Image

തങ്കഅങ്കി ഘോഷയാത്ര :ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

അനില്‍ കെ പെണ്ണുക്കര Published on 16 December, 2017
തങ്കഅങ്കി ഘോഷയാത്ര :ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താന്‍ തങ്കഅങ്കിയുമായുള്ള ഘോഷയാത്രയ്ക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഡിസംബര്‍ 22ന് ആറന്മുള  പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. ദേവസ്വംബോര്‍ഡിന്റെ പുതിയ പെട്ടിയിലാണ് ഇത്തവണ തങ്കഅങ്കി കൊണ്ടുവരുന്നത്. പുതിയ പെട്ടി ഉപയോഗിക്കാന്‍ അനുമതി വരുന്ന ബോര്‍ഡ് യോഗത്തിന്റെ പരിഗണനയിലെത്തുമെന്ന് കരുതുന്നു.

രാവിലെ അഞ്ചുമണിയ്ക്ക് ആറന്മുള  പാര്‍ഥസാരഥീ ക്ഷേത്രത്തില്‍ തങ്കഅങ്കി ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഏഴുമണിയ്ക്ക് അയ്യപ്പഭക്തരുടെ ശരണംവിളിയുടെ അകമ്പടിയോടെ ഘോഷയാത്ര പുറപ്പെടും. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മുമാര്‍ ഉള്‍പ്പടെയുള്ള ബോര്‍ഡംഗങ്ങള്‍, വീണ ജോര്‍ജ് എം.എല്‍.എ, ദേവസ്വം കമ്മീഷ്ണര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, ജില്ലാ പോലീസ് മേധാവി, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഘോഷയാത്രയെ അനുഗമിക്കും.

ഘോഷയാത്ര 25ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും. അവിടെനിന്ന് സ്വീകരിച്ച് വൈകീട്ട് സന്നിധാനത്ത് എത്തിക്കും. തുടര്‍ന്ന് ദീപാരാധന നടക്കും. 26ന് നടക്കുന്ന മണ്ഡലപൂജയ്ക്ക് ചാര്‍ത്തുന്നതിനാണ് തങ്കഅങ്കി ആറന്മുളയില്‍ നിന്ന് എത്തിക്കുന്നത്. തങ്കഅങ്കിയുടെ പൊന്‍പ്രഭയില്‍ തേജോമയനായ അയ്യപ്പനെ ദര്‍ശിക്കാന്‍ ഭക്തസഹസ്രങ്ങളാണ് അയ്യപ്പ സന്നിധിയില്‍ എത്തുക.

22ന് ഏഴുമണിയ്ക്ക് ആറന്മുള  ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര അന്ന് കോഴഞ്ചേരി ടൗണ്‍ വഴി ഇലന്തൂര്‍, മെഴുവേലി, ഇലവന്തിട്ട, പ്രക്കാനം വഴി ഓമല്ലൂരില്‍ സമാപിക്കും. രാത്രി എട്ടുമണിയ്ക്കാണ് ഓമല്ലൂരില്‍ എത്തുക. 23ന് രാവിലെ എട്ടുമണിയ്ക്ക് ഓമല്ലൂരില്‍ നിന്ന് പുറപ്പെട്ട് പത്തനംതിട്ട, മൈലപ്ര, കുമ്പഴ, വെട്ടൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെ കോന്നിയില്‍ സമാപിക്കും. 24ന് 7.30ന് കോന്നിയില്‍ നിന്നാരംഭിച്ച് ചിറ്റൂര്‍, മലയാലപ്പുഴ, വടശ്ശേരിക്കര വഴി പെരുനാട് ശാസ്താക്ഷേത്രത്തില്‍ സമാപിക്കും. പിറ്റേന്ന് 25ന് രാവിലെ യാത്ര പുറപ്പെട്ട് നിലയ്ക്കല്‍, ളാഹ, ചാലക്കയം വഴി ഉച്ചയ്ക്കാണ് പമ്പയിലെത്തുക.

തങ്കഅങ്കി ഘോഷയാത്ര :ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക