Image

ആയിരങ്ങളെ അന്നമൂട്ടി ശബരിമലയിലെ ദേവസ്വം മെസ്സ്

അനില്‍ കെ പെണ്ണുക്കര Published on 11 December, 2017
ആയിരങ്ങളെ അന്നമൂട്ടി ശബരിമലയിലെ ദേവസ്വം മെസ്സ്
ശബരിമലയില്‍ ജോലിനോക്കുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥന്‍മാര്‍ക്ക് അന്നമേകുന്ന സ്ഥാപനമാണ് ദേവസ്വം മെസ്സ്. പൊലീസ് ഉദ്യോഗസ്ഥരൊഴികെയുള്ള 4500 ല്‍ പരം ജീവനക്കാര്‍ ഭക്ഷണത്തിനായി ദിവസവും ദേവസ്വം മെസ്സിനെയാണ് ആശ്രയിക്കുന്നത്. രാവിലെ എഴുമുതല്‍ പ്രാതലും പിന്നീട് ഉച്ചയൂണും അത്താഴവും നല്‍കി രാത്രി 9.30 ഓടെ മാത്രമേ മെസ്സ് അടയ്ക്കുകയുള്ളു. വൈകുന്നേരം നാലിന് ചായയും ചെറുകടിയും ഉണ്ടാകും. 45 ല്‍ അധികം പാചകക്കാരാണ് ജീവനക്കാര്‍ക്ക് ഭക്ഷണം തയ്യാറാക്കാനായി മെസ്സില്‍ പണിയെടുക്കുന്നത്. ഇതിന് പുറമേ അന്‍പതോളം ജീവനക്കാര്‍ വിളമ്പാനുമുണ്ട്. ഉച്ചക്ക് വിഭവ സമൃദ്ധമായ പുഴുക്കലരിച്ചോറും സാമ്പാറും പുളിശ്ശേരിയും രസവുമാണെങ്കില്‍ വൈകുന്നേരം ചപ്പാത്തിയും കഞ്ഞിയും ചെറുപയറും ഉണ്ടാവും. പ്രാതലിന് ഇഡ്ഢലിയും ദോശയും ഉപ്പുമാവും മാറിമാറി നല്‍കും. കടലയും ഗ്രീന്‍പീസും കറിയായി നല്‍കും. ജീവനക്കാര്‍ക്കായി രുചിക്കൂട്ടൊരുക്കുന്നത് വടുതല സ്വദേശിയായ ഗോപിനാഥപിള്ളയാണ്. ശബരീശ സന്നിധിയില്‍ ദീര്‍ഘനാളത്തെ പ്രവര്‍ത്തന പരിചയമുള്ള ഇദ്ദേഹം തന്റെ ജോലിയില്‍ പൂര്‍ണ തൃപ്തനാണ്. ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബോധ്യപ്പെട്ടശേഷമാണ് മെസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും മെസ് സ്പെഷ്യല്‍ ഓഫീസര്‍ കെ രാജേന്ദ്രന്‍ നായര്‍ പറഞ്ഞു.

കരിക്കട്ടയില്‍ കലാവിസ്മയം തീര്‍ത്ത് ശുചീകരണ തൊഴിലാളി
========================================================
ദേവസ്വം മെസ്സിലെ ശുചീകരണ തൊഴിലാളി മാത്രമല്ല നാരായണന്‍കുട്ടി, മികവുറ്റ ചിത്രകാരന്‍ കൂടിയാണ് ഇദ്ദേഹം. ദേവസ്വം മെസ്ഹാളിലെ ചുവരില്‍ വരച്ച ശ്രീകൃഷ്ണന്റെ ചിത്രം ഒന്നു മാത്രം മതി ഇയാളുടെ കലാവൈഭവം കണ്ടറിയാന്‍. കത്തിയമര്‍ന്ന വിറകിലെ കരിക്കട്ടമാത്രമാണ് നാരായണന്‍ കുട്ടിയുടെ ഉപകരണം. പക്ഷെ അതില്‍ തീര്‍ക്കുന്ന കലാവിസ്മയം വിവരണങ്ങള്‍ക്കതീതമാണ്. ശൂചീകരണ ജോലികളുടെ ഒഴിവു സമയങ്ങളില്‍ ആരും കാണാതെ ഇടനാഴികളില്‍ വരച്ച ജീവസ്സുറ്റ ചിത്രങ്ങള്‍ കാണാനിടയായ സ്പെഷ്യല്‍ ഓഫീസറാണ് ഈ കലാകാരനെ പ്രോത്സാഹിപ്പിച്ചത്. ആരും കാണാതെ വരയ്ക്കുന്നതിന് പകരം ഹാളില്‍ എല്ലാവര്‍ക്കുമായി ചിത്രം വരയ്ക്കാന്‍ ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ പ്രോത്സാഹനവുമായി മുന്നില്‍ വന്നതോടെ ധൈര്യമായി. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പശുക്കിടാവിനോടൊപ്പമുള്ള മിഴിവാര്‍ന്ന ശ്രീകൃഷ്ണചിത്രം ചുമരില്‍ പൂര്‍ത്തിയായി. മെസ്സില്‍ ഭക്ഷണം കഴിക്കാനെത്തുന്ന ജീവനക്കാര്‍ക്കെല്ലാം നവ്യാനുഭവമായി മാറുകയായിരുന്നു ഈ ചിത്രം.
ഹരിപ്പാട് സ്വദേശിയായ നാരായണന്‍കുട്ടി (57) നാട്ടിയെന്നാണ് അറിയപ്പെടുന്നത്. കൊല്ലം തേവള്ളിയിലെ മോഡേണ്‍ സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സില്‍ അഞ്ചുകൊല്ലം കലാപഠനം പൂര്‍ത്തിയാക്കി. നസ്രത്ത് പണ്ടാലയായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. തുടര്‍ന്ന് കലാജീവിതത്തിലൂടെയായിരുന്നു ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഫ്ളക്സ് ബോര്‍ഡുകളുടെ കടന്നു വരവോടെ ചുവരെഴുത്ത് പോലും ലഭിക്കാതെയായി. അതോടെ കലാസപര്യ മതിയാക്കി ജീവിക്കാനായി മറ്റു ജോലികള്‍ തേടി. നാരായണന്‍കുട്ടി ശബരിമലയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ശുചീകരണവിഭാഗത്തില്‍ ജോലിചെയ്യുന്നു. ഭാര്യ ഗീത കൂലിപ്പണിക്കാരിയാണ്. ഹരികൃഷ്ണന്‍, അര്‍ജുനന്‍, പൂജ എന്നിവര്‍ മക്കളാണ്.

നെയ്യ് മുഴുവനായി അഭിഷേകം ചെയ്യണം
====================================
അഭിഷേകപ്രിയനായ അയ്യപ്പസ്വാമിയ്ക്ക് അഭിഷേകം ചെയ്യുന്നതിനായി നാട്ടില്‍നിന്നും കൊണ്ടുവരുന്ന നെയ്യ്തേങ്ങകള്‍ മുഴുവനായി അഭിഷേകം ചെയ്യേണ്ടതാണെന്നും വലിയ സംഘങ്ങളായി വരുന്ന അയ്യപ്പഭക്തന്മാര്‍ പ്രത്യേകിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വലിയ ഗ്രൂപ്പുകളായി വരുന്ന അയ്യപ്പഭക്തന്മാര്‍ അവര്‍ കൊണ്ടുവരുന്ന നെയ്യ്തേങ്ങകളില്‍ ഒന്നോ, രണ്ടോ നാളികേരത്തിലെ നെയ്മാത്രം എടുത്ത് അഭിഷേകം ചെയ്ത് അതുമൊത്തം നെയ്യില്‍ കലര്‍ത്തി നാട്ടിലേയ്ക്ക് തിരികെ കൊണ്ടുപോകുന്ന ഒരുപ്രവണത അടുത്തകാലത്തായി കണ്ടുവരുന്നതിനാല്‍ ശബരിമല അയ്യപ്പസ്വാമിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട, വിശേഷപ്പെട്ട അഭിഷേകമായ നെയ്യഭിഷേകം അവരവര്‍ ഒറ്റയ്ക്കോ ഗ്രൂപ്പുകളായോ കൊണ്ടുവരുന്ന മുഴുവന്‍ നെയ്യും ഉപയോഗിച്ച് അഭിഷേകം നടത്തി കൊണ്ടുപോകണമെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. അഭിഷേകസമയം കഴിഞ്ഞ് വരുന്നവര്‍ക്ക് ആടിയ ശിഷ്ടം നെയ്യ്(അഭിഷേകം ചെയ്ത നെയ്യ്) വാങ്ങാവുന്നതാണെന്നും അറിയിച്ചു.


സന്നിധാനത്ത് മേളവിസ്മയം തീര്‍ത്ത് വാദ്യകലാസംഘം
==================================================
സന്നിധാനത്ത് ചെണ്ടയില്‍ മേളവിസ്മയം തീര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ നേമത്തു നിന്നുള്ള ചിലമ്പ് വാദ്യകലാസംഘം. എ എസ് അരവിന്ദിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ഇരുമുടിക്കെട്ടും ചെണ്ടയും അനുബന്ധ വാദ്യോപകരണങ്ങളുമായി മലചവിട്ടി വന്ന് അയ്യന്റെ തിരമുന്‍പില്‍ കാണിക്കയായി മേളപ്പെരുക്കം നടത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ഈ മേളവിരുന്നില്‍ അന്യദേശങ്ങളില്‍ നിന്നുള്ള അയ്യപ്പന്‍മാര്‍ പോലും മതിമറന്ന് താളം ചവിട്ടി. തങ്ങളുടെ ജീവിതത്തില്‍ കേട്ടതില്‍ വച്ച് ഏറ്റവും മികച്ച മേളവിരുന്നായിരുന്നു ഇതെന്ന് ആന്ധ്രയില്‍ നിന്ന് വന്ന ദേവഗൗഢയുടെ നേതൃത്വത്തിലുള്ള അയ്യപ്പന്‍മാര്‍ പറഞ്ഞു. നാലു വര്‍ഷമായി സന്നിധാനത്ത് പരിപാടി അവതരിപ്പിക്കുന്ന ഇവര്‍ വരും വര്‍ഷങ്ങളിലും ഇതു തുടരുമെന്ന് അറിയിച്ചു
ആയിരങ്ങളെ അന്നമൂട്ടി ശബരിമലയിലെ ദേവസ്വം മെസ്സ്ആയിരങ്ങളെ അന്നമൂട്ടി ശബരിമലയിലെ ദേവസ്വം മെസ്സ്ആയിരങ്ങളെ അന്നമൂട്ടി ശബരിമലയിലെ ദേവസ്വം മെസ്സ്ആയിരങ്ങളെ അന്നമൂട്ടി ശബരിമലയിലെ ദേവസ്വം മെസ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക