Image

ആഢംബരക്കപ്പലിലെ ആടുജീവിതങ്ങള്‍ (പകല്‍ക്കിനാവ്- 80: ജോര്‍ജ് തുമ്പയില്‍)

Published on 08 December, 2017
ആഢംബരക്കപ്പലിലെ ആടുജീവിതങ്ങള്‍ (പകല്‍ക്കിനാവ്- 80: ജോര്‍ജ് തുമ്പയില്‍)
അലകടലില്‍ ശാന്തമായൊഴുകുന്ന ക്രൂസ് കപ്പലുകള്‍. അതിലൊന്ന് കയറാന്‍ മോഹിക്കാത്തവരുണ്ടോ? ഇവിടെ, ന്യൂയോര്‍ക്കില്‍ ക്രൂസ് ഷിപ്പുകളില്‍ കയറാന്‍ വലിയ പ്രയാസമൊന്നുമില്ല, നിരവധി ഓഫറുകളും ബജറ്റ് പാക്കേജുകളുമൊക്കെ ലഭിക്കും. അതു കൊണ്ടു തന്നെ ഞാന്‍ പലതവണ ഇത്തരം ആഢംബര കപ്പലുകളില്‍ കയറിയിട്ടുണ്ട്, കറങ്ങിയിട്ടുമുണ്ട്. എന്നാല്‍ അന്നൊന്നും കേട്ടിട്ടില്ലാത്ത ചില കഥകള്‍ അടുത്തിടെ കേട്ടു. അതും ഒരു മലയാളിയില്‍ നിന്ന്.

തിരുവല്ലകാരന്‍ ബാബുവാണ് കഥാപാത്രം. (പേരും നാടുമൊക്കെ സാങ്കല്‍പ്പികമാണ്) അദ്ദേഹം, ഇവിടെ അനധികൃത കുടിയേറ്റക്കാരനാണ്. അനധികൃതക്കാരായ എല്ലാ താമസക്കാരെയും പോലെ അദ്ദേഹവും ഒരു ഭക്ഷണശാലയിലെ അടുക്കളയുടെ അകത്തളങ്ങളിലാണ്. വളരെ അവിചാരിതമായി പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ ജീവിതകഥ ശരിക്കും ഹൃദയത്തിലുടക്കി നില്‍ക്കുന്നു. ഒരിക്കലും അനധികൃത കുടിയേറ്റക്കാരനായി ഇവിടെ എത്തിച്ചേരാന്‍ ബാബു ആഗ്രഹിച്ചിരുന്നില്ലത്രേ. എന്നാല്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് അങ്ങനെ സംഭവിച്ചതാണു പോലും. മനുഷ്യന്‍ ഒന്നു നിനയ്ക്കുന്നു, ദൈവം മറ്റൊന്ന് വിധിക്കുന്നു.

നാട്ടിലെ പ്രമുഖ പത്രത്തിലെ പരസ്യം കണ്ടാണ്, അദ്ദേഹവും മുംബൈയിലെ ഏജന്‍സി മുഖേന ആഡംബര കപ്പലില്‍ ജോലിക്ക് അപേക്ഷിച്ചത്. ലക്ഷങ്ങള്‍ പ്രതിഫലമായി നല്‍കിയപ്പോള്‍ പ്രാരാബ്ധങ്ങള്‍ക്ക് പുറമേ വീടും പണയമായി നല്‍കേണ്ടി വന്നു. വാടകവീട്ടിലേക്ക് കയറുമ്പോള്‍ മൂത്ത മകള്‍ ഉന്നത വിദ്യാഭ്യാസത്തിനു ശ്രമിക്കുകയായിരുന്നു. അസുഖബാധിതയായ അമ്മ കൂടെയുണ്ട്. ഭാര്യയ്ക്ക് പ്രമുഖ ടെക്സ്റ്റയില്‍സ് സെയില്‍സ് വിഭാഗത്തിലാണ് ജോലി. പലതും ചെയ്തു നോക്കിയെങ്കിലും ഒന്നും രക്ഷപ്പെടാനാവാതെ വന്നതോടെ, ഭക്ഷണം പാചകം ചെയ്യുന്നവരുടെ കൂടെ കൂടിയിരിക്കുകയായിരുന്നു, ബാബുവും. അങ്ങനെയാണ്, പരസ്യം കണ്ണില്‍പ്പെട്ടതും അപേക്ഷ അയച്ചതും, ഇന്റര്‍വ്യൂവിന് എത്തിയതും. ഇന്റര്‍വ്യു എന്നാല്‍ പണം എപ്പോള്‍ നല്‍കും എന്ന ചോദ്യം മാത്രമായിരുന്നുവെന്നു ബാബു പറയുന്നു. ജോലി ഒരു പ്രശ്‌നമായിരുന്നില്ലത്രേ. മൂന്നു മാസം കടലില്‍ തന്നെ, കരയില്‍ എത്തുക അതിനു ശേഷമാവും. അങ്ങനെ കരയ്ക്ക് ഇറങ്ങിയാല്‍ തന്നെ എന്തു ചെയ്യാന്‍. കരയായാലും കടലായാലുമൊക്കെ അയാള്‍ക്ക് എന്ത്, ജീവിതം രക്ഷപ്പെടുമെങ്കിലും കടലില്‍ മുങ്ങാനും തയ്യാര്‍. അങ്ങനെ, കടം വാങ്ങിക്കൂട്ടിയ പണവുമായി അയാള്‍ മുംബൈയില്‍ നിന്നും കപ്പലില്‍ കയറാന്‍ വിമാനം കയറി.

ഇറ്റലിയില്‍ നിന്നാണ് ബാബു കപ്പലില്‍ ജോലിക്ക് കയറിയത്. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ കപ്പല്‍ പല രാജ്യങ്ങളിലും എത്തി. പല രാജ്യങ്ങളുടെയും പേരു പോലും ബാബുവിന് അറിയില്ലായിരുന്നു. അറിയാനൊട്ട് അയാള്‍ ശ്രമിച്ചിട്ടുമില്ല. പകലു മുഴുവന്‍ കപ്പലില്‍ ഒരേ ജോലി. രാവിലെ നാലു മണിക്ക് അലാറം വച്ച് എണ്ണീറ്റ് അടുക്കളയില്‍ കയറിയാല്‍ സാലഡിനു വേണ്ട ഇല (ലെറ്റിയൂസ്) അരിയുകയാണ് ബാബുവിന്റെ ജോലി. കപ്പലില്‍ ഏതാണ്ട് ആയിരത്തിനു മുകളില്‍ ജീവനക്കാരും ആയിരത്തിയഞ്ഞൂറില്‍ പരം യാത്രക്കാരുമണ്ട്. അവര്‍ മൂന്നു നേരവും സാലഡ് മാത്രമാണോ തിന്നുന്നത് എന്നതായിരുന്നു ആദ്യമൊക്കെ ബാബുവിന് സംശയം. പിന്നെ അതൊക്കെ മറന്നു, സാലഡിന്റെ ഇലകളിലേക്ക് നോക്കാതെ തന്നെ അവ കൃത്യമായി കട്ട് ചെയ്യുന്നതില്‍ അയാള്‍ വിദഗ്ധനായി. രാത്രി പത്തു മണിക്ക് ശേഷമായിരുന്നു വിശ്രമം. അനുവദിക്കപ്പെട്ട കട്ടിലിന് നീളം കുറവായിരുന്നു, പൊക്കവും അയാള്‍ക്ക് യോജിച്ചതായിരുന്നില്ല. വീട്ടിലേക്ക് ഫോണ്‍ ചെയ്യണമെങ്കില്‍ വളരെ ചെലവേറിയതാകയാല്‍ അയാള്‍ അതൊക്കെയും വേണ്ടെന്നു വച്ചു. കൈയിലുള്ള ഫോട്ടോ എടുത്ത് വച്ച്, അയാള്‍ ഭാര്യയോടും മക്കളോടും മൗനമായി സംസാരിച്ചു. ബൈബിള്‍ തുറന്നു വച്ച് വായിക്കാന്‍ ശ്രമിക്കും. കൂടെയുള്ളവര്‍ പല രാജ്യങ്ങളില്‍ ഇറങ്ങുകയും പുതിയവര്‍ കയറുകയും ചെയ്തു. അതിലൊന്നും ബാബുവിന് ഒരു പുതുമയും തോന്നിയില്ല. അയാള്‍ക്ക് രാവും പകലുമൊക്കെയും ഒന്നു തന്നെയായിരുന്നു. ഇടയ്ക്ക് അയാള്‍ ചെറിയ വിടവിലൂടെ പുറത്തേക്ക് നോക്കും, കരയില്ലാത്ത കടല്‍ ശാന്തമായി ഇളകുന്നത് കാണാം. അതിലൊക്കെ എന്താണ് ഇത്ര ഭംഗിയെന്ന് മാത്രം അയാള്‍ ആലോചിച്ചു. അസുഖം വന്നാലും അവധിയില്ലാതെ രാപകലില്ലാത്ത ജോലി....

അയാള്‍ക്ക് ഇത്തിരി ചോറ് ഉണ്ണണ്ണമെന്നും, ഒരു ചമ്മന്തി കുഴച്ച്, ഇത്തിരി മീന്‍ചാറു കൂട്ടി കഴിക്കണമെന്നൊക്കെ ബാബു കൊതിച്ചു. എന്നാല്‍ അതൊക്കെയും തന്റെ മോഹങ്ങള്‍ മാത്രമാണെന്ന് അയാള്‍ വൈകാതെ തിരിച്ചറിഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍, അവരോടൊക്കെ പലപ്പോഴും ആംഗ്യഭാഷയില്‍ സംസാരിച്ചു, ചിലരോട് മൗനത്തിന്റെ ഭാഷയില്‍. അങ്ങനെ ദിവസങ്ങള്‍ എണ്ണിയെണ്ണി മുന്നോട്ടു പോയി. മൂന്നു വര്‍ഷങ്ങള്‍, അയാള്‍ കടലിലും കരയിലുമായി ചെലവഴിച്ചു. ഒരിക്കല്‍ പോലും അയാള്‍ നാട്ടിലേക്ക് പോയില്ല. അതൊക്കെയും ചെലവാണെന്നു കരുതി അയാള്‍ പിശുക്കി. പക്ഷേ, അയാള്‍ കൃത്യമായി നാട്ടിലേക്ക് പണമയക്കുന്നതില്‍ പിശുക്കു കാട്ടിയില്ല. തന്റെ കഷ്ടപ്പാട് ഒരിക്കലും വീട്ടിലുള്ളവര്‍ അറിയരുതെന്ന് മാത്രം അയാള്‍ ആഗ്രഹിച്ചു.

മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, അയാള്‍ ഏറ്റവും കൂടുതല്‍ ലോകത്തില്‍ വെറുത്തത് ആ ആഡംബര കപ്പലിനെയായിരുന്നു. ലോകത്തുള്ള ജനങ്ങള്‍ ഒരിക്കലെങ്കിലും കയറാന്‍ ആഗ്രഹിക്കുന്ന ആഡംബര നൗകയിലെ മൂന്നു വര്‍ഷത്തെ ജോലി, അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. അങ്ങനെ, കപ്പല്‍ ഒരിക്കല്‍ അത്‌ലാന്റിക്ക് മുറിച്ചു കടന്ന രാത്രി, അയാള്‍പലവട്ടം ആലോചിച്ച് ഉറപ്പിച്ച തീരുമാനത്തിലെത്തി. ഇനി കപ്പല്‍ അടുക്കുന്ന കരയില്‍ താനിറങ്ങും, തിരിച്ച് ഈ കപ്പലിലേക്ക് ഇനിയില്ല. ഫ്‌ളോറിഡയില്‍ നങ്കൂരമിട്ട കപ്പലില്‍നിന്ന് ഇറങ്ങിയ ബാബുവിനെ കൂടാതെ ആ നൗക അടുത്ത പോര്‍ട്ടിലേക്ക് യാത്രയായി. ബാബുവിന് എങ്ങോട്ട് പോകണം, എന്തു ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു. താന്‍ അനധികൃത കുടിയേറ്റക്കാരനാണെന്നും പോലീസില്‍ പിടിക്കപ്പെടരുതെന്നും മാത്രം അയാള്‍ ഓര്‍ത്തു വച്ചു. അതു കൊണ്ടു തന്നെ അടച്ചിട്ട കൂറ്റന്‍ ട്രെയ്‌ലറില്‍ മറ്റു സാധനങ്ങള്‍ക്കൊപ്പം ഇരുപതു മണിക്കൂര്‍ ഒരേ യാത്ര ചെയ്താണ് അയാള്‍ ന്യൂജേഴ്‌സിയിലെത്തിയത്.

ഞാന്‍ ബാബുവിനെ കണ്ടു മുട്ടുമ്പോള്‍ അയാള്‍ ഒരു ഇന്ത്യന്‍ റെസ്‌റ്റോറന്റിലെ അടുക്കളയിലെ പാചകക്കാരനായിരുന്നു. ഇനിയും രണ്ടു വര്‍ഷം കൂടി പിടിക്കപ്പെടാതെ കഴിയാന്‍ സാധിച്ചാല്‍ അയാള്‍ നാട്ടിലേക്ക് തിരിച്ച് വിമാനം കയറും. അതിന് സര്‍വ്വശക്തനായ ദൈവം തമ്പുരാന്‍ അനുഗ്രഹിക്കുമായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് ബാബു പറഞ്ഞപ്പോള്‍, ഇങ്ങനെ എത്രയെത്ര ആളുകള്‍ ഇവിടെയുണ്ടെന്ന് ഞാനോര്‍ത്തു പോയി. ആഡംബരനൗകയിലെ അടിമജീവിതത്തില്‍ ജീവിതം പോലും നഷ്ടപ്പെട്ടവര്‍ എത്രയെത്ര. അവര്‍ക്ക് കൃത്യമായ വേതനങ്ങളില്ല, സുരക്ഷസൗകര്യങ്ങളില്ല, ചോദിക്കാനും പറയാനും ആരുമില്ല, എന്നും ഒരേ ജോലി മാത്രം... ഈ മനുഷ്യരെ ആരും കാണുന്നതേയില്ല. ഇങ്ങനെ കപ്പലില്‍ ജോലിക്ക് കയറി, അമേരിക്കയിലെത്തി മുങ്ങുന്നവര്‍ ആയിരക്കണക്കിനുണ്ടെന്നു ബാബു തന്നെ പറയുന്നു. ബാബുവിന് ഇതിനു മുന്‍പ് രണ്ടു തവണ വേണമെങ്കിലും അതു ചെയ്യാമായിരുന്നു. കൂടെയുണ്ടായിരുന്ന പലരും അന്ന് അങ്ങനെ ചെയ്തപ്പോള്‍ ബാബു മാത്രം പിടിച്ചു നിന്നു. എന്നാല്‍, അതു മണ്ടരമായിരുന്നുവെന്ന് ബാബുവിന് തിരിച്ചറിയാന്‍ പിന്നെയും പകലുകളെടുത്തു. കപ്പില്‍ ജോലിക്ക് തുടരുന്നതിനേക്കാള്‍ ഭേദം മരണമാണെന്ന് അയാള്‍ ഭാര്യയോട് പറഞ്ഞപ്പോള്‍, പുതിയ രണ്ടു നില വീടിന്റെ പണി കഴിയട്ടെ, എന്നിട്ട് ജോലി ഉപേക്ഷിച്ചാല്‍ മതിയെന്നായിരുന്നു അവരുടെ മറുപടി. ഭാര്യ പോലും തന്നെക്കാള്‍ തന്റെ പണത്തെയാണ് സ്‌നേഹിക്കുന്നതെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അവളുടെ വാക്ക് ധിക്കരിച്ച് നാട്ടിലേക്കെത്തിയാല്‍ വീണ്ടും ജോലിയും കൂലിയുമില്ലാതെ കഴിയേണ്ടി വരുമെന്നതു കൊണ്ടാണ് ബാബു ഈ ധീരമായ നടപടിക്ക് തുനിഞ്ഞതത്രെ. അമേരിക്കയുടെ പുതിയ കുടിയേറ്റ നിയമം വന്നതോടെ, എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്നു ബാബുവിന് അറിയാം, പക്ഷേ, അതൊക്കെയും നേരിടാതെ രക്ഷയില്ലല്ലോ...

പലപ്പോഴും പല സെലിബ്രേഷന്‍ വേദികളോടും ചേര്‍ന്നുള്ള ഫുഡ് കോര്‍ണറില്‍ മസാല ദോശയുണ്ടാക്കുന്ന ഇടങ്ങളിലും പൊറോട്ട തയ്യാറാക്കുന്നിടത്തും ഞാന്‍ ബാബു കണ്ടു മുട്ടിയിട്ടുണ്ട്. അയാളുടെ ചിരിക്കുന്ന മുഖത്തിനപ്പുറത്ത് നീറുന്ന ഒരു ഹൃദയമുണ്ടെന്ന് അറിയാതെ ഓര്‍മ്മിച്ചു പോയി. അവിടെ ഞാന്‍ നിശബ്ദമായി അയാളെ നോക്കാറുണ്ട്, ഹൃദയം ഹൃദയത്തോടു സംസാരിക്കുന്ന സമയത്ത്, അയാളുടെ കണ്ണുകളില്‍ ഒരു നനവ് ഞാന്‍ കണ്ടിരുന്നു. ഇതൊരു ബാബുവിന്റെ കഥ മാത്രം. ഇങ്ങനെ ആഡംബര നൗകകളില്‍ ജോലി ചെയ്യുന്ന ആയിരങ്ങള്‍ ഇവിടെയെത്തി ജീവിക്കുന്നുണ്ട്. തണുപ്പേറിയ ക്രിസ്മസ് മാസക്കാലത്ത് അവരെക്കുറിച്ച് അറിയാതെ ഓര്‍ത്തു പോയി. അവരും മനുഷ്യരല്ലേയെന്ന് ഓര്‍ത്തു പോയി. അവര്‍ക്ക് ദൈവം തന്നെ തുണയെന്ന്, അറിയാതെ പറഞ്ഞു പോയി...
ആഢംബരക്കപ്പലിലെ ആടുജീവിതങ്ങള്‍ (പകല്‍ക്കിനാവ്- 80: ജോര്‍ജ് തുമ്പയില്‍)ആഢംബരക്കപ്പലിലെ ആടുജീവിതങ്ങള്‍ (പകല്‍ക്കിനാവ്- 80: ജോര്‍ജ് തുമ്പയില്‍)ആഢംബരക്കപ്പലിലെ ആടുജീവിതങ്ങള്‍ (പകല്‍ക്കിനാവ്- 80: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
ബന്യാമീൻ 2017-12-08 20:58:55
അങ്ങനെ കാത്തുകാത്തിരുന്ന ആദ്യത്തെ അമേരിക്കൻ ആടുജീവിതം കഥ
T Abraham 2017-12-09 13:38:56
എന്ത് ആട് ? കപ്പലില്‍ ജോലി ചെയ്യുന്നവന്‍ എങ്ങനെ അമേരിക്കയിലെ തൊഴിലാളി ആകും ?
എന്തൊരു കഥ എഡിറ്ററെ ? Man of the year awardinu വേണ്ടി ഈഎടെ  കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് .
ഇ കപ്പല്‍ തൊഴിലാളി എന്തിനു വീട്ടില്‍ പോകാന്‍ മടിക്കുന്നു.
അടുക്കള പണി അറിയാം എങ്കില്‍ ഒര്ലണ്ടോയില്‍ പണി തരാം . അതല്ല എങ്കില്‍ ഹൂസ്ടനില്‍ വരൂ അവിടെ എഴുത്ത് , സംഘടന ഉണ്ടാക്കല്‍ , സ്റ്റേജില്‍ ഇരിപ്പ്  അങ്ങനെ പല പണികള്‍ ലഭിക്കാന്‍ അവസരം ഉണ്ട് .
Truth seeker,Houston,TX 2017-12-09 13:46:23
The average salary for a kitchen worker in cruise ships is $700-900 per week, + free accommodation and food. That is a great pay for an un-skilled job. Bank tellers make less and so clerical jobs in USA, This article has to truth in it.
texan2 2017-12-09 14:03:35
ഡോ, തന്നെ അറവുകാരൻ അബു എന്ന് വിളിക്കണം. താൻ തന്റെ ഫ്രന്റ് വിന്ഡോ കർട്ടൻ ഒന്ന് മാറ്റി നോക്കൂ . അവിടെ ഒരു അപകടം നടന്നു ഒരാൾ വീണു പിടയുന്നു.  താൻ എന്ത് പറയും എന്നറിയുമോ ?  അത് അവന്റെ വിധി. അവനു വേണമെങ്കിൽ 911 അവൻ തന്നെ വിളിക്കട്ടെ.  
What all kinds of people we have in the community?  Aravukaran Abu thinks he reached America and he is leading a good life  in America just because of his own supreme qualities and smartness.
George's Babu is real as well as a symbol of many Malayalees, Indians, and legal or illegal immigrants - men as well as woman , boys as well as girls, trapped and exploited.  Seeking ways to escape... escape what and where......knowing very well..... there is no escape ..... threre is no better alternatives......  they are in the middle of people of opulence, still they don't have a life...they have lost hope.... that is what the writer trying to say....

അറക്കല്‍ അബു 2017-12-09 11:43:07
എന്ത് ആട്‌ജീവിതം ? ബാബുവിന് എപ്പോള്‍ വേണമെങ്കിലും ഈ രാജ്യം വിട്ടു പോകാം. അയാളെ ആരും തടയാന്‍ പോകുന്നില്ല.. ഒരു ലക്ഷം രൂപ കൊടുത്തു ഷെഫ് ആണെന്നും ഉള്ള കള്ളാ സര്‍ട്ടിഫിക്കറ്റ് കാണിച്ചു വിസ അടിപ്പിച്ചു ഇവിടെ വന്നിട്ട് കരയുന്നോ? ഏകദേശം എഴുപതോളം ആഡംബര നൌകകള്‍ അമേരിക്കയുടെ വിവിധ തുറമുകങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്നു. ഒരൊറ്റ കംബനിക്കെതിരായി ഇന്നുവരെ അടിമ ജോലി ചെയ്യിച്ചു എന്ന് റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. പിന്നെ എന്ത് മുതലകണ്ണീര്‍? അറക്കല്‍ അബു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക