Image

അഭയയെ കൊന്നത് തെളിവ് നശിപ്പിക്കാന്‍: സി.ബി.ഐ.

Published on 13 March, 2012
അഭയയെ കൊന്നത് തെളിവ് നശിപ്പിക്കാന്‍: സി.ബി.ഐ.
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നതിനുമുന്‍പ് പീഡിപ്പിക്കപ്പെട്ടിരുന്നില്ലെന്ന് സി.ബി.ഐ.  തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിക്കെതിരേ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സി.ബി.ഐയുടെ ഈ കണ്ടെത്തല്‍. അഭയയുടെ മരണം ഗൂഢാലോചനയുടെ ഫലമായുണ്ടായ കൊലപാതകമായിരുന്നുവെന്നും മറ്റൊരു കുറ്റകൃത്യത്തിന്റെ തെളിവുനശിപ്പിക്കാനായിരുന്നുവെന്നുമാണ് സി.ബി.ഐ. പറയുന്നത്. അഭയയെ പോസ്റ്റുമോര്‍ട്ടം ചെയ്ത സമയം സ്വകാര്യ ഭാഗങ്ങളില്‍ പുരുഷ ബീജം കണ്ടെത്തിയിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് ഉന്നതരുടെ സ്വാധീനത്താല്‍ ലബോറട്ടറിയിലെ വര്‍ക്ക്ബുക്ക് തിരുത്തി എന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. 

വര്‍ക്ക്ബുക്ക് തിരുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കെമിക്കല്‍ ലബോറട്ടറിയിലെ കെമിക്കല്‍ എക്‌സാമിനര്‍മാരായ എം. ചിത്ര, ആര്‍. ഗീത എന്നിവര്‍ക്കെതിരെ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. സി.ബി.ഐയുടെ കുറ്റപത്രത്തിലോ മെഡിക്കല്‍ റിപ്പോര്‍ട്ടുകളിലോ സിസ്റ്റര്‍ അഭയ മരണത്തിനുമുന്‍പ് പീഡിപ്പിക്കപ്പെട്ടതായി പറയുന്നില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിഭാഗം തലവനായ ഡോ. സി. രാധാകൃഷ്ണന്‍, സിസ്റ്റര്‍ അഭയയുടെ മരണം നരഹത്യയാണെന്ന് പരാമര്‍ശിച്ചിരുന്നു. 

ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ക്കെതിരേയാണു കൊലപാതകകുറ്റം ചുമത്തി സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ പ്രാരംഭ അന്വേഷണം നടത്തിയ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.വി. അഗസ്റ്റിനെ നാലാം പ്രതിയായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും 2008 നവംബര്‍ 25 ന് ഇദ്ദേഹം ആത്മഹത്യ ചെയ്തതിനാല്‍ കേസില്‍നിന്നും ഒഴിവാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക