Image

കഥ പറയുന്ന കലണ്ടറും പുതുവത്സരവും ആഘോഷങ്ങളും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 27 December, 2017
കഥ പറയുന്ന കലണ്ടറും പുതുവത്സരവും ആഘോഷങ്ങളും (ജോസഫ് പടന്നമാക്കല്‍)
ചുവരിന്മേല്‍ നാം തൂക്കിയിട്ടിരിക്കുന്ന പന്ത്രണ്ടു മാസങ്ങളടങ്ങിയ കലണ്ടറുകള്‍ പ്രയോജനകരമാക്കാത്തവര്‍  ആരും തന്നെ കാണുകയില്ല. എന്നാല്‍ അതിന്റെ ചരിത്രകഥകളെപ്പറ്റി ചിന്തിച്ചിട്ടുള്ളവര്‍ വളരെ വിരളമായിരിക്കും.  ഇന്ന് നാം ഉപയോഗിക്കുന്ന കലണ്ടറിനെ ഗ്രിഗോറിയന്‍ കലണ്ടര്‍ എന്നാണ് പറയുന്നത്. ഏ,ഡി  1582ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പ്പാപ്പയാണ് ജൂലിയന്‍ കലണ്ടറില്‍ നിന്നും പരിഷ്‌ക്കരിച്ച ഗ്രിഗോറിയന്‍ കലണ്ടര്‍ രൂപ കല്‍പ്പന ചെയ്തത്. ജൂലിയന്‍ കലണ്ടറിന്റെ ഉപജ്ഞാതാവ് റോമ്മന്‍ ഏകാധിപതിയായിരുന്ന ജൂലിയസ് സീസറായിരുന്നു. അദ്ദേഹം ബി.സി 44നും ബി.സി. 100 നുമിടയിലുള്ള കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നു. ജൂലിയന്‍ കലണ്ടറിനു മുമ്പുണ്ടായിരുന്ന റോമ്മന്‍ കലണ്ടറിനു പത്തു മാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റോമ്മാ സാമ്രാജ്യം സ്ഥാപിച്ച റോമുലൂസും റീമൂസും ഒത്തുകൂടി ബി.സി. 738ല്‍ റോമ്മാ കലണ്ടര്‍ നിര്‍മ്മിച്ചു. കലണ്ടറുകളുടെ ചരിത്രം വിശകലനം ചെയ്യുമ്പോള്‍ അതിന്റെ വലിയൊരു ശതമാനം ക്രെഡിറ്റ് റോമ്മാക്കാര്‍ക്ക് നല്‍കണം.

ഓരോ ദിവസങ്ങളെയും മാസങ്ങളെയും വര്‍ഷത്തെയും തരം തിരിച്ചുകൊണ്ടുള്ള കലണ്ടറുകളുടെ ആരംഭം പൗരാണിക കാലം മുതലുണ്ടായിരുന്നതായി കാണാം. സാംസ്‌കാരികമായുള്ള മനുഷ്യന്റെ ഉയര്‍ച്ചയോടൊപ്പം പുതുവര്‍ഷാഘോഷങ്ങളുടെ ചരിത്രവും തുടങ്ങിയെന്നു വേണം അനുമാനിക്കാന്‍. സഹസ്രാബ്ദങ്ങളായി ഈ ആഘോഷങ്ങള്‍ തുടരുന്നു. ആധുനിക കാലത്ത് പുതുവര്‍ഷങ്ങള്‍ കൂടുതലായും ആഘോഷിക്കാറുള്ളത് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമാണ്. ഏ,ഡി 1582ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍, ജനുവരി ഒന്നാം തിയതി പുതു വത്സര ദിനമായി പ്രഖ്യാപിച്ചു. ഒപ്പം ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി  ഔദ്യോഗികമായി സ്ഥിതികരിക്കുകയും ചെയ്തു.

ആദ്യകാലങ്ങളിലുള്ള റോമ്മന്‍ കലണ്ടര്‍ 304 ദിവസങ്ങള്‍ ഉള്‍പ്പെട്ട പത്തു മാസങ്ങളായി വീതിച്ചിരുന്നു. തുല്യദിനങ്ങളും തുല്യ രാത്രികളും അതിനു മാനദണ്ഡങ്ങളായി  കണക്കായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങള്‍ അന്നുണ്ടായിരുന്നില്ല.  സൂര്യന്റെ അവസ്ഥാ വിശേഷങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു, കലണ്ടര്‍ പ്രായോഗികമായി നടപ്പാക്കിയിരുന്നത്. ബി.സി. 46ല്‍ ചക്രവര്‍ത്തി ജൂലിയസ് സീസര്‍ അക്കാലത്തെ ജ്യോതിഷന്മാരുമായി ആലോചിച്ചു ജൂലിയന്‍ കലണ്ടറുണ്ടാക്കി. ഈ കലണ്ടര്‍ ഇന്നത്തെ ആധുനിക ഗ്രിഗോറിയന്‍ കലണ്ടറിനോട് വളരെയധികം സാമ്യമുണ്ട്. ജൂലിയസ് സീസറാണ് ജനുവരി ഒന്ന് എന്നുള്ളത് മാസത്തിന്റെ ആദ്യത്തെ ദിവസമായി നിശ്ചയിച്ചത്. അദ്ദേഹത്തിന്റെ കലണ്ടറില്‍ ഒരു വര്‍ഷത്തില്‍ 365 ദിവസങ്ങളുണ്ടായിരുന്നു. ഓരോ നാലുവര്‍ഷം കൂടുംതോറും ഫെബ്രുവരി 28 എന്നുള്ളത് 29 ആക്കി അധിവര്‍ഷം കൊണ്ടുവന്നതും ജൂലിയന്‍ കലണ്ടറാണ്.

പൗരാണിക കാലങ്ങളില്‍ സംസ്‌കാരങ്ങളുടെ വളര്‍ച്ചയനുസരിച്ച് കലണ്ടറുകള്‍ക്കും മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. പ്രത്യേകിച്ച് കൊയ്ത്തുകാലത്തിനു പ്രാധാന്യം കല്പിച്ചുകൊണ്ടു പുതിയ ദിനവും ആഘോഷിച്ചു വന്നു. ചൈനാക്കാരുടെ പുതുവര്‍ഷം തുടങ്ങുന്നത് തണുപ്പുകാലം കഴിഞ്ഞുള്ള രണ്ടാമത്തെ പൗര്‍ണ്ണമി ദിനത്തിലാണ്. ബാബിലോണിയായില്‍ നാലു സഹസ്രാബ്ദങ്ങള്‍ മുമ്പുമുതല്‍ പുതുവര്‍ഷം ആഘോഷിച്ചിരുന്നതായി കാണാം. ബാബിലോണിയാക്കാര്‍ മതപരമായ ആചാര രീതികളുടെ  ഭാഗമായി പുതുവര്‍ഷം ആഘോഷിച്ചിരുന്നു. ഈ ആഘോഷങ്ങളെ 'അകിതു' എന്ന് പറഞ്ഞിരുന്നു. 'അകിതു' എന്നത് ബാര്‍ലി ചെടിയുടെ സുമേരിയന്‍ വാക്കാണ്. വസന്തകാലത്ത് ബാര്‍ലി കൊയ്യുന്നതിനോടനുബന്ധിച്ചു പുതുവത്സരങ്ങളും ആഘോഷിച്ചിരുന്നു. പതിനൊന്നു ദിവസങ്ങള്‍ ആചാരങ്ങളുണ്ടായിരുന്നു. 'മാര്‍ദുക്' എന്ന ബാബിലോണിയന്‍ ആകാശ ദേവന്‍ ഒരു സമുദ്ര ദുര്‍ദേവതയുമായി പോരാടി വിജയിച്ചെന്നും അതിന്റെ ഓര്‍മ്മയാണ് പുതുവത്സര ആഘോഷമെന്നും കഥയുണ്ട്. പുതുവത്സര ദിനങ്ങളില്‍ രാജാക്കന്മാരുടെ കിരീട ധാരണ ചടങ്ങുകളും ആഘോഷിക്കാറുണ്ട്. ചില ആചാര ആഘോഷങ്ങളില്‍ക്കൂടി ഭരിക്കുന്ന രാജാവിന്റെ ദൈവികത്വം സ്ഥിതികരിക്കാറുമുണ്ട്.

പൗരാണിക ഈജിപ്റ്റുകാരുടെ കലണ്ടര്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ചതെന്ന് അനുമാനിക്കുന്നു. ഒരു വര്‍ഷത്തെ പന്ത്രണ്ടായി തരം തിരിച്ച് ആദ്യം കലണ്ടറുണ്ടാക്കിയത് ഈജിപ്റ്റുകാരായിരുന്നു. ചന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയുണ്ടാക്കിയ ഈ കലണ്ടറിനെ നാലുമാസങ്ങള്‍ വീതം മൂന്നു സീസണുകളായി തരം തിരിച്ചിരുന്നു. ഓരോ മാസത്തിനും മുപ്പതു ദിവസം വീതം ഒരു വര്‍ഷം 360 ദിവസങ്ങളുണ്ടായിരുന്നു. നൈല്‍ നദിയിലുള്ള വെള്ളപ്പൊക്കത്തിന്റെ അളവനുസരിച്ചായിരുന്നു കലണ്ടറുകളിലെ മാസങ്ങള്‍ നിശ്ചയിച്ചിരുന്നത്. ഏറ്റവും വെള്ളം കൂടിയിരിക്കുന്ന മാസത്തെ പുതുവര്‍ഷമായും ആദ്യത്തെ മാസമായും ഗണിച്ചു. വെള്ളം താഴുന്ന നിലയനുസരിച്ച് മുപ്പതു ദിവസങ്ങള്‍ വീതമുള്ള പന്ത്രണ്ടു മാസങ്ങളായും കലണ്ടറിനെ തരം തിരിച്ചിരുന്നു. ഡിസംബര്‍ മാസത്തില്‍ നൈല്‍ നദിയില്‍ വെള്ളം കുറവായി കണക്കാക്കിയിരിക്കാം. പിന്നീട് ജ്യോതിര്‍ശാസ്ത്രം അനുസരിച്ച് അഞ്ചുദിവസം കൂടി കൂട്ടി മൊത്തം കലണ്ടര്‍ ദിവസങ്ങള്‍ 365 ദിവസങ്ങളാക്കുകയായിരുന്നു.

'ജാനസ്' എന്ന റോമ്മന്‍ ദേവനോടുള്ള ആദരവിലാണ് ജനുവരി മാസത്തിന്റെ തുടക്കം. ആ ദേവന്റെ രണ്ടു മുഖങ്ങള്‍ വര്‍ത്തമാന കാലത്തിനൊപ്പം ഭൂതവും ഭാവിയും പ്രവചിക്കുന്നു. റോമ്മാക്കാര്‍ പൗരാണിക കാലത്ത് 'ജാനസ് ദേവന്' ബലികളര്‍പ്പിച്ചിരുന്നു. അന്നേ ദിവസം വീടുകള്‍ അലങ്കരിക്കുകയും പരസ്പ്പരം സമ്മാനങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. മദ്ധ്യകാലങ്ങളില്‍ ക്രിസ്ത്യന്‍ പുരോഹിതരും മത തീക്ഷ്ണതയുള്ളവരും ജനുവരി ഒന്നിനെ കൂടുതലും മതപരമായ ദിനമായി ആചരിച്ചിരുന്നു. ലാറ്റിന്‍ ഭാഷയില്‍ ജനുവരി മാസത്തിനു വാതിലെന്നാണ് അര്‍ത്ഥം.  ജനുവരി, മറ്റുമാസങ്ങളുടെ തുടക്കമെന്ന നിലയില്‍ മാറ്റത്തിന്റെ പുത്തനായ ഒരു വാതിലാവുകയും ചെയ്യുന്നു. റോമ്മായിലെ കൃഷിക്കാരുടെ ദേവനായ ജൂനോയുടെ പേരിലും ജനുവരി മാസം ആചരിക്കാറുണ്ട്. പാരമ്പര്യമായി റോമ്മിന്റെ കലണ്ടറിനു 304 ദിവസങ്ങള്‍ അടങ്ങിയ പത്തുമാസങ്ങളെയുണ്ടായിരുന്നുള്ളൂ. തണുപ്പുകാലങ്ങളില്‍ ദിവസങ്ങള്‍ കുറവായിരുന്നു. ബി.സി.713ല്‍ റോമുലസ് ചക്രവത്തിയുടെ പില്‍ക്കാല തലമുറയില്‍പ്പെട്ട 'ന്യുമാ പോംപില്ലിയസ്' രാജാവ് (Numa Pompilius) ജനുവരി മാസത്തെയും ഫെബ്രുവരി മാസത്തെയും കലണ്ടറിനൊപ്പം കൂട്ടി ചേര്‍ത്തെന്ന് വിശ്വസിക്കുന്നു. 354 ദിവസം ചന്ദ്ര മാസങ്ങളടങ്ങിയ കലണ്ടറായിരുന്നു അത്. മദ്ധ്യകാലങ്ങളില്‍ ക്രിസ്ത്യന്‍ സഭകളുടെ ആഘോഷങ്ങളില്‍ പലതും ജനുവരി മാസത്തില്‍ നടത്തിയിരുന്നു. പതിനാറാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്മാര്‍ ജനുവരി ഒന്നിനെ വര്‍ഷത്തിന്റെ ആരംഭദിനമായി തിരഞ്ഞെടുത്തു.  ച്ഛേദാചാരത്തിരുന്നാള്‍ ആഘോഷിച്ചിരുന്നതു ഡിസംബര്‍ ഇരുപത്തിയഞ്ചിന് ശേഷമുള്ള ജനുവരി ഒന്നാം തിയതിയായിരുന്നു. ചെന്നായ്ക്കളുടെ മാസമെന്നും തണുപ്പുകാലത്തെ മാസമെന്നും ജനുവരിയെ പറയാറുണ്ട്.

'ഫെബ്രുയും' എന്ന ലത്തീന്‍ പദത്തില്‍നിന്നാണ് ഫെബ്രുവരി എന്ന പേരുണ്ടായത്. വിശുദ്ധീകരിക്കുകയെന്ന അര്‍ത്ഥമാണ് ആ വാക്കിനുള്ളത്. പഴയ ചാന്ദ്രിക (ലൂണാര്‍) റോമ്മന്‍ കലണ്ടറില്‍ ഫെബ്രുവരി പതിനഞ്ചില്‍ പൗര്‍ണ്ണമി ആചരിച്ചിരുന്നതായും കാണുന്നു. ചരിത്രപരമായി ഈ മാസത്തെ വെള്ളം കലര്‍ന്ന മണ്ണിന്റെ (Mud) മാസമെന്നും പറയുന്നു. കൂടാതെ ചില രാജ്യങ്ങളില്‍ കാബേജിന്റെ (Cabbage) മാസമെന്നും പവിഴത്തിന്റെ മാസമെന്നും പറയാറുണ്ട്. ഫെബ്രുവരി മാസം മരങ്ങളുടെ ശിഖരങ്ങളില്‍നിന്നും സ്‌നോ ഉരുകുന്ന കാലം കൂടിയാണ്. മഞ്ഞുകട്ടയുടെ മാസമെന്നും അറിയപ്പെടുന്നുണ്ട്. മരം വെട്ടുന്ന മാസമെന്നും മഞ്ഞുകട്ടകള്‍ നദിയിലേക്ക് ഒഴുകുന്ന മാസമെന്നും അതാതു രാജ്യങ്ങളിലെ ഭൂപ്രകൃതിക്കനുസരണമായി ഫെബ്രുവരി മാസത്തെ വിശേഷിപ്പിക്കുകയും ചെയ്യുന്നു.

മാര്‍ച്ചെന്ന പദം ഗ്രീക്ക് പദമായ മാര്‍ഷ്യസ് (Martius) എന്ന വാക്കില്‍ നിന്നും വന്നതാണ്. ഈ വാക്ക് ഇംഗ്ലീഷില്‍ മാര്‍സ് (കുജന്‍ അഥവാ ചൊവ്വാ ഗ്രഹം) എന്ന ദേവനില്‍നിന്നു ഉത്ഭവിച്ചതെന്നും വിശ്വസിക്കുന്നു. കുജഗ്രഹം റോമ്മാക്കാരുടെ യുദ്ധ ദേവനും കൃഷിയുടെ പരിരക്ഷകനുമാണ്. കുജന്റെ പാരമ്പര്യത്തില്‍നിന്നും റോമ്മന്‍ ജനതയുടെ തലമുറകള്‍ വന്നുവെന്നും വിശ്വസിക്കുന്നു. മക്കള്‍ റോമുലസ്, റെമ്യൂസ് എന്നിവരും ഈ തായ്‌വഴികളില്‍ ഉള്ളവരെന്നാണ് റോമ്മാക്കാരുടെ വിശ്വാസം. കൃഷികള്‍ നടത്താന്‍ അനുയോജ്യമായ മാസമായി മാര്‍ച്ചിനെ കരുതുന്നു. സാധാരണ കാലാവസ്ഥ അനുകൂലമായതുകൊണ്ടു യുദ്ധങ്ങള്‍ നടത്തിക്കൊണ്ടിരുന്നതും മാര്‍ച്ചു മാസത്തിലായിരുന്നു. ഈ മാസത്തില്‍ നിരവധി ആഘോഷങ്ങളും കൊണ്ടാടുന്നു. ബി.സി. 713 വരെ മാര്‍ച്ചു മാസത്തെ ആദ്യത്തെ മാസമായി കരുതിയിരുന്നു. റോമ്മായിലെ പൗരാണിക ശിലകളില്‍ മാര്‍ച്ചു മാസം ആദ്യത്തെ മാസമായി ലിഖിതം ചെയ്തിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടു വരെ റക്ഷ്യയിലും മാര്‍ച്ച് ആദ്യത്തെ മാസമായി കണക്കാക്കിയിരുന്നു. ഏ.ഡി 1752 വരെ ഗ്രേറ്റ് ബ്രിട്ടനും ഈ കലണ്ടര്‍ തന്നെ പിന്തുടര്‍ന്നു. പിന്നീട് അവര്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു. ഇന്നും പല സംസ്‌കാരങ്ങളും മാര്‍ച്ചു മാസം കൊല്ലത്തിന്റെ ആദ്യമാസമായും വസന്തകാലത്തിന്റെ തുടക്കമായും കരുതുന്നു. ദക്ഷിണ പൂര്‍വങ്ങളില്‍ ശരല്‍ക്കാലവും. ഫലവര്‍ഗ്ഗങ്ങള്‍ ധാരാളം ഉണ്ടാകുന്ന മാസവുമാണിത്.

റോമ്മാക്കാര്‍ 'ഏപ്രില്‍' എന്ന ലാറ്റിന്‍ പേര് ഏപ്രില്‍ മാസത്തിനു നല്‍കി. 'തുറക്കുക' എന്ന അര്‍ത്ഥവും ഈ മാസത്തിന്റെ പേരിനോട് ധ്വാനിക്കുന്നുണ്ട്. പൂക്കളും ഇലകളും പൊട്ടി മുളയ്ക്കുന്ന കാലവുമാണ്. വസന്തകാലം ആരംഭിക്കുന്നതും ഈ മാസമാണ്. അപ്രോഡിറ്റ് (അുവൃീറശലേ) എന്ന ഗ്രീക്ക് ദേവതയുടെ പേരിലാണ് ഏപ്രില്‍ മാസം ആരംഭിച്ചതെന്നും വിശ്വാസമുണ്ട്. റോമ്മന്‍ കലണ്ടറില്‍ ജനുവരിയും ഫെബ്രുവരിയും ആരംഭിക്കുന്നതിനുമുമ്പ് ഏപ്രില്‍ രണ്ടാമത്തെ മാസമായിരുന്നു. ബി.സി.40നോട് അടുത്ത കാലഘട്ടത്തില്‍ കലണ്ടര്‍ പരിഷ്‌ക്കരിച്ചപ്പോള്‍ ഏപ്രില്‍ മാസത്തിനു മുപ്പതു ദിവസം നിശ്ചയിച്ചിരുന്നു. ജൂലിയസ് സീസറായിരുന്നു ആ തീരുമാനം എടുത്തത്. ഏപ്രില്‍ മാസം ഈസ്റ്ററിന്റെ മാസമെന്നും പറയുന്നു. ഓസ്‌ട്രേ (ഋീേെൃല) എന്ന ദേവതയുടെ പേരിലാണ് ഏപ്രില്‍ മാസമെന്നും സങ്കല്പമുണ്ട്.

മായിയാ (ങമശമ)എന്ന റോമ്മന്‍ ദേവതയോട് കൂട്ടി മെയ് മാസമുണ്ടായിയെന്നും ഗണിക്കുന്നു. റോമ്മന്‍ ദേവത 'മായിയാ' വിളവിന്റെ ദേവതയായും ഐശ്വര്യ ദേവതയായും പഴമയുടെ പുരാണം പറയുന്നു.  വടക്കേ ധ്രുവങ്ങളില്‍ മെയ് മാസം വസന്തകാലവും തെക്കേ ധ്രുവങ്ങളില്‍ ശരത്ക്കാലവും അനുഭവപ്പെടുന്നു. മെയ് അവസാനം വേനല്‍ക്കാല അവധിയുടെ തുടക്കവുമായിരിക്കും.

റോമ്മാ കലണ്ടറുകളില്‍ ജൂണ്‍ മാസത്തെ നാലാമത്തെ മാസമായും ഗ്രിഗോറിയന്‍ കലണ്ടറില്‍ ആറാമത്തെ മാസമായും കണക്കാക്കുന്നു. തെക്കേ ധ്രുവങ്ങളിലെല്ലാം ജൂണ്‍മാസം വേനല്ക്കാലമായിരിക്കും. മുപ്പത് ദിവസമാണ് ജൂണ്‍ മാസത്തിനുള്ളത്. ഏറ്റവും പകല്‍ അനുഭവപ്പെടുന്നതും ഇതേ മാസത്തിലായിരിക്കും. വടക്കേ അര്‍ദ്ധഗോളത്തില്‍ തണുപ്പും പകല്‍ വെളിച്ചം കുറവുമായിരിക്കും.

ബി.സി. 713ല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളെ കലണ്ടറില്‍ ഉള്‍പ്പെടുത്തുന്നവരെ ജൂലൈ മാസത്തെ അഞ്ചാമത്തെ മാസമായി കരുതിയിരുന്നു. 'അഞ്ച്' എന്ന അര്‍ത്ഥത്തിലുള്ള ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഈ പദം ആരംഭിച്ചത്. പിന്നീട് ഈ വാക്കു ജൂലിയസ് സീസറിനോടുള്ള ആദരവിന്റെ മാസമായി പരിഗണിക്കുകയും ചെയ്തു. ജൂലൈ സീസര്‍ ജനിച്ചത് ജൂലൈ പന്ത്രണ്ടാം തിയതി എന്ന് കരുതുന്നു. അതിനുമുമ്പ് ഈ മാസത്തെ 'ക്വിന്റലിസ്' എന്നാണ് പറഞ്ഞിരുന്നത്. ദക്ഷിണ ധ്രുവങ്ങളിലും ഉത്തര ധ്രുവങ്ങളിലും ജൂലൈ മാസം പൊതുവെ ചൂടുള്ള കാലമായും കരുതുന്നു. ഒരു വര്‍ഷത്തിന്റെ പകുതി തുടങ്ങുന്നതും ജൂലൈയിലാണ്.

ബി.സി. 45ല്‍ ജൂലിയസ് സീസ്സര്‍ ജൂലിയന്‍ കലണ്ടര്‍ ഉണ്ടാക്കിയപ്പോള്‍ ആഗസ്റ്റ് മാസത്തിനു 31 ദിനങ്ങള്‍ നല്‍കിയിരുന്നു. പിന്നീട് സീസര്‍ അഗസ്റ്റസിന്റെ പേരില്‍ ഈ മാസം അറിയപ്പെട്ടു. ഓഗസ്റ്റസ്, റോമ്മായുടെ ചക്രവര്‍ത്തിയായിരുന്നു. റോമ്മന്‍ കലണ്ടറില്‍ ആഗസ്റ്റ് ആറാം മാസവും ജൂലിയന്‍ കലണ്ടറും ഗ്രിഗോറിയന്‍ കലണ്ടറുമനുസരിച്ച് എട്ടാമത്തെ മാസവുമാണ്. ബി.സി. 713ല്‍ 'ന്യുമാ  പൊമ്പിളിയസ്' (ചൗാമ ുീാുശഹശൗ)െ രാജാവിന്റെ കാലത്ത് ജനുവരിയും ഫെബ്രുവരിയും കൂട്ടി ചേര്‍ക്കപ്പെട്ടുകൊണ്ട് ഒരു വര്‍ഷത്തെ പന്ത്രണ്ടു മാസങ്ങളായി തരം തിരിക്കുകയുണ്ടായി.

സെപ്റ്റംബര്‍ മാസം റോമന്‍ കലണ്ടറില്‍ ഏഴാം മാസമായി ആരംഭിച്ചു. പിന്നീട് ജനുവരിയും ഫെബ്രുവരിയും കലണ്ടറില്‍ വന്നപ്പോള്‍ സെപ്റ്റംബര്‍ ഒമ്പതാം മാസമായി. സെപ്റ്റംബറിന് മുപ്പതു ദിവസം ദൈഘ്യമാണുള്ളത്. പല രാജ്യങ്ങളിലും സ്‌കൂളുകളില്‍ അക്കാദമിക്ക് വര്‍ഷം തുടങ്ങുന്നത് സെപ്റ്റംബര്‍ മാസത്തിലാണ്. വേനലവധി കഴിഞ്ഞു കുട്ടികള്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങുന്നതും ഈ മാസങ്ങളില്‍ ആയിരിക്കും. ലാറ്റിനില്‍ 'സെപ്റ്റം' എന്ന് പറഞ്ഞാല്‍ ഏഴെന്നാണ് അര്‍ഥം. സെപ്റ്റംബര്‍ മാസത്തെ ജൂലിയന്‍ കലണ്ടറില്‍ ഇരുപത്തൊമ്പതു ദിവസമായിരുന്നത് ഒരു ദിവസം കൂടി കൂട്ടി മുപ്പതു ദിവസമാക്കി. സെപ്റ്റംബര്‍ മാസം കൃഷി കൊയ്യുന്ന കാലമായും കണക്കാക്കുന്നു. ഈ മാസത്തില്‍ വടക്കേ ധ്രുവ പ്രദേശങ്ങളില്‍ ശരത് കാലവും തെക്കേ ധ്രുവങ്ങളില്‍ വസന്തകാലവുമായിരിക്കും.

ജൂലിയന്‍ കലണ്ടറും ഗ്രിഗോറിയന്‍ കലണ്ടറുമനുസരിച്ച് ഒക്ടോബറെന്ന് പറയുന്നത് പത്താം മാസവും പഴയ റോമന്‍ കലണ്ടറുനുസരിച്ച് എട്ടാം മാസവും. 'എട്ടു' എന്ന അര്‍ത്ഥത്തില്‍ 'ഒക്ടോ' അതിന്റ ലാറ്റിനിലുള്ള പേര് നിലനിര്‍ത്തിയിട്ടുണ്ട്. ഒക്ടോബര്‍ മാസം വടക്കേ ധ്രുവങ്ങളില്‍ ശരത്ക്കാലവും തെക്കേ ധ്രുവങ്ങളില്‍ വസന്ത കാലവുമായിരിക്കും.

പൗരാണിക റോമ്മന്‍ കലണ്ടറില്‍ നവംബറിനെ ഒമ്പതാം മാസമായി കരുതുന്നു. 'ഒമ്പത്' എന്ന അര്‍ത്ഥമുള്ള അതിന്റെ ലാറ്റിന്‍ പേരും നിലനിര്‍ത്തുന്നു. ജനുവരിയും ഫെബ്രുവരിയും കലണ്ടറിനൊപ്പം ചേര്‍ത്ത ശേഷം നവംബര്‍ പതിനൊന്നാം മാസമായി അറിയപ്പെട്ടു. തെക്കേ ധ്രുവ പ്രദേശങ്ങളില്‍ വസന്തകാലത്തിന്റെ അവസാന ഭാഗവും വടക്കേ ധ്രുവത്തില്‍ ശരത് കാലത്തിന്റെ അവസാന ഭാഗവുമായി നവംബര്‍ മാസം അറിയപ്പെടുന്നു. അങ്ങനെ നവംബര്‍ മാസം തെക്കും വടക്കുമുള്ള ധ്രുവങ്ങള്‍ ശരത്കാലവും വസന്തകാലവുമായി ഭാഗിച്ചെടുക്കുന്നു.

ഡിസംബര്‍ മാസത്തെ വര്‍ഷത്തിന്റെ അവസാന മാസമായി കരുതുന്നു. മുപ്പത്തിയൊന്നു ദിവസങ്ങളുള്ള മാസമാണിത്.ഡിസംബര്‍ എന്ന വാക്കും ലാറ്റിനില്‍ നിന്നും വന്നതാണ്. 'ഡിസം' എന്നാല്‍ ലാറ്റിനില്‍ പത്തെന്നാണ് അര്‍ഥം ധ്വാനിക്കുന്നത്. റോമന്‍ കലണ്ടറില്‍ പത്തുമാസമേയുണ്ടായിരുന്നുള്ളൂ. ജനുവരി, ഫെബ്രുവരി മാസങ്ങള്‍ തുടക്കത്തില്‍ ചേര്‍ത്തെങ്കിലും ഡിസംബര്‍ അവസാന മാസമായി തുടര്‍ന്നുകൊണ്ടിരുന്നു.

പുതുവത്സരം ലോകമെമ്പാടും ആഘോഷിക്കാറുണ്ട്. വിശേഷ ഭക്ഷണങ്ങളുള്‍പ്പടെ പരസ്പ്പരം അഭിവാദനങ്ങളും മംഗളങ്ങള്‍ നേരലും പുതുവര്‍ഷത്തിന്റെ ഭാഗമാണ്. ബന്ധുജനങ്ങളും സുഹൃത്തുക്കളും ഗ്രീറ്റിംഗ് കാര്‍ഡുകളും സമ്മാനങ്ങളും കൈമാറും. പുതുവര്‍ഷം വളരെ ആഘോഷമായി കൊണ്ടാടുന്ന ഒരു രാജ്യമാണ് സ്‌പെയിന്‍. സുഹൃത്തുക്കളും കുടുംബങ്ങളുമൊത്ത് പന്ത്രണ്ടു മുന്തിരിങ്ങാകള്‍ ഒരേ സമയം തിന്നുന്ന പരമ്പരാഗതമായ ഒരു ആചാരം അവിടെയുണ്ട്. അങ്ങനെ ഓരോരുത്തരും പന്ത്രണ്ടു മുന്തിരങ്ങാകള്‍ തിന്നുന്ന വഴി കുടുംബത്ത് വര്‍ഷാവസാനംവരെയും ഐശ്വര്യവും സമാധാനവും ഉണ്ടാവുമെന്ന വിശ്വാസമാണ് സ്‌പെയിന്‍ ജനതയ്ക്കുള്ളത്. പാതിരായ്ക്ക് മുമ്പായിരിക്കും ഇവര്‍ ഈ ചടങ്ങുകള്‍ അനുഷ്ഠിക്കുന്നതും.

ഇറ്റലിയില്‍ പച്ചപ്പയറുകളും തെക്കേ അമേരിക്കയില്‍ പീച്ചിപ്പഴവും, ആഘോഷത്തില്‍ ഉപയോഗിക്കുന്നു. ചില സംസ്‌കാരങ്ങളില്‍ പന്നി ഇറച്ചി പ്രധാന വിഭവമായിരിക്കും. ക്യൂബാ, ആസ്‌ത്രേലിയ, ഹംഗറി, പോര്‍ട്ടുഗല്‍ എന്നീ രാജ്യങ്ങള്‍ പന്നിയിറച്ചി വിഭവങ്ങള്‍കൊണ്ട് പുതുവര്‍ഷത്തെ ആഘോഷപൂര്‍ണ്ണമാക്കുന്നു. അല്‍മോണ്ട് (അഹാീിറ) നിറച്ച കേക്കുകള്‍ സ്വീഡന്‍, നോര്‍വേ, മെക്‌സിക്കോ, ഗ്രീസ് എന്നിവടങ്ങളില്‍ സുലഭമാണ്. റൈസ് പുഡിങ്ങും അന്നത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്. ഏതെങ്കിലും ഭക്ഷണ വിഭവങ്ങളടങ്ങിയ ഡിഷില്‍ അല്‍മോണ്ട് ഒളിച്ചു വെക്കുന്ന ആഘോഷവുമുണ്ട്.   ഒളിച്ചുവെച്ചിരിക്കുന്ന അല്‍മോണ്ട് ലഭിക്കുന്നവര്‍ക്ക് വര്‍ഷാവസാനം വരെയും ഐശ്വര്യവും ധനവും ലഭിക്കുമെന്ന വിശ്വാസവും അവിടെയുള്ള ജനങ്ങളിലുണ്ട്. പടക്കം പൊട്ടീരും കരിമരുന്നാഘോഷങ്ങളും പുതുവത്സരപ്പിറവയുടെ ഭാഗങ്ങളാണ്. ഗ്രാമീണ ഗീതങ്ങളും പാട്ടുകളും കൂട്ടമായി പാടിയും ആഘോഷങ്ങളുടെ മോഡി പിടിപ്പിക്കാറുണ്ട്. ചില സംസ്‌കാരങ്ങളില്‍ ദൈവങ്ങളുടെ പ്രീതിയ്ക്കായി വാഗ്ദാനങ്ങളും ചെയ്യുന്നു. കടങ്ങള്‍ വീട്ടിക്കൊള്ളാമെന്നും കാര്‍ഷിക ഉപകരണങ്ങള്‍ മടക്കി നല്‍കാമെന്നും പ്രതിജ്ഞയും ചെയ്യുന്നു.

അമേരിക്കയിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും പുതുവര്‍ഷം നിര്‍ണ്ണയിക്കാന്‍ ഗ്രിഗോറിയന്‍ കലണ്ടറിനെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. പുതുവര്‍ഷത്തിന്റെ ആരംഭത്തോടൊപ്പം കൊഴിഞ്ഞുപോയ കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങള്‍!  ഓര്‍മ്മിക്കാനായുള്ള അവസരങ്ങളും  ലഭിക്കുന്നു.  സുഹൃത്തുക്കളും കുടുംബങ്ങളുമൊത്തുള്ള പാര്‍ട്ടികളും മേളകളും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ടെലിവിഷനുകള്‍ നിറയെ പ്രത്യേക പ്രോഗ്രാമുകള്‍ കൊണ്ട് നിറഞ്ഞിരിക്കും. അന്ന് അവധി ദിനമായതിനാല്‍ കുടുംബവുമൊത്തുള്ള ആഘോഷങ്ങളും പതിവായിരിക്കും. ചില പട്ടണങ്ങളില്‍  പരേഡുകളുമുണ്ടായിരിക്കും.  ഫുട്ബാള്‍  ഗെയിംസും പുതുവര്‍ഷപ്പിറവി കാത്തിരിക്കുന്നവരുടെ താല്പര്യത്തിലുള്ളതാണ്.

പുതു വര്‍ഷത്തില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളെ ചിലര്‍ അവലോകനം ചെയ്യും. ചിലപ്പോഴെല്ലാം പുതുവര്‍ഷംകൊണ്ടു ചിലര്‍ക്ക് സ്വന്തം ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകാറുണ്ട്. കൂടുതല്‍ പേരും പ്രതിജ്ഞ ചെയ്യുന്നത് പുകവലി നിര്‍ത്തണമെന്നായിരിക്കും.  കള്ളുകുടി നിര്‍ത്തണമെന്നും ഭാരം കുറയ്ക്കണമെന്നും വ്യായാമം ചെയ്യണമെന്നും ആരോഗ്യപരമായ ജീവിത നിലവാരമാവണമെന്നും ചിന്തിക്കും. കുടുംബ വഴക്കുകളും ജേഷ്ഠാനുജന്മാര്‍ തമ്മിലുള്ള വഴക്കുകളും ഒത്തുതീര്‍പ്പാക്കണമെന്നും ആഗ്രഹിക്കും. ചിലര്‍ പുതുവത്സരത്തിലെ ആഘോഷങ്ങളില്‍ ആ വര്‍ഷം ചെയ്തുതീര്‍ക്കേണ്ട കര്‍ത്തവ്യങ്ങളെപ്പറ്റി പ്രമേയം അവതരിപ്പിക്കും. പുതുവര്‍ഷം മുതല്‍ എന്തെല്ലാം ചെയ്യണമെന്നും പലരും മനസ്സില്‍ മനക്കോട്ട കെട്ടും.

ന്യുയോര്‍ക്ക് സിറ്റിയില്‍ ടൈം സ്‌കൊയറില്‍ (ഠശാല ടൂൗൃല) ഭീമാകാരമായ ബോള്‍ ഉയര്‍ത്തുന്ന ആഘോഷം പ്രസിദ്ധമാണ്. പാതിരാക്കായിരിക്കും ഈ ആഘോഷങ്ങള്‍ ആരംഭിക്കുക. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും മില്യണ്‍ കണക്കിന് ജനം മനോഹരമായ ആ കാഴ്ച്ച വീക്ഷിക്കുന്നു. 1907 മുതല്‍ ഓരോ വര്‍ഷവും ഈ ആഘോഷം ഭംഗിയായി കൊണ്ടാടുന്നു. അമേരിക്കയിലെ പല പട്ടണങ്ങളും ടൈം സ്‌കൊയറിലുള്ളപോലെ (ഠശാല ടൂൗൃല) ബലൂണ്‍ ആകാശത്തിലേക്ക് വിക്ഷേപിക്കുന്ന ആഘോഷങ്ങള്‍ നടത്താറുണ്ട്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. 'ഇന്നലെയുടെ ചരിത്രം പഠിക്കൂ! നാളെയുടെ പ്രതീക്ഷകളുമായി ഇന്ന് ജീവിക്കൂ!' 'നാളെ' എന്നത് 365 പേജുകള്‍ നിറഞ്ഞ എഴുതാത്ത, എഴുതാന്‍ ആരംഭിക്കേണ്ട ഒരു നൂതന പുസ്തകമാണ്. പുതിയ ഒരു ചരിത്രത്തിന്റെ ആരംഭവും. ആര്‍ക്കും ഇനി നവജീവിതത്തിനായി പുറകോട്ടു പോകാന്‍ സാധിക്കില്ല. എന്നാല്‍ ഇന്നുതന്നെ ആരംഭിക്കുകയും ചെയ്യാം. അവസാനം നാമെല്ലാം കഥകളാണ്. ചരിത്രമായി മാറുന്നു. നമുക്കും നന്മയുടെ ചരിത്രം സൃഷ്ടിക്കാം. പ്രിയപ്പെട്ട വായനക്കാര്‍ക്ക് പുതുവത്സരാശംസകള്‍ നേരുന്നു. എന്റെ ലേഖനങ്ങള്‍ ക്ഷമയോടെ വായിച്ച എല്ലാ വായനക്കാര്‍ക്കും അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കും നന്ദിയുമുണ്ട്.

കഥ പറയുന്ന കലണ്ടറും പുതുവത്സരവും ആഘോഷങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2017-12-27 15:53:03
An interesting and informative article.Very well written. Happy New Year to the author and all readers of Emalayalee. 
sunu 2017-12-27 21:32:09
 ചിങ്ങം  കന്നി മലയാള കലണ്ടർ എങ്ങനെ ഉണ്ടായി എന്ന് കൂടി പറയുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക