Image

കോലാഹലമേട്ടില്‍ പ്രണയ വസന്തം ഹേബിയസ് കോര്‍പസിലൂടെ വീണ്ടെടുത്തു ജേക്കബ്-ആതിരമാര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 31 December, 2017
കോലാഹലമേട്ടില്‍ പ്രണയ വസന്തം ഹേബിയസ് കോര്‍പസിലൂടെ വീണ്ടെടുത്തു ജേക്കബ്-ആതിരമാര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സിനിമാതാരം മമത മോഹന്‍ദാസിന്റെ ലുക്ക്. എന്നാല്‍ എട്ടു വയസ് കുറവ്. മമത അഭിനയത്തില്‍ ജ്വലിച്ചു നില്‍ക്കുമ്പോള്‍ വിവാഹം ചെയ്തു മോചനം നേടിയപ്പോള്‍ ആതിര പത്തൊമ്പതാം വയസില്‍ വിവാഹിതയായി 24 എത്തും മുമ്പ് മൂന്ന് മിടുക്കരുടെ അമ്മയായി--ഹൈറേഞ്ചിന്റെ ഓമനയായി.

സിനിമ പോലെ ഉദ്വേഗം നിറഞ്ഞതാണ് അവരുടെ ജീവിതം. പീരുമേടിനടുത്ത് എലപ്പാറ പഞ്ചായത്തില്‍ കോലാഹലമേട് എന്ന ഗ്രാമത്തില്‍ ആ പേരു പോലെ കോലാഹലം നിറഞ്ഞതാണ് പ്രണയം. കേരളം എത്ര പുരോഗമിച്ചാലും ആതിര ഒരു ക്രൈം ബ്രാഞ്ച് എസ്. ഐ. യുടെ മകള്‍ ആകുമ്പോള്‍ ഉണ്ടാകാവുന്ന പുകിലുകള്‍ ഊഹിക്കാവുന്നതേ ഉള്ളു. പക്ഷെ ഗ്രാമം ഒന്നടങ്കം അവരുടെ കൂടെ നിന്നു.

ആതിര 2012 ല്‍ കുട്ടിക്കാനം എം.ബി.സി. എന്ന മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്മ്യുണിക്കേഷന്‍ ബി.ടെക് അവസാനവര്‍ഷം പഠിക്കുമ്പോഴാണ് ജേക്കബിനെ കണ്ടുമുട്ടുന്നത്. 19 വയസ്. ഹോസ്ടലില്‍ നിന്ന് എല്ലാ വെള്ളിയാഴ്ചയും ആതിര കുമളിയിലെ വീട്ടിലേക്കു പോകും, ജേക്കബ് ഓടിച്ചിരുന്ന പുള്ളിക്കാനം-കുമളി മുബാറക് ബസില്‍.

അന്ന് കുമളിയില്‍ പോലീസ് എസ്. ഐ. ആയിരുന്ന പിതാവ് വിവരം അറിഞ്ഞു. മകള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ അദ്ദേഹം പിടിച്ചെടുത്തു. ജേക്കബ്ബ് മറ്റൊരു ഫോണ്‍ വാങ്ങിക്കൊടുത്തു. തീര്‍ന്നില്ല പിതാവ് മകളെ ബാലമായി വീടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പോലീസ് കാവലില്‍ ഫൈനല്‍ പരീക്ഷ എഴുതാന്‍ അയച്ചു. പന്ത്രണ്ടു ദിവസവും.

ജേക്കബ് കൂട്ടുകാരന്‍ മഹേശിനെ ഓട്ടോയില്‍ പറഞ്ഞു വിട്ടു. 'ഫേഷ്യല്‍' ചെയ്യാനെന്ന മട്ടില്‍ ആതിര ഇറങ്ങി വന്നു. ബൈക്കുമായി വഴിയില്‍ കാത്തുനിന്ന ആതിരയുമായി ജേക്കബ് പറന്നകന്നു. ''ഞാന്‍ നിര്‍ധനനാണ്. നിങ്ങള്‍ ഹിന്ദുക്കള്‍, ഞങ്ങള്‍ ക്രിസ്ത്യാനികള്‍. ഞാന്‍ പത്തു വരെയേ പഠിച്ചിട്ടുള്ള്. പക്ഷെ ഏതു പണി ചെയ്തും നിന്നെ പോറ്റാന്‍ റെഡി', ജേക്കബ് പറഞ്ഞു. ''ജീവിച്ചാല്‍ ചേട്ടനോടൊപ്പമേ ജീവിക്കൂ' എന്നായിരുന്നു മറുപടി.

സി.എസ്.ഐ.ക്കാരനായ യേശുദാസിന്റെ മകന്‍ ജേക്കബും ആതിരയും നാഗര്‍കോവിലില്‍ ജേക്കബിന്റെ ചിറ്റപ്പന്റെ വീട്ടില്‍ കഴിയുമ്പോള്‍ ഒരു പെന്തക്കോസ്ത് പള്ളിയില്‍ വച്ചു വിവാഹിതരായി. തെളിവിനായി മിന്നു കെട്ടുകയും പടം എടുക്കുകയും ചെയ്തു. പക്ഷെ നാഗര്‍കോവില്‍ പോലീസിന്റെ സഹായത്തോടെ പിതാവ് മകളെ വീണ്ടും കസ്റ്റഡിയിലെടുത്തു.

ഉണ്ണിത്താന്‍ എന്ന അഭിഭാഷകന്‍ മുഖേന ജേക്കബ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പോലിസ് കാവലില്‍ ആതിരയെ കോടതിയില്‍ ഹാജരാക്കി. അവിടെയും തന്റെ നിലപാട് ആതിര ആവ ര്‍ത്തിച്ചു. പ്രശനം കുടുംബക്കോടതിയിലേക്ക് റഫര്‍ ചെയ്ത ഹൈക്കോടതി ആതിരയെ പിതാവിനോടൊപ്പം വിട്ടയക്കുകയാണ് ചെയ്തത്.

ജേക്കബും ആതിരയും വീണ്ടും സന്ധിച്ചു. ഇത്തവണ അവര്‍ പീരുമേട്ടില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ കോലാഹലമേട്ടില്‍ ഒരു വാടക വീട്ടില്‍ താമസം. അഹിത (മൂന്നര), ജിബിന്‍ (രണ്ടര), നിഹിത എന്നീ മൂന്ന് കുട്ടികളുമായി. ജേക്കബിന്റെ അമ്മ തങ്കം സഹായത്തിനുണ്ട്. പിതാവ് യേശുദാസനും അനുജന്‍ ജയിംസും അടുത്തുതന്നെ.

ആതിരയുടെ 'അച്ചായി' (പിതാവ് ) തൊടുപുഴ സ്വദേശിയാണ്. മാത്ത്‌സ് ബി.എസ്.സി. വിശ്വകര്‍മ വിഭാഗത്തില്‍ പെട്ട അദ്ദേഹം ശബരിമലയില്‍ ഡ്യുട്ടിക്കിടെ തൊട്ടടുത്ത ളാപ്പള്ളിയില്‍ നായര്‍ പെണ്‍കുട്ടിയെ കണ്ടു മുട്ടി വിവാഹം ചെയ്യുകയായിരുന്നു. ആതിരക്കു ഇളയ രണ്ടു സഹോദരങ്ങള്‍.

അമ്മയും അനുജത്തിയും ആതിരയുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. സാജു ക്രൈം വിട്ടു റെഗുലര്‍ ഫോഴ്‌സിലായി. ''അദ്ദേഹം ശരിക്കും പാവമാണ്' എന്ന് ജേക്കബിന്റെ കമന്റ്.

ഫൈനല്‍ എത്തിയിട്ടും അവസാനത്തെ പ്രോജക്റ്റ് ചെയ്യാത്തതിനാല്‍ ഡിഗ്രി കൈവിട്ടു പോയതില്‍ ദുഃഖമുണ്ട് ആതിരക്ക്. കോലാഹലമേട്ടില്‍ ആരംഭിച്ച ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളജില്‍ ജോലിക്ക് സെലക്റ്റ് ചെയ്തതാണ്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ കിട്ടിയില്ല. എലപ്പാറ ഒരു പ്രൈവറ്റ് ബാങ്കില്‍ ജോലി ചെയ്യുന്നു. കോളജില്‍ പോയി പ്രിയപ്പെട്ട അധ്യാപകരെ--ജാന്‍സന്‍, ഗായത്രി, ദീപു, അര്‍ജുന്‍--വീണ്ടും കാണണമെന്നുണ്ട്.

ജേക്കബ്, 30, ഏതു ജോലിക്കും തയ്യാര്‍. റിസോര്‍ട്ടുകള്‍ക്ക് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചു കൊടുക്കുകയാണ് ഒരു പണി. ഇടം കിട്ടുമ്പോഴൊക്കെ സ്വന്തം മഹീന്ദ്ര ജീപ്പ് ഓടിക്കും. അടുത്ത കാലത്ത് ഗ്രാമത്തിലെ കേരള കാര്‍ഷിക സര്‍വകലാശാല വക ബേസ്ഫാമില്‍ ദിവസവേതനത്തിനു നിയമിതനായി. ദിവസം 600 രൂപ. മാസം പത്ത് ദിവസം ജോലി.

''വിവാഹത്തിനു ശേഷം ഭാഗ്യം തെളിഞ്ഞു വരുന്നു. ഒരുകാലത്ത് സ്ഥിരം ജോലി ആയെന്നിരിക്കും.'' ജേക്കബ് ആല്‍മവിശ്വാസം കൈവിടുന്നില്ല. എങ്ങിനെയെങ്കിലും ആതിരക്കു ഡിഗ്രി പൂര്‍ത്തിയാക്കണം. അതാണ് ഇരുവരുടെയും മുമ്പിലുള്ള ഇപ്പോഴത്തെ വെല്ലുവിളി. പൈസയില്ല. പക്ഷെ മനക്കരുത്തുണ്ട് കൂട്ടിന്.
കോലാഹലമേട്ടില്‍ പ്രണയ വസന്തം ഹേബിയസ് കോര്‍പസിലൂടെ വീണ്ടെടുത്തു ജേക്കബ്-ആതിരമാര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കോലാഹലമേട്ടില്‍ പ്രണയ വസന്തം ഹേബിയസ് കോര്‍പസിലൂടെ വീണ്ടെടുത്തു ജേക്കബ്-ആതിരമാര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കോലാഹലമേട്ടില്‍ പ്രണയ വസന്തം ഹേബിയസ് കോര്‍പസിലൂടെ വീണ്ടെടുത്തു ജേക്കബ്-ആതിരമാര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കോലാഹലമേട്ടില്‍ പ്രണയ വസന്തം ഹേബിയസ് കോര്‍പസിലൂടെ വീണ്ടെടുത്തു ജേക്കബ്-ആതിരമാര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കോലാഹലമേട്ടില്‍ പ്രണയ വസന്തം ഹേബിയസ് കോര്‍പസിലൂടെ വീണ്ടെടുത്തു ജേക്കബ്-ആതിരമാര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കോലാഹലമേട്ടില്‍ പ്രണയ വസന്തം ഹേബിയസ് കോര്‍പസിലൂടെ വീണ്ടെടുത്തു ജേക്കബ്-ആതിരമാര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കോലാഹലമേട്ടില്‍ പ്രണയ വസന്തം ഹേബിയസ് കോര്‍പസിലൂടെ വീണ്ടെടുത്തു ജേക്കബ്-ആതിരമാര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
keralite 2017-12-31 08:15:04
ഈ പെമ്പിള്ളേര്‍ക്ക് എന്തിന്റെ കുഴപ്പമാണ്? ഇപ്പോഴും പഴയ പ്രേമമുണ്ടോ? 24 വയസിനുള്ളില്‍ മൂന്നു കുട്ടികള്‍. വളരെ ദുരിതം പിടിച്ച ഒരു സ്ഥലം. അവിടത്തെ ജീവിതത്തില്‍ എന്തിരിക്കുന്നു?
ഹാദിയ എന്നു പറഞ്ഞു മറ്റൊരെണ്ണം. ഇതുങ്ങള്‍ക്കൊക്കെ വിവരമില്ലേ? വിവാഹവും പ്രേമവുമൊക്കെ സാവകാശം തീരുമാനിക്കേണ്ടതല്ലേ? അല്ലെങ്കില്‍ അമേരിക്കന്‍ ശൈലിയില്‍ കുറച്ചു കഴിയുമ്പോള്‍ അവസാനിപ്പിക്കാവുന്ന തരത്തിലുള്ള വിവാഹം ഇന്ത്യയിലും ഉണ്ടാവണം. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക