Image

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന വിജയക്കുതിപ്പ് തുടങ്ങി

Published on 14 March, 2012
സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന വിജയക്കുതിപ്പ് തുടങ്ങി
ബേസല്‍: 2012ലെ സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ തന്റെ കന്നിമത്സരത്തില്‍ ഇന്ത്യയുടെ ലോക മൂന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ സൈന നെഹ്‌വാളിന് വിജയം. ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയായ സൈന ജപ്പാന്റെ സയാക്ക സാട്ടൊവിനെയാണ് ആദ്യമത്സരത്തില്‍ തകര്‍ത്തത്. സ്‌കോര്‍: 21 - 18, 21 - 8. നെതര്‍ലന്‍ഡിന്റെ ജൂഡിത്ത് മെവുലെന്‍ഡിക്‌സിന്‍ ആണ് അടുത്ത റൗണ്ടില്‍ സൈന നെഹ്‌വാളിന്റെ എതിരാളി. 

അതേസമയം, 2010ലെ ദേശീയ ജൂണിയര്‍ ചാമ്പ്യനും ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയുമായിരുന്ന സിന്ധു പി.വിക്ക് പരാജയം നേരിട്ടു. നെതര്‍ലന്‍ഡിന്റെ ജീ യാവോടാണ് സിന്ധു പരാജപ്പെട്ടത്. സ്‌കോര്‍: 21 - 18, 18 -21, 21 -19. ശക്തമായ പോരാട്ടം കാഴ്ചവച്ചശേഷമായിരുന്നു സിന്ധുവിന്റെ കീഴടങ്ങല്‍. സിന്ധുവായിരുന്നു ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞതാരം. 

പുരുഷന്‍മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ രൂപേഷ്‌കുമാര്‍ - സനേവ് തോമസ് സഖ്യം വിജയിച്ചു. നെതര്‍ലന്‍ഡിന്റെ റൂഡ് ബോഷ് - കോയെന്‍ റൈഡര്‍ സഖ്യത്തെയാണ് രൂപേഷ് - സനേവ് സഖ്യം പരാജയപ്പെടുത്തിയത്. 

സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലിലെ സെന്റ് യാക്കോബ്‌സ് ഹാളില്‍ ആരംഭിച്ച ടൂര്‍ണമെന്റ് 18 ന് സമാപിക്കും. 1,25,000 യുഎസ് ഡോളര്‍ (ഏകദേശം 63 ലക്ഷം രൂപ) ആണ് ടൂര്‍ണമെന്റിലെ സമ്മാനത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക