Image

വചനം അഗ്നിയായി പെയ്തിറങ്ങി; 'അഭിഷേകാഗ്നി' ആത്മീയാനുഭൂതിയായി (ഫ്രാന്‍സിസ് തടത്തില്‍)

Published on 16 December, 2017
വചനം അഗ്നിയായി പെയ്തിറങ്ങി; 'അഭിഷേകാഗ്നി' ആത്മീയാനുഭൂതിയായി (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്‌സി: വചനം അഗ്നിയായി ഇറങ്ങി വന്നപ്പോള്‍ വിശ്വാസ തീഷ്ണതയാല്‍ ഒരു സമൂഹം മുഴുവനും ആത്മാവിനാല്‍ കത്തിജ്വലിച്ചു. കൊച്ചുകൊച്ചുകഥകളും ആനുകാലിക സംഭവങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് പ്രമുഖ വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലുള്ള സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ മൂന്നുദിവസമായി നടന്ന 'അഭിഷേകാഗ്നി' ധ്യാനത്തിലാണ് പള്ളിയിലും പരിസരങ്ങളിലും തിങ്ങിക്കൂടിയ ഒരു വലിയ വിശ്വാസ സമൂഹം ആത്മീയ നിവൃതിയുടെ ആനന്ദത്തേരിലേറിയത്. പള്ളിക്കകത്തും ബാല്‍ക്കണിയിലും ബേസ്‌മെന്റിലും റെക്ടറിയിലെ ക്ലാസ്മുറികളില്‍ പ്രത്യേകം തയ്യാറാക്കിയ കൂറ്റന്‍ സ്‌ക്രീനുകളില്‍ നിന്നുമായി 2000-ല്‍ പരം വിശ്വാസികളാണ് ധ്യാനത്തില്‍ പങ്കെടുത്തതെന്ന് സംഘാടകര്‍ പറഞ്ഞു.

ന്യൂജേഴ്‌സിയിലെയും സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ക്കു പുറമെ വാഷിംഗ്ടണ്‍ ഡി.സി., വെര്‍ജീനിയ, നോര്‍ത്ത് കരോലിന, മാസച്ച്യൂസസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വരെയുള്ള വിശ്വാസസമൂഹമായിരുന്നു ആത്മീയ അഭിഷേക നിറവിനായി പാറ്റേഴ്‌സണില്‍ എത്തിച്ചേര്‍ന്നത്. വട്ടായില്‍ അച്ചനൊപ്പം അച്ചന്റെ സഹായികളും ഗായകസംഘവും മധ്യസ്ഥ പ്രാര്‍ത്ഥനാ സംഘവും കൗണ്‍സിലര്‍മാരുള്‍പ്പെടെ വന്‍ സന്നാഹം തന്നെ ഉണ്ടായിരുന്നു. 1000 പേരില്‍ കൂടതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പള്ളിയിലും ബേസുമെന്റിലും ധ്യാനത്തിന്റെ ആദ്യദിവസം തന്നെ 1300 പേര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റുമായി അനേകര്‍ എത്തിതുടങ്ങിയപ്പോള്‍ റെക്ടറിയിലെ റൂമുകളില്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കുകയായിരുന്നു. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായിരുന്നു ധ്യാനം.

കുറിക്കുകൊള്ളുന്ന വചനങ്ങള്‍ മൂര്‍ച്ചയേറിയ വാക്കുകളായി. വളരെ സൗമ്യനായി ചിരിച്ചുകൊണ്ടും ചിരിപ്പിച്ചുകൊണ്ടും വിശ്വാസികളുടെ ചിന്താതലങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് വട്ടായില്‍ അച്ചന്‍ നടത്തിയ വചന പ്രഘോഷണത്തിലെ ഓരോ വാക്കുകളും ഓരോ വിശ്വാസികളുടെയും ഹൃദയത്തില്‍ കൂരമ്പുപോലെ തറച്ചുകയറി. ആധുനിക ലോകത്ത് ജീവിക്കുന്ന നാം ദൈനംദിന ജീവിതത്തിലെ ജഡില മോഹങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ അറിയാതെ ചെയ്തുകൂട്ടുന്ന പാപങ്ങള്‍ എന്തെന്ന് ഓരോരുത്തരുടെയും കണ്ണുകള്‍ തുറപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്ശരങ്ങള്‍. വചനം എന്തുപഠിപ്പിക്കുന്നു. നാം എന്തു പ്രവര്‍ത്തിക്കുന്നു എന്ന് അക്കമിട്ടു നിരത്തി നമ്മുടെ തെറ്റുകള്‍ വരച്ചുകാട്ടുമ്പോള്‍ അദ്ദേഹം പറയുന്ന ഓരോ വാക്കും എന്നോടു മാത്രം പറയുന്നതാണല്ലോ എന്ന് ഓരോരുത്തരും കരുതിപ്പോകുന്നത് യാദൃശ്ചികം മാത്രം.

10 പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുന്നു എന്ന് അഹങ്കരിക്കുന്ന നമ്മള്‍ വട്ടയില്‍ അച്ചന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തിരുത്താന്‍ കഴിയാത്ത വിധം തുടരുന്ന തെറ്റുകളെ ഓര്‍ത്ത് പശ്ചാത്തപിക്കാന്‍ ഇട വരുന്നു. ആഴ്ച തോറും കുമ്പസാരിക്കാന്‍ തക്കതായ തെറ്റുകള്‍ ഒന്നും ചെയ്തില്ലെന്ന് വിശ്വസിച്ച് ആഴ്ചതോറും വിശുദ്ധ കുര്‍ബാന സ്വീകരിച്ചവര്‍ അച്ചന്റെ ധ്യാനത്തില്‍ പാപബോധവല്‍ക്കരമത്തെ തുടര്‍ന്ന് നല്ല കുമ്പസാരം നടത്തി. കുമ്പസാരിക്കാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് അയോഗ്യതയോടെ യേശുവിനെ സ്വീകരിക്കുന്നതിനു തുല്യമാണെന്ന് സന്ദേശമായിരുന്നു അദ്ദേഹം നല്‍കിയത്.
ധ്യാനത്തിന്റെ രണ്ടാം ദിവസത്തെ വിശുദ്ധ കുര്‍ബാനക്ക് ചിക്കാഗോ രൂപത സഹായ മെത്രാന്‍മാര്‍ ജോയി ആലപ്പാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 

അമേരിക്കയില്‍ ജീവിക്കുന്ന ഓരോ സീറോ മലബാര്‍ വിശ്വാസികള്‍ക്കും ലോക സുവിശേഷവല്‍ക്കരണത്തില്‍ പങ്കാളികളാകേണ്ടതുണ്ടെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ വിശ്വാസതീഷ്ണതയാല്‍ നാം ജീവിക്കുന്ന ഈ രാജ്യത്തിലെ മുഴുവന്‍ പേരിലും ഈശോയിലുള്ള നമ്മുടെ വുശ്വാസം എന്തെന്ന് പ്രചരിപ്പിക്കുവാനും സുവിശേഷവല്‍ക്കരണത്തില്‍ പ്രയോക്താക്കളാകുവാനും നമുക്കു കഴിയണം- മാര്‍ ആലപ്പാട്ട് വ്യക്തമാക്കി.

പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ഇടവക വികാരി ഫാ.ജേക്കബ് ക്രിസ്റ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു മാസമായി ആത്മീയാഭിഷേക ധ്യാനത്തിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. കൈക്കാരന്‍മാരായ തോമസ് തോട്ടുകടവില്‍, ജോംസണ്‍ ഞള്ളിമാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളും ഉപകമ്മിറ്റികളും രൂപീകരിച്ച് മികവുറ്റ പ്രവര്‍ത്തനം നടത്തി. രജിസ്‌ട്രേഷന്‍, ഭക്ഷണം, പാര്‍ക്കിംഗ്, ഗതാഗതം, ലിറ്റര്‍ജി തുടങ്ങിയ വിഭാഗങ്ങല്‍ എണ്ണയിട്ട യന്ത്രം പോലെ ഒരേ മനസോടെ പ്രവര്‍ത്തിച്ചതിനാലാണ് ഇത്രയും പേര്‍ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കാനും ചുരുങ്ങിയ സമയം കൊണ്ട് ഭക്ഷണം നല്‍കാനും, കുമ്പസാരം, കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കാനും സാധിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പള്ളിയുടെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ നല്‍കി പള്ളിയില്‍ നിന്നു ദൂരെ മാറി താല്‍ക്കാലികമായി ക്രമീകരിച്ച പാര്‍ക്കിംഗ് സൗകര്യങ്ങളില്‍ കാറുകള്‍ പാര്‍ക്കു ചെയ്തു ഇടവകക്കാര്‍ മാതൃത കാട്ടി. വൈകി വന്നവര്‍ക്കും പാര്‍ക്കിംഗ് ലഭിക്കാതെ വന്നവര്‍ക്കും പാലറ്റ് പാര്‍ക്കിംഗും താല്‍ക്കാലിക പാര്‍ക്കിംഗ് കേന്ദ്രങ്ങളിലേക്ക് ഷട്ടില്‍ സര്‍വ്വീസും ഏര്‍പ്പെടുത്തിയിരുന്നു. 

സംഘാടനത്തില്‍ അത്യുഗ്രമായ മികവ് കാണിച്ച കമ്മിറ്റി അംഗങ്ങളെ വികാരി ഫാ. ജേക്കബ് ക്രിസ്റ്റി അനുമോദിച്ചു.
വിശുദ്ധ കുര്‍ബാനക്കും മറ്റെല്ലാ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കിയ വികാരി ക്രിസ്റ്റി അച്ചനു പുറമെ, ടൊറന്‍ഡോ രൂപത വികാരി ജനറാല്‍ റവ.ഡോ. സെബാസ്റ്റിയന്‍ അരീക്കാട്, ഫാ.ജെറോം, ഫാ.പോളിതെക്കന്‍, ഫാ.ജോണ്‍ മാണിക്കത്താന്‍, ഫാ.പുഷ്പദാസന്‍ സാന്താതോണി, ഫാ.ജയിംസ് ബട്ട്‌സ്, ഫാ.ജോണ്‍ ദ ബാപ്റ്റിസ്റ്റ്, ഫാ.ജോണി ചെങ്ങലാന്‍, ഫാ.സോജു വര്‍ഗീസ്, ഫാ.തോമസ് തോട്ടുങ്കല്‍, ഫാ.ജര്‍മ്മന്‍ ജെ. കോക്യുല്ല ജൂണിയര്‍,  ഫാ. മീന ഗുഡി, ഫാ.ബെന്നി ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ മൂന്നു ദിവസങ്ങളായി നടന്ന ധ്യാനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനും കുമ്പസാരിപ്പിക്കാനുമായി സേവനം ചെയ്തിരുന്നു.

ട്രസ്റ്റിമാര്‍ക്കു പുറമെ മാരിയ തോട്ടുകടവില്‍, എ.ജെ.ജെയിംസ്, സെബാസ്റ്റിയന്‍, ഷെര്‍ളി ജയിംസ്, ലിജു ജോര്‍ജ്, ജ്യോതിഷ് ചെറുവള്ളില്‍, സോന സുബീഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആറുമാസം മുമ്പുതന്നെ ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. ജോസഫ് ഇടിക്കുള, സണ്ണി വടക്കേമുറി, സാമുവേല്‍ ജോസഫ് തുടങ്ങിയവര്‍ ഭക്ഷണം ക്രമീകരിക്കുന്നതിനും ജോയി ചാക്കപ്പന്‍, ഫ്രാന്‍സിസ് കാരക്കാട്ട്, ആല്‍ബര്‍ട്ട് കണ്ണമ്പള്ളി എന്നിവര്‍ പാര്‍ക്കിംഗ് ഗതാഗത നിയന്ത്രണം തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കി. ജോസ് ടോം കൗണ്‍സിലിംഗിനും അലക്‌സ് പോള്‍ കുമ്പസാരത്തിനും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. 

റോബി കുട്ടപ്പശേരി, പ്രീതി ബോബി, ബോബി അലക്‌സാണ്ടര്‍, സുബീഷ് വര്‍ഗീസ്, ആല്‍വിന്‍ തോമസ്, ചാള്‍സ് ചാക്കോ എന്നിവര്‍ വിശുദ്ധ കുര്‍ബാനക്കും ആരാധക്കുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. രേശ്മ കുട്ടപ്പശേരി, സാം കുട്ടപ്പശേരി, ഷെറിന്‍ പാലാട്ടി, നിഖില്‍ ജോണ്‍, ആന്റണി വിന്‍സെന്റ്, ജോസഫ് ആന്റണി, ആര്‍വിന്‍ മാത്യു, എബിന്‍ മാത്യു, നിഥിന്‍ ജോണ്‍, ജസ്റ്റിന്‍ ജോസഫ്, മൈക്കിള്‍ ജയിംസ്, ബെറ്റ്‌സി ജയിംസ്, ട്രെയിസി ജോണ്‍, സൂസെറ്റ് ആന്റണി, ഡെലിക്‌സ് അലക്‌സ് തുടങ്ങിയ യൂത്ത് പ്രതിനിധി എല്ലാ കാര്യങ്ങളിലും ഊര്‍ജ്ജസ്വലതയോടെ ഓടി നടന്ന് ധ്യാനത്തിന് എത്തിച്ചേര്‍ന്ന എല്ലാ അംഗങ്ങള്‍ക്കു സേവനം നല്‍കി.

പാറ്റേഴ്‌സണ്‍ ഇടവകയ്ക്കു തന്നെ പുതിയ ഉണര്‍വും ഉന്മേഷവും പരിശുദ്ധാത്മാവിന്റെ സഹവാസവും ധ്യാനത്തിന് ശേഷം ആരംഭിച്ച നോമ്പുകാലത്തിലും തുടരുന്നതായി വികാരി ഫാ.ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
Johny 2017-12-17 15:40:14
ഈ വട്ടായിൽ ഖാൻ അച്ഛൻ ഒത്തിരി ക്യാൻസൽ, ട്യൂമർ പോലുള്ള രോഗം മാറ്റിയ സാക്ഷ്യം കാണാറുണ്ട്. അഭി ആലഞ്ചരി പിതാവിന് ബ്ലോക്ക് വന്നിട്ട് ഇദ്ദേഹത്തെ അറിയിക്കാതെ എൻജിയോപ്ലാസ്റ്റി നടത്തിയത് ശരിയാണോ.  അട്ടപ്പാടിയിൽ ഏക്കര് കണക്കിന് കയ്യേറി ആണ് ഇദ്ദേഹത്തിന്റെ ആസ്ഥാനം. അവിടുള്ള ശിശു മരണത്തിനെതിനെ ഒരു ധ്യാനം നടത്താതെ അമേരിക്കയിൽ കറങ്ങി ആടുകളെ പറ്റിക്കുന്ന ലോക ഉടായിപ്പാണീ വട്ടായി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക