Image

സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ യുവതിയെ സഹായിക്കാനെത്തിയവര്‍ വാഹനവുമായി കടന്നു

Published on 14 March, 2012
സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ യുവതിയെ സഹായിക്കാനെത്തിയവര്‍ വാഹനവുമായി കടന്നു
വൈറ്റില: സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു സഹായിക്കാനെത്തിയ യുവാക്കള്‍ യുവതിയെ കബളിപ്പിച്ച് വാഹനവുമായി കടന്നുകളഞ്ഞു. ഇന്നലെ വൈകിട്ട് ആറുമണിയോടെ വൈറ്റില ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായ ചേപ്പനം സ്വദേശിനിയായ ഇന്ദു വൈറ്റിലക്കു സമീപത്തെത്തിയപ്പോള്‍ ഫോണില്‍ സംസാരിക്കാനായി അവര്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയശേഷം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സെല്‍ഫ് സ്റ്റാര്‍ട്ടര്‍ പ്രവര്‍ത്തിച്ചില്ല. 


ഈ സമയം അല്പം അകലെ നിന്നും സംഭവം കാണുകയായിരുന്ന രണ്ടു യുവാക്കള്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു സഹായിക്കാമെന്ന വാഗ്ദാനവുമായി യുവതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കിക്കര്‍ ചവിട്ടി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തശേഷം ഒപ്പം ഉണ്ടായിരുന്ന രണ്ടാമനേയും പുറകില്‍ കയറ്റി ഞൊടിയിടയില്‍ വാഹനവുമായി കടന്നുകളയുകയായിരുന്നു. യുവതി ഒച്ചവച്ച് ആളുകളെ വിളിച്ചുകൂട്ടിയെങ്കിലും വൈറ്റിലയില്‍ നിന്നും അരൂര്‍ഭാഗത്തേക്ക് മിന്നല്‍ വേഗത്തില്‍ സ്‌കൂട്ടര്‍ പാഞ്ഞു പോവുകയായിരുന്നുവത്രെ. തന്റെ ഹോണ്ട ഡിയോ സ്‌കൂട്ടര്‍ തട്ടിക്കൊണ്ടുപോയതായി കാണിച്ച് പനങ്ങാട് പോലീസില്‍ യുവതി പരാതി നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക