Image

നന്മ നിറഞ്ഞവര്‍ (കഥ: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 05 January, 2018
നന്മ നിറഞ്ഞവര്‍ (കഥ: ഡോ.ഈ.എം.പൂമൊട്ടില്‍)
മാതൃകാ അദ്ധ്യാപകന്‍ എന്ന അവാര്‍ഡ് ലഭിച്ചിട്ടുള്ള രാമചന്ദ്രന്‍ സാര്‍ റിട്ടയര്‍ ചെയ്തിട്ട് അധികകാലം കഴിഞ്ഞിട്ടില്ല. പ്രഗത്ഭനായ ശാസ്ത്രഅദ്ധ്യാപകനും, ആദര്‍ശവാനും കൃത്യനിഷ്ഠക്കാരനുമായ സാറിനെക്കുറിച്ച് ഭാര്യ സുമതി ടീച്ചര്‍ക്കുള്ള ഏക പരാതി അദ്ദേഹം തന്റെ ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നതായിരുന്നു. എന്നാല്‍, വയസ് അറുപതു കഴിഞ്ഞെങ്കിലും തന്റെ ശരീരത്തിനു യാതൊരു തകരാറും ഇല്ലെന്നും താന്‍ അതു ശരിയാം വണ്ണം ശ്രദ്ധിക്കുന്നുണ്ടെന്നുമായിരുന്നു സാറിന്റെ വാദം.

ടൗണില്‍ പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്ന ചെറുപ്പക്കാരനായ ഒരു ഡോക്ടര്‍ ചുരുങ്ങിയ കാലത്തിനിടയില്‍ നാട്ടില്‍ പ്രസിദ്ധനായിക്കഴിഞ്ഞ വിവരം സുമതി ടീച്ചര്‍ അറിഞ്ഞിരുന്നു.
'ദേ, എതിരൊന്നും പറയരുത്, സമര്‍ത്ഥനായ ആ ഡോക്ടറെ നമുക്കൊന്നു പോയി കാണണം, പ്രഷറും ഒക്കെ ഒന്നു ചെക്കുചെയ്താല്‍ മതി.' ആതുര ശുശ്രൂഷ ജീവിത സേവനമാക്കി മാറ്റിയ യുവ ഡോക്ടറെക്കുറിച്ചു പറഞ്ഞുകേട്ട കാര്യങ്ങള്‍ ടീച്ചര്‍ ഭര്‍ത്താവിനു നന്നേ വിശദീകരിച്ചു കൊടുത്തു: 'അദ്ദേഹം കണ്‍സള്‍ട്ടിംഗ് ഫീസ് ആരോടും ചാര്‍ജ് ചെയ്യുകയില്ലെന്നാ കേള്‍ക്കുന്നേ; ആളുകള്‍ കഴിവിനനുസരിച്ചു പണം മേശപ്പുറത്തുവെച്ചിട്ടു പോകുകയാണത്രെ; രോഗികള്‍ പാവപ്പെട്ടവരാണെന്നു കണ്ടാല്‍ മരുന്നുകളും അദ്ദേഹം ഫ്രീയായി കൊടുക്കുമത്രെ!' ടീച്ചറുടെ വാചാലതയില്‍ മയങ്ങിയിട്ടോ എന്തോ ഒടുവില്‍ സാറു സമ്മതിച്ചു. 'എന്നാല്‍ ശരി; ഈ അവതാര പുരുഷനെ ഒന്നു നേരിട്ടു പരിചയപ്പെട്ടു കളയാം.'

പിറ്റെ ദിവസം രാവിലെതന്നെ ഭാര്യയോടൊപ്പം സാറ് ക്ലിനിക്കില്‍ എത്തി. വെയ്റ്റിംഗ് റൂമില്‍ വരിവരിയായ് ഇട്ടിരിക്കുന്ന കസേരകളില്‍ ധാരാളം പേഷ്യന്റ്‌സ് തങ്ങളുടെ ഊഴം കാത്ത് ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു. നാലഞ്ചു പേരെ പരിശോധിച്ച ശേഷം ഡോക്ടര്‍ ഏതോ ആവശ്യത്തിനായി പുറത്തേക്കു വന്നു. മുന്‍പ് എവിടെയോ, കണ്ടിട്ടുള്ള മുഖം; സാറു ചിന്തിച്ചു. ജോണിക്കുട്ടി! സെന്റ് തോമസ് സ്‌ക്കൂളിലെ പന്ത്രണ്ടാം ക്ലാസ്സില്‍ നിന്നും ഫസ്റ്റ് റാങ്കോടെ പാസ്സായ തന്റെ മോസ്റ്റ് ഫേവറിറ്റ് സ്റ്റുഡന്റ് ജോണിക്കുട്ടിയെ സാറു തിരിച്ചറിഞ്ഞു. രാമചന്ദ്രന്‍ മാസറ്റര്‍! എക്കാലത്തെയും തന്റെ ഇഷ്ട ഗുരുവും മോഡല്‍ പേഴ്‌സനാലിറ്റുയുമായ രാമചന്ദ്രന്‍ സാറിനെ ഡോ.ജോണി ജേക്കബും ഒറ്റനോട്ടത്തില്‍ത്തന്നെ തിരിച്ചറിഞ്ഞു. കുശലാന്വേഷണത്തിനു ശേഷം ഡോക്ടര്‍ പറഞ്ഞു. 'സാറിനി ലൈനില്‍ കാത്തിരിക്കേണ്ടാ; ഞാനിപ്പോള്‍ത്തന്നെ നോക്കിയിട്ടു വിടാം.' ജീവിതത്തില്‍ എല്ലാ കാര്യങ്ങളും ചിട്ടയിലും മുറയിലും ചെയ്യുന്നതില്‍ നിഷ്‌കര്‍ഷയുള്ള സാറു പറഞ്ഞു: 'വേണ്ട കുട്ടീ, എനിക്കു തിടുക്കമൊന്നും ഇല്ല; തന്നെയുമല്ല, ഏറെ നേരമായി ക്ഷമയോടെ കാത്തിരിക്കുന്ന ഇത്രയും ആളുകളെ പിമ്പിലാക്കി കടന്നുവരാന്‍ എന്റെ മനസ്സു സമ്മതിക്കുന്നില്ല, താമസിയാതെ എന്റെ ഊഴം വരുമല്ലോ, അതു മതി.' എന്നാല്‍ തന്റെ പിമ്പിലായി നിര്‍ബ്ബന്ധക്കാരനായ ഒരു കുഞ്ഞിനെയും ഒക്കത്തു വെച്ചുകൊണ്ട് ലൈനില്‍ കാത്തിരിക്കുന്ന സ്ത്രീയെ ചൂണ്ടിക്കൊണ്ടു സാറു പറഞ്ഞു: 'ജോണിക്കുട്ടി ഇവരെ ഒന്നാദ്യം വിട്ടിരുന്നെങ്കില്‍ നന്നായിരുന്നു.' സാറിന്റെ അഭ്യര്‍ത്ഥന ഡോക്ടര്‍ മാനിച്ചു. ഉടന്‍തന്നെ സ്ത്രീയെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി പരിശോധനകള്‍ക്കു ശേഷം വിട്ടയച്ചു.

ഏകദേശം ഒരു മണിക്കൂറിന്റെ കാത്തിരിപ്പിനുശേഷം സാറിന്റെ ഊഴം വന്നു. വിശദമായ പരിശോധനയ്ക്കിടയില്‍ ഡോക്ടര്‍ പറഞ്ഞു: 'സാറിനു യാതൊരു തകരാറും ഇല്ല; ഒരു മരുന്നിന്റെയും ആവശ്യം ഇപ്പോഴില്ല. ആഹാര രീതികളൊക്കെ പഴയതുപോലെ അങ്ങു തുടര്‍ന്നാല്‍ മതി.' പരിശോധനകള്‍ കഴിഞ്ഞു. കണ്‍സള്‍ട്ടിംഗ് ഫീസായി നൂറു രൂപയുടെ ഒരു നോട്ടെടുത്തു മേശപ്പുറത്തു വെയ്ക്കുവാന്‍ തുടങ്ങിയ സാറിനെ ഡോക്ടര്‍ തടഞ്ഞു. അയ്യോ സര്‍, അതരുത്; ഗുരുക്കന്മാരോടും പാവങ്ങളോടും പ്രതിഫലം സ്വീകരിക്കരുതെന്നുളളത് എന്റെ ആദര്‍ശനമാണ് സാര്‍; പ്രത്യേകിച്ച് എന്റെ മാതൃകാപുരുഷനായ അങ്ങില്‍ നിന്നും എനിക്കു ലഭിച്ചിട്ടുള്ള അറിവിനും പ്രോത്സാഹനങ്ങള്‍ക്കും ആ തുകയുടെ പതിനായിരത്തിലധികം മടങ്ങു ഞാന്‍ കടപ്പെട്ടിട്ടില്ലേ, സാര്‍!' അങ്ങു ട്യൂഷന്‍ ക്ലാസ് എടുത്തിരുന്ന കാലത്ത് പാവപ്പെട്ട കുട്ടികളില്‍ നിന്നു ഫീസ് ഈടാക്കാഞ്ഞതും അവരെ പുസ്തകവും മറ്റും കൊടുത്തു സഹായിക്കുന്നതും ഒക്കെ കണ്ടാണു സര്‍ ഞാനീ നന്മയുടെ മാര്‍ഗ്ഗം പഠിച്ചത്.' ഗുരുവിനെക്കുറിച്ചു ശിഷ്യന്‍ ഇതു പറയുമ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞു. പ്രിയ ശിഷ്യന്റെ കൈകള്‍ തന്റെ നെഞ്ചോടു ചേര്‍ത്തുവെച്ചുകൊണ്ട് മാസ്റ്റര്‍ പറഞ്ഞു: തന്നെപോലെ നന്മ നിറഞ്ഞ ഒരു ശിഷ്യനെ വീണ്ടും കണ്ടുമുട്ടുക എന്നതു സുകൃതം തന്നെയാണെടോ!'

ഏതോ ഒരു കാര്യം കൂടി പരിശോധിക്കുവാന്‍ വേണ്ടി സാറിനെ ഡോക്ടര്‍ വീണ്ടും എക്‌സാമിനേഷന്‍ ടേബിളില്‍ കയറ്റിയിരുത്തി. സാറിന്റെ ഇടതു പാദത്തില്‍ പിടിച്ചു. ഇവിടെ വേദനയോ, തരിപ്പോ എന്തെങ്കിലും തോന്നുന്നുണ്ടോ?' ഡോക്ടര്‍ ചോദിച്ചു. 'ഇല്ല' എന്നു മറുപടി പിന്നീട് വലതു പാദത്തില്‍ ബലമായി പിടിച്ചുകൊണ്ടു ചോദ്യം ആവര്‍ത്തിച്ചു: ഈ കാലിനു വേദനയോ ഇറിറ്റേഷന്‍സ് എന്തെങ്കിലും?' താനവിടെ ബലമായി അമര്‍ത്തുന്നതിന്റെ വേദനയെ എനിക്കുള്ളൂ; അല്ലാതെ ഒരു കുഴപ്പവും എനിക്കില്ലെടോ.' സാറിന്റെ നര്‍മ്മം നിറഞ്ഞ മറുപടി കേട്ട് ഡോക്ടറും സുമതി ടീച്ചറും ഒരു പോലെ പൊട്ടിച്ചിരിച്ചു. ഒടുവില്‍ സാറിന്റെ രണ്ടു പാദങ്ങളും ചേര്‍ത്തു പിടിച്ചുകൊണ്ട് ഡോക്ടര്‍ അഭിപ്രായപ്പെട്ടു: 'എവ് രിതിംഗ് ഈസ് പേര്‍ഫക്റ്റ്‌ലി ഓ...കെ.!!'ഇതു പറയുമ്പോള്‍ ശിഷ്യന്‍ തന്റെ ഗുരുവിന്റെ പാദങ്ങള്‍ തൊട്ടിവന്ദിക്കുന്നത് സുമതി ടീച്ചര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

നന്മ നിറഞ്ഞവര്‍ (കഥ: ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക