Image

ഓഖിയുടെ ഓര്‍മ്മകളില്‍..........? (കവിത: ജയന്‍ വര്‍ഗീസ്.)

Published on 29 December, 2017
ഓഖിയുടെ ഓര്‍മ്മകളില്‍..........? (കവിത: ജയന്‍ വര്‍ഗീസ്.)
ഉഗ്രസംഹാരം കഴിഞ്ഞൂ തപോധനം
സ്വച്ഛമടങ്ങിക്കിടന്നൂ കടല്‍ ജലം !
എത്ര മോഹങ്ങള്‍ കശക്കി തന്‍ മക്കളെ
ദുഃഖ സമുദ്രത്തില്‍ മുക്കീ വസുന്ധര ?

അക്ഷയ പാത്രമായന്നവും നന്മയും
എത്രയോ കാലം വിളന്പിയ വാരിധി
ക്ഷിപ്രം ദുര്‍മൂര്‍ത്തിയായ് മാറി സുനാമി തന്‍
ദൃംഷ്ടങ്ങള്‍ കീറിയെറിഞ്ഞൂ മനുഷ്യരെ!

തന്റെയോളങ്ങള്‍ തഴുകിത്തലോടിയ
തന്വരെക്കൊന്നു കോല വിളിച്ചാര്‍ക്കവേ,
ഉള്ളം പിടഞ്ഞു, കടലാരും കാണാതെ
കണ്ണീര്‍ പൊഴിച്ചു കരഞ്ഞു തളര്‍ന്നു പോയ്.

സത്യമാം നേര്‍വര കാത്തു തീരങ്ങളില്‍
സ്വച്ഛം കനിഞ്ഞുമ്മ നല്‍കിയും, പുല്‍കിയും,
മുത്തും, പവിഴവും തന്റെ ഭണ്ഡാഗാര
ഗര്‍ഭം തുറന്ന് വിതറിയോള്‍ സാഗരം,

ജന്മാന്തരങ്ങള്‍ വരച്ചിട്ട സംസ്ക്കാര
ബന്ധുര സ്തന്യം ചുരത്തുമീയമ്മയാള്‍,
എന്തേ ഒരു നിമിഷത്തിന്റെ പാതിയില്‍
ഹന്ത! യീ പാതകം ചെയ്തു പോയിങ്ങനെ?

എല്ലാം പറയാം, ക്ഷെമിക്കണേ ഗല്‍ഗദം
തൊണ്ടയില്‍ വന്നു തടയുന്നുവെങ്കിലും,
കാലങ്ങളേറെയായ് കാണുന്നു ധാര്‍മ്മിക
ഛേദം കരകളില്‍, ജീവിത വേദിയില്‍.

ആരും വരക്കാത്ത യാ യജുര്‍ രേഖയില്‍
പാദസ്വരങ്ങള്‍ കിലുക്കി ഞാനെത്തവേ,
കച്ചവടക്കണ്ണു കൊണ്ട് സകലവും
വെട്ടിപ്പിടിക്കുന്നു ലോകവും, ലോകരും.

അപ്പത്തിനുള്ള യുപാധിയായ് രാഷ്ട്രീയ
തത്വങ്ങള്‍ വില്‍ക്കുന്നു ചന്ത സ്ഥലങ്ങളില്‍!
സ്വര്‍ഗ്ഗത്തിലേക്കുള്ള താക്കോലുകള്‍ വിറ്റ്
സ്വത്തുക്കള്‍ നേടുന്ന കള്ള മതങ്ങളും,

സെക്‌സിനെ ചൂടപ്പമാക്കി വിറ്റുന്നതര്‍
സാംസ്കാരിക ക്കൊടിക്കൂറകള്‍ നാട്ടിയും,
ലാഭത്തില്‍ കണ്ണ് വച്ചേതൊരു വേഷവു
മാടി യതിനെ യടിപൊളിയാക്കിയും,

മാനവധര്‍മ്മം കൊലക്കത്തിയില്‍ വീണു
ദാരുണം ചോരയില്‍ വീണടിയുന്നതും,
എല്ലാം ഒരു നിമിഷത്തിലേക്കോര്‍ത്തു പോയ്
പിന്നെ സഹിക്കാന്‍ കഴിഞ്ഞില്ല, ചെയ്തുപോയ് !

എങ്കിലുമിന്നു തേങ്ങുന്നു കരള്‍ എന്റെ
പൊന്നും കുടങ്ങളെ യോര്‍ത്തു പോകുന്നു ഞാന്‍.
ഉന്നം പിഴച്ചൂ, പ്രപഞ്ച സത്യത്തിന്റെ
യന്തര്‍ ഗതങ്ങളെ യോര്‍ക്കാതെ പോയി ഞാന്‍.

തീരത്ത് ചാളകള്‍ക്കുള്ളിലുറങ്ങിയ
പാവങ്ങളാണെന്റെ ക്രൂര ദൃംഷ്ടങ്ങളില്‍
വീണകപ്പെട്ടു മരിച്ചതെന്നോര്‍ത്തു ഞാ
നാകെ തകര്‍ന്നു തളര്‍ന്നു നീറുന്നു ഞാന്‍.

തിന്നും, കുടിച്ചും,രമിച്ചും മേധാവിക
ളിന്നു മടിച്ചു പൊളിക്കുന്നു നിര്‍ഭയം?
എന്റെ കണക്കുകള്‍ തെറ്റിപ്പോയ് എന്‍പിഴ
കുമ്പസാരിപ്പൂ ഞാന്‍ എന്‍പിഴയെന്‍പിഴ!!
Join WhatsApp News
വിദ്യാധരൻ 2017-12-29 22:36:46
ആവട്ടെ നിന്റെ സംഹാരം താണ്ഡവം  തുടരുക
ഓഖിയായി സുനാമിയായി ചുഴലിക്കാറ്റായി 
അധർമ്മത്തിനെതിരെ നീ വാൾ ചുഴറ്റുമ്പോൾ
കൊഴിഞ്ഞുവീഴുന്നതോ ഞങ്ങൾ മുക്കവർ 
നീ വളർത്തി വലുതാക്കിയ നിൻ മക്കൾ 
അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ  കലിപ്പ് ?
നീ അയച്ച സുനാമിയിൽ  ഞങ്ങൾക്ക്  നഷ്ടമായത് 
ഞങ്ങളുടെ ചെറ്റകുടിലുകളും അരുമക്കിടാങ്ങളും 
രക്ഷപ്പെട്ടതോ അധർമ്മത്തിന്റെ കാവൽക്കാരും 
മതനേതാക്കളും രാഷ്ട്രീയ  പിതൃശൂന്യരും 
ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നു 
ഞങ്ങൾക്കായ് സഞ്ചയിച്ച പണം കൊണ്ട് 
കേറികിടക്കാൻ കൂരതീർക്കാൻ, വഞ്ചിവാങ്ങാൻ
ആവട്ടെ നിന്റെ സംഹാരം താണ്ഡവം  തുടരുക
ഓഖിയായി സുനാമിയായി ചുഴലിക്കാറ്റായി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക