Image

സദാചാരപോലീസുകാരുടെ വിളയാട്ടം; വനിതാദിനങ്ങളില്‍ ഓര്‍മ്മിക്കപ്പെടേണ്ടത്‍

ചുറ്റുവട്ടം- ശ്രീപാര്‍വതി (Mangalam) Published on 14 March, 2012
	 സദാചാരപോലീസുകാരുടെ വിളയാട്ടം; വനിതാദിനങ്ങളില്‍ ഓര്‍മ്മിക്കപ്പെടേണ്ടത്‍

"പിതാ രക്ഷതി കൌമാരേ

ഭര്‍തൃ രക്ഷതി യൌവ്വനെ

പുത്രോ രക്ഷതി വാര്‍ദ്ധക്യേ

ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി..."

മനുസ്മൃതിയിലെ ഈ വരികള്‍ ഏറെ അര്‍ത്ഥങ്ങളും അര്‍ത്ഥരാഹിത്യങ്ങളും ക്ഷണിച്ചു വരുത്തിയതാണ്. മറ്റൊരു വനിതാ ദിനം കൂടി കടന്നു പോകുന്നു. എന്തു നേട്ടമാണ്, സ്വാതന്ത്ര്യം നേടി ഇത്ര വര്‍ഷങ്ങള്‍ കടന്നു പോയിട്ടും സ്ത്രീകള്‍ക്ക് ലഭിച്ചത്. സൂര്യനെല്ലി പെണ്‍കുട്ടികള്‍ വീണ്ടും വീണ്ടും ഇവിടെ ഉണ്ടാകുന്നു, സൌമ്യമാര്‍ മരണപ്പെടുന്നു, സദാചാരക്കാരുടെ ശരങ്ങളേറ്റ് പലരും പിടയുന്നു.

മനുസ്മൃതിയുടെ അര്‍ത്ഥവ്യാപ്തിയെ പലരും ധരിച്ചിരിക്കുന്ന രീതി വലിയ തെറ്റാണ്. പിതാവ് കൌമാരത്തിലും ഭര്‍ത്താവ് യൌവ്വനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും സ്ത്രീയെ സംരക്ഷിക്കുകയാണ്, ചെയ്യേണ്ടത്, അത് അവളുടെ സ്വാതന്ത്ര്യബോധത്തെ വിലക്കുന്ന ഒന്നല്ല, മറിച്ച് സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ്, എന്ന തത്വം പറഞ്ഞുറപ്പിക്കുകയാണ്. മനുവിന്‍റെ ഈ വരികള്‍ കൂടി നോക്കൂ,

"യത്ര നാര്യസ്തു പൂജ്യന്തേ

രമന്തേ തത്ര ദേവതാഃ

യത്രൈതാസ്തു ന പൂജ്യന്തേ

സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ"

അതായത് സ്ത്രീകള്‍ പൂജിക്കപ്പെടുന്നിടത്ത് ദേവതമാര്‍ വിഹരിക്കുന്നു, ഇല്ലാത്തിടത്ത് ഒന്നും നേരാം വണ്ണം നടക്കുകയില്ല. ഈ വരികളും മനു എഴുതിയതു തന്നെ എന്നു വരുമ്പോള്‍ തീര്‍ച്ചയായും ആദ്യത്തെ വരികള്‍ സ്ത്രീയെ തരം താഴ്ത്തിയുള്ളതാകില്ലല്ലോ.

പൂജിക്കപ്പെടണമെന്നില്ല, പക്ഷേ പീഡിപ്പിക്കപ്പെടാതെയെങ്കിലും ഇരിക്കണമെന്നുണ്ട്, ഇതേ ഉള്ളൂ ഇപ്പോഴത്തെ പെണ്‍തലമുറയുടെ വിലാപം. കഴിഞ്ഞ ദിവസം നടന്ന സദാചാര പോലീസിന്‍റെ വിളയാട്ടം ഇതിനെ അടിവരയിടാന്‍ പ്രേരിപ്പിക്കുന്നു. ഭര്‍ത്താവിന്‍റെ ഒപ്പം(അതോ നിര്‍ബന്ധിച്ചോ, കഥകള്‍ പലതാണ്) ബിവറേജസ് കോര്‍പ്പറേഷന്‍റെ മുന്നില്‍ മദ്യം വാങ്ങാന്‍ നിന്ന സ്ത്രീയെ നാട്ടുകാര്‍ മര്‍ദ്ദിച്ചു, സ്ത്രീയെ മാത്രമല്ല, ഒപ്പം വന്ന പുരുഷനും കിട്ടി. ഞങ്ങള്‍ക്കും അമ്മയും പെങ്ങന്‍മാരുമുണ്ട് എന്നു പറഞ്ഞാണ്, സദാചാരക്കാര്‍ വിളയാടിയത്. വീട്ടില്‍ അമ്മപെങ്ങന്‍മാരുള്ളവര്‍ ഒരു സ്ത്രീയുടെ ദേഹത്ത് കൈവയ്ക്കാന്‍ മുതിരുമോ, അതും പോരാതെ ചിലര്‍ ഈ പീഡനതമാശ മൊബൈലില്‍ പകര്‍ത്തുന്നു, അമ്മപെങ്ങന്‍മാരുള്ളവര്‍ ഇത്തരം ഒരു പീഡനം നടക്കുമ്പോള്‍ ആ സ്ത്രീയെ സംരക്ഷിക്കാനാണോ അവളുടെ അഭിമാനത്തെ വില്‍പ്പനയ്ക്കാക്കുകയാണോ ചെയ്യുക?

അല്ലെങ്കിലും എന്തിനു പറയുന്നു, ഒരു ആക്സിഡന്‍റ്, നടന്നാല്‍ പോലും അപകടത്തില്‍ പെട്ടെയാളേ ആശുപത്രിയിലെത്തിക്കാതെ മൊബൈലും തൂക്കി ഇറങ്ങുന്നവരാണ്, നമ്മുടെ സദാചാരക്കാര്‍. ചൂട് പോകാതെ യൂട്യൂബില്‍ ഇടാല്ലോ.

സദാചാരക്കാര്‍ നമ്മുടെ നാട്ടില്‍ പെരുകുകയാണെന്നു തോന്നുന്നു, ഇതൊരു തരം മാനസിക രോഗമെന്നേ പറയേണ്ടൂ. നാട്ടില്‍ ഒരു തെറ്റു കണ്ടാല്‍ അത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടണം. പക്ഷേ അതിനുള്ളിലുള്ള അവകാശബോധത്തേയും നീതിയേയും മറന്നു കൊണ്ടാകരുത് ഒന്നും. ഇവരോടൊപ്പം നിന്നു നീതിയെ തളച്ചിടാനല്ല പോലീസുകാരും ശ്രമിക്കേണ്ടത്. പക്ഷേ കയ്യും കെട്ടി നോക്കി നില്‍ക്കുന്ന പോലീസ് വികാരങ്ങളില്ലാത്ത പാവകളെ ആണ്, ഓര്‍മ്മിപ്പിക്കുന്നത്.

ഇതേ നാട്ടുകാരുടെ മുന്നിലല്ലേ സൂര്യനെല്ലി പെണ്‍കുട്ടി വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടുന്നത്. വര്‍ഷങ്ങളെടുത്തിട്ടും ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന അവള്‍ക്ക് ഭാവി മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായിട്ട് നാളെത്രയായി. അവളുടെ സഹോദരിമാരെ കയ്യേല്‍ക്കാന്‍ ആരുവരാന്‍. ഒരു കുടുംബം മുഴുവന്‍ കണ്ണുനീരുമായി നമ്മുടെ മുന്നിലാണ്, ജീവിക്കുന്നത്. എന്നിട്ടും പകതീരാതെ അവളുടെ ശത്രുക്കള്‍ ഇപ്പോഴും അവളെ വേദനിപ്പിക്കുന്നു, കള്ളക്കേസുണ്ടാക്കി ജയിലഴികളിലാക്കുന്നു.

ഇവിടെ ഈ സദാചാരക്കമ്മറ്റിയ്ക്ക് ഒന്നും ചെയ്യാനില്ലേ, അവളുടെ കൂടെ നിന്ന് ശത്രുക്കളില്‍ നിന്ന് രക്ഷപെടുത്തിയെടുക്കാന്‍ തയ്യാറാകാത്ത നിങ്ങള്‍ക്ക് എന്ത് മാന്യതയാണ്, കല്‍പ്പിച്ചു തരേണ്ടത്.

നിങ്ങളുടെ ഒച്ച അപ്പോഴും ക്രൌര്യതയില്‍ തന്നെ, അവള്‍ കണ്ടവന്‍റെ കൂടെ പോയിട്ടല്ലേ...

ഇത് കാട്ടുനീതിയാണ്. അല്ല, കാട്ടിലെ നീതിയും തോറ്റുപോകും. സ്വന്തം അവാസവ്യവസ്ഥയിലെ ഒരു ജീവിയ്ക്ക് എന്ത്ങ്കിലും പറ്റിയാല്‍ മറ്റു മൃഗങ്ങള്‍ പോലും അവരെ സംരക്ഷിക്കാന്‍ കൂടെ നില്‍ക്കും. അപ്പോള്‍ ഇതെന്തു നീതിയെന്ന് പേരറിയാതെ പോകുന്നു.

സ്ത്രീകളുടെ വേഷം മാന്യമല്ലെങ്കില്‍ അവള്‍ പീഡിപ്പിക്കപെടാമത്രേ, ഈയടുത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കണ്ടെത്തിയ സത്യമാണ്. എന്തുവേഷമണ്, മാന്യത എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ട വാര്‍ത്ത ഇങ്ങനെ മദ്രസ അദ്ധ്യാപ്കന്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു. പത്തു വയസ്സുള്ള കുട്ടി, ഇനി എന്തു വേഷമാണ്, ഇട്ടു നടക്കേണ്ടത്? എല്ലാ സ്ത്രീകളും പര്‍ദ്ദ ഇട്ടു നടന്നാല്‍ ഇവിടെ പീഡനങ്ങള്‍ കുറയുമോ?

സ്വാഭാവികമായും സ്ത്രീകള്‍ക്ക് കംഫര്‍ട്ട് എന്നു സ്വയം ബോദ്ധ്യമുള്ള വസ്ത്രങ്ങളാണ്, മിക്കവരും ഉപയോഗിക്കാറ്. ഒരു ജീന്‍സ് ധരിച്ചാലോ ചുരിദാര്‍ ധരിച്ചാലോ ഇവിടെ എന്ത് മാന്യതയുടെ കുറവാണ്. സാരിയാണ്, സ്ത്രീകളുടെ മാന്യതയുടെ വേഷം എന്ന് ആരാണ്, സദാചാരക്കാരെ പഠിപ്പിച്ചത്?

സ്ത്രീകള്‍ ഏറ്റവും സെക്സിയായി കാണുന്നത് സാരിയിലാണെന്ന് പുരുഷന്‍മാര്‍ തുറന്നു സമ്മതിക്കുന്ന സത്യമാണ്, അപ്പോള്‍ എന്താണ്, ഈ ജീന്‍സ് വിരോധത്തിന്‍റെ പുറകില്‍? ശരീരം മൂടി കിടക്കുന്ന വസ്ത്രങ്ങളിലാണ്, സ്ത്രീകള്‍ സ്വയം സുരക്ഷിതത്വം അനുഭവപ്പെടുന്നത്. അത് അവളുടെ അവകാശവുമാണ്.

ഒരു വിധം എല്ലാ സ്ത്രീ പീഡന കേസിലും ഒരു സ്ത്രീ കാണുമെന്ന് പറയാറുണ്ട്, അതുതന്നെയാണ്, സ്ത്രീകളെ എതിര്‍ക്കുന്നവരുടെ കച്ചിത്തുരുമ്പും. ലോകത്തിലെ പുരുഷന്‍മാരെല്ലാം ചീത്തയല്ലല്ലൊ, ചെറിയൊരു ശതമാനം കാണിക്കുന്ന വൃത്തികേടുകള്‍ അവരെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നതും ശരിയല്ല, അതുപോലെ തന്നെ സ്ത്രീകളും. ധനമോഹവും പ്രശസ്തിയും പലരേയും അപകടങ്ങളിലേയ്ക്ക് കൊണ്ടു ചാടിയ്ക്കുകയും പിന്നീട് തിരിച്ചു കയ്റാന്‍ പറ്റാത്ത വിധം കുഴിയില്‍ വീഴുമ്പോള്‍ അടിമപ്പണി ചെയ്യേണ്ടി വരികയുമാണ്, ഭൂരിപക്ഷം പെണ്‍വാണിഭക്കേസുകളിലും ഉണ്ടാകാറ്. തെറ്റ് ആരു ചെയ്താലും അത് സ്ത്രീ ആയാലും പുരുഷന്‍ ആയാലും കയ്യും കെട്ടി നോക്കി നില്‍ക്കുന്ന പോലീസുകാരെയല്ല ഇവിടെ ആവശ്യം. സദാചാരപോലീസുകാരെ ഭയപ്പെട്ട് തെറ്റിനെ പ്രോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥരേയുമല്ല നമുക്കാവശ്യം.

സദാചാരപോലീസുകാരോട് പറയാനുള്ളത് ഇത്ര മാത്രം, വീട്ടില്‍ അമ്മപെങ്ങന്‍മാരുള്ള പ്രിയ സുഹൃത്തുക്കളേ ആ ഓര്‍മ്മ എപ്പോഴും ഉണ്ടായിരിക്കുക. നാളെ ഒന്നു മൂത്രമൊഴിക്കാന്‍ പൊതുബാത്റൂമില്‍ പോകുന്ന നിങ്ങളുടെ സഹോദരിയേയും സദാചാരപ്പോലീസുകാര്‍ ഉപദ്രവിച്ചേക്കാം, കാലം അങ്ങനെയാണ്, പറയുന്നത്.

ഇനി സര്‍ക്കാരോട് ഒരു ചോദ്യം, പല പുരുഷന്‍മാരും മദ്യം വാങ്ങാന്‍ ബിവറേജസിന്‍റെ മുന്നില്‍ നില്‍ക്കുന്നത് വീട്ടിലെ പെണ്ണുങ്ങള്‍ കൈമുറുക്കി പണിയെടുക്കുന്നതാണ്(എല്ലാമല്ല കേട്ടോ). ആ സ്ത്രീകള്‍ക്ക് ബിവറേജസ് ക്യൂവില്‍ നില്‍ക്കാന്‍ മേലെന്നുണ്ടെങ്കില്‍ അവിടെ "മെന്‍സ് ഒണ്‍ലി" എന്ന് ദയവായി എഴുതി വയ്ക്കുക. ഞങ്ങള്‍ ഞങ്ങളേ സൂക്ഷിച്ചോളാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക