എന്നു
നാം കരുതേണ്ടാ. പലപ്പോഴും മറ്റുള്ളവരുടെ മാന്യതകൊണ്ട്‌ അവര്‍ നിശബ്ദത പാലിക്കുന്നു എന്നു നാം കരുതിയാല്‍ മതി.

മറ്റുള്ളവര്‍ നാം ചിന്തിക്കുന്ന രീതിയില്‍ ചിന്തിക്കാതെയും, നാം പ്രതീക്ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാതെയും വരുമ്പോള്‍ നമുക്കവരോട്‌ ഒത്തുപോകാന്‍ ബുദ്ധിമുട്ടുണ്ടാവും. എന്നാല്‍ മറ്റുള്ളവര്‍ ചിന്തിക്കുന്ന രീതിയില്‍ നാം ചിന്തിക്കണമെന്നും, അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ നാം പ്രവര്‍ത്തിക്കണമെന്നും അവര്‍ ശാഠ്യം പിടിക്കുന്നു എന്നു കരുതുക. അപ്പോള്‍ അതേക്കുറിച്ച്‌ നമ്മുടെ പ്രതികരണം എന്തായിരിക്കും എന്നാലോചിച്ചുനോക്കുന്നതു നന്നായിരിക്കും.
മറ്റുള്ളവര്‍ നമ്മെ നാം ആയിരിക്കുന്നരീതിയില്‍ മനസിലാക്കണമെന്നും, അതനുസരിച്ച്‌ അവര്‍ നമ്മോടു പെരുമാറണമെന്നും നമുക്കാഗ്രഹമുണ്ട്‌. എന്നാല്‍ മറ്റുള്ളവര്‍ നമ്മില്‍നിന്ന്‌ ഇങ്ങനെ പ്രതീക്ഷിക്കുമ്പോള്‍ നാം ഏതു രീതിയിലായിരിക്കും പ്രതികരിക്കുക. നാം അവരോടു ധാരണയോടെ പെരുമാറുമോ? മറ്റുള്ളവരെ മനസിലാക്കാന്‍ ശ്രമിക്കണം എന്നു പറയുമ്പോള്‍ അവര്‍ പറയുന്നതെല്ലാം അതേപടി അംഗീകരിക്കണമെന്നു വിവക്ഷയില്ല. മറ്റുള്ളവരെ മനസിലാക്കുക എന്നു പറഞ്ഞാല്‍ അവര്‍ പറയുന്നതിന്റെ അര്‍ത്ഥം മനസിലാക്കുകയും, അവരുടെ വികാരം ഉള്‍ക്കൊള്ളുകയും, അവര്‍ പറയുകയും, ചെയ്യുകയും ചെയ്യുന്നതിന്റെ കാരണമെന്തെന്ന്‌ അറിയാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണു. മറ്റുള്ളവരെ മനസിലാക്കാനും അവരോട്‌ ധാരണയോടെ പെരുമാറാനുമുള്ള വലിയ മനോഭാവം നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കുക എന്നതു വലിയ കാര്യമാണു.

അധികാരസ്ഥാനങ്ങളിലുള്ളവരും, മേലുദ്യോഗസ്ഥരും, സഭാനേതാക്കന്മാരും തങ്ങളുടെ കീഴിലുള്ള ആള്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളില്‍ അവരെ അകമഴിഞ്ഞ്‌ അഭിനന്ദിക്കുയും, പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ അവര്‍ ചെയ്യുന്ന നിസ്വാര്‍ദ്ധ സേവനം തുടര്‍ന്നും ലഭിക്കുകയുള്ളു. വിദ്യാഭ്യാസംകൊണ്ടും, അറിവുകൊണ്ടും, നമ്മേക്കാള്‍ താഴ്‌ന്നനിലയിലുള്ളവരില്‍നിന്നും, കീഴ്‌ജീവനക്കാരില്‍നിന്നും, ബഹുമാനവും ആദരവും നാം പ്രതീക്ഷിക്കുന്നുവെങ്കില്‍ നാമും അവരോട്‌ ആദരവോടെ പെരുമാറണം. ഞാന്‍ നിങ്ങളുടെ നേതാവാണ്‌, മേലധികാരിയാണ്‌ അതുകൊണ്ട്‌ നിങ്ങളെല്ലാവരും എന്നെ ബഹുമാനിക്കണം എന്ന നിലപാടിനേക്കാള്‍ എത്രയോ ഫലവത്താണ്‌
നമ്മുടെ നല്ല പെരുമാറ്റരീതികളിലൂടെയും, ഹൃദ്യമായ സംസാരരീതികളിലൂടെയും മറ്റുള്ളവരുടെ ആദരവും സ്‌നേഹവും പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നത്‌. സ്‌നേഹബഹുമാനങ്ങള്‍ ഒരാള്‍ മനസറിഞ്ഞു നല്‍കേണ്ടതാണ്‌. കണ്ണുരുട്ടിയോ, ശകാരവര്‍ഷങ്ങള്‍ ചൊരിഞ്ഞോ, ഭീഷണിപ്പെടുത്തിയോ അതാര്‍ക്കും പിടിച്ചുമേടിക്കാന്‍ സാധിക്കുകയില്ല.

നമ്മുടെ വായില്‍നിന്നും പുറപ്പെടുന്ന സുഗന്ധവചസുകള്‍ക്ക്‌ അനേകായിരങ്ങളുടെ ഹൃദയമുറിവുകള്‍ ഉണക്കാന്‍ സാധിക്കും. വായില്‍നിന്നു ദുര്‍ഗന്ധം വമിപ്പിക്കുന്നതിനുപകരം നല്ല പരിമളം പുറപ്പെടുവിച്ച്‌ മറ്റുള്ളവരെയും സുഗന്ധപൂരിതമാക്കുക. നമ്മുടെ നാവിന്‍ തുമ്പില്‍നിന്നും വരുന്ന നന്മയുടെ
പ്രകാശത്തിലേക്ക്‌ നമുക്കായിരങ്ങളെ നയിക്കാനാകും വേണ്ടരീതിയില്‍ നാം നമ്മുടെ നാവു ചലിപ്പിച്ചാല്‍. ഭൂഗോളത്തിന്റെ എല്ലാ കോണുകളിലുമുള്ള ക്രൈസ്‌തവസമൂഹം വലിയ നോമ്പാചരിക്കുന്ന ഈ പുണ്യകാലത്തിലെങ്കിലും നാവുകൊണ്ടുള്ള നരഹത്യ നമുക്ക്‌ ഒഴിവാക്കാം. പകരം അതേ നാവുതന്നെ കുടുംബനന്മക്കായി, സമൂഹനന്മക്കായി അതുവഴി ലോകരക്ഷക്കായി ദൈവവചസുകളും, പ്രാര്‍ത്ഥനാമന്ത്രങ്ങളും ഉരുവിടട്ടെ.

`ചെറുതെങ്കിലുമന്‍പെഴുന്ന വാക്കൊരുവന്നുത്സവമുള്ളിലേകിടും ചെറുപുഞ്ചിരിതന്നെ ഭൂമിയെ പരമാനന്ദ നിവാസമാക്കിടും.'
നാവിന്റെ ശക്തിയും നോമ്പിന്റെ ഭക്തിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക