Image

പിണറായിയുടെ 2017 (ഡി.ബാബുപോള്‍)

ഡി.ബാബുപോള്‍ Published on 30 December, 2017
  പിണറായിയുടെ 2017 (ഡി.ബാബുപോള്‍)
ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് പിണറായി സര്‍ക്കാരിന് ഞാന്‍ എഴുപത് ശതമാനം മാര്‍ക്ക് നല്‍കിയിരുന്നു. അന്ന് അടയാളപ്പെടുത്തിയ മിക്ക സംഗതികളിലും ശത്രുക്കള്‍ പറയുമ്പോലെ മോശമൊന്നുമായിട്ടില്ല സ്ഥിതി എന്നിരുന്നാലും ജനാധിപത്യത്തില്‍ ഭരണാധികാരിയുടെ പുഞ്ചിരിയെക്കാള്‍ ഭരണീയരുടെ പുഞ്ചിരിയാണ് പ്രധാനം എന്നതിനാല്‍ 2017 ലെ പിണറായി സര്‍ക്കാരിന് ഒരു മാര്‍ക്ക് പോലും കൂടുതല്‍ നല്‍കാന്‍ കഴിയുന്നില്ല. മാറ്റം വേണം എന്ന് നിര്‍ബ്ബന്ധമാണെങ്കില്‍ അഞ്ചു മാര്‍ക്ക് കുറയ്ക്കാം എന്ന് മാത്രം.

സെന്‍കുമാര്‍ തൊട്ട് തുടങ്ങാം. സെന്‍കുമാറിന്റെ പ്രാഗ്ത്ഭ്യത്തിന് എന്റെ സാക്ഷ്യപത്രം വേണ്ട. അതേ സമയം സെന്‍കുമാറിനെ വച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രിക്ക് പ്രയാസം തോന്നിയാല്‍ ഒരു പുതിയ ഡി.ജി.പി. വേണം എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയാനാവുകയുമില്ല. വിശേഷിച്ചും പകരം കണ്ടെത്തിയത് ലോകനാഥ ബഹ്‌റയെ പോലെ പ്രഗത്ഭനായ ഒരാളെ ആവുമ്പോള്‍.
സെന്‍കുമാറിനെ മാറ്റി. സെന്‍കുമാര്‍ കേസിന് പോയി. സെന്‍കുമാര്‍ ജയിച്ചു. സെന്‍കുമാര്‍ കസേരയില്‍ ഇരുന്നു. മൂന്ന് തലങ്ങളിലാണ് കേസ് നടന്നത്. അതില്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ സെന്‍കുമാര്‍ ജയിച്ചു. മറിച്ചും ആകാമായിരുന്നു. അതുകൊണ്ട് ഇത് പിണറായിക്കേറ്റ പ്രഹരം ആയി  കാണേണ്ടതില്ല.

ലല്ലുവിനെയും ജയലളിതയെയും മറ്റും പോലെ ഉള്ള മുഖ്യമന്ത്രിമാരില്‍ നിന്ന് സര്‍വ്വീസിനെ രക്ഷിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയതാണ് ചീഫ് സെക്രട്ടറി/ ഡി.ജി.പി. തലത്തില്‍ നാലോ ആറോ പേര്‍ ഉള്ള ഫഌറ്റ്‌ഫോം. ചീഫ് സെക്രട്ടറി തലത്തില്‍ ഉള്ളവരെല്ലാം സെക്രട്ടേറിയറ്റില്‍ ആയിരിക്കും. അതുകൊണ്ട് അവരെയൊക്കെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നേ വിളിക്കാനാവൂ. എന്നുവച്ച് അവരില്‍ ഏറ്റവും ഇളയ ആള്‍ക്കും ചീഫ് സെക്രട്ടറി ആകാം. കേരളത്തില്‍ അത് സംഭവിക്കാറില്ല. കരുണാകരന്‍ മൂന്ന് പേരെ മറികടന്ന് നാലാമനെ ചീഫ് സെക്രട്ടറി ആക്കിയത് മാത്രം ആണ് അപവാദം. അന്നാകട്ടെ ഈ ഫഌറ്റ്‌ഫോം പരിപാടി ഉണ്ടായിരുന്നുമില്ല.

ഡി.ജി.പി.യുടെ കാര്യത്തില്‍ അതല്ല സ്ഥിതി. ഐ.എം.ജി.യില്‍ പോയാലും മാധ്യമങ്ങള്‍ ഡി.ജി.പി. എന്നേ പറയൂ. ഒരിക്കലും പോലീസ് ആസ്ഥാനത്ത് ഡി.ജി.പി.യുടെ കസേരയില്‍ ആസനം പ്രതിഷ്ഠിച്ചിട്ടില്ലാത്തവരെയും പത്രങ്ങള്‍ മുന്‍ ഡിജിപി എന്നാണല്ലോ വിളിക്കുന്നത്. സെന്‍കുമാറിനെ മാറ്റിയത് പ്രശ്‌നമായത് അദ്ദേഹം ഡി.ജി.പി. ആയിരുന്നതു കൊണ്ടല്ല, എസ്.പി.സി. ആയിരുന്നതിനാലാണ്. എസ്.പി.സി. സമം സ്റ്റേറ്റ് പോലീസ് ചീഫ്.ഡിജിപിയുടെ പഌറ്റ്‌ഫോമില്‍ ഉള്ള ആരെയും എസ്.പി.സി. ആയി നിയമിക്കാം. നിയമിച്ചുകഴിഞ്ഞാല്‍ പിന്നെ മാറ്റാന്‍ രാഷ്ട്രീയതീരുമാനം മാത്രം പോരാ. ഉറങ്ങാന്‍ കള്ള് വേറെ വേണം എന്ന് പറയുമ്പോലെ. അവിടെ നളിനി നെറ്റോ പ്രയോഗിച്ച ബുദ്ധി സുപ്രീംകോടതി അംഗീകരിച്ചില്ല. 2 ജി കേസില്‍ ജില്ലാജഡ്ജിയുടെ ഉത്തരവ് മേല്‍ക്കോടതികള്‍ അംഗീകരിക്കണമെന്നില്ലല്ലോ. അതായത് സെന്‍കുമാര്‍ ജയിച്ചു, പിണറായി(=നളിനി) തോറ്റു എന്നൊന്നും പറയാനില്ല.

എന്നാല്‍ ഒരു ഭരണപരാജയം അവിടെ കാണാം. സെന്‍കുമാര്‍ കേസിന് പോകും എന്നും സെന്‍കുമാറിനും വാദിക്കാന്‍ പോന്ന- അമര്‍ഗ്യുവബിള്‍ എന്ന് സായിപ്പ് - ഒരു കേസ് ഉണ്ട് എന്നും നളിനി. അറിഞ്ഞില്ലെങ്കിലും പിണറായി അറിയണമായിരുന്നു. സെന്‍കുമാറിനെ വിളിച്ചുവരുത്തി സംസാരിക്കണമായിരുന്നു. അങ്ങനെ ഒരു സംഭാഷണത്തിന്റെ ഒടുവില്‍ അവധിയില്‍ പോകാമെന്ന് സെന്‍കുമാറോ സെന്‍കുമാറിനെ സഹിക്കണമെന്ന് മുഖമന്ത്രിയോ സമ്മതിക്കുമായിരുന്നു. ഇനി അഥവാ അത് നടന്നില്ലെങ്കില്‍ തന്നെ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഏതെങ്കിലും തച്ചങ്കരിയെ വച്ച് അന്നുതന്നെ സെന്‍കുമാറിന്റെ ചിറകുകള്‍ അരിയാമായിരുന്നു. തച്ചങ്കരി നയകോവിദനും തന്ത്രശാലിയും ആയിരുന്നെങ്കില്‍ ഇരുചെവിയറിയാതെ കാര്യം നടക്കുമായിരുന്നു. കരുണാകരന്‍ ആ കളി കളിച്ചിട്ടുണ്ട്. പേരുകള്‍ ഞാന്‍ പറയുന്നില്ല. എന്റെ തലമുറയ്ക്ക് ഓര്‍മ്മയില്‍ തെളിയുന്നുണ്ടാവും ഇവള്‍!

ജേക്കബ് തോമസിനെ കൈകാര്യം ചെയ്തതിലും ഈ അനവധാനത കാണാം. ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തതിലല്ല. സസ്‌പെന്‍ഷന്റെ സമയം നിശ്ചയിക്കാനുള്ള അവകാശം ജേക്കബ് തോമസിന് വിട്ടുകൊടുക്കരുതായിരുന്നു. കരുണാകരന്‍, ആന്റണി, ഉമ്മന്‍ചാണ്ടി, എന്നീ യു.ഡി.എഫ്. മുഖ്യമന്ത്രിമാരും, നായനാര്‍, അച്യുതാനന്ദന്‍ എന്നീ ഇ.ജ.മു. മുഖ്യമന്ത്രിമാരും ഒരുപോലെ പൊതുധാരാജോലികള്‍ക്ക് അയോഗ്യന്‍ എന്ന് കണ്ട ഒരാളെ പൂവിട്ട്പൂജിക്കാന്‍ നിശ്ചയിച്ചിടം തൊട്ട് പിണറായിയുടെ ഭരണപരാജയം കാണാതെ വയ്യ.

ഐ.എ.എസ്-ഐ.പി.എസ്.പോര് എന്നൊക്കെ മാധ്യമങ്ങള്‍ വിവരിച്ച സാഹചര്യങ്ങളൊക്കെ പിണറായിയുടെ ഈ ഒരൊറ്റ അബദ്ധത്തിന്റെ ബാക്കിയാണ്.

ഓഖിദുരന്തം നേരിട്ടതില്‍ വീഴ്ച ഉണ്ടായത് ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാതിരുന്നതാണ്. ശ്രീലങ്കയുടെ തെക്കുകിഴിക്ക് എവിടെയോ ന്യൂനമര്‍ദ്ദം ഉണ്ടായാല്‍ ഒരു ജാഗ്രതാമുന്നറിയിപ്പ് നല്‍കാനല്ലാതെ മറ്റൊന്നും സാധ്യമായിരുന്നില്ല. നേരെ പടിഞ്ഞാറോട്ട് കടലിന് മുകളിലൂടെ പോകും എന്ന് പ്രവചിക്കപ്പെട്ടിരുന്നു കാറ്റ് അനുസരണം ഇല്ലാത്തെ കുട്ടിയെ പോലെ വടക്കോട്ട് തിരിഞ്ഞ് നാശം വിതച്ചതിനും പിണറായി ഉത്തരവാദിയല്ല. എന്നാല്‍ മുഖ്യമന്ത്രി ദൂരദര്‍ശനും ആകാശവാണിയും മറ്റും വഴി ജനങ്ങളെ അഭിസംബോധന ചെയ്ത് ധൈര്യപ്പെടുത്തണമായിരുന്നു. അവര്‍ക്കൊപ്പമുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തണമായിരുന്നു. നിര്‍മ്മലാ സീതാരാമന്‍ വിജയിച്ചത് അവിടെയാണ്.
ഇങ്ങനെ ഒഴിവാക്കാമായിരുന്ന പല അബദ്ധങ്ങളും പിണറായിക്കെതിരെ ഓര്‍ത്തെടുക്കുവാന്‍ ബാക്കിയാണ്. ഐ.എ.എസ്.കാരും സി.പി.ഐ. മന്ത്രിമാരും സമരപഥത്തിലെത്തിയത് അവരുടെ അവിവേകം തന്നെ ആണെങ്കിലും അതിലേയ്ക്ക് നയിച്ച സാഹചര്യങ്ങള്‍ കാലെക്കൂട്ടി തിരിച്ചറിയാതിരുന്നതിന്റെ പാപഭാരം മുഖ്യമന്ത്രിയും കുറച്ചൊക്കെ ഏല്‍ക്കാതെ വയ്യ.
എന്നാല്‍ പിണറായിക്ക് അഭിമാനം പകരുന്ന ഒരു നേട്ടം ഒരു ബ്രെയ്ക്കിങ്ങ് ന്യൂസുകാരനും ഓരോ സംഭവത്തിലും സ്വന്തം ഇംപാക്ട് കാണുന്ന മാധ്യമക്കാരനും ശ്രദ്ധിച്ചുകാണുന്നില്ല. അത് വരള്‍ച്ച നേരിടുന്നതിന് മുന്‍കൂറായി എടുത്ത നടപടികളാണ്.

2016 ല്‍ കാലവര്‍ഷം കുറവായിരുന്നു. അത് കണക്കിലെടുത്ത് ആ സെപ്റ്റംബറില്‍ തന്നെ മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധിച്ചിരുന്നു എന്നാണ് വകുപ്പുമന്ത്രിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാര്‍ ആദ്യം തൊട്ട് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. കേരളത്തിലെ എല്ലാ ജില്ലകളും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിട്ടും കുടിവെള്ളക്കുറവ് രൂക്ഷമായി അനുഭവപ്പെടാതിരുന്നത് അതിന്റെ തുടര്‍ച്ചയായി കാണണം. തൊട്ടതിനും പിടിച്ചതിനും സര്‍ക്കാരുദ്യോഗസ്ഥരെ പഴി പറയാന്‍ മത്സരിക്കുന്നവര്‍ 2017 മാര്‍ച്ചുമാസത്തിന് മുന്‍പ് വാട്ടര്‍അതോറിറ്റി മുന്‍കൈയ്യെടുത്ത് നിര്‍മ്മിച്ച 40 തടയണകള്‍ ശ്രദ്ധിച്ചതായി കാണുന്നില്ല. ഇറിഗേഷന്‍, വൈദ്യുതി വകുപ്പുകള്‍ ഇക്കാര്യത്തില്‍ എടുത്ത മുന്‍കരുതലുകളും പ്രശംസിക്കപ്പെടണം.

മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും ജാഗ്രത ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനവും പ്രോത്സാഹനവും ആയി. 24*7 കണ്‍ട്രോള്‍ റൂമും ഡ്രൗട്ട് മാനേജ്‌മെന്റ് സെല്ലും എന്‍ജിനീയര്‍മാരുടെ സക്രിയമായ വാട്ട്‌സാപ്ഗ്രൂപ്പും ഒക്കെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചത് ഒരു മാധ്യമവും ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍ അറിഞ്ഞില്ല. നാല്പത് കോടി രൂപയുടെ പരിപാടികളാണ് വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയത്. രണ്ട് കോടി ലിറ്റര്‍ വെള്ളം ആണ് ഇങ്ങനെ ലഭ്യമാക്കിയത്. കുളങ്ങളിലും പാറമടകളിലും ഉള്ള വെള്ളം ഉചിതസമയത്ത് ഉപയോഗിക്കാന്‍ ഏര്‍പ്പാടാക്കിയതും പിണറായി സര്‍ക്കാരിന് പൊന്‍തൂവലായി.

തിരുവനന്തപുരത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഞാന്‍ ഇക്കാര്യം ശ്രദ്ധിച്ചത് എന്ന് ഇവിടെ പറഞ്ഞുകൊള്ളട്ടെ. വി.ജെ.കുര്യന്‍, ടിങ്കു ബിസ്വാള്‍, ഷൈനമോള്‍ എന്നീ ഉദ്യോഗസ്ഥരുടെ കര്‍മ്മകുശലതയാണ് പിണറായിക്കും മാത്യു ടി. തോമസിനും തുണയായത്.
പേപ്പാറയിലെ ജലനിരപ്പ് കുറഞ്ഞത് യഥാസമയം ശ്രദ്ധിച്ചതാണ് ഈ വിജയത്തിലേയ്ക്ക് നയിച്ചത്. ആദ്യം കുടിവെള്ളം നിയന്ത്രിച്ച് പ്രശ്‌നപരിഹാരം തേടി. അത് പ്രതിഷേധത്തിനും മാധ്യമവിമര്‍ശനത്തിനും ഇടയാക്കി. അപ്പോള്‍ പണ്ട് നെയ്യാറില്‍ നിന്ന് കരമനയാറ്റിലേയ്ക്ക് വെള്ളം എത്തിച്ച കഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത് ആ വഴി ചിന്തിക്കാന്‍ വഴിയൊരുക്കി. പത്തുകോടി ലിറ്റര്‍ വെള്ളം ആണ് ആറ് വിട്ട് ആറ് മാറേണ്ടത്.


  പിണറായിയുടെ 2017 (ഡി.ബാബുപോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക