Image

ലെ കേരള, പൊങ്കാല വേണ്ട, കുമ്മനടി വേണ്ട, തേപ്പും വേണ്ട, ഇസ്തം മതി (പകല്‍ക്കിനാവ്- 84: ജോര്‍ജ് തുമ്പയില്‍)

Published on 30 December, 2017
ലെ കേരള, പൊങ്കാല വേണ്ട, കുമ്മനടി വേണ്ട, തേപ്പും വേണ്ട, ഇസ്തം മതി (പകല്‍ക്കിനാവ്- 84: ജോര്‍ജ് തുമ്പയില്‍)
മലയാള ഭാഷ ഒരു വശത്ത് നില്‍ക്കട്ടെ, ഇന്റര്‍നെറ്റില്‍ മലയാളികള്‍ കൈവച്ചതും പൊളിച്ചടുക്കിയതുമായ കുറേ വാക്കുകളുണ്ട് ഈവര്‍ഷം. അതിലേക്ക് ഒന്നെത്തി നോക്കുന്നത്, ഈ വാക്കുകള്‍ പരിചയമില്ലാത്തവര്‍ക്ക് ഏറെ ഗുണം ചെയ്യും.

സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുന്ന ഈ വാക്കുള്‍ അറിയാതെ നാട്ടിലെങ്ങാനും പോയാല്‍ പണി പാലും വെള്ളത്തില്‍ കിട്ടാന്‍ സാധ്യതയുണ്ട്. അതു കൊണ്ട് വൊക്കാബുലറി ഒക്കെയൊന്ന് അപ്‌ഡേറ്റ് ചെയ്യുന്നത് നല്ലതാണ്. ഇത് അറിയുന്നവര്‍ക്ക് ഊറ്റം കൊള്ളാം, അല്ലാത്തവര്‍ക്ക് ഇതൊക്കെയും മലയാളിയുടെ സംഭാവനയോ എന്നൊക്കെ വികാരപരമായി തലയില്‍ കൈവച്ചു ചിന്തിക്കാം.

ഇതില്‍ പല വാക്കുകളും മലയാളമോ ഇംഗ്ലീഷോ പോലുമല്ല. ഫ്രഞ്ചില്‍ നിന്നു പോലും മലയാളി വാക്കുകള്‍ കടമെടുത്ത കാലമാണിത്. ലെ എന്ന വാക്കാണത്. ഇംഗ്ലീഷില്‍ ദി എന്നൊക്കെ ഉപയോഗിക്കുന്നതു പോലെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ലെ എന്നാണ് ഇപ്പോള്‍ മലയാളികള്‍ പറയാറ്. കേരളത്തിലെ ചന്തകളിലൂടെ നടന്നാലും കാണാം, ലെ റോസ്, ലെ റെഡ് എന്നൊക്കെ പേരിലുള്ള കടകള്‍. ഇനി എന്താണ് ലെ എന്നൊന്നും ആരോടും പോയി ചോദിച്ച് നാണക്കെടാന്‍ നില്‍ക്കണ്ട. ഇത് ഒറിജനല്‍ സാധനമാണ്, ഇംപോര്‍ട്ടട് ബൈ ഫ്രാന്‍സ്.

സാധാരണയായി ഇത്തരം വാക്കുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയാണ് പ്രചരിച്ചതെങ്കിലും ഇപ്പോള്‍ കേരളത്തിലെ സാധാരണ മലയാളികളൊക്കെയും ഇതൊക്കെ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ ചില വാക്കുകളിലൂടെയൊന്നു കണ്ണോടിക്കാം. ചിലതു കേള്‍ക്കുമ്പോള്‍ തമാശയാണോ, മണ്ടത്തരമാണോ എന്നൊക്കെ തോന്നിയേക്കാം. എന്നാല്‍ പലതുമിന്നു സീരിയസ് ആയി തന്നെയാണ് ജനങ്ങള്‍ കാണുന്നത്.

തീവ്ര ഹിന്ദുവികാരമുള്ളവരെ വിളിക്കുന്ന ഒരു പേര് ഒരു പെണ്‍കുട്ടിയുടെ ചെല്ലപ്പേരാണ്. സംഗി എന്നാണത്. സംഗീത എന്ന പേര് ചുരുക്കിയിട്ടു വിളിച്ചത് ഇന്ന് സംഘി എന്നായി പൊതുവേ ഉപയോഗിക്കുന്നു. സംഘപരിവാര്‍ എന്നതിന്റെ ചുരുക്ക പേരാണ്. ഇതേ പോലെ തീവ്ര മുസ്ലീം വികാരമുള്ളവരെ വിളിക്കുന്നത് സുഡാപ്പി എന്നാണ്. എന്നാല്‍ ക്രിസ്ത്യാനികള്‍ തീവ്രത കുറവായതു കൊണ്ടാവാം അത്തരക്കാര്‍ക്ക് ഇതുവരെ പേരൊന്നും വന്നിട്ടില്ല. അല്ലെങ്കില്‍ മഹേഷിന്റെ പ്രതികാരം സിനിമയില്‍ ചോദിക്കുന്നതു പോലെ, എന്താണ് പേര്? ് ക്രിസ്പിന്‍ എന്നൊക്കെ പറയേണ്ടി വന്നേനെ.

ഇത്തരത്തില്‍ തീവ്ര കമ്യൂണിസ്റ്റുകാരെ കമ്മികള്‍ എന്നും കോണ്‍ഗ്രസ്സുകാരെ കോങ്ങി എന്നുമൊക്കെ ഇവിടെ ഷോട്ട് നെയിം ഇറക്കി കഴിഞ്ഞു. മൊബൈലില്‍ ആപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവരെ ആപ്പികള്‍ എന്നും പ്രയോഗിക്കുന്നതായി പലേടത്തു നിന്നും കേള്‍ക്കുന്നുണ്ട്. ഇതൊക്കെയാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും ലോകത്തിനു സംഭാവന നല്‍കിയ വാക്കുകള്‍. വാക്കുകള്‍ ഇവിടം കൊണ്ടും തീരുന്നില്ല. സാഹചര്യങ്ങളെയും സന്ദര്‍ഭങ്ങളെയും ഒക്കെ പരിചയപ്പെടുത്താന്‍ ചില വാക്കുകള്‍ വന്നു കഴിഞ്ഞു. ഇതൊക്കെയും മെയ്ഡ് ഇന്‍ കേരളയാണ്.

കുമ്മനടി എന്നതാണ് പുതിയൊരു പദനാമം. വിളിക്കാത്ത പരിപാടിക്കു പോയി അവിടെ ആളാകുന്നവരെ കളിയാക്കാനായി ഉപയോഗിക്കുന്നതാണിത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണമില്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോധിക്കൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വന്നതിലൂടെയാണ് ഈ പേര് ട്രോളുകൡും സോഷ്യല്‍മീഡിയകളിലും സജീവമായത്.

ഇതു പോലെ വന്ന മറ്റൊരു പദമാണ്- റിലാക്‌സേഷന്‍. സംഗതിയുടെ അര്‍ത്ഥം അങ്ങനെയാണ് ഉദ്ദേശിക്കുന്നതെങ്കിലും ഏതെങ്കിലും ഒരു വലിയ സ്ഥാനത്ത് എത്തുമ്പോള്‍ കേരളത്തോടും കേരളത്തിലെ സാധനങ്ങളോടും തോന്നുന്ന പൊതുവികാരമെന്ന നിലയിലാണ് ഇപ്പോള്‍ റിലാക്‌സേഷന്‍ എന്ന പദം കേരളീയര്‍ ഉപയോഗിക്കുന്നത്. ഇതു സോഷ്യല്‍ മീഡിയയ്ക്ക് സംഭാവന നല്‍കിയത് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീില അല്‍ഫോന്‍സ് കണ്ണന്താനമാണ്. അങ്ങനെ റിലാക്‌സേഷന്‍ എന്നത് മലയാളിയുടെ സ്വന്തം രീതിയില്‍ തന്നെ ഇറങ്ങി കഴിഞ്ഞു.

മീന്‍വൈല്‍ എന്ന ഇംഗ്ലീഷ് പദത്തെ മീന്‍ അവിയല്‍ എന്നും നിഷ്‌കളങ്കനെ നിഷ്‌ക്കൂ എന്നും നൊസ്റ്റാള്‍ജിയ നൊസ്റ്റു എന്നും ആക്കിയതോടെ ആ പദങ്ങള്‍ക്കൊക്കെയും ഒരു ഓമനത്തം വന്നിട്ടുണ്ടെന്നാണ് പുതു തലമുറ പറയുന്നത്. അതു പോലെ നീളം കൂടുതലുള്ള പേരുകള്‍ ഉപയോഗിക്കുമ്പോള്‍ അത്രയ്ക്ക് നീട്ടം വേണ്ട, ചെറുതാക്കി പറഞ്ഞോളു എന്ന അര്‍ത്ഥത്തില്‍ കൂടുതല്‍ ഡെക്കറേഷന്‍ വേണ്ടെന്ന ശൈലിയും മലയാളി സ്വായത്തമാക്കി കഴിഞ്ഞു. ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ നിന്നു മമ്മൂട്ടി ഇറക്കുമതി ചെയ്ത വാക്കാണിത്.

ഇത്രയും വരില്ലെങ്കിലും മറ്റൊരു വാക്കാണ് പൊങ്കാല. ഇതു സോഷ്യല്‍ മീഡിയയിലെ ഒരാളെ കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനു വിളിക്കുന്ന പേരാണ്. മിക്കവാറും സെലിബ്രിറ്റികളെയാണ് ഇങ്ങനെ പൊങ്കാല ഇടീക്കുന്നത്. കൊണ്ടും കൊടുത്തും പൊങ്കാല ഇടാന്‍ ലോകത്തില്‍ തന്നെ മലയാളി കഴിഞ്ഞിട്ടേ ആരുമുള്ളുവെന്ന് സാക്ഷാല്‍ മരിയ ഷറപ്പോവ പോലും മനസ്സിലാക്കി. ഹൂ ഈസ് ദിസ് സച്ചിന്‍? എന്നൊന്നു ചോദിച്ചതാണ് താരത്തിനെ കൊന്നു കൊലവിളിക്കുന്നതില്‍ അവസാനിച്ചത്.

ഇതു പോലെ വന്നൊരു പേരാണ്. തേപ്പ്. ഷര്‍ട്ട് തേക്കുക, സാരി തേക്കുക എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഈ തേപ്പിന് ആ തേപ്പുമായി യാതൊരു ബന്ധവുമില്ല. പ്രേമിക്കുന്ന പെണ്‍കുട്ടി ആണ്‍കുട്ടിയെ ചതിച്ചിട്ടു പോയാല്‍ പറയുന്ന പേരാണ് തേപ്പ്. തേപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സിനിമതാരം അനുശ്രീയാണ്. ഒട്ടു മിക്ക സിനിമകൡും കാമുകനെ ചതിച്ചിട്ടു പോകുന്ന കാമുകിയാണ് അനു വേഷമിട്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ സോഷ്യല്‍ മീഡിയ ഉപയോഗിച്ചു പ്രശസ്തമാക്കിയ ഈ വാക്ക് ഉപയോഗിച്ച് ഒരു പാട്ടും ഉണ്ടായി മലയാളത്തില്‍. അത് ഏതാണ്ടിങ്ങനെ...

തേച്ചില്ലേ പെണ്ണെ, തേപ്പുപെട്ടി പോലെ തേച്ചില്ലേ പെണ്ണേ... ഫഹദ് ഫാസിലിന്റെ റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലാണ് ഈ പാട്ട് കേട്ടത്. ഫഹദും നമിതയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലെ ഗാനമെത്തിയതിന് പിന്നാലെ തന്നെ ട്രോളന്മാരും പണി തുടങ്ങിയിരുന്നു. പറ്റിച്ചു കടന്നു കളയുന്നതിനെ സൂചിപ്പിക്കാന്‍ മലയാളികളുടെ വര്‍ത്തമാനകാലത്തെ സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്ന ഈ വാക്ക് ഒരു സിനിമാപാട്ടായി മാറുമെന്നു മലയാളികള്‍ ഒരിക്കലും വിചാരിച്ചില്ല. തേച്ചില്ലേ പെണ്ണെ.. തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ തേച്ചില്ലേ പെണ്ണെ.. ഇസ്തിരിയിട്ട ഷര്‍ട്ട് പോലെ ഞാന്‍ വടിയായില്ലേ..പെരുവഴിയായില്ലേ തേച്ചില്ലേ പെണ്ണെ.. തേച്ചില്ലേ പെണ്ണെ തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ... (ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് മ്യൂസിക്ക് നല്‍കിയത് ഗോപി സുന്ദറും. നിരഞ്ജ് സുരേഷാണ് പാടിയിരിക്കുന്നത്.)

ഊളത്തരം എന്നു പറയുന്ന നാടന്‍ പൊട്ട തമാശകളെയാണ് ഇന്റര്‍നെറ്റില്‍ ചളു എന്നു പറയുന്നത്. ഇതിനു വേണ്ടി യൂണിയന്‍ വരെയുണ്ട്. ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ അഥവാ ഐസിയു. ഈ ഗ്രൂപ്പുകളാണ് പല വാക്കുകളെയും പോപ്പുലറാക്കിയതും. ചളുവടിക്കുക, ചളു പറയുക എന്നതൊക്കെ ഇന്നൊരു ട്രന്റായി മാറിയിരിക്കുന്നു. ഒരു ചളുവെങ്കിലും പറയാത്തവരെ ലോക വെയ്‌സ്്റ്റ് എന്നാണ് ഇന്നു വിശേഷിപ്പിക്കപ്പെടുന്നത്.

അതു പോലെ തന്നെ പല വാക്കുകളെയും രൂപമാറ്റം വരുത്തി വൈകാരികമായി അവതരിപ്പിച്ച വര്‍ഷം കൂടിയായിരുന്നു ഇത്. അതിലേറെ പ്രശസ്തമായത് ഇഷ്ടം എന്ന ടീനേജ് പദം തന്നെയായിരുന്നു. എന്നാല്‍ അവരതിനെ ഒന്നു പരിഷ്‌ക്കരിച്ചു, ഇസ്തം എന്നാക്കി. നിനക്ക് എന്നോടു ഇസ്തമുണ്ടോ? എന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്. ഷ്ട എന്ന അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാനുള്ള താമസവും ബുദ്ധിമുട്ടും കാരണം സ്ത എന്ന അക്ഷരങ്ങള്‍ കയറിക്കൂടി.

കുഞ്ഞുവാവ എന്നതു മാറി കുഞ്ഞാവ എന്നായി. കിടുവ എന്നത് ലോപിച്ചു കിടു ആയി. സൈക്കളോജിക്കല്‍ മൂവ് എന്ന ബൗദ്ധിക വാക്കിനെ മടക്കി ഒടിച്ച് വെറും സൈക്കിള്‍ ഓടിക്കല്‍ മൂവ് ആക്കി കളഞ്ഞു മലയാളികള്‍.

2017 ഡിസംബര്‍ 31- ഓടെ ഈ വര്‍ഷം അവസാനിച്ചതു നന്നായി. ഇല്ലെങ്കില്‍ പരിഷ്‌ക്കരണത്തിന്റെ വ്യാപ്തി ഇതും ഇതിലപ്പുറവും കടന്നേനെ. എന്തായാലും മലയാളി ലോകത്തില്‍ എന്തു നടന്നുവെന്നു ഇപ്പോള്‍ പിടികിട്ടിയില്ലേ. അതു കൊണ്ട് എല്ലാവര്‍ക്കും പുതുവര്‍ഷ ആശംസകള്‍ നേരുന്നു...
Join WhatsApp News
Sudhir Panikkaveetil 2017-12-31 11:02:48
വയസ്സായ അമേരിക്കൻ മലയാളിക്ക് നാട്ടിലെ ഭാഷ പ്രയോഗങ്ങളെക്കുറിച്ച് അറിയാൻ ഇത് ഉപകരിക്കും. മലയാളം  ശ്രെഷ്ഠ ഭാഷയെന്ന വിശ്വസിച്ച് അതിനെ 
പരിപോഷിപ്പിക്കാൻ വയസ്സൻ കാലത്തും സാഹിത്യസപര്യ നടത്തുന്ന അമേരിക്കൻ മലയാളിയെ നാട്ടിലെ പുതിയ തലമുറയുമായി ബന്ധിപ്പിക്കുന്നു ഈ ലേഖനം. ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന ഒരു ഓ എം കെ വി വിട്ടുപോയോ? 
keralite 2017-12-31 19:26:07
തള്ള് , അന്തം കമ്മി എന്നിവയും  പ്രചാരത്തിലുണ്ട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക