Image

ഗുജറാത്ത്: 'നീച' രാഷ്ട്രീയത്തിന്റെ കൂത്താട്ടമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 18 December, 2017
  ഗുജറാത്ത്: 'നീച' രാഷ്ട്രീയത്തിന്റെ കൂത്താട്ടമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം ജാതി-മത രാഷ്ട്രീയത്തിന്റെ കൊട്ടിക്കലാശം ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത്ഷായും കോണ്‍ഗ്രസ് നേതാക്കന്മാരും, മുഖ്യമായി മണിശങ്കര്‍ അയ്യരും, വെറുപ്പ്-തെറി രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആയി മാറിയ ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു അത്. ഇതില്‍ വ്യത്യസ്തനായി നിന്നത് ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായി ഡിസംബര്‍ പതിനാറിന് ചുമതലയേറ്റ രാഹുല്‍ ഗാന്ധി മാത്രം ആയിരുന്നു. മത-ജാതി വൈരത്തിന്റെ അസ്ത്രങ്ങള്‍ അതിന്റെ ആവനാഴിയില്‍ അവശേഷിക്കുന്നതു വരെ ബി.ജെ.പി. ഉപയോഗിച്ച ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു ഇത്, 2002-ലെ വംശഹത്യക്കുശേഷം 2002 ഡിസംബറില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം. കോണ്‍ഗ്രസും നന്നായി ജാതി രാഷ്ട്രീയം കളിച്ചു.

ഇതില്‍ എല്ലാം ഇവിടെ പരാമര്‍ശിക്കപ്പെടുവാന്‍ സാധിക്കുകയില്ലെങ്കിലും മണിശങ്കര്‍ അയ്യര്‍ മോഡിയെ 'നീച' മനുഷ്യന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചതും മോഡി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്ങിനെ ഒരു മോഡി വിരുദ്ധ കോണ്‍ഗ്രസ്-പാക്ക് ഗൂഢാലോചനയുടെ ഭാഗമായി ചിത്രീകരിച്ചതും പരാമര്‍ശിക്കാതെ വയ്യ. ആദ്യം മണി ശങ്കര്‍ അയ്യരുടെ വിവാദപരമായ പരാമര്‍ശനം.
അയ്യര്‍ ഡൂണ്‍ സ്‌ക്കൂള്‍(ദെറാഡൂണ്‍) മുതലെ രാജീവ് ഗാന്ധിയുടെ സുഹൃത്ത് ആയിരുന്നു. രാജീവിന്റെ പ്രസംഗങ്ങള്‍ എഴുതുന്ന വ്യക്തിയും. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സേവനം കോണ്‍ഗ്രസിനും രാജീവിനും വളരെ പ്രയോജനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അദ്ദേഹം പില്‍ക്കാലത്ത് വായ് തുറന്നാല്‍ അബദ്ധമേ പറയുകയുള്ളൂ എന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുകയുണ്ടായി. അതിന്റെ ഫലം ആയിരുന്നു മോഡിയെ നീച വ്യക്തിയെന്ന് വിളിച്ച് ആക്ഷേപിച്ചത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഇരിക്കുമ്പോഴാണ് അയ്യര്‍ ഈ പ്രയോഗം വെച്ചു കാച്ചുന്നത്. അത് മോഡിയുടെ ഒരു പ്രസ്താവനക്ക് മറുപടി ആയിട്ട് ആയിരുന്നു. മോഡി ഒരു തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ ദളിത് നേതാവ് അംബദ്ക്കറെ വോട്ടിനായി ദുരുപയോഗിക്കുന്നതായും എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രനിര്‍മ്മാണ സംഭാവനകളെ വിസ്മരിക്കുന്നതായും ആരോപിച്ചു. ഇത് പതിവുപോലെ മോഡിയുടെ ഒരു തെരഞ്ഞെടുപ്പ് ഗീര്‍വാണം മാത്രം ആയിരുന്നു. എന്നാല്‍ അയ്യര്‍ അതിനോട് പ്രതികരിക്കവെ പറഞ്ഞു: മോഡി വെറും ഒരു നീച വിഭാഗത്തില്‍പ്പെടുന്ന വ്യക്തി ആണ്. അദ്ദേഹത്തിന് യാതൊരുവിധ സഭ്യതയും ഇല്ല എന്ന്. ഇത് വലിയ ഒരു ജാതി നിന്ദയായി മോഡി പര്‍വ്വതീകരിച്ചു.

അദ്ദേഹം അനന്തരം ഗുജറാത്തിലെ ബി.ജെ.പി. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കോണ്‍ഗ്രസ്സിനും അയ്യര്‍ക്കും എത്രിെ ജാതിതലത്തില്‍ ആഞ്ഞടിച്ചു. അയ്യര്‍ മോഡിയെ ഹീനജാതിക്കാരന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നായിരുന്നു മോഡിയുടെ വിലാപം. ഇതിന് ഗുജറാത്തിലെ ജനങ്ങള്‍ പ്രതികാരം ചെയ്യണം എന്നും മോഡി ആഹ്വാനം ചെയ്തു.

സത്യത്തില്‍ എന്താണ് സംഭവിച്ചത്. അയ്യര്‍ മോഡിയെ 'നീച്ച്' എന്നാണ് വിളിച്ചത്. അതായത് നീച്ച് വിഭാഗത്തില്‍പ്പെടുന്ന വ്യക്തി എന്ന്. നീച്ച് എന്ന് ഹിന്ദിയിലോ വടക്കേ ഇന്‍ഡ്യയിലോ പറഞ്ഞാല്‍ കീഴ് ജാതിയില്‍പ്പെട്ട വ്യക്തി എന്നാണ് അര്‍ത്ഥം. പക്ഷേ, അയ്യര്‍ നീച് ജാതിയില്‍പ്പെട്ട വ്യക്തി എന്ന് മോഡിയെ വിശേഷിപ്പിച്ചില്ല. നീച് എന്ന് തമിഴിലോ(മണി ശങ്കര്‍ അയ്യരുടെ മാതൃഭാഷ) മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലോ പറഞ്ഞാല്‍ ക്രൂരന്‍, നീചന്‍ എന്നൊക്കെ ആണ് അര്‍ത്ഥം. അയ്യരെ പാര്‍ട്ടിയില്‍ നിന്നും ഈ അധിക്ഷേപത്തിന്റെ പേരില്‍ പുറത്താക്കി. രാഹുല്‍ഗാന്ധി ഈ പ്രയോഗത്തെ നിന്ദിച്ചു. ഇത് കോണ്‍ഗ്രസിന്റെ സംസ്‌കാരത്തിനും പൈതൃകത്തിനും ആശയങ്ങള്‍ക്കും യോജിച്ചത് അല്ലെന്നും രാഹുല്‍ പറഞ്ഞു. അയ്യര്‍ മോഡിയോട് മാപ്പ പറയണമെന്ന് രാഹുല്‍ പറഞ്ഞു. അയ്യര്‍ മാപ്പ് പറഞ്ഞു. അദ്ദേഹത്തിന്റെ ഹിന്ദിയിലുള്ള അറിവ് കുറവ് അദ്ദേഹം കാരണം ആയി ചൂണ്ടികാട്ടി. അത് എത്ര ശരിയാണ് എന്ന് അറിയില്ല. കാരണം അദ്ദേഹം വടക്കെ ഇന്‍ഡ്യയില്‍ വളരെ വര്‍ഷം ജീവിക്കുകയും വിദ്യാര്‍ത്ഥി ആയിരിക്കുകയും ചെയ്ത വ്യക്തി ആണ്. പാക്ക്‌സിഥാനിലെ കറാച്ചിയില്‍ ഇന്‍ഡ്യയുടെ വിദേശകാര്യ സര്‍വ്വീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനും ഉറുദു പണ്ഡിതനും ആണ്. ഹിന്ദിയിലുള്ള അജ്ഞത എന്ന അദ്ദേഹത്തിന്റെ വാദം ഒരു പക്ഷേ ശരിയായിരിക്കാം. കഴിഞ്ഞ നാല്പതിലേറെ വര്‍ഷം വടക്കെ ഇന്‍ഡ്യയില്‍ ജീവിക്കുന്ന എനിക്ക്-ഡെറാഡൂണ്‍, സിംല, ഹൈദ്രാബാദ്, ദല്‍ഹി- എനിക്ക് ഇന്നും  ഹിന്ദി അത്രവശമല്ല. ഏതായാലും അയ്യര്‍ മോഡിയെ 'നീച്' എന്ന് വിളിച്ചു. അത് ശരിയായില്ല. പാര്‍ട്ടി അദ്ദേഹത്തെ ഡിസ്മിസ് ചെയ്തു. മോഡിയെ 'മാസ് മര്‍ഡറര്‍'- കൂട്ടക്കൊലയാളി- എന്ന് മാധ്യമങ്ങള്‍ 2002-ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷം വിളിച്ച് അധിക്ഷേപിച്ചിരുന്നത് ആണ്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപര്‍ ആയിരുന്ന വീര്‍ സാഗ് വി ഉള്‍പ്പെടെ. ഏതായാലും ഒടുവില്‍ അയ്യര്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്തായി. മാപ്പ് പറയുകയും ചെയ്തു.
പക്ഷേ, മോഡി അദ്ദേഹത്തിന്റെ രാഷ്ട്രീയ കൊയ്ത്ത് ഗുജറാത്തില്‍ ഉടനീളം ഈ പ്രസ്താവനയുടെ പേരില്‍ നടത്തി. അയ്യര്‍ അദ്ദേഹത്തെ നീച ജാതിയില്‍പ്പെട്ട(കീഴ് ജാതി) വ്യക്തിയെന്ന് വിളിച്ച് ആക്ഷേപിച്ചു എന്ന് ആയിരുന്നു മോഡിയുടെ വിലാപം. അതിന് ഗുജറാത്തിലെ ജനങ്ങള്‍ പ്രതികാരം ചെയ്യണം എന്നും മോഡി ആക്രോശിച്ചു. ഇത് മോഡിയുടെ ഒരു രാഷ്ട്രീയ ട്വിസ്റ്റ് ആയിരുന്നു. അയ്യര്‍ നീച ജാതി എന്ന് എങ്ങും പ്രയോഗിച്ചില്ല. പക്ഷേ, മോഡി അങ്ങനെ ഒരു കള്ളം പറഞ്ഞു രാഷ്ട്രീയ ലാഭത്തിനായി, വോട്ടിനായി. അയ്യരെ പ്രതിരോധിക്കുവാന്‍ കോണ്‍ഗ്രസോ രാഹുലോ മുതിര്‍ന്നില്ല. അവര്‍ വലിയ ഒരു ആപത്ത് നിയന്ത്രണ മിഷനില്‍ ആയിരുന്നു. അത് വിജയിക്കുമോ? ബുദ്ധിമുട്ടാണ്. കാരണം മോഡി 'നീച്' പ്രയോഗത്തെ 'നീച ജാതി' പ്രയോഗം ആക്കി തെരഞ്ഞെടുപ്പ് മുതല്‍ കൊയ്തുകഴിഞ്ഞു.

മണിശങ്കര്‍ അയ്യര്‍ ഇതുപോലുള്ള അവസരങ്ങളില്‍ കോണ്‍ഗ്രസിന് ഒരു ബാദ്ധ്യത ആയി മാറിയിരിക്കുകയാണ്. 2014-ലെ ലോകസഭ തെരഞ്ഞെടുപ്പ് എടുക്കുക. അപ്പോള്‍ ദല്‍ഹിയിലെ തള്‍ക്കട്ടോര സ്‌റ്റേഡിയത്തില്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയുടെ സമ്മേളനം നടക്കുകയായിരുന്നു. അയ്യര്‍ ഒരു വെളിപാട് അരുളി ചെയ്തു. അതായത് മോഡിക്ക് പ്രധാനമന്ത്രി ആയി ദല്‍ഹിയില്‍ വരുവാന്‍ സാധിക്കുകയില്ല. വേണമെങ്കില്‍ പഴയപണിയുമായി ഒരു ചായക്കച്ചവടക്കാരനായി വരാമെന്ന്. പ്രസ്താവന ചെയ്ത അപകടം എത്ര ആയിരുന്നു? മോഡി അത് എത്രമാത്രം ഉപയോഗിച്ചു? ചായ് വെ ചര്‍ച്ചയും മറ്റും ചരിത്രം ആണ്. ഈ മണ്ടന്‍ അയ്യരെ ആണ് കോണ്‍ഗ്രസ് ഇതുവരെ ചുമന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം എന്തായാലും, അദ്ദേഹം കോണ്‍ഗ്രസില്‍ നുഴഞ്ഞ് കയറുമെന്നതില്‍ സംശയം ഇല്ല.

അടുത്തസംഭവത്തിലെ വില്ലന്‍ മോഡി ആണ്. അദ്ദേഹം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഒരു വന്‍ പാക്ക് ഗൂഢാലോചനയുടെ ഭാഗം ആയി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ചിത്രീകരിച്ചു. മോഡിയുടെ ആരോപണ പ്രകാരം പാക്കിസ്ഥാനും കോണ്‍ഗ്രസും ഒത്തു ചേര്‍ന്നു മോഡിയെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തോല്‍പിക്കുവാനായി അതീവ രഹസ്യമായ ഒരു ഗൂഢാലോചന നടത്തി. ഇത് നടത്തിയത് മണിശങ്കര്‍ അയ്യരുടെ ദല്‍ഹിയിലുള്ള വസതിയില്‍ വച്ച് ഡിസംബര്‍ ആദ്യ വാരത്തില്‍ ആണ്. അന്ന് അവിടെ അയ്യര്‍ ഒരു അത്താഴ വിരുന്ന് സല്‍ക്കാരം നടത്തി. അതില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും മുന്‍ കരസേനാധിപന്‍ ദീപക് കപൂര്‍, മുന്‍ വിദേശകാര്യമന്ത്രി നട്ട് വര്‍ സിംങ്ങ്, മുന്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി കുര്‍ഷീദ് കസ്തൂരി, പാക്കിസ്ഥാന്‍ അംബാസിഡര്‍ സൊഹെയില്‍ മഹമ്മൂദ്, മുന്‍ പാക്ക് പട്ടാള ഉന്നതാദ്യോഗസ്ഥന്‍ എല്ലാം പങ്കെടുത്തിരുന്നു. അവര്‍ മോഡിയെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തോല്‍പിക്കുവാനും അടുത്ത ഗുജറാത്ത് മുഖ്യമന്ത്രി ആയി സോണിയയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേലിനെ അവരോധിക്കുവാനും തീരുമാനിച്ചു! ഇത് ഇന്‍ഡ്യയുടെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മാതൃ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആരോപിച്ചതാണ്. ഇതുപോലെ ഒരു തെരഞ്ഞെടുപ്പ് പ്രചരണവും ഇതുവരെ ഇന്‍ഡ്യയില്‍ തരം താഴ്ന്നിട്ടില്ല. ഇതുപോലെ ഒരു പ്രധാനമന്ത്രിയും ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഒരു മുന്‍ പ്രധാനമന്ത്രിയെയും മുന്‍ രാഷ്ട്രപതിയെയും മുന്‍ കരസേനാധിപനെയും തേജോവധം ചെയ്തിട്ടില്ല. ഇങ്ങനെയൊക്കെ തെരഞ്ഞെടുപ്പ് ജയിച്ചിട്ട് എന്ത് നേടുവാന്‍ മോഡിജി?

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വിജയവും പരാജയവും അല്ല പ്രധാന വിഷയം ഇവിടെ. ഇതുപോലുള്ള പാഴ്പ്രചരണങ്ങളാണ്. ജനാധിപത്യ സഭ്യതയും ധാര്‍മ്മീകതയുടെയും വിധ്വംസനം ആണ്. ഒരു പ്രധാനമന്ത്രിയും ഇതുപോലെ തരംതാഴ്ന്നു കൂട. ആരുടെയും വിജയത്തെക്കാളും പരാജയത്തെക്കാളും ഏറെ ശ്രദ്ധിക്കപ്പെടുന്നത് മോഡിയുടെ ഈ വക തരംതാഴ്ന്ന പ്രകടനവും രാഹുല്‍ ഗാന്ധ്യുടെ പക്വതയാര്‍ന്ന മാന്യമായ പ്രചരണവും ആയിരിക്കും, നല്ല ഒരു തുടക്കം ആയിട്ട് വിജയാപജയങ്ങള്‍ തെരഞ്ഞെടുപ്പിന്റെ സ്വാഭാവിക ഫലങ്ങള്‍ ആണ്.

  ഗുജറാത്ത്: 'നീച' രാഷ്ട്രീയത്തിന്റെ കൂത്താട്ടമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
GEORGE V 2017-12-18 12:22:37
ശ്രീ പി വി തോമസ് പതിവ് പോലെ കോൺഗ്രസ് സ്തുതി പാടുന്നു. രാജീവ് ഗാന്ധിയെ മുതൽ എല്ലാ കോൺഗ്രസ് പ്രസിഡന്റ് മാരെയും മഹത്വവൽക്കരിക്കുന്നതിൽ ശ്രി തോമസ് ഒരിക്കലും പിശുക്കു കാണിക്കാറില്ല. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയം. 
ശ്രീ രാഹുൽ ഗാന്ധി ഗുജറാത്തിൽ കഴിഞ്ഞ ഒരു മാസക്കാലം മുപ്പതോളം ക്ഷേത്ര ദർശനങ്ങൾ ആണ് നടത്തിയത്. ഒരു ഇലക്ഷൻ കാലത്തു ഇത്രത്തോളം ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ഉദ്ദേശം വോട്ടു ബാങ്ക്  തന്നെ അല്ലെ. തീവ്ര ഹിന്ദുത്വം ബി ജെ പി യുടെ അജണ്ട. മൃദു ഹിന്ദുത്വം കോൺഗ്രസ് അജണ്ട. രണ്ടും ഒരു ജനാധിപത്യത്തിന് ഭൂഷണമല്ല.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക